Showing posts with label മാര്‍ക്സിസം. Show all posts
Showing posts with label മാര്‍ക്സിസം. Show all posts

Monday, November 1, 2010

നിലവിലുള്ള വിവിധ പ്രതിപക്ഷപാര്‍ട്ടികളോടുള്ള കമ്മ്യൂണിസ്റ്റുകാരുടെ നിലപാട് || Position of the Communists in Relation to the Various Existing Opposition Parties

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ നാലാം അദ്ധ്യായത്തിലെ ഒരു ഭാഗമാണിത്. യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എഴുതിയിട്ടുണ്ട്.]

ഇംഗ്ലണ്ടിലെ ചാര്‍ട്ടിസ്റ്റ് പ്രസ്ഥാനക്കാര്‍, അമേരിക്കയിലെ കാര്‍ഷികപരിഷ്കരണവാദികള്‍ തുടങ്ങിയ നിലവിലുള്ള തൊഴിലാളി വര്‍ഗ്ഗപ്പാര്‍ട്ടികളും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള ബന്ധം രണ്ടാം അദ്ധ്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തൊഴിലാളി വര്‍ഗ്ഗത്തിന്റെ അടിയന്തിരലക്ഷ്യങ്ങള്‍ നേടുവാനും അവരുടെ താല്‍ക്കാലിക താല്പര്യങ്ങള്‍ നടപ്പിലാക്കുവാനും വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ പൊരുതുന്നു. എന്നാല്‍ വര്‍ത്തമാനകാലത്തെ പ്രസ്ഥാനത്തില്‍, ആ പ്രസ്ഥാനത്തിന്റെ ഭാവിയേയും അവര്‍ പ്രതിനിധാനം ചെയ്യുകയും കാത്തുരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഫ്രാന്‍സില്‍ യാഥാസ്ഥിതികരും സമൂലപരിവര്‍ത്തനവാദികളുമായി ബൂര്‍ഷ്വാസിക്കെതിരായി കമ്മ്യൂണിസ്റ്റുകാര്‍ സോഷ്യല്‍ ഡെമോക്രാറ്റുകക്ഷിയുമായി സഖ്യമുണ്ടാക്കുന്നു. പക്ഷെ, മഹത്തായ ഫ്രഞ്ചു വിപ്ലവത്തിന്റെ പൈതൃകമെന്നോണം കൈമാറി വന്നിട്ടുള്ള വാക്കുകളുടെയും വ്യാമോഹങ്ങളുടെയും കാര്യത്തില്‍ വിമര്‍ശനപരമായ ഒരു നിലപാടെടുക്കുവാനുള്ള അവകാശം കമ്മ്യൂണിസ്റ്റുകാര്‍ കൈവിടുകയില്ല.

സ്വിറ്റ്സര്‍ലണ്ടില്‍ അവര്‍ റാഡിക്കല്‍ കക്ഷിയെ അനുകൂലിക്കുന്നു. പക്ഷെ, ആ കക്ഷിയില്‍ വിരുദ്ധശക്തികള്‍ - ഭാഗികമായി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകാരും (ഫ്രഞ്ച് അര്‍ത്ഥത്തില്‍) ഭാഗികമായി റാഡിക്കല്‍ ബൂര്‍ഷ്വാകളും - അടങ്ങിയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം അവര്‍ വിസ്മരിക്കുന്നില്ല.

ദേശീയമോചനത്തിനുള്ള പ്രാഥമികമായ ഉപാധി എന്ന നിലയില്‍ കാര്‍ഷിക വിപ്ലവത്തില്‍ ഊന്നിപ്പറയുന്ന പാര്‍ട്ടിയെയാണ്, 1846-ല്‍ ക്രക്കോവിലെ സായുധകലാപം ഇളക്കിവിട്ട പാര്‍ട്ടിയെയാണ്, പോളണ്ടില്‍ കമ്മ്യൂണിസ്റ്റുകാര്‍ പിന്താങ്ങുന്നത്.

സ്വേച്ഛാധിപത്യപരമായ രാജവാഴ്ചയ്ക്കും ഫ്യൂഡല്‍ ദുഷ്‌പ്രഭുത്വത്തിനും പെറ്റിബൂര്‍ഷ്വാസിക്കുമെതിരായി വിപ്ലവകരമായ രീതിയില്‍ ജര്‍മ്മനിയിലെ ബൂര്‍ഷ്വാസി എപ്പോഴെല്ലാം പ്രവര്‍ത്തിക്കുന്നുവോ അപ്പോഴെല്ലാം കമ്മ്യൂണിസ്റ്റുകാര്‍ അവരോടൊപ്പം പോരാടുന്നു.

എന്നാല്‍ ബൂര്‍ഷ്വാസിക്ക് ആധിപത്യം കിട്ടുന്നതോടുകൂടി അത് നിലവില്‍ വരുത്താതിരിക്കുവാന്‍ നിര്‍വ്വാഹമില്ലാത്ത സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളെ ഉടന്‍തന്നെ ബൂര്‍ഷ്വാസിക്കെതിരായി അത്രയും ആയുധങ്ങളായി മാറ്റുവാനും ജര്‍മ്മനിയില്‍ പിന്തിരിപ്പന്‍ വര്‍ഗ്ഗങ്ങള്‍ നിലംപതിച്ചു കഴിഞ്ഞാല്‍ ഉടനടി ബൂര്‍ഷ്വാസിക്കെതിരായ പോരാട്ടം ആരംഭിക്കുവാനും വേണ്ടി ബൂര്‍ഷ്വാസിയും തൊഴിലാളിവര്‍ഗ്ഗവും തമ്മിലുള്ള വര്‍ഗ്ഗവൈരത്തെക്കുറിച്ച് സാദ്ധ്യമായത്ര ഏറ്റവും വ്യക്തമായ ബോധം തൊഴിലാളിവര്‍ഗ്ഗത്തില്‍ ഉളവാക്കുന്നതിന് അവര്‍ അനവരതം പ്രവര്‍ത്തിക്കും.

യൂറോപ്യന്‍ നാഗരികതയുടെ കൂടുതല്‍ വികസിച്ച സാഹചര്യങ്ങളിലും 17-ആം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലേയും 18-ആം നൂറ്റാണ്ടിലെ ഫ്രാന്‍സിലേയും തൊഴിലാളിവര്‍ഗ്ഗത്തേക്കാള്‍ എത്രയോ അധികം വളര്‍ന്നിട്ടുള്ള ഒരു തൊഴിലാളിവര്‍ഗ്ഗത്തിന്റെ പിന്‍ബലത്തോടുകൂടിയും നടക്കുമെന്നുറപ്പിക്കാവുന്ന ഒരു ബൂര്‍ഷ്വാവിപ്ലവത്തിന്റെ വക്കത്ത് ജര്‍മ്മനി എത്തിച്ചേര്‍ന്നിരിക്കുന്നതുകൊണ്ടും ജര്‍മ്മനിയിലെ ബൂര്‍ഷ്വാ വിപ്ലവം അതേത്തുടര്‍ന്ന് ഉടനടിയുണ്ടാക്കുന്ന തൊഴിലാളി വര്‍ഗ്ഗവിപ്ലവത്തിന്റെ നാന്ദി മാത്രമായിരിക്കുമെന്നതുകൊണ്ടും കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ ശ്രദ്ധ പ്രധാനമായും ജര്‍മ്മനിയില്‍ കേന്ദ്രീകരിക്കുന്നു.

ചുരുക്കത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ എല്ലായിടത്തും നിലവിലുള്ള സാമൂഹ്യ-രാഷ്ട്രീയക്രമങ്ങള്‍ക്കെതിരായ എല്ലാ വിപ്ലവപ്രസ്ഥാനങ്ങളേയും പിന്താങ്ങുന്നു.

ഈ പ്രസ്ഥാനങ്ങളിലെല്ലാം തന്നെ കമ്മ്യൂണിസ്റ്റുകാര്‍ സ്വത്തുടമയുടെ പ്രശ്നത്തെ - ആ സമയത്ത് അത് എത്രത്തോളം വളര്‍ന്നിട്ടുണ്ടെന്ന് നോക്കാതെ - പ്രമുഖ പ്രശ്നമായി മുന്നോട്ടുകൊണ്ടു വരുന്നു.

അവസാനമായി അവര്‍ എല്ലാ രാജ്യങ്ങളിലുമുള്ള ജനാധിപത്യപാര്‍ട്ടികള്‍ തമ്മില്‍ യോജിപ്പും ധാരണയും ഉണ്ടാക്കുന്നതിനുവേണ്ടിയാണ് എല്ലായിടത്തും പരിശ്രമിക്കുക.

സ്വാഭിപ്രായങ്ങളേയും ലക്ഷ്യങ്ങളേയും മൂടിവയ്ക്കുന്നതിനെ കമ്മ്യൂണിസ്റ്റുകാര്‍ വെറുക്കുന്നു. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയെയാകെ ബലം പ്രയോഗിച്ച് മറിച്ചിട്ടാല്‍ മാത്രമേ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനാവൂ എന്ന് അവര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ ഓര്‍ത്ത് ഭരണാധികാരിവര്‍ഗ്ഗങ്ങള്‍ കിടിലം കൊള്ളട്ടെ. തൊഴിലാളികള്‍ക്ക് സ്വന്തം ചങ്ങലക്കെടുകളല്ലാതെ മറ്റൊന്നും നഷ്ടപ്പെടുവാനില്ല. അവര്‍ക്കു നേടുവാനോ ഒരു ലോകമുണ്ടുതാനും.

സര്‍വ്വരാജ്യ തൊഴിലാളികളേ, ഏകോപിക്കുവിന്‍!

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്.

Tuesday, September 14, 2010

വിമര്‍ശനാത്മക-ഉട്ടോപ്യന്‍ സോഷ്യലിസവും കമ്മ്യൂണിസവും || Critical-Utopian Socialism and Communism

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മൂന്നാം അദ്ധ്യായത്തിലെ ഒരു ഭാഗമാണിത്. യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എഴുതിയിട്ടുണ്ട്.]

1. പിന്തിരിപ്പന്‍ സോഷ്യലിസം

1.a ഫ്യൂഡല്‍ സോഷ്യലിസം

1.b പെറ്റിബൂര്‍ഷ്വാ സോഷ്യലിസം

1.c ജര്‍മ്മന്‍ അഥവാ 'സത്യ' സോഷ്യലിസം

2. യാഥാസ്ഥിതിക അഥവാ ബൂര്‍ഷ്വാ സോഷ്യലിസം

3. വിമര്‍ശനാത്മക-ഉട്ടോപ്യന്‍ സോഷ്യലിസവും കമ്മ്യൂണിസവും

മഹത്തായ ഓരോ ആധുനിക വിപ്ലവത്തിലും, ബബേഫും മറ്റും ചെയ്തിട്ടുള്ള പോലെ, തൊഴിലാളിവര്‍ഗ്ഗത്തിന്റെ ആവശ്യങ്ങളെ എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള സാഹിത്യത്തെപ്പറ്റിയല്ല ഞങ്ങളിവിടെ സൂചിപ്പിക്കുന്നത്.

ഫ്യൂഡല്‍ സമൂഹത്തെ അട്ടിമറിച്ചുകൊണ്ടിരുന്ന ഘട്ടത്തിലെ സാര്‍വ്വത്രിക കോളിളക്കത്തിനിടയില്‍ സ്വന്തം ലക്ഷ്യങ്ങള്‍ നേടുവാന്‍ തൊഴിലാളിവര്‍ഗ്ഗം നട്ടത്തിയ ആദ്യത്തെ പ്രത്യക്ഷസംരഭങ്ങള്‍ അനിവാര്യമായ പരാജയത്തില്‍ കലാശിച്ചു. ഇതിനുള്ള കാരണം, തൊഴിലാളിവര്‍ഗ്ഗത്തിന്റെ അവികസ്ഥിതിയും അതിന്റെ മോചനത്തിനാവശ്യമായ സാമ്പത്തികോപാധികളുടെ അഭാവവുമായിരുന്നു. ഈ ഉപാധികള്‍ ഇനിയും സൃഷ്ടിക്കപ്പെടേണ്ടതായിട്ടാണിരുന്നത്. ആസന്നമായ ബൂര്‍ഷ്വാ യുഗത്തിനു മാത്രമേ അവയെ സൃഷ്ടിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഈ പ്രഥമസംരംഭങ്ങളെ അനുഗമിച്ചുണ്ടായ വിപ്ലവ സാഹിത്യത്തിന് അവശ്യം ഒരു പിന്തിരിപ്പന്‍ സ്വഭാവമുണ്ടായിരുന്നു. സാര്‍വ്വത്രികമായ സര്‍വ്വസംഗപരിത്യാഗവും ഏറ്റവും പ്രാകൃതമായ രൂപത്തിലുമുള്ള സാമൂഹ്യസമീകരണവുമാണ് അതു പഠിപ്പിച്ചത്.

സോഷ്യലിസ്റ്റെന്നും, കമ്മ്യൂണിസ്റ്റെന്നും ശരിക്കു വിളിക്കാവുന്ന സംഹിതകള്‍ - അതായത്, സെന്‍-സിമോന്‍, ഫര്യേ, ഓവന്‍ തുടങ്ങിയവരുടെ സംഹിതകള്‍ - നിലവില്‍ വരുന്നത് തൊഴിലാളിവര്‍ഗ്ഗവും ബൂര്‍ഷ്വാസിയും തമ്മിലുള്ള (ബൂര്‍ഷ്വാകളും തൊഴിലാളിയും എന്ന ഒന്നാം അദ്ധ്യായം നോക്കുക) സമരത്തിന്റെ മുന്‍വിവരിച്ച പ്രാരംഭഘട്ടത്തിലാണ്.

ഈ സംഹിതകളുടെ സ്ഥാപകന്മാര്‍ വര്‍ഗ്ഗവൈരങ്ങളും നിലവിലുള്ള സാമൂഹ്യക്രമത്തിലെ വിനാശകശക്തികളുടെ പ്രവര്‍ത്തനങ്ങളും കാണുന്നുവെന്നത് പരമാര്‍ത്ഥമാണ്. എന്നാല്‍ അന്ന് ശൈശവാവസ്ഥയില്‍ മാത്രമായിരുന്ന തൊഴിലാളിവര്‍ഗ്ഗം ചരിത്രപരമായ മുന്‍കൈയോ സ്വതന്ത്രമായ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനമോ ഇല്ലാത്ത ഒരു വര്‍ഗ്ഗമായ്യിട്ടാണ് അവരുടെ കാഴ്ചയില്‍ പെട്ടത്.

വര്‍ഗ്ഗവൈരത്തിന്റെ വികാസം വ്യവസായത്തിന്റെ വികാസവുമായി ചുവടൊപ്പിച്ചു നീങ്ങുന്നതുകൊണ്ട് അന്നത്തെ സാമ്പത്തികസ്ഥിതിയില്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ മോചനത്തിനാവശ്യമായ ഭൗതികോപാധികള്‍ അവര്‍ക്കു കാണുവാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവര്‍ ഈ ഉപാധികളുടെ സൃഷ്ടിക്ക് ആവശ്യമായ ഒരു പുതിയ സാമൂഹ്യശാസ്ത്രത്തേയും പുതിയ സാമൂഹ്യ നിയമങ്ങളേയും തേടിപ്പോകുന്നു.

ചരിത്രത്തിന്റെ പ്രവര്‍ത്തനം അവര്‍ സ്വന്തമായി കണ്ടുപിടിക്കുന്ന പ്രവര്‍ത്തനത്തിന് വഴങ്ങിക്കൊടുക്കണം, ചരിത്രപരമായി സൃഷ്ടിക്കപ്പെടുന്ന മോചനോപാധികള്‍ സങ്കല്പിതങ്ങളായ ഉപാധികള്‍ക്ക് വഴി മാറിക്കൊടുക്കണം. ക്രമേണ സ്വമേധയാ വളരുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ വര്‍ഗ്ഗസംഘടന ഈ കണ്ടുപിടുത്തക്കാര്‍ പ്രത്യേകം കെട്ടിച്ചമച്ചുണ്ടാക്കുന്ന ഒരു സമൂഹത്തിന്റെ സംഘടനയ്ക്ക് വഴങ്ങണം. തങ്ങളുടെ സാമൂഹ്യപദ്ധതികള്‍ക്കു വേണ്ടി പ്രചാരവേല നടത്തുകയും അവ നടപ്പില്‍ വരുത്തുകയും ചെയ്യുക - ഇതു മാത്രമാണ് അവരുടെ ദൃഷ്ടിയില്‍ ഭാവിചരിത്രത്തിന്റെ രത്നച്ചുരുക്കം.

ഏറ്റവും കഷ്ടതയനുഭവിക്കുന്ന വര്‍ഗ്ഗമെന്ന നിലയ്ക്ക് തൊഴിലാളിവര്‍ഗ്ഗത്തിന്റെ താല്പര്യങ്ങളെ മുഖ്യമായും ശ്രദ്ധിക്കണമെന്ന ബോധത്തോടുകൂടിയാണ് അവര്‍ അവരുടെ പദ്ധതികള്‍ രൂപീകരിച്ചിട്ടുള്ളത്. ഏറ്റവും കഷ്ടതയനുഭവിക്കുന്ന വര്‍ഗ്ഗമെന്ന് നിലയ്ക്ക് മാത്രമേ അവരെ സംബന്ധിച്ചിടത്തോളം തൊഴിലാളി വര്‍ഗ്ഗം നിലനില്‍ക്കുന്നുള്ളൂ.

വര്‍ഗ്ഗസമരത്തിന്റെ അവികസിതസ്ഥിതിയും അതുപോലെ സ്വന്തം പരിതസ്ഥിതികളും മൂലം തങ്ങള്‍ എല്ലാ വര്‍ഗ്ഗവൈരങ്ങള്‍ക്കും എത്രയോ ഉപരിയാണെന്ന് ഇത്തരം സോഷ്യലിസ്റ്റുകള്‍ സ്വയം കരുതുന്നു. സമൂഹാംഗങ്ങളില്‍ ഓരോരുത്തരുടെയും, ഏറ്റവും സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നവരുടെ പോലും, സ്ഥിതി നന്നാക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. തല്‍ഫലമായി വര്‍ഗ്ഗവ്യത്യാസം നോക്കാതെ സമൂഹത്തോടൊട്ടാകെ, പോരാ, ഭരണാധികാരിവര്‍ഗ്ഗത്തോട് പ്രത്യേകിച്ചും, അവര്‍ എപ്പോഴും അഭ്യര്‍ത്ഥിക്കുന്നു. കാരണം, തങ്ങളുടെ സംഹിതയെ ജനങ്ങള്‍ ഒരിക്കല്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍, സാദ്ധ്യമായതില്‍ ഏറ്റവും നല്ല സമൂഹത്തിനുള്ള ഏറ്റവും നല്ല പദ്ധതി അവര്‍ അതില്‍ എങ്ങനെ ദര്‍ശിക്കാതെയിരിക്കും?

അതുകൊണ്ട് അവര്‍ എല്ലാ രാഷ്ട്രീയപ്രവര്‍ത്തനത്തേയും, വിശേഷിച്ച് എല്ലാ വിപ്ലവപ്രവര്‍ത്തനത്തേയും, നിരസിക്കുന്നു. സമാധാനപരമായ മാര്‍ഗ്ഗങ്ങളുപയോഗിച്ച് സ്വന്തം ലക്ഷ്യം നേടുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. പരാജയപ്പെടാതെയിരിക്കുവാന്‍ നിര്‍വ്വാഹമില്ലാത്ത ചെറുപരീക്ഷണങ്ങള്‍ നടത്തിയും മാതൃക കാണിച്ചുകൊടുത്തും ഈ പുതിയ സാമൂഹ്യ സുവിശേഷത്തിലേക്കു വഴി തെളിക്കുവാന്‍ അവര്‍ ശ്രമിക്കുന്നു.

തൊഴിലാളിവര്‍ഗ്ഗം അപ്പോഴും വളരെ അവികസിതമായ ഒരു നിലയില്‍ കഴിയുകയും സ്വന്തം നിലയെപ്പറ്റി ഒരു കാല്പനികബോധം മാത്രം വച്ചു പുലര്‍ത്തുകയും ചെയ്യുന്ന കാലത്ത്, ഭാവി സമൂഹത്തെസംബന്ധിച്ച് വരച്ചു കാട്ടുന്ന ഇത്തരം സാങ്കല്പിക ചിത്രങ്ങള്‍ സമൂഹത്തെ പൊതുവില്‍ പുതുക്കിപ്പണിയണമെന്നുള്ള ആ വര്‍ഗ്ഗത്തിന്റെ നൈസര്‍ഗ്ഗികമായ അഭിലാഷങ്ങള്‍ക്ക് അനുരൂപമാണ്.

എന്നാല്‍ ഈ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളില്‍ വിമര്‍ശനത്തിന്റെ ഒരംശവും അടങ്ങിയിട്ടുണ്ട്. നിലവിലുള്ള സമൂഹത്തിന്റെ എല്ലാ പ്രമാണങ്ങളേയും അവ എതിര്‍ക്കുന്നു. അതുകൊണ്ട് തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉല്‍ബുദ്ധതയ്ക്ക് ഏറ്റവും വിലപിടിച്ച സംഗതികള്‍ അവയില്‍ നിറയെ ഉണ്ട്. ഗ്രാമവും നഗരവും തമ്മിലുള്ള വ്യത്യാസത്തേയും കുടുംബത്തേയും സ്വകാര്യവ്യക്തികളുടെ ഗുണത്തിനുവേണ്ടി വ്യവസായം നടത്തുന്നതിനേയും കൂലി സമ്പ്രദായത്തേയും ഉച്ചാടനം ചെയ്യുക; സാമൂഹ്യമൈത്രി പ്രഖ്യാപിക്കുക; ഭരണകൂടത്തിന്റെ കര്‍ത്തവ്യങ്ങള്‍ ഉല്പാദനത്തിന്റെ മേല്‍നോട്ടം വഹിക്കല്‍ മാത്രമായി മാറ്റുക മുതലായ അവയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രായോഗിക നടപടികളെല്ലാം വര്‍ഗ്ഗവൈരങ്ങളുടെ തിരോധാനത്തിലേക്കു മാത്രമാണ് വിരല്‍ ചൂണ്ടുന്നത്. അക്കാലത്ത് പൊട്ടിപ്പുറപ്പെടുവാന്‍ തുടങ്ങുക മാത്രം ചെയ്തിരുന്ന ഈ വൈരങ്ങളെ അവയുടെ അവ്യക്തവും അനിര്‍വ്വചിതവുമായ ആദ്യരൂപങ്ങളില്‍ മാത്രമേ ഈ പ്രസിദ്ധീകരണങ്ങള്‍ അംഗീകരിച്ചിട്ടുള്ളൂ. അതുകൊണ്ട് ഈ നിര്‍ദ്ദേശങ്ങള്‍ തനി ഉട്ടോപ്യന്‍ സ്വഭാവത്തോടുകൂടിയതാണ്.

വിമര്‍ശനപരവും ഉട്ടോപ്യനുമായ ഈ സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പ്രാധാന്യത്തിനു ചരിത്രവികാസവുമായി ഒരു വിപരീതബന്ധമാണുള്ളത്. ആധുനിക വര്‍ഗ്ഗസമരം എത്രത്തോളം വളര്‍ന്ന് വ്യക്തരൂപം കൈക്കൊള്ളുന്നുവോ അത്രത്തോളം തന്നെ, ആ സമരത്തില്‍ നിന്ന് അയഥാര്‍ത്ഥമായി ഒഴിഞ്ഞു നില്‍ക്കുകയും അതിനെ അയഥാര്‍ത്ഥമായി എതിര്‍ക്കുകയും ചെയ്യുന്നതിനൊരു പ്രായോഗികമൂല്യമോ താത്വികന്യായീകരണമോ ഇല്ലാതാവുന്നു. അതുകൊണ്ട്, ഈ സംഹിതകളുടെ പ്രണേതാക്കള്‍ പല നിലയ്ക്കും വിപ്ലവകാരികളായിരുന്നുവെങ്കില്‍ക്കൂടി, അവരുടെ ശിഷ്യന്മാര്‍ ഒന്നൊഴിയാതെ വെറും പിന്തിരിപ്പന്‍ സംഘങ്ങള്‍ രൂപീകരിക്കുകയാണുണ്ടായത്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ പുരോഗമനപരമായ ചരിത്രവികാസത്തിന്റെ ഘടകവിരുദ്ധമായി അവര്‍ തങ്ങളുടെ ഗുരുനാഥന്മാരുടെ മൂലപ്രമാണങ്ങളെ മുറുകെ പിടിച്ചു നില്‍ക്കുന്നു. അതുകൊണ്ട് അവര്‍ വര്‍ഗ്ഗസമരത്തെ മരവിപ്പിക്കുവാനും വര്‍ഗ്ഗവൈരങ്ങളെ അനുരഞ്ജിപ്പിക്കുവാനും നീക്കുപോക്കില്ലാതെ ശ്രമിക്കുന്നു. പരീക്ഷണം വഴി തങ്ങളുടെ സാങ്കല്പികലോകങ്ങള്‍ സാക്ഷാല്‍ക്കരിക്കാമെന്ന്, ഒറ്റപ്പെട്ട 'ഫലന്‍സ്തേറുകള്‍' നിര്‍മ്മിക്കുകയും 'ഹോം കോളനികള്‍' ഒരു 'ചെറു ഇക്കാറിയ'* പടുത്തുയര്‍ത്തുകയും ചെയ്യാമെന്ന് - പുതിയ ജറൂസലേമിന്റെ കൊച്ചു പതിപ്പുകള്‍ സ്ഥാപിക്കാമെന്ന് - അവര്‍ ഇപ്പോഴും സ്വപ്നം കാണുന്നു. മാത്രമല്ല, ഈ ആകാശക്കോട്ടകള്‍ സാക്ഷാല്‍ക്കരിക്കുവാന്‍ ബൂര്‍ഷ്വാകളുടെ വികാരങ്ങളേയും മടിശ്ശീലയേയും അവര്‍ക്കു ശരണം പ്രാപിക്കേണ്ടി വരുന്നു. മുന്‍വിവരിച്ച പിന്തിരപ്പന്‍ അഥവാ യാഥാസ്ഥിതിക സോഷ്യലിസ്റ്റുകാരുടെ ഗണത്തിലേക്ക് അവര്‍ ക്രമേണ അധഃപതിക്കുകയും ചെയ്യുന്നു. പക്ഷേ, അവരില്‍ നിന്നും ഒരു വ്യത്യാസം ഇവര്‍ക്കുണ്ട്. കൂടുതല്‍ ചിട്ടയോടെ കൂടിയ പാണ്ഡിത്യഗര്‍വ്വും തങ്ങളുടെ സാമൂഹ്യശാസ്ത്രത്തിന്റെ അത്ഭുതസിദ്ധിയിലുള്ള ഭ്രാന്തുപിടിച്ച അന്ധവിശ്വാസവും പിന്തിരിപ്പന്‍ സോഷ്യലിസ്റ്റുകാരില്‍ നിന്ന് ഇവരെ വേര്‍തിരിക്കുന്നു.

അതുകൊണ്ട് ഇവര്‍ തൊഴിലാളിവര്‍ഗ്ഗം നടത്തുന്ന എല്ലാ രാഷ്ട്രീയപ്രവര്‍ത്തനങ്ങളേയും രൂക്ഷമായി എതിര്‍ക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കാരണം തങ്ങളുടെ പുതിയ സുവിശേഷത്തിലുള്ള അവിശ്വാസമാണെന്നത്രെ അവരുടെ അഭിപ്രായം.

ഇംഗ്ലണ്ടിലെ ഓവന്‍ പക്ഷക്കാരും ഫ്രാന്‍സിലെ ഫുര്യേ പക്ഷക്കാരും യഥാക്രമം ചാര്‍ട്ടിസ്റ്റ് പ്രസ്ഥാനക്കാരേയും റിഫോര്‍മിസ്റ്റ് പ്രസ്ഥാനക്കാരേയും എതിര്‍ക്കുന്നു.

*'ഫലന്‍സ്തേറുകള്‍' എന്നത് ഫാറല്‍ ഫുര്യേയുടെ പദ്ധതിയനുസരിച്ചുള്ള സോഷ്യലിസ്റ്റു കോളനികളാണ്. കാബേ തന്റെ സങ്കല്പലോകത്തിനും പിന്നീട് തന്റെ അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് കോളനിയ്ക്കും കൊടുത്തിട്ടുള്ള പേരാണ് 'ഇക്കാറിയ' (1888-ലെ ഇംഗ്ലീഷ് പതിപ്പിനുള്ള എംഗല്‍സിന്റെ കുറിപ്പ്)

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്.

Wednesday, September 8, 2010

യാഥാസ്ഥിതിക അഥവാ ബൂര്‍ഷ്വാ സോഷ്യലിസം || Conservative or Bourgeois Socialism

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മൂന്നാം അദ്ധ്യായത്തിലെ ഒരു ഭാഗമാണിത് . യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എഴുതിയിട്ടുണ്ട്.]

1. പിന്തിരിപ്പന്‍ സോഷ്യലിസം

1.a ഫ്യൂഡല്‍ സോഷ്യലിസം

1.b പെറ്റിബൂര്‍ഷ്വാ സോഷ്യലിസം

1.c ജര്‍മ്മന്‍ അഥവാ 'സത്യ' സോഷ്യലിസം

2. യാഥാസ്ഥിതിക അഥവാ ബൂര്‍ഷ്വാ സോഷ്യലിസം.

ബൂര്‍ഷ്വാ സമൂഹത്തിന്റെ തുടര്‍ച്ചയായ നിലനില്‍പ്പ് സുരക്ഷിതമാക്കുന്നതിനുവേണ്ടി ബൂര്‍ഷ്വാസിയില്‍ ഒരു വിഭാഗം സാമൂഹ്യമായ അവശതകള്‍ പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നു.

ധനശാസ്ത്രജ്ഞന്‍മാര്‍, പരോപകാരികള്‍, മനുഷ്യസ്നേഹികള്‍, തൊഴിലാളിവര്‍ഗ്ഗത്തിന്റെ സ്ഥിതി ഭേദപ്പെടുത്തുന്നവര്‍, ധര്‍മ്മസ്ഥാപന സംഘാടകര്‍, ജന്തുഹിംസാ നിവാരണ സംഘക്കാര്‍, മദ്യവര്‍ജ്ജനഭ്രാന്തന്മാര്‍, എല്ലാ തരത്തിലുംപെട്ട തട്ടിപ്പുകാരായ പരിഷ്കരണവാദികള്‍ എല്ലാം ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. മാത്രമല്ല, ഈ രൂപത്തിലുള്ള സോഷ്യലിസത്തെ സമ്പൂര്‍ണ്ണ വ്യവസ്ഥകളായി രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഈ സോഷ്യലിസ്റ്റ് രൂപത്തിന്റെ ദൃഷ്ടാന്തമായി നമ്മുക്ക് പ്രദോന്റെ 'ദാരിദ്ര്യത്തിന്റെ തത്ത്വശാസ്ത്ര'മെടുക്കാം.

ആധുനിക സാമൂഹ്യസ്ഥിതികളുടെ ഫലമായുണ്ടാകുന്ന സമരങ്ങളും ആപത്തുകളും ഇല്ലാതെ അവയുടെ ഗുണങ്ങളെല്ലാം കിട്ടണമെന്നാണ് സോഷ്യലിസ്റ്റ് ബൂര്‍ഷ്വാകളുടെ മോഹം. നിലവിലുള്ള സമൂഹത്തിലെ വിപ്ലവശക്തികളേയും ശിഥിലീകരണഘടകങ്ങളേയും ഒഴിച്ചുനിര്‍ത്തിക്കൊണ്ട് ഈ സമൂഹത്തെ നിലനിര്‍ത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. തൊഴിലാളിവര്‍ഗ്ഗമില്ലാത്ത ഒരു ബൂര്‍ഷ്വാസിക്കുവേണ്ടിയാണ് അവര്‍ ആശിക്കുന്നത്. തങ്ങള്‍ പരമാധികാരികളായിട്ടുള്ള ലോകമാണ് ഏറ്റവും മെച്ചപ്പെട്ടതെന്ന് ബൂര്‍ഷ്വാസി സ്വാഭാവികമായും ധരിക്കുന്നു. സുഖകരമായ ഈ ധാരണയെ ബൂര്‍ഷ്വാസോഷ്യലിസം ഏതാണ്ട് സമ്പൂര്‍ണ്ണമായ വിവിധവ്യവസ്ഥകളാക്കി വളര്‍ത്തിയിട്ടുണ്ട്. ഇത്തരമൊരു വ്യവസ്ഥ നടപ്പാക്കണമെന്നും അങ്ങനെ പുതിയൊരു സാമൂഹ്യയരൂശലമിലേക്ക് നേരിട്ടു മാര്‍ച്ചു ചെയ്യണമെന്നും അതു തൊഴിലാളി വര്‍ഗ്ഗത്തോട്, ആവശ്യപ്പെടുമ്പോള്‍, തൊഴിലാളിവര്‍ഗ്ഗം നിലവിലുള്ള സമൂഹത്തിന്റെ നാലതിരുകളില്‍ ഒതുങ്ങി നില്‍ക്കണമെന്നും ബൂര്‍ഷ്വാസിയെ സംബന്ധിച്ച എല്ലാ ഗര്‍ഹണീയാഭിപ്രായങ്ങളും വലിച്ചെറിയണമെന്നും ആവശ്യപ്പെടുക മാത്രമാണ് അതു വാസ്തവത്തില്‍ ചെയ്യുന്നത്.

ഈ സോഷ്യലിസത്തിന്റെ ഇത്ര തന്നെ സംഘടിതമല്ലെങ്കിലും കൂടുതല്‍ പ്രായോഗികമായ രണ്ടാമതൊരു രൂപം, വെറും രാഷ്ട്രീയമായ പരിഷ്കാരങ്ങള്‍ കൊണ്ടൊന്നും ഗുണമില്ലെന്നും ഭൗതികജീവിതസാഹചര്യങ്ങള്‍ക്ക്, സാമ്പത്തികബന്ധങ്ങള്‍ക്ക്, മാറ്റം വന്നാല്‍ മാത്രമേ മെച്ചമുള്ളൂവെന്നും തെളിയിച്ചുകൊണ്ട് തൊഴിലാളിവര്‍ഗ്ഗത്തിന്റെ കണ്ണില്‍ എല്ലാ വിപ്ലവപ്രസ്ഥാനങ്ങളേയും കരിതേച്ചു കാണിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍, ഈ സോഷ്യലിസത്തിന്റെ വിവക്ഷയില്‍, ഭൗതിക ജീവിത സാഹചര്യങ്ങളില്‍ മാറ്റം വരുത്തുകയെന്നതിന്റെ അര്‍ത്ഥം, ബൂര്‍ഷ്വാ ഉല്പാദനബന്ധങ്ങളെ അവസാനിപ്പിക്കുകയെന്നല്ല - അതിന് ഒരു വിപ്ലവം തന്നെ വേണമല്ലോ - നേരെമറിച്ചു, ഈ ബന്ധങ്ങള്‍ തുടര്‍ന്ന് നിലനിര്‍ത്തിക്കൊണ്ടുള്ള ഭരണപരിഷ്കാരങ്ങളാണ്; അതായത്, മൂലധനവും അദ്ധ്വാനവും തമ്മിലുള്ള ബന്ധങ്ങളെ ഒരു വിധത്തിലും ബാധിക്കാത്തതും, കവിഞ്ഞപക്ഷം ബൂര്‍ഷ്വാഗവണ്‍മെന്റിന്റെ ചെലവു ചുരുക്കുവാനും ഭരണ നിര്‍വ്വഹണ ജോലിയെ ലഘൂകരിക്കുവാനും മാത്രം ഉതകുന്നതുമായ പരിഷ്കാരങ്ങള്‍.

വെറുമൊരു അലങ്കാരശബ്ദമായി തീരുമ്പോള്‍ മാത്രമാണ്, ബൂര്‍ഷ്വാസോഷ്യലിസത്തിന് മതിയായ പ്രകടരൂപം ലഭിക്കുന്നത്.

സ്വതന്ത്രവ്യാപാരം - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി, സംരക്ഷണ ചുങ്കങ്ങള്‍ - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി, സംരക്ഷണ ചുങ്കങ്ങള്‍ - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി, ജയില്‍ പരിഷ്കാരം - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി. ഇതാണ് ബൂര്‍ഷ്വാസോഷ്യലിസത്തിന്റെ അവസാനവാക്ക്, കാര്യമായി പറഞ്ഞിട്ടുള്ള ഒരേയൊരു വാക്ക്.

ഇത് ഇങ്ങനെ ചുരുക്കിപ്പറയാം. ബൂര്‍ഷ്വാ ബൂര്‍ഷ്വയായിരിക്കുന്നത് - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനുവേണ്ടിയാണ്.

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്.

Tuesday, April 13, 2010

ജര്‍മ്മന്‍ അഥവാ 'സത്യ' സോഷ്യലിസം || German or 'True' Socialism

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മൂന്നാം അദ്ധ്യായത്തിലെ ഒരു ഭാഗമാണിത് . യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എഴുതിയിട്ടുണ്ട്.]

1. പിന്തിരിപ്പന്‍ സോഷ്യലിസം

1.a ഫ്യൂഡല്‍ സോഷ്യലിസം


1.b പെറ്റിബൂര്‍ഷ്വാ സോഷ്യലിസം

1.c ജര്‍മ്മന്‍ അഥവാ 'സത്യ' സോഷ്യലിസം

ജര്‍മ്മനിയിലെ ബൂര്‍ഷ്വാസി അവിടത്തെ ഫ്യൂഡല്‍ സ്വേച്ഛാപ്രഭുത്വവുമായി പോരാടുവാന്‍ തുടങ്ങുക മാത്രം ചെയ്‌തിരുന്ന സന്ദര്‍ഭത്തിലാണ് ഫ്രാന്‍സിലെ സോഷ്യലിസ്റ്റ് - കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങള്‍ - അധികാരത്തിലിരിക്കുന്ന ബൂര്‍ഷ്വാസിയുടെ സമ്മര്‍ദ്ദത്തിന്‍ കീഴില്‍ ജന്മം കൊള്ളുകയും ആ അധികാരത്തിനെതിരായുള്ള സമരത്തെ വെളിപ്പെടുത്തുകയും ചെയ്‌തസാഹിത്യങ്ങള്‍ - ജര്‍മ്മനിയിലേക്ക് കടന്നു ചെന്നത്. ജര്‍മ്മന്‍ തത്വജ്ഞാനികളും തത്വജ്ഞാനികളാകുവാന്‍ ആഗ്രഹിക്കുന്നവരും സുന്ദരീശൈലീ പ്രണയികളും ഈ സാഹിത്യത്തെ ആവേശത്തോടെ ആശ്ലേഷിച്ചു. പക്ഷേ, ഈ സാഹിത്യം ഫ്രാന്‍സില്‍ നിന്നും ജര്‍മ്മനിയിലേക്ക് കുടിയേറിച്ചെന്നപ്പോള്‍, അതോടൊന്നിച്ച് അവിടത്തെ സാമൂഹ്യ സാഹചര്യങ്ങളും ജര്‍മ്മനിയിലേക്ക് കുടിയേറുകയുണ്ടായില്ലെന്ന വസ്‌തുത അവര്‍ വിസ്‌മരിച്ചു എന്ന് മാത്രം. ജര്‍മ്മന്‍ സാമൂഹ്യസ്ഥിതിഗതികളുമായി ഇടപഴകിയപ്പോള്‍ ഈ ഫ്രഞ്ചു സാഹിത്യത്തിന്റെ അടിയന്തിരവും പ്രായോഗികവുമായ പ്രാധാന്യമെല്ലാം നഷ്‌ടപ്പെട്ടു. അതിന്റെ വെറും സാമൂഹ്യവശം മാത്രം അവശേഷിച്ചു. അത് മനുഷ്യസത്തയുടെ സാക്ഷാല്‍ക്കരണത്തെക്കുറിച്ചുള്ള കഴമ്പില്ലാത്ത വേദാന്തം പറച്ചിലാവാതെ തരമില്ലായിരുന്നു. അങ്ങിനെ പതിനെട്ടാം നൂറ്റാണ്ടിലെ ജര്‍മ്മന്‍ തത്വജ്ഞാനികളുടെ ദൃഷ്‌ടിയില്‍ ഒന്നാം ഫ്രഞ്ചുവിപ്ലവത്തിന്റെ ആവശ്യങ്ങളില്‍ 'പ്രായോഗികയുക്തിയുടെ' സാമാന്യവശങ്ങളില്‍ കൂടുതലൊന്നുമുണ്ടയിരുന്നില്ല. അവരുടെ ദൃഷ്ടിയില്‍ ശുദ്ധമായ ഇച്ഛയുടെ, പൊതുവില്‍ പറഞ്ഞാല്‍ യഥാര്‍ത്ഥമായ മനുഷ്യേച്ഛയുടെ, നിയമങ്ങളായിരുന്നു, വിപ്ലവകാരിയായ ഫ്രഞ്ചു ബൂര്‍ഷ്വാസിയുടെ ഇച്ഛയില്‍ പ്രകടമായത്. തങ്ങളുടെ പൗരാണിക ദാര്‍ശനികബോധത്തെ ഈ പുതിയ ഫ്രഞ്ച് ആശയങ്ങളുമായി പൊരുത്തപ്പെടുത്തുക, അഥവാ സ്വന്തം ദാര്‍ശനിക വീക്ഷണം കൈവിടാതെ ഫ്രഞ്ച് ആശയങ്ങളെ പിടിച്ചെടുക്കുക - ഇത്ര മാത്രമാണ് ജര്‍മ്മന്‍ എഴുത്തുകാര്‍ ചെയ്‌തത്.ഒരു വിദേശീയഭാഷയെ പരിഭാഷയിലൂടെ സ്വായത്തമാക്കുന്നതെങ്ങിനെയോ അതേ രീതിയിലാണ് ഈ വെട്ടിപ്പിടുത്തവും നടന്നത്.

പൗരാണിക വിഗ്രഹാരാധകരുടെ ഇതിഹാസകൃതികളടങ്ങുന്ന കയ്യെഴുത്തുരേഖകളുടെ മീതെ കൃസ്‌ത്യന്‍ സന്ന്യാസിമാര്‍ കത്തോലിക്കാപുണ്യവാളന്മാരുടെ കഥയില്ലാത്ത ജീവചരിത്രങ്ങളെഴിതിച്ചേര്‍ത്തതെങ്ങിനെയെന്ന് സുവിദിതമാണ്. എന്നാല്‍ ഫ്രഞ്ച് നിഷിദ്ധസാഹിത്യത്തിന്റെ കാര്യത്തില്‍ ജര്‍മ്മന്‍ എഴുത്തുകാര്‍ നേരെ മറിച്ചാണ് ചെയ്തത്. അവര്‍ ഫ്രഞ്ചുമൂലധനത്തിന്റെ ചുവടെ തങ്ങളുടെ സ്വന്തം ദാര്‍ശനിക വിഡ്ഢിത്തങ്ങളെഴുതിച്ചേര്‍ത്തു. ഉദാഹരണം പറയുകയാണെങ്കില്‍, പണത്തിന്റെ സാമ്പത്തികധര്‍മ്മത്തെപ്പറ്റിയുള്ള ഫ്രഞ്ചുവിമര്‍ശനത്തിന്റെ ചുവടെ അവര്‍ "മനുഷ്യസത്തയുടെ അന്യവല്‍ക്കരണം" എന്നെഴുതി. ബൂര്‍ഷ്വാ ഭരണകൂടത്തെപ്പറ്റിയുള്ള ഫ്രഞ്ച് വിമര്‍ശനത്തിന്റെ ചുവടെ "സാമാന്യഗണത്തിന്റെ സ്ഥാനഭ്രംശം" എന്നുമെഴുതിച്ചേര്‍ത്തു.

ഫ്രഞ്ചുകാരുടെ ചരിത്രവിമര്‍ശനങ്ങളുടെ പിന്‍വശത്ത് ഈ ദാര്‍ശനികപദപ്രയോഗങ്ങള്‍ എഴുതി വച്ചതിന് "കര്‍മ്മമീമാംസയെന്നും", "സത്യ സോഷ്യലിസമെന്നും", "സോഷ്യലിസത്തിന്റെ ജര്‍മ്മന്‍ ശാസ്‌ത്രമെന്നും" "സോഷ്യലിസത്തിന്റെ ദാര്‍ശനികാടിസ്ഥാനമെന്നും" അവര്‍ നാമകരണം ചെയ്തു. ഇങ്ങനെ ഫ്രഞ്ച് സോഷ്യലിസ്റ്റ് - കമ്മ്യൂണിസ്റ്റ് സാഹിത്യത്തെ നിശേഷം ഹതവീര്യമാക്കി. പോരെങ്കില്‍, ജര്‍മ്മന്‍കാരന്റെ കയ്യില്‍ കിട്ടിയതോടു കൂടി ഈ സാഹിത്യം ഒരു വര്‍ഗ്ഗം മറ്റൊരു വര്‍ഗ്ഗത്തിനെതിരായി നടത്തുന്ന സമരത്തെ പ്രകാശിപ്പിക്കാത്തായത് കൊണ്ട്, "ഫ്രഞ്ചുകാരന്റെ ഏകപക്ഷീയത"യെ കീഴടക്കിയിരിക്കുന്നുവെന്നും, താന്‍ പ്രതിനിധാനം ചെയ്യുന്നത് സത്യമായ ആവശ്യങ്ങളെയല്ല, സത്യത്തിന്റെ ആവശ്യങ്ങളെയാണെന്നും, തൊഴിലാളീ വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങളെയല്ല, മനുഷ്യ സ്വഭാവത്തിന്റെ - ഒരു വര്‍ഗ്ഗത്തിലും പെടാത്തവനും യഥാര്‍ത്ഥമല്ലാത്തവനും ദാര്‍ശനികസങ്കല്പത്തിന്റെ മൂടല്‍മഞ്ഞ് നിറഞ്ഞ ലോകത്തില്‍ മാത്രം ജീവിക്കുന്നവനുമായ സാമാന്യമനുഷ്യന്റെ - താല്പര്യങ്ങളെന്നും അയാള്‍ വിശ്വസിക്കുവാനിടയായി. സ്‌കൂള്‍ കുട്ടികള്‍ക്ക് യോജിച്ച തങ്ങളുടെ അഭ്യാസങ്ങളെ ഗൗരവതരവും പ്രാധാന്യമുള്ളതുമായി കരുതുകയും വിലകെട്ട സ്വന്തം ചരക്കിന്റെ മാഹാത്മ്യത്തെപ്പറ്റി മുറിവൈദ്യന്റെ മട്ടില്‍ പ്രസംഗിക്കുകയും ചെയ്ത ഈ ജര്‍മ്മന്‍ സോഷ്യലിസത്തിന് അതിന്റെ പാണ്ഡിത്യപരമായ നിഷ്‌കളങ്കത ക്രമേണ നഷ്‌ടപ്പെട്ടു. ഫ്യൂഡല്‍ ദുഷ്പ്രഭുത്വത്തിനും സ്വേച്ഛാധിപത്യപരമായ രാജവാഴ്‌ചയ്‌ക്കും എതിരായ ജര്‍മ്മനിയിലേയും, വിശേഷിച്ചു പ്രഷ്യയിലേയും, ബൂര്‍ഷ്വാസിയുടെ സമരം, അതായത് ലിബറല്‍ പ്രസ്ഥാനം കൂടുതല്‍ ഗൗരവതരമായിത്തീര്‍ന്നു.
സോഷ്യലിസ്റ്റാവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രാഷ്‌ട്രീയ പ്രസ്ഥാനത്തെ നേരിടുവാനും, ലിബറലിസത്തിനും പ്രതിനിധി ഭരണത്തിനും ബൂര്‍ഷ്വാമത്സരത്തിനും ബൂര്‍ഷ്വാ പത്രസ്വാതന്ത്ര്യത്തിനും ബൂര്‍ഷ്വാനിയമനിര്‍മ്മാണത്തിനും ബൂര്‍ഷ്വാസമത്വസ്വാതന്ത്ര്യങ്ങള്‍ക്കുമെതിരായി പരമ്പരാഗതമായ ശാപവചനങ്ങള്‍ വര്‍ഷിക്കുവാനും, ഈ ബൂര്‍ഷ്വാ പ്രസ്ഥാനം നിമിത്തം സര്‍വ്വതും നഷ്‌ടപ്പെടാമെന്നല്ലാതെ യാതൊന്നും നേടാനാവില്ലെന്നതും ബഹുജനങ്ങ‌ള്‍ക്കിടയില്‍ പ്രചരണം നടത്തുവാനും, "സത്യ" സോഷ്യലിസം ആറ്റുനോറ്റുകൊണ്ടിരുന്ന അവസരം അതിന് അത് മൂലം ലഭിച്ചു. അതിന്റെ നിലനില്പിനാവശ്യമായ സാമ്പത്തിക സ്ഥിതിഗതികളോടും അതിനനുയോജ്യമായ രാഷ്‌ട്രീയഭരണഘടനയോടും കൂടിയ ഒരാധുനിക ബൂര്‍ഷ്വാ സമൂഹം നിലനില്‍ക്കുന്നുണ്ടെന്ന അടിസ്ഥാനത്തിലാണ് - ഇതേ സംഗതികള്‍ നേടുകയെന്നതായിരുന്നു ജര്‍മ്മനിയിലാസന്നമായിരുന്ന സമരത്തിന്റെ ലക്ഷ്യം - ഫ്രഞ്ചു വിമര്‍ശനം ഉയര്‍ന്നു വന്നതെന്ന് അതിന്റെ ബാലിശപ്രതിദ്ധ്വനി മാത്രമായ ജര്‍മ്മന്‍ സോഷ്യലിസം, സമയം വന്നപ്പോള്‍ മറന്ന് കളഞ്ഞു.

പുരോഹിതന്മാരുടെയും പ്രൊഫസര്‍മാരുടെയും യുങ്കര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും അനുചരവൃന്ദത്തോടുകൂടിയ സ്വേച്ഛാധിപത്യ ഗവണ്‍മെന്റുകളെ സംബന്ധിച്ചിടത്തോളം, തങ്ങളെ ഭീഷണിപ്പെടുത്തുവാന്‍ തുടങ്ങിയിരുന്ന ബൂര്‍ഷ്വാസിക്കെതിരായി ഉപയോഗിക്കുവാനുള്ള സ്വാഗതാര്‍ഹമായ ഒരു ഇമ്പാച്ചിയായി അതുപകരിച്ചു.
അക്കാലത്ത് നടന്ന ജര്‍മ്മന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ കലാപങ്ങളെ നേരിടുവാന്‍ ഇതേ ഗവണ്‍മെന്റ് തന്നെ ഉപയോഗിച്ചചാട്ടവാറടികളുടെയും വെടിയുണ്ടകളുടെയും കയ്പേറിയ ഗുളികയ്‌ക്ക് ശേഷം, ഇത് മധുരമേറിയ ഒരു പര്യവസാനമായിരുന്നു.
ഇങ്ങനെ ഈ ‘സത്യ സോഷ്യലിസം ’ അന്നത്തെ ഗവണ്‍മെന്റുകള്‍ക്ക് ജര്‍മ്മന്‍ ബൂര്‍ഷ്വാസിയോട് പോരാടുവാനുള്ള ഒരായുധമായി ഉപകരിച്ചപ്പോള്‍ തന്നെ, അത് ഒരു പിന്തിരിപ്പന്‍ താല്പര്യത്തെയാണ്, ജര്‍മ്മന്‍ ഫിലിസ്റ്റൈനുകളുടെ താല്പര്യത്തെയാണ്, നേരിട്ട് പ്രതിനിധാനം ചെയ്‌തത്. ജര്‍മ്മനിയില്‍ നിലവിലുള്ള സ്ഥിതിഗതികളുടെ സാമൂഹ്യാടിസ്ഥാനം പെറ്റി ബൂര്‍ഷ്വാവര്‍ഗ്ഗമാണ്. 16-ആം നൂറ്റാണ്ടിന്റെ അവശിഷ്ടമായ ഈ വര്‍ഗ്ഗം പിന്നീട് പല രൂപത്തിലും കൂടെക്കൂടെ തലപൊക്കിക്കൊണ്ടിരുന്നു.

ഈ വര്‍ഗ്ഗത്തെ വെച്ചുപുലര്‍ത്തുകയെന്ന് വെച്ചാല്‍ ജര്‍മ്മനിയിലെ നിലവിലുള്ള സ്ഥിതിഗതികളെ വച്ചുപുലര്‍ത്തുകയെന്നര്‍ത്ഥമാണ്. ബൂര്‍ഷ്വാസിയുടെ വ്യാവസായികവും രാഷ്‌ട്രീയവുമായ ആധിപത്യം ഈ വര്‍ഗ്ഗത്തിന്റെ മുമ്പില്‍ നിസ്സംശയമായ വിനാശത്തിന്റെ ഭീഷണിയുയര്‍ത്തി. ഒരു ഭാഗത്ത് മൂലധനകേന്ദ്രീകരണത്തില്‍ നിന്നും മറുഭാഗത്ത് വിപ്ലവകാരിയായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആവിര്‍ഭാവത്തില്‍ നിന്നും ഉളവായതായിരുന്നു ആ ഭീഷണി. "സത്യ" സോഷ്യലിസം ഒരൊറ്റ വെടിക്ക് ഈ രണ്ടു പക്ഷികളെയും കൊല്ലുമെന്ന് തോന്നി. അത് ഒരു പകര്‍ച്ചവ്യാധി പോലെ പടര്‍ന്ന് പിടിച്ചു.

വാഗ്‌ധോരണിയുടെ പുഷ്പങ്ങള്‍ തുന്നിപ്പിടിപ്പിച്ചതും നിര്‍ജ്ജീവവികാരങ്ങളുടെ മഞ്ഞുതുള്ളികളില്‍ മുക്കിയെടുത്തതുമായ ഊഹാപോഹ ചിലന്തിവലയുടെ പട്ടുടയാട - വെറും എല്ലും തോലുമായിത്തീര്‍ന്നിട്ടുള്ള തങ്ങളുടെ ദയനീയ ‘സനാതനസത്യങ്ങളെ ’ കെട്ടിപ്പൊതിയുവാന്‍ ജര്‍മ്മന്‍ സോഷ്യലിസ്റ്റുകാര്‍ ഉപയോഗിച്ച ആദ്ധ്യാത്മിക പട്ടുടയാട - അത്തരക്കാരായ പൊതുജനങ്ങള്‍ക്കിടയില്‍ അവരുടെ ചരക്കിന്റെ ചെലവു വര്‍ദ്ധിപ്പിക്കുവാന്‍ അത്ഭുതകരമാം വിധം സഹായിച്ചു.

അതോടൊപ്പം, പെറ്റിബൂര്‍ഷ്വാ ഫിലിസ്റ്റൈന്‍ വര്‍ഗ്ഗത്തിന്റെ വാചമടിക്കുന്ന പ്രതിനിധിയായി പ്രവര്‍ത്തിക്കുകയാണ് സ്വന്തം ധര്‍മ്മമെന്ന് ജര്‍മ്മന്‍ സോഷ്യലിസം അധികമധികം അംഗീകരിക്കുകയും ചെയ്തു. ജര്‍മ്മന്‍ രാഷ്‌ട്രമാണ് മാതൃകാരാഷ്‌ട്രമെന്നും, അല്പനായ ജര്‍മ്മന്‍ ഫിലിസ്റ്റൈനാണ് മാതൃകാമനുഷ്യനെന്നും അത് പ്രഖ്യാപിച്ചു. ഈ മാതൃകാമനുഷ്യന്റെ അധമമായ എല്ലാ അല്പത്തത്തിനും, അതിന്റെ യഥാര്‍ത്ഥ സ്വഭാവത്തിന് വിപരീതമായി, നിഗൂഢവും കൂടുതല്‍ ഉയര്‍ന്നതുമായ ഒരു സോഷ്യലിസ്റ്റ് വ്യാഖ്യാനം അത് നല്‍കി. കമ്മ്യൂണിസത്തിന്റെ "മൃഗീയമാംവിധം നശീകരണാത്മകമായ" പ്രവണതകളെ നേരിട്ടെതിര്‍ക്കുകയും എല്ലാ വര്‍ഗ്ഗസമരങ്ങളോടും അതിനുള്ള അതി കഠിനവും നിക്ഷ്പക്ഷവുമായ അവജ്ഞ പ്രഖ്യാപിക്കുകയും ചെയ്യുകയെന്ന അങ്ങേയറ്റത്തെ നിലവരെ അത് പോയി. സോഷ്യലിസ്റ്റ് സാഹിത്യമെന്നും കമ്മ്യൂണിസ്റ്റ് സാഹിത്യമെന്നും പേര് പറഞ്ഞിന്ന് (1847) ജര്‍മ്മനിയില്‍ പ്രചരിച്ച് വരുന്ന പ്രസിദ്ധീകരണങ്ങളില്‍ അല്പം ചിലതൊഴിച്ച് ബാക്കിയുള്ളതെല്ലാം തന്നെ നാറിപുളിച്ചും ചുണകെട്ടതുമായ ഈ സാഹിത്യശാഖയില്‍ പെട്ടതാണ്.*

*1848-ലെ വിപ്ലവക്കൊടുങ്കാറ്റ് ഈ വൃത്തികെട്ട പ്രവണതയെ മുഴുവന്‍ അടിച്ചു മാറ്റുകയും അതിന്റെ ഉപജ്ഞാതാക്കള്‍ക്ക് വീണ്ടും സോഷ്യലിസത്തില്‍ കൂടുതല്‍ കൈകടത്തുവാനുള്ള ആഗ്രഹം ഇല്ലാതാക്കുകയും ചെയ്‌തു. ഈ പ്രവണതയുടെ പ്രമുഖപ്രതിനിധിയും വിശിഷ്‌ടമാതൃകകയും മി. കാള്‍ ഗ്രുന്‍ ആണ് (1890-ലെ ജര്‍മ്മന്‍ പതിപ്പിനുള്ള എംഗല്‍സിന്റെ കുറിപ്പ്)

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്

Thursday, February 18, 2010

പെറ്റിബൂര്‍ഷ്വാ സോഷ്യലിസം || Petty Bourgeois Socialism

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മൂന്നാം അദ്ധ്യായത്തിലെ ഒരു ഭാഗമാണിത് . യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എഴുതിയിട്ടുണ്ട്.]

1. പിന്തിരിപ്പന്‍ സോഷ്യലിസം

1.a ഫ്യൂഡല്‍ സോഷ്യലിസം

1.b പെറ്റിബൂര്‍ഷ്വാ സോഷ്യലിസം

ഫ്യൂഡല്‍ പ്രഭുവര്‍ഗ്ഗം മാത്രമല്ല ബൂര്‍ഷ്വാസി നിമിത്തം നാശമടഞ്ഞത്, ആ വര്‍ഗ്ഗത്തിന്റെ ജീവിതോപാധികള്‍ മാത്രമല്ല ആധുനികബൂര്‍ഷ്വാ സമൂഹത്തിന്റെ അന്തരീക്ഷത്തില്‍ വാടി നശിച്ചത്. മദ്ധ്യകാലത്തെ സ്വതന്ത്രനഗരവാസികളും ചെറുകിട കൃഷിയുടമസ്ഥരുമാണ് ആധുനിക ബൂര്‍ഷ്വാസിയുടെ പൂര്‍വ്വികര്‍. വ്യാവസായികമായും വ്യാപാരപരമായും കുറച്ചുമാത്രം വളര്‍ന്നിട്ടുള്ള രാജ്യങ്ങളില്‍, ഉയര്‍ന്നു വരുന്ന ബൂര്‍ഷ്വാസിയോടൊപ്പം ഈ രണ്ടു വര്‍ഗ്ഗങ്ങളും ഇന്നും ജീവിച്ചുപോരുന്നുണ്ട്.

ആധുനിക നാഗരികത പൂര്‍ണ്ണമായി വളര്‍ന്നുകഴിഞ്ഞിട്ടുള്ള രാജ്യങ്ങളില്‍, പുതിയൊരു പെറ്റിബൂര്‍ഷ്വാവര്‍ഗ്ഗം രൂപം കൊണ്ടിട്ടുണ്ട്. തൊഴിലാളി വര്‍ഗ്ഗത്തിനും ബൂര്‍ഷ്വാസിക്കുമിടയ്ക്ക് ആടിക്കളിക്കുകയും ബൂര്‍ഷ്വാവര്‍ഗ്ഗസമൂഹത്തിന്റെ ഒരു അനുബന്ധമെന്നോണം സദാ സ്വയം പുതുക്കുകയും ചെയ്യുന്ന ഒരു വര്‍ഗ്ഗമാണിത്. എന്നാല്‍ മത്സരത്തിന്റെ പ്രവര്‍ത്തനം കൊണ്ട് ഈ വര്‍ഗ്ഗത്തില്‍പ്പെട്ട വ്യക്തികള്‍ നിരന്തരം തൊഴിലാളിവര്‍ഗ്ഗത്തിന്റെ അണികളിലേക്ക് പിടിച്ചുതള്ളപ്പെടുന്നുണ്ട്. മാത്രമല്ല, ആധുനികവ്യവസായം വളര്‍ച്ച പ്രാപിക്കുന്നതോടുകൂടി ഇന്നത്തെ സമൂഹത്തിലെ ഒരു സ്വതന്ത്രവിഭാഗമെന്ന നിലയ്ക്ക് തങ്ങള്‍ തീരെ നശിച്ചു പോവുകയും, വ്യവസായത്തിലും കൃഷിയിലും വ്യാപാരത്തിലും മറ്റും ആവശ്യമായ മേസ്ത്രിമാരും കാര്യസ്ഥന്മാരും വില്പനക്കാരും തങ്ങളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്യുന്ന ആ സന്ദര്‍ഭം അടുത്തുവരുന്നത് അവര്‍ കാണുകപോലും ചെയ്യുന്നുണ്ട്.

ജനസംഖ്യയുടെ പകുതിയിലും എത്രയോ കൂടുതല്‍ കൃഷിക്കാരായ ഫ്രാന്‍സിനെപ്പോലുള്ള രാജ്യങ്ങളില്‍, ബൂര്‍ഷ്വാസിക്കെതിരായി തൊഴിലാളിവര്‍ഗ്ഗത്തിന്റെ പക്ഷത്തുചേര്‍ന്ന എഴുത്തുകാര്‍ ബൂര്‍ഷ്വാ ഭരണത്തിനെതിരായ അവരുടെ വിമര്‍ശനത്തില്‍ കൃഷിക്കാരുടെയും ഇടത്തരക്കാരുടെയും മാനദണ്ഡം ഉപയോഗിച്ചു എന്നതും ഈ ഇടത്തരവര്‍ഗ്ഗങ്ങളുടെ നിലപാടില്‍ നിന്ന് കൊണ്ട് തൊഴിലാളിവര്‍ഗ്ഗത്തിനുവേണ്ടി വാളെടുത്തു എന്നതും സ്വാഭാവികമായിരുന്നു. ഇങ്ങനെയാണ് പെറ്റിബൂര്‍ഷ്വാ സോഷ്യലിസം ആവിര്‍ഭവിച്ചത്. ഫ്രാന്‍സിലെന്നല്ല, ഇംഗ്ലണ്ടിലും സിസ്മൊണ്ടി ആയിരുന്നു ഈ ചിന്താഗതിയുടെ നേതാവ്.

ഈ സോഷ്യലിസ്റ്റ് ചിന്താഗതിക്കാര്‍ ആധുനികോല്പാദനബന്ധങ്ങളിലടങ്ങിയിട്ടുള്ള വൈരുദ്ധ്യങ്ങളെ അതിതീക്ഷണതയോടെ വിശകലനം ചെയ്തു. ധനശാസ്ത്രജ്ഞന്മാരുടെ കാപട്യം നിറഞ്ഞ ന്യായീകരണങ്ങളെ അവര്‍ തുറന്ന് കാട്ടി. യന്ത്രവല്‍ക്കരണത്തിന്റെയും തൊഴില്‍വിഭജനത്തിന്റെയും കുറച്ചുപേരുടെ കയ്യില്‍ ഭൂമിയും മൂലധനവും കേന്ദ്രീകരിച്ചിട്ടുള്ളതിന്റെയും അമിതോല്പാദനത്തിന്റെയും പ്രതിസന്ധികളുടെയും വിനാശകരമായ ഫലങ്ങള്‍ അവര്‍ അനിഷേധ്യമായി തെളിയിച്ചു. ഇടത്തരക്കാരുടെയും കര്‍ഷകരുടെയും ഉല്പാദനത്തിന്റെ അരാജകാവസ്ഥയിലേക്കും സമ്പത്തിന്റെ വിതരണത്തിലെ പ്രസ്പഷ്ടമായ അസമത്വങ്ങളിലേക്കും രാഷ്ട്രങ്ങള്‍ തമ്മില്‍ നടത്തുന്ന സര്‍വ്വസംഹാരകങ്ങളായ വ്യവസായിക യുദ്ധങ്ങളിലേക്കും പഴയ ധാര്‍മ്മിക കെട്ടുപാടുകളുടെയും പഴയ കുടുംബബന്ധങ്ങളുടെയും പഴയ ദേശീയജനവിഭാഗങ്ങളുടെയും ശിഥിലീകരണത്തിലേക്കും അവര്‍ വിരല്‍ ചൂണ്ടി.

പക്ഷെ, സോഷ്യലിസത്തിന്റെ ഈ രൂപത്തിന്റെ ക്രിയാത്മകമായ ലക്ഷ്യം, ഒന്നുകില്‍ പഴ്യ ഉല്പാദന-വിനിമയോപാധികളേയും അതോടൊന്നിച്ച് പഴയ സ്വത്തുടമബന്ധങ്ങളേയും, പഴയ സമൂഹത്തെയും പുനഃസ്ഥാപിക്കുക, അല്ലെങ്കില്‍ ഇന്നത്തെ ഉല്പാദന-വിനിമയോപാധികളെ പഴയ സ്വത്തുടമ-ബന്ധങ്ങളുടെ - ഈ ഉപാധികള്‍ തകര്‍ത്തു കഴിഞ്ഞതും തകര്‍ക്കാതിരിക്കുവാന്‍ തരമില്ലാത്തതുമായ സ്വത്തുടമബന്ധങ്ങളേതോ അവയുടെ - ചട്ടക്കൂടിനുള്ളില്‍ ഞെക്കിഞെരുങ്ങി നിര്‍ത്തുക, എന്നതാണ്. രണ്ടായാലും അത് പിന്തിരിപ്പനും ഉട്ടോപ്യനുമാണ്.

അതിന്റെ അവസാനവാക്കുകളിവയാണ്. വ്യവസാത്തില്‍ പണ്ടത്തെ ഗില്‍ഡുകള്‍, കൃഷിയില്‍ പിതൃതന്ത്രാത്മകബന്ധങ്ങള്‍, അവസാനം കടുത്ത ചരിത്രവസ്തുതകള്‍ ആത്മവന്ധനയുടെ ഈ മത്തുപിടിച്ച ഫലങ്ങളെയെല്ലാം അടിച്ചിറക്കിയപ്പോള്‍ ഈ സോഷ്യലിസം നൈരാശ്യത്തിന്റെ ദയനീയമായ ഒരു അപസ്മാരവികൃതിയില്‍ ചെന്ന് കലാശിച്ചു.

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്

Wednesday, January 13, 2010

സോഷ്യലിസ്റ്റ് സാഹിത്യവും കമ്മ്യൂണിസ്റ്റ് സാഹിത്യവും || Socialist and Communist Literature

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മൂന്നാം അദ്ധ്യായത്തിലെ ഒരു ഭാഗമാണിത് . യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എഴുതിയിട്ടുണ്ട്.]

1. പിന്തിരിപ്പന്‍ സോഷ്യലിസം

1.a ഫ്യൂഡല്‍ സോഷ്യലിസം

ചരിത്രപരമായ തങ്ങളുടെ സവിശേഷ സ്ഥാനം കാരണം, ആധുനിക ബൂര്‍ഷ്വാ സമൂഹത്തിനെതിരായ ലഘുലേഖകള്‍ എഴുതുക എന്നത് ഫ്രാന്‍സിലേയും ഇംഗ്ലണ്ടിലേയും പ്രഭുക്കന്മാരുടെ ജോലിയായിത്തീര്‍ന്നു. 1830 ജൂലൈ മാസത്തില്‍ നടന്ന ഫ്രഞ്ചുവിപ്ലവത്തിലും, ഇംഗ്ലണ്ടിലെ ഭരണപരിഷ്കാര പ്രക്ഷോഭത്തിലും ഈ പ്രഭുക്കന്മാര്‍ വെറുക്കപ്പെട്ട പുത്തന്‍പണക്കാരുടെ മുന്നില്‍ വീണ്ടും മുട്ടുകുത്തി. അതോടുകൂടി ഗൗരവത്തോടുകൂടിയ ഒരു രാഷ്ട്രീയസമരം ഇനി തീരെ സാദ്ധ്യമല്ലെന്ന് വന്നു. ഈ സാഹിത്യപ്പോരാട്ടം മാത്രമേ ഇനി സാദ്ധ്യമായിരുന്നുള്ളൂ. എന്നാല്‍ സാഹിത്യരംഗത്ത് പോലും 'റെസ്റ്റോറേഷന്‍ കാലഘട്ടത്തിലെ' പഴയ മുറവിളി സാദ്ധ്യമല്ലാതായിരുന്നു.

അനുകമ്പയുണര്‍ത്തുവാന്‍ വേണ്ടി സ്വന്തം താല്പര്യങ്ങളെ അവഗണിക്കുന്നതായും ചൂഷിതരായ തൊഴിലാളിവര്‍ഗ്ഗത്തിന്റെ മാത്രം താല്പര്യം മുന്‍നിര്‍ത്തി ബൂര്‍ഷ്വാസിക്കെതിരയ കുറ്റപത്രം തയ്യാറാക്കുന്നതായും ഭാവിക്കുവാന്‍ പ്രഭുവര്‍ഗ്ഗം നിര്‍ബ്ബന്ധിതമായി. അങ്ങനെ തങ്ങളുടെ പുതിയ യജമാനനെപ്പറ്റി പരിഹാസപ്പാട്ട് പാടിക്കൊണ്ടും ആസന്നമായ വിപത്തിനെക്കുറിച്ച് അയാളുടെ ചെവിയില്‍ ദുരുദ്ദേശപൂര്‍ണ്ണമായ പ്രവചനങ്ങള്‍ മന്ത്രിച്ചുകൊണ്ടും പ്രഭുവര്‍ഗ്ഗം പക വീട്ടുവാന്‍ തുടങ്ങി.

ഇങ്ങനെയാണ് ഫ്യൂഡല്‍ സോഷ്യലിസം ആവിര്‍ഭവിച്ചത്. അത് പകുതി വിലാപമാണ്, പകുതി പരിഹാസമാണ്, പകുതി ഭൂതകാലത്തിന്റെ പ്രതിദ്ധ്വനിയാണ്, പകുതി ഭാവിയെപ്പറ്റിയുള്ള ഭീഷണിയും, ചിലപ്പോഴൊകെ അത് അതിന്റെ രൂക്ഷവും സരസവും മൂര്‍ച്ചയേറിയതുമായ വിമര്‍ശനം വഴി ബൂര്‍ഷ്വാസിയുടെ ഹൃദയത്തിന്റെ മര്‍മ്മത്തില്‍ത്തന്നെ ആഞ്ഞടിക്കുന്നുണ്ടെങ്കിലും, ആധുനിക ചരിത്രത്തിന്റെ ഗതി മനസ്സിലാക്കുവാനുള്ള തികഞ്ഞ കഴിവുകേട് നിമിത്തം അത് ഫലത്തില്‍ എന്നും പരിഹാസ്യമായിരുന്നു.

ജനങ്ങളെ സ്വന്തം ഭാഗത്ത് അണിനിരത്തുവാന്‍ വേണ്ടി പ്രഭുവര്‍ഗ്ഗം പിച്ചപ്പാളയാണ് പതാകയ്ക്ക് പകരം മുമ്പില്‍ പിടിച്ചത്. പക്ഷെ, ജനങ്ങള്‍ അവരുടെ കൂടെ ചേര്‍ന്നപ്പോഴെല്ലാം നാടുവാഴിപ്രഭുത്വത്തിന്റെ പഴയ കുലചിഹ്നങ്ങള്‍ അവരുടെ പിന്നാമ്പുറത്ത് കാണുകയാല്‍, തീരെ അനാദരവോടെ ഉറക്കെച്ചിരിച്ചു കൊണ്ടവരെ ഉപേക്ഷിക്കുകയാണുണ്ടായത്.

ഫ്രഞ്ച് 'ലെജിറ്റിമിസ്റ്റുകാരില്‍' ഒരു വിഭാഗവും, 'യങ്ങ് ഇംഗ്ലണ്ട്' കക്ഷിക്കാരും ഈ കാഴ്ച പ്രദര്‍ശിപ്പിച്ചു.

തങ്ങളുടെ ചൂഷണരീതി ബൂര്‍ഷ്വാസിയുടേതില്‍ നിന്ന് വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍, തികച്ചും വ്യത്യസ്തവും, ഇന്ന് കാലഹരണം വന്നിട്ടുള്ളതുമായ സാഹചര്യങ്ങളിലും പരിതഃസ്ഥിതികളിലുമാണ് തങ്ങള്‍ ചൂഷണം നടത്തിയിരുന്നതെന്ന് ഫ്യൂഡലുകള്‍ വിസ്മരിക്കുന്നു. തങ്ങളുടെ ഭരണത്തിന്‍കീഴില്‍ ആധുനിക തൊഴിലാളിവര്‍ഗ്ഗം ഒരിക്കലുമുണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍ സാമൂഹ്യക്രമത്തിന്റെ അവശ്യസന്തതയാണ് ആധുനിക ബൂര്‍ഷ്വാസിയെന്ന് അവര്‍ വിസ്മരിക്കുന്നു.

ഇത്രയും കഴിഞ്ഞാല്‍പ്പിന്നെ, അവരുടെ വിമര്‍ശനത്തിന്റെ പിന്തിരിപ്പന്‍ സ്വഭാവത്തെ അവര്‍ വളരെക്കുറച്ച് മാത്രമെ മറച്ച് വയ്ക്കുന്നുള്ളൂ. പഴയ സാമൂഹ്യക്രമത്തെ വേരോടെ പിഴുതെറിയുവാന്‍ വിധിക്കപ്പെട്ട ഒരു വര്‍ഗ്ഗം ബൂര്‍ഷ്വാ ഭരണത്തിന്‍കീഴില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്നുള്ളതാണ് ബൂര്‍ഷ്വാസിയുടെ പേരിലുള്ള അവരുടെ മുഖ്യമായ ആരോപണം.

ഒരു തൊഴിലാളി വര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നുവെന്നതിലധികം വിപ്ലവകാരിയായ ഒരു തൊഴിലാളിവര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നുവെന്നതിനാണ് അവര്‍ ബൂര്‍ഷ്വാസിയെ പഴിക്കുന്നത്.

അതുകൊണ്ട്, പ്രായോഗികരാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അവര്‍ തൊഴിലാളി വര്‍ഗ്ഗത്തിനെതിരായ എല്ലാ മര്‍ദ്ദന നടപടികളോടും കൂട്ട് നില്‍ക്കുന്നു. അവര്‍ വീമ്പിളക്കുന്നത് എന്ത് തന്നെയായാലും, നിത്യ ജീവിതത്തില്‍ അവര്‍ വ്യവസായ വൃക്ഷത്തില്‍ നിന്ന് ഉതിര്‍ന്ന് വീഴുന്ന സ്വര്‍ണ്ണഫലങ്ങള്‍ പെറുക്കിയെടുക്കുവാനും കമ്പിളിയുടെയും പഞ്ചസാരയുടെയും വാറ്റ് ചാരായത്തിന്റെയും വ്യാപരത്തിനായി സത്യവും സ്നേഹവും മാനവും വില്‍ക്കുവാന്‍ മടിക്കുന്നില്ല.

പുരോഹിതന്‍ എന്നും ജന്മിയുടെ കൈ കോര്‍ത്തുപിടിച്ചു നടന്നിട്ടുള്ളപോലെ തന്നെ, പൗരോഹിത്യ സോഷ്യലിസം എന്നും ഫ്യൂഡല്‍ സോഷ്യലിസത്തിന്റെ കൂടെയാണ്.
സോഷ്യലിസ്റ്റ് സാഹിത്യവും കമ്മ്യൂണിസ്റ്റ് സാഹിത്യവും
കൃസ്ത്യന്‍ സന്യാസത്തിന് ഒരു സോഷ്യലിസ്റ്റ് നിറം കൊടുക്കുന്നതിലും എളുപ്പമായി മറ്റൊന്നില്ല. കൃസ്തുമതം സ്വകാര്യസ്വത്തിനേയും വിവാഹത്തിനെയും ഭരണകൂടത്തേയും അധിക്ഷേപിച്ചിട്ടില്ലേ? ഇവയ്ക്ക് പകരം ദാനധര്‍മ്മാദികളും ദരിദ്രജീവിതവും ബ്രഹ്മചര്യവും ഇന്ദ്രിയനിഗ്രഹവും ആശ്രമവൃത്തിയും തിരുസഭാമാതാവും വേണമെന്ന് അത് പ്രസംഗിച്ചിട്ടില്ലേ? പ്രഭുവിന്റെ ഹൃദയവേദനകളെ ശുദ്ധീകരിക്കുവാന്‍ പുരോഹിതന്‍ തളിക്കുന്ന തീര്‍ത്ഥജലം മാത്രമാണ് കൃസ്ത്യന്‍ സോഷ്യലിസം.
അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്

Tuesday, December 15, 2009

മൂല്യവും മിച്ചമൂല്യവും അല്പം ധനശാസ്ത്രവും

[മൂലരൂപത്തില്‍ നിന്നും, അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും സ്ഥല-കാലങ്ങള്‍ക്കനുസൃതമായി തിരുത്തിയിട്ടുണ്ട്]

ഭൗതികമൂല്യങ്ങള്‍ ഉല്പാദിപ്പിക്കാതെ സമൂഹത്തിന് നിലനില്‍ക്കാനോ, വളരാനോ സാദ്ധ്യമല്ലെന്ന് നാം നേരത്തെ മനസ്സിലാക്കിയതാണ്. ഈ ഭൗതികോല്പാദനം ഒരു വ്യവസ്ഥയുമില്ലാതെ നടക്കുകയാണോ? ഒരിക്കലുമല്ല. ഉല്പാദനത്തിനും വിനിയോഗത്തിനും അതിന്റേതായ ചില നിയമങ്ങളുണ്ട്. ധനശാസ്ത്രം ഈ വിധമുള്ള നിയമങ്ങളെക്കുറിച്ചാണ് പറയുന്നത്. സാമ്പത്തികമായ അടിത്തറയിന്മേലാണ് സമൂഹത്തിന്റെ ഉപരിഘടനയാകെ നിലകൊള്ളുന്നത്. സമ്പദ്ഘടന മാറുന്നതോടുകൂടി സമൂഹഘടനയുടെ ഉള്ളടക്കവും സ്വഭാവവും മാറുന്നു. അതുകൊണ്ടാണ് സമ്പദ്‌ഘടന ശാശ്വതമല്ലെന്ന് പറയുന്നത്. അടിമത്തമായാലും നാടുവാഴിത്തമായാലും മുതലാളിത്തമായാലും അവയെല്ലാം തന്നെ ചരിത്രപരമായി ആവിര്‍ഭവിക്കുന്നവയും മാറിമാറിക്കൊണ്ടിരിക്കുന്നവയുമാണ്.

എന്നാല്‍ ബൂര്‍ഷ്വാ ധനശാസ്ത്രജ്ഞന്മാര്‍ ഇതു സമ്മതിക്കില്ല. മുതലാളിത്തസമ്പദ്ഘടനയുടെ അന്തസ്സത്തയെങ്കിലും ശാശ്വതമാണെന്നാണ് അവരുടെ വാദം. മുതലാളിത്ത സമ്പ്രദായം തകര്‍ന്ന് പോകുമെന്നുള്ള ഭയത്തില്‍ നിന്നാണവര്‍ ഇതെല്ലാം പറയുന്നത്. ധനശാസ്ത്രം വര്‍ഗ്ഗസമരവുമായി ബന്ധമില്ലാത്ത ഒന്നാണെന്നും, നിക്ഷ്പക്ഷമായ ഒരു ശാസ്ത്രശാഖയാണെന്നും പ്രചരിപ്പിക്കുവാനുള്ള സാമര്‍ത്ഥ്യവും കൂട്ടത്തില്‍ കാണാം. ഈ കാപട്യങ്ങളെയെല്ലാം മാര്‍ക്സിസം തുറന്ന് കാണിക്കുകയാണ്. മാര്‍ക്സിയന്‍ ധനശാസ്ത്രം തൊഴിലാളി വര്‍ഗ്ഗം നടത്തുന്ന വര്‍ഗ്ഗസമരത്തിനുള്ള ഒന്നാന്തരം പ്രത്യയശാസ്ത്രപരമായ ആയുധമാണ്. ഇതില്‍ നിക്ഷ്പക്ഷതയുടെ പ്രശ്നമേയില്ല. പ്രശ്നങ്ങളിലേക്കിറങ്ങുമ്പോള്‍ നമ്മുക്കത് വ്യക്തമാകും.

മുതലാളിത്ത സമ്പ്രദായത്തില്‍ ദൈവത്തേക്കാള്‍ അധികം ഭയഭക്തിബഹുമാനത്തോടെ പൂജിക്കുന്ന ഒന്നാണ് ലാഭം. ലാഭം എന്ന് വെച്ചാലെന്താണ്? ചരക്കുകള്‍ ചുരുങ്ങിയ വിലയ്ക്ക് വാങ്ങി കൂടുതല്‍ വിലയ്ക്ക് വില്‍ക്കുമ്പോള്‍ കിട്ടുന്ന അധിക സംഖ്യയാണ് ലാഭമെന്ന് ചിലര്‍ ഉടന്‍ ഉത്തരം പറയും. പെട്ടെന്ന് നോക്കിയാല്‍ ഇത് ശരിയാണെന്ന് തോന്നും. എന്നാല്‍ ആഴത്തിലിറങ്ങി പരിശോധിച്ചാല്‍ മനസ്സിലാകും ഇത് തെറ്റാണെന്ന്. മുതലാളിമാര്‍ ചരക്കുകള്‍ വില്‍ക്കുക മാത്രമല്ല ചെയ്യുന്നത്, അവര്‍ വാങ്ങുകയും ചെയ്യുന്നുണ്ട്. ഒരു തുണി മുതലാളിയെ ഉദാഹരണമായെടുക്കാം. തുണി വില്‍ക്കുന്ന മുതലാളി, പരുത്തിയും, യന്ത്രങ്ങളുമൊക്കെ വാങ്ങിയിട്ടാണ് തുണിയാക്കി വില്‍ക്കുന്നത്. തുണി കൂടുതല്‍ വിലയ്ക്ക് വില്‍ക്കുവാന്‍ ശ്രമിച്ചാല്‍ പരുത്തിയും യന്ത്രങ്ങളും കൂടുതല്‍ വിലയ്ക്ക് വില്‍ക്കുവാന്‍ അവയുടെ ഉടമകളും ശ്രമിക്കില്ലേ? ഒരു മുതലാളി മറ്റൊരു മുതലാളിയെ വഞ്ചിച്ചുവെന്നും വരാം. എന്നാല്‍ എല്ലാ മുതലാളിമാരും പരസ്പരം ചതിക്കുവാന്‍ തുടങ്ങിയാലോ? ഒരാളുടെ ലാഭം മറ്റൊരാളുടെ നഷ്ടമായിരിക്കും. സമൂഹത്തെ മൊത്തത്തിലെടുക്കുകയാണെങ്കില്‍ ഇത്തരം വ്യാപാരങ്ങള്‍ മുഖേന മൂല്യം വര്‍ദ്ധിക്കുന്നില്ല. അപ്പോള്‍ കൈമാറ്റം കൊണ്ടാണ് മൂല്യം വര്‍ദ്ധിക്കുന്നത് എന്ന വാദം ശരിയല്ല. യഥാര്‍ത്ഥത്തില്‍ ഉല്പാദന പ്രക്രിയയിലാണ് മൂല്യ വര്‍ദ്ധനയുണ്ടാകുന്നത്. ചരക്കിന്റെ നിര്‍മ്മാണത്തിന് വിനിയോഗിക്കപ്പെടുന്ന ഏതോ ഒരു മുഖ്യവസ്തുവിന്റെ പൂര്‍ണ്ണമായ മൂല്യം ആ വസ്തുവിന്റെ ഉടമസ്ഥന് മുതലാളി കൊടുക്കുന്നില്ല. അതില്‍ നിന്നാണ് ലാഭം ഉണ്ടാകുന്നത്. അതെന്താണ്, അതെങ്ങനെ നടക്കുന്നു എന്ന് നമ്മുക്ക് പരിശോധിക്കാം. മുതലാളിത്ത ചൂഷണത്തിന്റെ രഹസ്യം അപ്പോഴാണ് വ്യക്തമാവുക.

മുതലാളിത്ത സമ്പ്രദായത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നത് കമ്പോളത്തിന് വേണ്ട ചരക്കുകളാണ്. ചരക്കുകളുടെ അനുസ്യൂതമായ, അനന്തമായ, കൈമാറ്റങ്ങളാണിവിടെ നടക്കുന്നത്. ഇങ്ങനെ നടക്കുന്ന കൈമാറ്റങ്ങള്‍ക്കാധാരമായ വില എങ്ങനെയാണ് നിര്‍ണ്ണയിക്കുന്നത്? പരസ്പരം കൈമാറുന്ന ചരക്കുകളില്‍ തുല്യനിലയിലുള്ള ഒരു പൊതുഗുണമുണ്ടെങ്കില്‍ മാത്രമേ കൈമാറ്റം നടക്കുകയുള്ളൂ. മനുഷ്യാദ്ധ്വാനത്തിന്റെ ഉല്‍പ്പന്നങ്ങളാണ് എല്ലാ ചരക്കുകളും എന്നതാണ് ഈ പൊതുഗുണം. ഒരു മീറ്റര്‍ തുണിക്ക് സമമാണ് ഒരു കിലോഗ്രാം അരിയെന്ന് പറയുമ്പോള്‍ ഒരു മീറ്റര്‍ തുണിയിലും ഒരു കിലോഗ്രാം അരിയിലും അടങ്ങിയ അദ്ധ്വാനം സമമാണെന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ അദ്ധ്വാനമാണ് ചരക്കിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നത്.

അദ്ധ്വാനം എന്ന് പറഞ്ഞത്കൊണ്ട് മുഴുവനുമായില്ല. കുഴിമടിയനായ തൊഴിലാളിയെ കാണാം. അതിവിദഗ്ദ്ധനായ തൊഴിലാളിയെയും കാണാം. അപ്പോള്‍ സാമൂഹികമായി എത്ര അദ്ധ്വാനം ആവശ്യമുണ്ടോ, അല്ലെങ്കില്‍ ഒരു ശരാശരി തൊഴിലാളി അതുണ്ടാക്കുന്നതിന് എത്ര സമയം ചെലവഴിക്കേണമോ അതാണ് ചരക്കിന്റെ മൂല്യത്തിനുമടിസ്ഥാനം.

മുതലാളിത്ത സമ്പ്രദായത്തില്‍ അങ്ങാടിയില്‍ ഒരു പുതിയ ചരക്ക് വില്പനയ്ക്ക് വരുന്നുണ്ട്. ആ ചരക്കിന്റെ പേര് അദ്ധ്വാനശക്തിയെന്നാണ്. തൊഴിലാളികളാണത് വില്‍ക്കുന്നത്. മുതലാളിമാരാണ് അത് വാങ്ങുന്നത്. ഈ ചരക്കിന് കൃത്യവില കൊടുക്കുന്നുണ്ടെന്നാണ് മുതലാളിമാര്‍ അവകാശപ്പെടുന്നത്. ആ വിലയെയാണ് നാം കൂലി എന്ന് വിളിക്കുന്നത്. തൊഴിലാളി മുതലാളിക്ക് അദ്ധ്വാനം നല്‍കുന്നു, പകരമായി മുതലാളി കൂലി നല്‍കുന്നു. നീതിപൂര്‍വ്വികമായി നടക്കുന്ന കച്ചവടമല്ലേ ഇത്? ഇതാണ് ബൂര്‍ഷ്വാ ധനശാസ്ത്രത്തിന്റെ ചോദ്യം.

തനിക്ക് കിട്ടുന്ന കൂലിക്ക് പകരമായി തൊഴിലാളി മുതലാളിക്ക് വില്‍ക്കുന്നത്, വാസ്തവത്തില്‍ അദ്ധ്വാനമാണോ? നിക്ഷ്പക്ഷമായൊന്ന് ആലോചിച്ചു നോക്കൂ. ഒരിക്കലുമല്ല, തന്റെ അദ്ധ്വാനം ചരക്കില്‍ നിക്ഷേപിക്കുകയാണ് തൊഴിലാളി ചെയ്തത്. യഥാര്‍ത്ഥത്തില്‍ തൊഴിലാളി കൂലിക്ക് വിറ്റത് അദ്ധ്വാനിക്കുവാനുള്ള കഴിവാണ്, ശക്തിയാണ്. ഉല്പാദനോപകരണങ്ങള്‍ മുതലാളിമാരുടെ കൈകളിലായതുകൊണ്ടും തങ്ങള്‍ക്ക് മറ്റ് യാതൊരു മാര്‍ഗ്ഗവുമില്ലാത്തത് കൊണ്ടുമാണ് തൊഴിലാളികള്‍ ഇങ്ങനെ അദ്ധ്വാനശക്തി വില്‍ക്കുന്നത്.

മറ്റെല്ലാ ചരക്കുകള്‍ക്കുമെന്ന പോലെ അദ്ധ്വാന ശക്തിക്കും രണ്ടു മൂല്യങ്ങളുണ്ട്. ഉപയോഗമൂല്യവും കൈമാറ്റമൂല്യവും. മുതലാളി അദ്ധ്വാനശക്തി വാങ്ങുന്നത് ഉപയോഗിക്കുവാന്‍ വേണ്ടിയാണ്. അദ്ധ്വാനശക്തിയുടെ ഉപയോഗം അദ്ധ്വാനമാണെന്നാണ് മാര്‍ക്സ് പറഞ്ഞത്. അദ്ധ്വ്വാനശക്തിയുടെ ഉപയോഗമൂല്യം മുതലാളിക്ക് വെറുതെ ലഭിക്കില്ല. അത് ലഭിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരികെ നല്‍കണം. എങ്ങനെയാണ് അദ്ധ്വാനശക്തിയുടെ മൂല്യം നിര്‍ണ്ണയിക്കുക? ഒരു മനുഷ്യന് അദ്ധ്വാനിക്കുവാന്‍ കഴിയണമെങ്കില്‍ അവന് ഭക്ഷണം വേണം, തുണി വേണം, പാര്‍പ്പിടം വേണം, കുടുംബാംഗങ്ങളെ പുലര്‍ത്തണം. ഇതിനെല്ലാമാവശ്യമായ നിത്യോപയോഗസാമഗ്രികളുടെ മൂല്യത്തിന് സമമാണ് അദ്ധ്വാനശക്തിയുടെ മൂല്യം.

ഈ മൂല്യം എല്ലാ രാജ്യങ്ങളിലും എല്ലാ കാലത്തും ഒരു പോലെയല്ല. ഉല്പാദനത്തിന്റെ വികാസം, സാങ്കേതിക പുരോഗതി, ജനങ്ങളുടെ ജീവിതനിലവാരം, ഉല്പാദനക്ഷമത തുടങ്ങിയ പല ഘടകങ്ങളേയും ആശ്രയിച്ച് അത് മാറുന്നു. കൂടുതല്‍ നല്ല ജീവിത സൗകര്യങ്ങള്‍ക്കു വേണ്ടി തൊഴിലാളി വര്‍ഗ്ഗം ബൂര്‍ഷ്വാസിക്കെതിരായി നടത്തുന്ന വര്‍ഗ്ഗസമരവും അദ്ധ്വാനശക്തിയുടെ മൂല്യത്തില്‍ മാറ്റം വരുത്തുന്നു. ഈ വര്‍ഗ്ഗസമരമാണ് ഇതിലെ ഏറ്റവും പ്രധാന ഘടകം എന്ന് വേണമെങ്കില്‍ പറയാം.

തൊഴിലാളി തന്റെ അദ്ധ്വാനശക്തി വില്‍ക്കുന്നുവെന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? അത് ഞാന്‍ ചുരുക്കി വിവരിക്കാം. മുതലാളി തൊഴിലാളിയുടെ അദ്ധ്വാനശക്തി വിലയ്ക്ക് വാങ്ങുന്നു. ഒരു മാസം അല്ലെങ്കില്‍ ഒരു ദിവസം, അതുമല്ലെങ്കില്‍ ഒരു മണിക്കൂര്‍ അദ്ധ്വാനിക്കാമെന്ന് തൊഴിലാളി സമ്മതിക്കുന്നു. അങ്ങനെ പണിയെടുക്കുന്നതിന് ഇത്ര രൂപ കൂലി തരാമെന്ന് മുതലാളിയും സമ്മതിക്കുന്നു. അങ്ങനെയാണ് ഫാക്ടറികളില്‍ പണി നടക്കുന്നത്. നിശ്ചയിച്ചത്രയും സമയം തൊഴിലാളി ജോലി ചെയ്യുന്നു. മുന്‍നിശ്ചയിച്ച പ്രകാരമുള്ള കൂലി മുതലാളി കൊടുക്കുകയും ചെയ്യുന്നു. അപ്പോള്‍ ലാഭം എങ്ങനെയുണ്ടാകുമെന്ന ആ പഴയ ചോദ്യം വീണ്ടുമുയരുന്നു.

നമ്മുക്ക് കുറച്ചുകൂടി വിസ്തരിച്ചു പരിശോധിക്കാം. ഒരു തൊഴിലാളി, എട്ടു മണിക്കൂര്‍ പണിയെടുക്കുന്ന ഒരു തുണിമില്‍ നമ്മുക്ക് ഉദാഹരണമായെടുക്കാം. ഒരു തൊഴിലാളി നെയ്യുന്നത് 24 മീറ്റര്‍ തുണിയാണ്, ഒരു മീറ്റര്‍ തുണിക്ക് വില 4 രൂപയാണെങ്കില്‍, തൊഴിലാളി നെയ്യുന്ന മൊത്തം തുണിയുടെ വില 96 രൂപയാണ്. ഇതില്‍ നൂലിന്റെ വിലയും, മറ്റ് അസംസ്കൃത സാധനങ്ങളുടെ വിലയും യന്ത്രത്തിന്റെയും മറ്റും തേയ്മാനച്ചിലവുകളും ഒക്കെ ചേര്‍ത്ത് 56 രൂപ വരുമെന്ന് കണക്കാക്കുക. തൊഴിലാളിയുടെ കൂലി 8 രൂപയെന്നും സങ്കല്‍പ്പിക്കുക. അപ്പോള്‍ ആകെ ഉല്പാദനത്തിനുള്ള ചിലവ് 64 രൂപയും, ലാഭം 32 രൂപയുമാണ്. ഈ ലാഭം നൂലില്‍ നിന്നോ, യന്ത്രത്തില്‍ നിന്നോ, മറ്റേതെങ്കിലും അസംസ്കൃതവസ്തുവില്‍ നിന്നോ, കമ്പോളത്തില്‍ നിന്നോ ഒന്നുമുണ്ടായതല്ല. തൊഴിലാളിയുടെ അദ്ധ്വാനശക്തിയുടെ പ്രയോഗത്തില്‍ നിന്നുമുണ്ടായതാണ്. അപ്പോള്‍ ഒരു തൊഴിലാളി തന്റെ അദ്ധ്വാനത്തിലൂടെ പുതിയതായി സൃഷ്ടിക്കുന്ന മൂല്യത്തിന്റെ അളവും, അയാള്‍ക്ക് യഥാര്‍ത്ഥത്തില്‍ കിട്ടുന്ന അദ്ധ്വാനശക്തിയുടെ മൂല്യത്തിന്റെ അളവും (കൂലി), തമ്മില്‍ വ്യത്യാസമുണ്ടെന്നത് പകല്‍ പോലെ വ്യക്തമാണ്. അദ്ധ്വാനശക്തിയുടെ മൂല്യമേ തൊഴിലാളിക്ക് മുതലാളി കൊടുക്കുന്നുള്ളൂ. അദ്ധ്വാനമെല്ലാം മുതലാളി അപഹരിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് മിച്ചമൂല്യമുണ്ടാകുന്നത്. ഈ യാഥാര്‍ത്ഥ്യം തുറന്ന് കാണിച്ചത് കാള്‍ മാര്‍ക്സാണ്. കൂലി കൊടുത്ത് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കയും മിച്ചമൂല്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് മുതലാളിത്ത സമ്പ്രദായത്തിന്റെ മൗലികമായ സാമ്പത്തിക നയം.

ഈ മിച്ചമൂല്യം വ്യവസായികള്‍ക്ക് മാത്രമല്ല കിട്ടുന്നത്. വ്യവസായികള്‍ ഉണ്ടാക്കുന്ന ചരക്കുകള്‍ വില്‍ക്കുവാന്‍ വ്യാപാരികള്‍ വേണം. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും കച്ചവടം ചെയ്യുവാനും മറ്റും പണം കൊടുക്കുവാന്‍ ബാങ്ക് വ്യാപാരികള്‍ വേണം. അപ്പോള്‍ ഫാക്ടറി ഉടമകളായ വ്യവസായികള്‍ക്ക് കിട്ടുന്ന മിച്ചമൂല്യം ഇവരെല്ലാം യഥാര്‍ത്ഥത്തില്‍ പങ്കിട്ടെടുക്കുകയാണ് ചെയ്യുന്നത്. സന്തോഷത്തോടെയല്ലെങ്കിലും, ഇവരെല്ലാം പരസ്പരം സഹായിക്കുവാന്‍ ബാദ്ധ്യസ്ഥരാണ്. അതേ സമയം, പരസ്പരമാത്സര്യത്തിലേര്‍പ്പെടുന്നവരുമാണിവര്‍. മാര്‍ക്സിന്റെ മൂലധനത്തില്‍ ഒരു നോവലിലെന്ന പോലെ ഈ ഗതിക്രമം വിവരിച്ചിട്ടുണ്ട്.

മുതലാളി ഉല്പ്പാദനോപകരണങ്ങള്‍ വാങ്ങുകയും ഫാക്ടറികള്‍ നിര്‍മ്മിക്കുകയും തൊഴിലാളികള്‍ക്ക് കൂലി കൊടുക്കുകയും ചെയ്യുന്നതോടു കൂടിയാണ് ഉല്പാദനം ആരംഭിക്കുന്നത്. ഇതിനെല്ലാം വേണ്ട പണത്തിനാണ് മൂലധനമെന്ന് പറയുന്നത്. പിന്നീട് മുതലാളി ആ ഉല്പന്നങ്ങള്‍ വില്‍ക്കുന്നു. അങ്ങിനെ താന്‍ ചിലവാക്കിയതിലും കൂടുതല്‍ പണം അയാള്‍ക്ക് തിരിച്ച് കിട്ടുന്നു. കൂലി കൊടുത്ത തൊഴിലാളികളെ ചൂഷണം ചെയ്ത് മിച്ചമൂല്യം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന മൂല്യമാണ് മൂലധനം. ഒന്നാമതായി ഈ മൂലധനം എങ്ങനെയുണ്ടായി? ഒട്ടും മാന്യമായ രീതിയിലല്ല, തട്ടിപ്പറിച്ചും കൊള്ളയടിച്ചും ഏറ്റവും ഹീനമായ മാര്‍ഗ്ഗങ്ങളുപയോഗിച്ചുമാണ് ആദ്യം മൂലധനം സമാഹരിക്കപ്പെട്ടത്. പ്രാഥമിക മൂലധനസംഭരണം പോലെ ഇത്രയും ക്രൂരമായ ഒരു സംഭവം ചരിത്രത്തില്‍ ഇല്ല. കോളനികളെ കൊള്ളയടിക്കുക, അടിമകളെ വിറ്റ് ലാഭമുണ്ടാക്കുക, കര്‍ഷകരെ ഭൂമിയില്‍ നിന്നും ആട്ടിയോടിച്ച് ഒന്നുമില്ലാത്തവരാക്കുക, തുടങ്ങിയ നീചമായ ശ്രമങ്ങളാണ് തുടക്കത്തില്‍ നടന്നത് അല്ലാതെ അരിഷ്ടിച്ച് ജീവിച്ച സമ്പാദ്യം കൊണ്ടൊന്നുമല്ല ഭൂമുഖത്ത് മുതലാളിമാര്‍ ആദ്യമുണ്ടായത്.

എല്ലാ സാഹചര്യങ്ങളിലും പണമോ ഫാക്ടറികളോ അസംസ്കൃത പദാര്‍ത്ഥങ്ങളോ യന്ത്രോപകരണങ്ങളോ സ്വയമേവ മൂലധനമായിത്തീരുന്നില്ല. ഉല്പാദനോപകരണങ്ങളുടെ സ്വകാര്യ ഉടമകളായ ഒരു വര്‍ഗ്ഗവും, ജീവിക്കുവാന്‍ വേണ്ടി സ്വന്തം അദ്ധ്വാനശക്തി ഒരു ചരക്കെന്ന നിലയ്ക്ക്ക് വില്‍ക്കേണ്ടി വരുന്ന മറ്റൊരു വര്‍ഗ്ഗവും നിലനില്‍ക്കുന്ന സമുദായത്തില്‍ മാത്രമേ പണം മൂലധനമായിത്തീരുന്നുള്ളൂ. അതായത് മുതലാളിമാരും തൊഴിലാളികളും തമ്മിലുള്ള ചൂഷണത്തെ അടിസ്ഥാനമാക്കിയ, സാമൂഹ്യ ബന്ധത്തിന്റെ ഒരു രൂപമാണ് മൂലധനം. ഉല്പാദനോപകരണങ്ങള്‍ പൊതുസ്വത്തായിക്കഴിഞ്ഞാല്‍, മൂലധനം ഇല്ല്ലാതെയാകും. അദ്ധ്വാനശക്തി ഒരു ചരക്കല്ലാതായിത്തീരും.

അപ്പോള്‍ സോഷ്യലിസത്തിന്‍ കീഴില്‍ ചരക്കുകളില്ലാതാവുന്നുണ്ടോ? ഇല്ല. മുഖ്യനിയമം പ്രവര്‍ത്തിക്കുന്നില്ലേ? ഉണ്ട്. മിച്ചമൂല്യം ഉല്പാദിപ്പിക്കപ്പെടുന്നില്ലേ? ഉവ്വ്. പക്ഷെ, അവയൊന്നും ചൂഷണത്തിന്റെ ഉപകരണങ്ങളല്ല. നേരെ മറിച്ച് അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും അവരുടെ ഭരണകൂടത്തിന്റെയും കൈയ്യില്‍ അവരുടെ ജീവിത നിലവാരം ഉത്തരോത്തരം ഉയര്‍ത്തുവാനുള്ള ഉപാധികളാണ്. അതായത്, ഭൂതം വര്‍ത്തമാനത്തെ സേവിക്കുന്നു. മൃതമായ അദ്ധ്വാനം ജീവിക്കുന്ന യജമാനനല്ലാതായിത്തീരുന്നു, ഭൃത്യനാവുന്നു.

കടപ്പാട്: "മൂല്യവും മിച്ചമൂല്യവും അല്പം ധനശാസ്ത്രവും", എന്താണ് മാര്‍ക്സിസം? - എന്‍. ഇ. ബാലറാം

Monday, December 7, 2009

കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 3 || The Principles of Communism - 3

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ അനുബന്ധത്തില്‍ ഫ്രെഡറിക് എംഗല്‍സ് ചോദ്യോത്തരങ്ങളായി കൊടുത്തിരിക്കുന്നവയിലെ ഒരു ചോദ്യമാണിത്. ആദ്യത്തെ പത്ത് ചോദ്യങ്ങളും ഉത്തരങ്ങളും വായിക്കുന്നതിന് ഇവിടെയും, പതിനൊന്നാമത്തെ ചോദ്യോത്തരം വായിക്കുന്നതിന് ഇവിടെയും നോക്കുക. ഇവിടെ പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും ചോദ്യങ്ങള്‍ കൊടുത്തിരിക്കുന്നു. നീളക്കൂടുതലും ലേഖകരുടെ സമയക്കുറവും മൂലം ബാക്കിയുള്ള ചോദ്യങ്ങള്‍ അടുത്ത ഭാഗങ്ങളില്‍ കൊടുക്കുന്നതായിരിക്കും. യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എന്നതൊഴിച്ചാല്‍ ബാക്കി മാറ്റങ്ങള്‍ ഒന്നും തന്നെയില്ല]

12. വ്യാവസായിക വിപ്ലവത്തിന്റെ മറ്റ് അനന്തരഫലങ്ങള്‍ എന്തെല്ലാമായിരുന്നു?
ആവിയന്ത്രത്തിന്റെയും മറ്റ് യന്ത്രങ്ങളുടെയും രൂപത്തില്‍ വന്‍കിടവ്യവസായം, ചെറിയൊരു കാലയളവിലേക്കും ചുരുങ്ങിയ ചെലവിലും വ്യാവസായികോല്പാദനം അളവറ്റ തോതില്‍ വര്‍ദ്ധിപ്പിക്കുവാന്‍ കഴിയത്തക്ക ഉപാധികള്‍ സൃഷ്ടിച്ചു. ഉല്പാദനം എളുപ്പമായതുകൊണ്ട് വന്‍കിടവ്യവസായത്തിന്റെ ആവശ്യഫലമായ സ്വതന്ത്രമത്സരം താമസിയാതെ അങ്ങേയറ്റം മൂര്‍ച്ഛിച്ചു. വളരെയേറെ മുതലാളിമാര്‍ വ്യവസായത്തിലേക്കിറങ്ങി. ഉപയോഗിക്കാവുന്നതില്‍ കൂടുതല്‍ സാധനങ്ങള്‍ വളരെ വേഗം തന്നെ ഉല്പാദിപ്പിക്കപ്പെട്ടു. അതിന്റെ ഫലമായി, നിര്‍മ്മിത സാമഗ്രികള്‍ വിറ്റഴിക്കുവാന്‍ കഴിയാതെയായി. വാണിജ്യപ്രതിസന്ധി എന്നു പറയുന്ന സ്ഥിതി സംജാതമായി. ഫാക്ടറികള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നു. ഫാക്ടറി ഉടമകള്‍ പാപ്പരായി. തൊഴിലാളികള്‍ക്ക് പിഴപ്പു മുട്ടി. കൊടിയ ദുരിതം സര്‍വ്വത്ര നടമാടി. കുറേക്കഴിഞ്ഞ് മിച്ചോല്‍പ്പനങ്ങള്‍ വിറ്റഴിക്കപ്പെട്ടു. ഫാക്ടറികള്‍ വീണ്ടും പ്രവര്‍ത്തനനിരതമായി. കൂലി വര്‍ദ്ധിച്ചു. ക്രമേണ വ്യാപാരം പൂര്‍വ്വാധികം ഊര്‍ജ്ജിതമായി നടക്കുവാന്‍ തുടങ്ങി. എന്നാല്‍ അധികം താമസിയാതെ ചരക്കുകള്‍ വീണ്ടും ക്രമത്തിലേറെ ഉല്പാദിപ്പിക്കപ്പെട്ടു. മറ്റൊരു പ്രതിസന്ധി ആരംഭിച്ചു. അത് മുമ്പത്തേതിന്റെ ഗതി തന്നെ പിന്തുടര്‍ന്നു. ഇങ്ങനെ ഈ നൂറ്റാണ്ടിന്റെ ആരംഭം തൊട്ട് വ്യവസായത്തിന്റെ സ്ഥിതി സമൃദ്ധിയുടെയും പ്രതിസന്ധിയുടെയും കാലഘട്ടങ്ങള്‍ക്കിടയില്‍ ആടിക്കളിച്ചുക്കൊണ്ടിരിക്കുകയാണ്. ഒട്ടുമുക്കാലും കൃത്യമായി അഞ്ചു മുതല്‍ ഏഴു വരെ കൊല്ലങ്ങളിടവിട്ട് ഇത്തരം പ്രതിസന്ധി ആവര്‍ത്തിച്ചുവരികയാണ്. ഓരോ തവണയും അത് തൊഴിലാളികള്‍ക്ക് കൂടുതല്‍ ദുസ്സഹമായ ദുരിതം വരുത്തിവയ്ക്കുന്നു, പൊതുവിപ്ലവവിക്ഷോഭവും നിലവിലുള്ള വ്യവസ്ഥിതിക്കൊട്ടാകെ ഏറ്റവും വലിയ അപകടവും ഉളവാക്കുന്നു.

13. മുറയ്ക്ക് ആവര്‍ത്തിക്കുന്ന ഈ വാണിജ്യപ്രതിസന്ധികളില്‍ നിന്ന് എത്തിച്ചേരാവുന്ന നിഗമനങ്ങള്‍ എന്തെല്ലാമാണ്?
ഒന്നാമത്, വന്‍കിടവ്യവസായം തന്നെയാണ് അതിന്റെ വികാസത്തിലെ പ്രാരംഭഘട്ടങ്ങളില്‍ സ്വതന്ത്രമത്സരം സൃഷ്ടിച്ചതെങ്കിലും ഇപ്പോഴത് സ്വതന്ത്രമത്സരത്തിനപ്പുറത്തേക്ക് വളര്‍ന്നിരിക്കുന്നു. മത്സരവും പൊതുവില്‍ വ്യക്തികള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് വ്യാവസായികോല്പാദനം നടത്തുന്നതും വന്‍കിടവ്യവസായത്തിനൊരു വിലങ്ങായിത്തീര്‍ന്നിരിക്കുന്നു. ആ വിലങ്ങ് അതു പൊട്ടിക്കണം, പൊട്ടിക്കുകയും ചെയ്യും. വന്‍കിടവ്യവസായം ഇന്നത്തെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന കാലത്തോളം ഏഴു വര്‍ഷം കൂടുമ്പോള്‍ ആവര്‍ത്തിക്കുന്ന പൊതുപ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കൊണ്ടു മാത്രമേ അതിനു നിലനില്‍ക്കുവാന്‍ കഴിയൂ. ആ കുഴപ്പം ഓരോ തവണയും നാഗരികതയെ ഒന്നടങ്കം ഭീഷണിപ്പെടുത്തുന്നു. അത് തൊഴിലാളികളെ ദുരിതത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിയുന്നുവെന്ന് മാത്രമല്ല, വളരെയേറെ ബൂര്‍ഷ്വാകളെക്കൂടി നശിപ്പിക്കുന്നു. അതുകൊണ്ട് ഒന്നുകില്‍ വന്‍കിടവ്യവസായത്തെ ഉപേക്ഷിക്കണം. അതു സാദ്ധ്യമല്ലെങ്കില്‍ പരസ്പരം മത്സരിക്കുന്ന ഒറ്റയ്ക്കൊറ്റയ്ക്കുള്ള ഫാക്ടറി ഉടമകള്‍ക്കു പകരം സമൂഹമൊട്ടാകെ ഒരു നിശ്ചിതപദ്ധതിയനുസരിച്ചും എല്ലാവരുടെയും ആവശ്യങ്ങളനുസരിച്ചും വ്യാവസായികോല്പാദനം നടത്തിക്കൊണ്ടുപോകുന്ന തികച്ചും പുതിയൊരു സാമൂഹ്യസംവിധാനം അത് ആവശ്യമാക്കിത്തീര്‍ക്കുന്നു.

രണ്ടാമത്, സമൂഹത്തിലെ ഓരോ അംഗത്തിനും തികഞ്ഞ സ്വാതന്ത്ര്യത്തോടെ തന്റെ എല്ലാ ശക്തികളും കഴിവുകളും വികസിപ്പിക്കുവാനും പ്രയോഗിക്കുവാനും കഴിയുമാറ് ജീവിതത്തിനാവശ്യമായ എല്ലാ സാമഗ്രികളും അത്രയധികം ഉല്പാദിപ്പിക്കപ്പെടുന്ന ഒരു സാമൂഹ്യക്രമത്തെ നിലവില്‍ കൊണ്ടുവരാന്‍ വന്‍കിടവ്യവസായത്തിനും അതു സാദ്ധ്യമാക്കിത്തീര്‍ത്തിട്ടുള്ള അപരിമിതമായ ഉല്പാദന വികസനത്തിനും കഴിയുന്നതാണ്. അങ്ങിനെ ഇന്നത്തെ സമൂഹത്തില്‍ എല്ലാ ദുരിതങ്ങളും എല്ലാ വാണിജ്യപ്രതിസന്ധികളും ഉളവാക്കുന്നത് വന്‍കിടവ്യവസായത്തിന്റെ ഏതു ഗുണമാണോ അതേ ഗുണം തന്നെയാണ് വ്യത്യസ്തമായൊരു സാമൂഹ്യസംവിധാനത്തിന്‍ കീഴില്‍ ഈ ദുരിതങ്ങളും വിനാശകരമായ ചാഞ്ചാട്ടങ്ങളും നശിപ്പിക്കുന്നത്. അങ്ങിനെ, രണ്ടു കാര്യങ്ങള്‍ വ്യക്തമായും തെളിയിക്കപ്പെട്ടിരിക്കുന്നു.
  1. മേലാല്‍ ഈ ദോഷങ്ങളെല്ലാം നിലവിലുള്ള സ്ഥിതിഗതികളുമായി പൊരുത്തപ്പെടാതായിക്കഴിഞ്ഞ സാമൂഹ്യക്രമത്തിന്റെ മേല്‍ പൂര്‍ണ്ണമായും ആരോപിക്കാവുന്നതാണ്.
  2. പുതിയൊരു സാമൂഹ്യക്രമം സ്ഥാപിക്കുന്നതിലൂടെ ഈ ദോഷങ്ങള്‍ പൂര്‍ണ്ണമായും നിര്‍മ്മാജനം ചെയ്യാനാവശ്യമായ ഉപാധികള്‍ ഇന്നു തന്നെ നിലവിലുണ്ട്.
(അവസാനിച്ചിട്ടില്ല)

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്


Sunday, December 6, 2009

കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 2 || The Principles of Communism - 2

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ അനുബന്ധത്തില്‍ ഫ്രെഡറിക് എംഗല്‍സ് ചോദ്യോത്തരങ്ങളായി കൊടുത്തിരിക്കുന്നവയിലെ ഒരു ചോദ്യമാണിത്. ആദ്യത്തെ പത്ത് ചോദ്യങ്ങളും ഉത്തരങ്ങളും വായിക്കുന്നതിന് കഴിഞ്ഞ പോസ്റ്റ് നോക്കുക. ഇത് പതിനൊന്നാമത്തെ ചോദ്യമാണ്. നീളക്കൂടുതലും ലേഖകരുടെ സമയക്കുറവും മൂലം ഒരൊറ്റച്ചോദ്യത്തിലൊതുക്കുന്നു. യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എന്നതൊഴിച്ചാല്‍ ബാക്കി മാറ്റങ്ങള്‍ ഒന്നും തന്നെയില്ല]

11. വ്യാവസായിക വിപ്ലവത്തിന്റെയും സമൂഹം ബൂര്‍ഷ്വായും തൊഴിലാളിയുമായി വിഭജിക്കപ്പെട്ടതിനെയും അടിയന്തിര ഫലങ്ങള്‍ എന്തായിരുന്നു?

ഒന്നാമത്, യന്ത്രാദ്ധ്വാനം വ്യാവസായികോല്‍പ്പന്നങ്ങളുടെ വില നിരന്തരം കുറച്ചതുകൊണ്ട് കായികാദ്ധ്വാനത്തില്‍ അധിഷ്ഠിതമായ നിര്‍മ്മാണത്തൊഴിലിന്റെയോ വ്യവസായത്തിന്റെയോ പഴയ സമ്പ്രദായത്തിന് എല്ലാ രാജ്യങ്ങളിലും സമ്പൂര്‍ണ്ണനാശം സംഭവിച്ചു. ചരിത്രവികാസത്തില്‍ നിന്ന് ഇതേവരെ ഏറെക്കുറെ ഒറ്റപ്പെട്ട് നിന്നിരുന്നതും നിര്‍മ്മാണത്തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയ വ്യവസായത്തോട് കൂടിയതുമായ എല്ലാ അര്‍ദ്ധകിരാത രാജ്യങ്ങളും അങ്ങിനെ നിര്‍ബ്ബന്ധപൂര്‍വ്വം അവയുടെ ഏകാന്തതയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരപ്പെട്ടു. അവ ഇംഗ്ലീഷുകാരുടെ കുറഞ്ഞ ചരക്കുകള്‍ വാങ്ങുകയും സ്വന്തം നിര്‍മ്മാണത്തൊഴിലാളികളെ നശിക്കാനനുവദിക്കുകയും ചെയ്തു. പരസഹ്രസം വര്‍ഷങ്ങളായി വളര്‍ച്ച മുട്ടിക്കിടന്നിരുന്ന രാജ്യങ്ങള്‍ - ഉദാഹരണത്തിന് ഇന്ത്യ - അടിമുടി വിപ്ലവകരമായി മാറ്റപ്പെട്ടത് ഇങ്ങനെയാണ്. ചൈന പോലും ഇപ്പോള്‍ ഒരു വിപ്ലവത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ ഇന്ന് കണ്ടുപിടിച്ച ഒരു യന്ത്രം, ഒരു വര്‍ഷത്തിനുശേഷം ചൈനയിലെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ പിഴപ്പ് മുട്ടിക്കുമെന്ന സ്ഥിതിവിശേഷമാണിപ്പോള്‍ നിലനില്‍ക്കുന്നത്. ഇങ്ങനെ വന്‍കിട വ്യവസായം ലോകത്തുള്ള എല്ലാ ജനതകളേയും പരസ്പരം ബന്ധപ്പെടുത്തുകയും, ചെറിയ പ്രാദേശിക കമ്പോളങ്ങളെല്ലാം ഒരൊറ്റ ലോകകമ്പോളമായി ഒന്നിച്ച് ചേര്‍ക്കുകയും, എല്ലായിടത്തും നാഗരികതയ്ക്കും പുരോഗതിയ്ക്കും വഴി തെളിക്കുകയും ചെയ്തിരിക്കുന്നു. പരിഷ്കൃതരാജ്യങ്ങളില്‍ നടക്കുന്നതെന്തും മറ്റെല്ലാ രാജ്യങ്ങളിലും പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നു. ഉദാഹരണത്തിന് ഇംഗ്ലണ്ടിലേയോ, ഫ്രാന്‍സിലേയോ തൊഴിലാളികള്‍ ഇന്ന് മോചനം നേടുന്നപക്ഷം അത് മറ്റെല്ലാ രാജ്യങ്ങളിലും വിപ്ലവങ്ങള്‍ക്കിടവരുത്താതിരിക്കില്ല. അവ ഇന്നല്ലെങ്കില്‍ നാളെ അവിടങ്ങളിലെ തൊഴിലാളികളുടെയും മോചനത്തിന് വഴി തെളിക്കുന്നതാണ്.

രണ്ടാമത്, എവിടെയൊക്കെ വന്‍കിടവ്യവസായം നിര്‍മ്മാണത്തൊഴിലിന്റെ സ്ഥാനമെടുത്തുവോ, അവിടെല്ലാം വ്യാവസായികവിപ്ലവം ബൂര്‍ഷ്വാസിയുടെയും അതിന്റെ സമ്പത്തിനേയും അധികാരത്തേയും പരമാവധി വളര്‍ത്തുകയും അതിനെ ആ രാജ്യത്തിലെ ഒന്നാമത്തെ വര്‍ഗ്ഗമാക്കുകയും ചെയ്തു. ഇതു സംഭവിച്ചിടത്തെല്ലാം ബൂര്‍ഷ്വാസി രാഷ്ട്രീയാധികാരം സ്വന്തം കയ്യിലെടുക്കുകയും അതുവരെ ഭരണം നടത്തിയിരുന്ന വര്‍ഗ്ഗങ്ങളെ - പ്രഭുവര്‍ഗ്ഗത്തെയും, ഗില്‍ഡുകളില്‍ പെട്ട നഗരവാസികളെയും, ആ രണ്ടു കൂട്ടരെയും പ്രതിനിധാനം ചെയ്ത രാജവാഴ്ചയേയും - പുറത്താക്കുകയും ചെയ്തുവെന്നതാണ് ഇതില്‍ നിന്നുളവായ ഫലം. അവകാശ നിര്‍ണ്ണയമുള്ള ഭൂസ്വത്തുക്കള്‍, അഥവാ ഭൂസ്വത്തുക്കള്‍ വില്‍ക്കരുതെന്നുള്ള നിരോധനങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടും കുലീനവര്‍ഗ്ഗത്തിന്റെ വിശേഷാവകാശങ്ങള്‍ എടുത്തുകളഞ്ഞുകൊണ്ടുമാണ് ബൂര്‍ഷ്വാസി കുലീനവര്‍ഗ്ഗത്തിന്റെ, അതായത് പ്രഭുവര്‍ഗ്ഗത്തിന്റെ, അധികാരം തകര്‍ത്തെറിഞ്ഞത്. എല്ലാ ഗില്‍ഡുകളും കൈവേലക്കാരുടെ വിശേഷാവകാശങ്ങളും നിലനിര്‍ത്തിക്കൊണ്ടാണ് ബൂര്‍ഷ്വാസി ഗില്‍ഡുകളിലെ നഗരവാസികളുടെ അധികാരം തകര്‍ത്തത്. അവ രണ്ടിന്റെയും സ്ഥാനത്ത് അത് സ്വതന്ത്രമത്സരത്തെ - അതായത്, ഏത് വ്യവസായശാഖ വേണമെങ്കിലും നടത്തിക്കൊണ്ടുപോകുവാന്‍ അവകാശമുള്ളതും ആവശ്യമായത്ര മൂലധനത്തിന്റെ കുറവൊഴിച്ച് മറ്റൊന്നും തന്നെ അയാളെ ഇക്കാര്യത്തില്‍ തടസ്സപ്പെടുത്താത്തതുമായ ഒരു സാമൂഹ്യവ്യവസ്ഥയെ - ഏര്‍പ്പെടുത്തി. അതുകൊണ്ട് കൈവശമുള്ള മൂലധനം, അസമമായിടത്തോളം മാത്രമേ സമൂഹത്തിലെ അംഗങ്ങള്‍ തമ്മില്‍ അസമത്വമുണ്ടായിരിക്കൂ എന്നും, മൂലധനമാണ് നിര്‍ണ്ണായകശക്തിയെന്നും, അക്കാരണത്താല്‍ മുതലാളികള്‍ അഥവാ ബൂര്‍ഷ്വാസി സമൂഹത്തിലെ ഒന്നാമത്തെ വര്‍ഗ്ഗമായിക്കഴിഞ്ഞുവെന്നുമുള്ള ഒരു പരസ്യപ്രഖ്യാപനമാണ് സ്വതന്ത്രമത്സരത്തിന്റെ ഏര്‍പ്പെടുത്തല്‍. എന്നാല്‍ വന്‍കിട വ്യവസായത്തിന്റെ ആരംഭത്തില്‍ സ്വതന്ത്രമത്സരം കൂടിയേ തീരൂ. കാരണം, ആ സാമൂഹികവ്യവസ്ഥയില്‍ മാത്രമേ വന്‍കിടവ്യവസായത്തിന് വളരാനൊക്കൂ. അങ്ങിനെ പ്രഭുവര്‍ഗ്ഗത്തിന്റെയും ഗില്‍ഡുകളിലെ നഗരവാസികളേയും സാമൂഹ്യാധികാരം തകര്‍ത്തശേഷം ബൂര്‍ഷ്വാസി അവരുടെ രാഷ്ട്രീയാധികാരത്തേയും തകര്‍ത്തു. സമൂഹത്തിലെ ഒന്നാമത്തെ വര്‍ഗ്ഗമായിക്കഴിഞ്ഞതിനു ശേഷം ബൂര്‍ഷ്വാസി രാഷ്ട്രീയരംഗത്തും ഒന്നാമത്തെ വര്‍ഗ്ഗമാണെന്ന് സ്വയം പ്രഖ്യാപിച്ചു. പ്രാതിനിധ്യസമ്പ്രദായം ഏര്‍പ്പെടുത്തിക്കൊണ്ടാണ് അത് അങ്ങിനെ ചെയ്തത്. നിയമത്തിന്റെ മുന്നിലുള്ള ബൂര്‍ഷ്വാ അസമത്വത്തിലും സ്വതന്ത്ര മത്സരത്തിന്റെ നിയമപരമായ അംഗീകരണത്തിലും അധിഷ്ഠിതമായ പ്രസ്ടുതസമ്പ്രദായം യുറോപ്യന്‍ രാജ്യങ്ങളില്‍ നടപ്പില്‍ വരുത്തിയത് വ്യവസ്ഥാപിതരാജവാഴ്ചയുടെ രൂപത്തിലാണ്. ആ വ്യവസ്ഥാപിതരാജവാഴ്ചകളുടെ കീഴില്‍ കുറെ മൂലധനം കൈവശമുള്ളവര്‍ക്കു മാത്രമേ - അതായത് ബൂര്‍ഷ്വാകള്‍ക്ക് മാത്രമേ - വോട്ടവകാശമുള്ളൂ. ആ ബൂര്‍ഷ്വാ വോട്ടര്‍മാര്‍ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നു. ആ ബൂര്‍ഷ്വാ ജനപ്രതിനിധികള്‍ നികുതി ചുമത്താതിരിക്കാനുള്ള അവകാശമുപയോഗിച്ച് ബൂര്‍ഷ്വാ ഗവണ്‍മെന്റിന്റെ തിരഞ്ഞെടുക്കുന്നു.

മൂന്നാമത്, വ്യാവസായിക വിപ്ലവം ബൂര്‍ഷ്വാസിയെ വളര്‍ത്തിക്കൊണ്ടുവന്നിടത്തോളം തന്നെ തൊഴിലാളിവര്‍ഗ്ഗത്തിനേയും വളര്‍ത്തിക്കൊണ്ടുവന്നു. ബൂര്‍ഷ്വാസി ധനമാര്‍ജ്ജിക്കുന്തോറും തൊഴിലാളികള്‍ എണ്ണത്തില്‍ പെരുകി വന്നു. മൂലധനത്തിനു മാത്രമേ തൊഴിലാളികളെ പണിക്ക് വയ്ക്കുവാന്‍ കഴിയുകയുള്ളൂവെന്നതുകൊണ്ടും തൊഴിലാളികളെ പണിക്കു വെച്ചാല്‍ മാത്രമേ മൂലധനം വളരുകയുള്ളൂവെന്നത് കൊണ്ടും മൂലധനത്തിന്റെ വളര്‍ച്ചയുടെ തോതില്‍ത്തന്നെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും നടക്കുന്നു. അതോടൊപ്പം വ്യാവസായിക വിപ്ലവം ബൂര്‍ഷ്വാകളേയും തൊഴിലാളികളേയും, വ്യവസായം ഏറ്റവും ലാഭകരമായി നടത്തുവാന്‍ കഴിയുന്ന വലിയ പട്ടണങ്ങളിലേക്ക് ഒന്നിച്ചുകൊണ്ടുവരുന്നു. വമ്പിച്ച ജനസഞ്ചയങ്ങളെ ഇങ്ങനെ ഒരൊറ്റയിടത്ത് തടുത്തുകൂട്ടുന്നതുവഴി അത് തൊഴിലാളികളെ സ്വന്തം ശക്തിയെക്കുറിച്ച് ബോധവാന്മാരാക്കുന്നു. മാത്രമല്ല, വ്യാവസായികവിപ്ലവം വികസിച്ചുവരുന്തോറും, കായികാദ്ധ്വാനത്തെ പുറന്തള്ളുന്ന യന്ത്രങ്ങള്‍ കൂടുതല്‍ കൂടുതല്‍ കണ്ടുപിടിക്കുന്തോറും മുമ്പ് പറഞ്ഞതുപോലെ വന്‍കിടവ്യവസായം ഏറ്റവും താണ നിലവാരത്തിലേക്ക് കൂലി കുറച്ചുകൊണ്ടുവരികയും അങ്ങിനെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ സ്ഥിതി കൂടുതല്‍ കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു വശത്ത് തൊഴിലാളി വര്‍ഗ്ഗത്തിന്റെ അസംതൃപ്തി വര്‍ദ്ധിച്ചു വരുന്നതിനാലും മറുവശത്ത് അതിന്റെ ശക്തി വര്‍ദ്ധിച്ചു വരുന്നതിനാലും വ്യാവസായികവിപ്ലവം തൊഴിലാളിവര്‍ഗ്ഗത്താല്‍ നടത്തപ്പെടുന്ന ഒരു സാമൂഹ്യവിപ്ലവത്തിന്റെ കളമൊരുക്കുന്നു.

(അവസാനിച്ചിട്ടില്ല)

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്


Saturday, December 5, 2009

കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ || The Principles of Communism

  1. കമ്മ്യൂണിസമെന്നാല്‍ എന്ത്?
    തൊഴിലാളിവര്‍ഗ്ഗവിമോചനത്തിനുള്ള ഉപാധികളെന്ത് എന്നതിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങളാണ് കമ്മ്യൂണിസം.
  2. തൊഴിലാളിവര്‍ഗ്ഗമെന്നാല്‍ എന്താണ്?
    സമൂഹത്തിലെ ഏത് വര്‍ഗ്ഗമാണോ ഏതെങ്കിലും മൂലധനത്തില്‍ നിന്നു കിട്ടുന്ന ലാഭം കൊണ്ടല്ലാതെ പൂര്‍ണ്ണമായും സ്വന്തം അദ്ധ്വാനം വില്‍ക്കുന്നതു വഴി മാത്രം ഉപജീവനമാര്‍ഗ്ഗം നടത്തുന്നത്, അവരാണ് തൊഴിലാളി വര്‍ഗ്ഗം. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സുഖവും ദുഖഃവും, ജീവിതവും മരണവും, അതിന്റെ നിലനില്പാകെതന്നെ ആശ്രയിച്ചിരിക്കുന്നത് അദ്ധ്വാനത്തിനുള്ള ആവശ്യകതയെയാണ്. അതായത് വ്യാപാരത്തിന്റെ നല്ല കാലവും ചീത്തക്കാലവും മാറിമാറിവരുന്നതിനേയും അനിയന്ത്രിതമായ മല്‍സരത്തില്‍ നിന്നുള്ളവാകുന്ന ഏറ്റക്കുറച്ചിലുകളേയും കൂടെ അത് ആശ്രയിക്കുന്നു. പ്രോലെറ്റേറിയേറ്റ്, അഥവാ പ്രോലെറ്റേറിയന്മാരുടെ വര്‍ഗ്ഗം, ഒറ്റ വാക്കില്‍ പറഞ്ഞാല്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ പണിയാള വര്‍ഗ്ഗമാണ്.
  3. പ്രോലിറ്റേറിയന്മാര്‍ എക്കാലത്തുമുണ്ടായിരുന്നില്ലെന്നല്ലേ ഇതിന്റെ അര്‍ത്ഥം?
    അല്ല. പാവങ്ങളും പണിയെടുക്കുന്ന വര്‍ഗ്ഗങ്ങളും എക്കാലത്തും നിലനിന്നിട്ടുണ്ട്. പണിയെടുക്കുന്ന വര്‍ഗ്ഗങ്ങള്‍ സാധാരണഗതിയില്‍ പാവങ്ങളുമായിരുന്നു. എന്നാല്‍ മല്‍സരം എക്കാലത്തും സ്വതന്ത്രവും അനിയന്ത്രിതവുമായിരുന്നിട്ടില്ലെന്നതു പോലെ തന്നെ, മുകളില്‍ പറഞ്ഞ സാഹചര്യങ്ങളില്‍ ജീവിക്കുന്ന തരത്തിലുള്ള പാവങ്ങള്‍, തൊഴിലാളികള്‍, അതായത് പ്രോലിറ്റേറിയന്മാര്‍, എക്കാലത്തും ഉണ്ടായിരുന്നിട്ടില്ല.
  4. പ്രോലിറ്റേറിയേറ്റ് എങ്ങനെ ആവിര്‍ഭവിച്ചു?
    കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഇംഗ്ലണ്ടില്‍ നടന്നതും അതിനുശേഷം ലോകത്തിലെ എല്ലാ പരിഷ്കൃത രാജ്യങ്ങളിലും ആവര്‍ത്തിച്ചതുമായ വ്യാവസായിക വിപ്ലവത്തിന്റെ ഫലമായിട്ടാണ് തൊഴിലാളിവര്‍ഗ്ഗം ഉയര്‍ന്നു വന്നത്. ആവിയന്ത്രത്തിന്റെയും പലതരം നൂല്‍നൂല്പുയന്ത്രങ്ങളുടെയും യന്ത്രത്തറിയുടെയും മറ്റനേകം യന്ത്രോപകരണങ്ങളുടെയ്യും കണ്ടുപിടുത്തമാണ് ഈ വ്യാവസായികവിപ്ലവത്തെ നിലവില്‍ കൊണ്ടുവന്നത്. വളരെ വിലപിടിച്ചതും അതുകൊണ്ടുതന്നെ വലിയ മുതലാളിമാര്‍ക്ക് മാത്രം വാങ്ങാന്‍ കഴിയുന്നതുമായ ആ യന്ത്രങ്ങള്‍ അതേവരെ നിലനിന്നിരുന്ന ഉല്പാദനരീതികളെ ആകെ മാറ്റി മറിച്ചു. അതേവരെ ഉണ്ടായിരുന്ന തൊഴിലാളികളെ അവ പുറന്തള്ളി. കാരണം, തൊഴിലാളികള്‍ക്ക് തങ്ങളുടെ മോശപ്പെട്ട ചര്‍ക്കകളും കൈത്തറികളും കൊണ്ടു നിര്‍മ്മിക്കുവാന്‍ കഴിഞ്ഞതിനേക്കാള്‍ വിലകുറഞ്ഞതും മെച്ചപ്പെട്ടതുമായ ചരക്കുകളെ യന്ത്രങ്ങള്‍ ഉല്പാദിപ്പിച്ചു. അങ്ങനെ ഈ യന്ത്രങ്ങള്‍ വ്യവസായത്തെ അപ്പാടെ തന്നെ വലിയ മുതലാളിമാരുടെ കൈകളില്‍ ഏല്പിച്ചുകൊടുക്കയും തൊഴിലാളികളുടെ തുച്ഛമായ സ്വത്തിന് (പണിയായുധങ്ങളും കൈത്തറികളും മറ്റും) വിലയില്ലാതാകുകയും ചെയ്തു. താമസിയാതെ സര്‍വ്വതും മുതലാളിമാരുടെ വകയായി. തൊഴിലാളികള്‍ക്ക് യാതൊന്നും ശേഷിച്ചില്ല. ഇങ്ങനെയാണ് തുണിയുല്പാദനരംഗത്ത് ഫാക്ടറി സമ്പ്രദായം ഏര്‍പ്പെടുത്തിയത്. യന്ത്രോപകരണങ്ങളും ഫാക്ടറി സമ്പ്രദായവും ഏര്‍പ്പെടുത്തുന്നതിന് ഒരിക്കല്‍ ഉത്തേജനം കിട്ടിയതോടെ ഫാക്ടറിസമ്പ്രദായം അതിവേഗം മറ്റെല്ലാ വ്യവസായശാഖകളേയും കടന്നാക്രമിച്ചു - വിശേഷിച്ച് തുണി, പുസ്തകമുദ്രണം, കളിമണ്‍പാത്രങ്ങളുടെയും ലോഹപദാര്‍ത്ഥങ്ങളുടെയും നിര്‍മ്മാണം, എന്നീ വ്യവസായങ്ങളെ. അദ്ധ്വാനം നിരവധി തൊഴിലാളികള്‍ക്കിടയിലായി കൂടുതല്‍ കൂടുതല്‍ വിഭജിക്കപ്പെട്ടു. മുമ്പ് മുഴുവന്‍ ഉല്പന്നവും നിര്‍മ്മിച്ചിരുന്ന തൊഴിലാളി ഇപ്പോള്‍ അതിന്റെ ഒരു ഭാഗം മാത്രമേ നിര്‍മ്മിക്കുന്നുള്ളൂ. ഈ തൊഴില്‍വിഭജനത്തിന്റെ ഫലമായി ഉല്പന്നങ്ങള്‍ കൂടുതല്‍ വേഗത്തിലും അങ്ങിനെ വിലകുറച്ചും നിര്‍മ്മിക്കുവാന്‍ കഴിഞ്ഞു. അത് ഓരോ തൊഴിലാളിയുടെയും അദ്ധ്വാനത്തെ വളരെയേറെ ലളിതവും നിരന്തരം ആവര്‍ത്തിക്കുന്നതുമായ യാന്ത്രികപ്രവര്‍ത്തിയാക്കി ചുരുക്കി. ഒരു യന്ത്രത്തിന് അത്ര തന്നെയെന്നു മാത്രമല്ല അതിലേറെ എത്രെയോ നന്നായി ചെയ്യാവുന്ന പ്രവര്‍ത്തിയാണിത്. അങ്ങനെ നൂല്‍നൂല്പു-നെയ്ത്തു വ്യവസായത്തെപ്പോലെ തന്നെ ഈ വ്യവസായശാഖകളെയെല്ലാം ഒന്നൊന്നായി ആവിശക്തിയുടെയും യന്ത്രോപകരണങ്ങളുടെയും ഫാക്ടറിസമ്പ്രദായത്തിന്റെയും ആധിപത്യത്തിനു കീഴിലായി. എന്നാല്‍ അതുവഴി അവയെല്ലാം വന്‍കിടമുതലാളിമാരുടെ കൈകളില്‍ വന്നുവീഴുകയാണുണ്ടായത്. ഇവിടെയും തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ അവസാന ലാഞ്ഛനയും നഷ്ടപ്പെട്ടു, ക്രമേണ, ശരിക്കുള്ള നിര്‍മ്മാണത്തൊഴിലിനു (മാനുഫാക്ചര്‍) പുറമെ കൈത്തൊഴിലുകളും ഫാക്ടറിസമ്പ്രദായത്തിന്റെ മേധാവിത്വത്തിന് അടിപ്പെട്ടു. കാരണം വളരെയേറെ ചെലവു ചുരുക്കിയും തൊഴിലാളികള്‍ക്കിടയില്‍ അദ്ധ്വാനം വിഭജിച്ചുകൊടുത്തും വലിയ പണിശാലകള്‍ പണിതുകൊണ്ട് ഇവിടെയും വലിയ മുതലാളിമാര്‍ ചെറിയ കൈവേലക്കാരെ കൂടുതല്‍ കൂടുതല്‍ തള്ളിമാറ്റി. പരിഷ്കൃതരാജ്യങ്ങളില്‍ അദ്ധ്വാനത്തിന്റെ ഏതാണ്ടെല്ലാ ശാഖകളും ഫാക്ടറിസമ്പ്രദായത്തിന്‍ കീഴില്‍ നടത്തിവരാനും ആ ശാഖകളില്‍ ഒട്ടുമിക്കതിലും വന്‍കിട വ്യവസായം കൈത്തൊഴിലിനേയും നിര്‍മ്മാണത്തൊഴിലിനേയും തള്ളിപ്പുറത്താക്കുവാനും ഇടയായത് ഇങ്ങനെയാണ്. ഇതിന്റെ ഫലമായി മുമ്പത്തെ ഇടത്തരം വര്‍ഗ്ഗങ്ങള്‍, വിശേഷിച്ച് ചെറുകിടകൈവേലക്കാരായ മേസ്ത്രിമാര്‍, അധികമധികം നാശത്തിലേക്കു തള്ളിവിടപ്പെട്ടിരിക്കുന്നു. തൊഴിലാളികളുടെ മുമ്പത്തെ സ്ഥിതി പാടെ മാറിയിക്കുന്നു. മറ്റെല്ലാ വര്‍ഗ്ഗങ്ങളെയും ക്രമേണ വിഴുങ്ങിക്കൊണ്ട് രണ്ടു പുതിയ വര്‍ഗ്ഗങ്ങള്‍ നിലവില്‍ വന്നിരിക്കുന്നു. അതായത്:
    1. വലിയ മുതലാളിമാരുടെ വര്‍ഗ്ഗം. എല്ലാ പരിഷ്കൃതരാജ്യങ്ങളിലും എല്ലാ ഉപജീവനോപാധികളും ആ ഉപജീവനോപാധികള്‍ ഉല്പാദിപ്പിക്കുവാനാവശ്യമായ അസംസ്കൃതപദാര്‍ത്ഥങ്ങളും ഉപകരണങ്ങളും (യന്ത്രോപകരണങ്ങള്‍, ഫാക്ടറികള്‍ മുതലായവ) ഏതാണ്ട് പൂര്‍ണ്ണമായും അവരുടെ വകയാണ്. ഈ വര്‍ഗ്ഗമാണ് ബൂര്‍ഷ്വാവര്‍ഗ്ഗം അഥവാ ബൂര്‍ഷ്വാസി.
    2. യാതൊന്നും സ്വന്തമായിട്ടില്ലാത്തവരും അതുകൊണ്ട് അവശ്യം വേണ്ട ഉപജീവനോപാധികള്‍ ലഭിക്കുന്നതിനു പകരമായി തങ്ങളുടെ അദ്ധ്വാനം ബൂര്‍ഷ്വാകള്‍ക്കു വില്‍ക്കുവാന്‍ നിര്‍ബന്ധിതരായിട്ടുള്ളവരുമായ ആളുകളുടെ വര്‍ഗ്ഗം. ഈ വര്‍ഗ്ഗത്തെ തൊഴിലാളി വര്‍ഗ്ഗം അഥവാ പ്രോലിറ്റേറിയറ്റ് എന്ന് വിളിക്കുന്നു.
  5. തൊഴിലാളികള്‍ ബൂര്‍ഷ്വാകള്‍ക്ക് ഇങ്ങനെ അദ്ധ്വാനം വില്‍ക്കുന്നത് ഏതു സാഹചര്യത്തിലാണ്?
    മറ്റേതൊരു ചരക്കിനേയും പോലെ അദ്ധ്വാനവും ഒരു ചരക്കാണ്. മറ്റേതൊരു ചരക്കിന്റെയും വിലയെ നിര്‍ണ്ണയിക്കുന്ന നിയമങ്ങള്‍ തന്നെ അതിന്റെ വിലയെ നിര്‍ണ്ണയിക്കുന്നു. വന്‍കിടവ്യവസായത്തിന്റെ ആധിപത്യത്തിന്റെ കീഴിലായാലും (രണ്ടും ഒന്നു തന്നെയാണെന്ന് നാം വഴിയെ കാണുന്നതാണ്) ഒരു ചരക്കിന്റെ വില. ശരാശരിയെടുത്താല്‍, എപ്പോഴും ആ ചരക്കിന്റെ ഉല്പാദനച്ചെലവിനു തുല്യമായിരിക്കും. അതുകൊണ്ട് അദ്ധ്വാനത്തിന്റെ വിലയും അദ്ധ്വാനത്തിന്റെ ഉല്പാദനച്ചെലവിനു തുല്യമാണെന്നു വരുന്നു. തൊഴിലാളിയെ അദ്ധ്വാനത്തിനു പ്രാപ്തനാക്കാനും തൊഴിലാളിവര്‍ഗ്ഗം നാശമടയാതിരിക്കാനും ആവശ്യമായ ഉപജീവനോപാധികളുടെ തുകയാണ് കൃത്യമായും അദ്ധ്വാനത്തിന്റെ ഉല്പാദനച്ചെലവില്‍ അടങ്ങിയിരിക്കുന്നത്. എന്നുവെച്ചാല്‍, ഈ ഉദ്ദേശത്തിനു വേണ്ടിവരുന്നതിലും കൂടുതലായി യാതൊന്നും തൊഴിലാളിക്ക് തന്റെ അദ്ധ്വാനത്തിനു പ്രതിഫലമായി ലഭിക്കുകയില്ലെന്നര്‍ത്ഥം. ജീവന്‍ നിലനിര്‍ത്താന്‍ ഏറ്റവും ചുരുങ്ങിയത്, ഏറ്റവും കുറഞ്ഞത്, എത്ര വേണോ അതായിരിക്കും അദ്ധ്വാനത്തിന്റെ വില അഥവാ കൂലി. വ്യാപാരം ചിലപ്പോള്‍ മോശവും ചിലപ്പോള്‍ മെച്ചവുമായിരിക്കുമെന്നതു കൊണ്ട്, ഫാക്ടറി ഉടമയ്ക്ക് തന്റെ ചരക്കിന് ഒരു സമയത്ത് കൂടുതലും വേറൊരു സമയത്ത് കുറച്ചും കിട്ടുന്നുവെന്നപോലെതന്നെ തൊഴിലാളിക്ക് ചിലപ്പോള്‍ കൂടുതലും ചിലപ്പോള്‍ കുറച്ചുമായിരിക്കും കിട്ടുന്നത്. എങ്കിലും നല്ല നല്ല കാലമായാലും ചീത്തക്കാലമായാലും ഫാക്ടറി ഉടമയ്ക്ക് തന്റെ ചരക്കിന്റെ ശരാശരി കിട്ടുന്നത് അതിന്റെ ഉല്പാദനച്ചെലവിനേക്കാള്‍ കൂടുതലോ കുറവോ ആയിരിക്കില്ല എന്നതു പോലെ തന്നെ, തൊഴിലാളിക്ക് ശരാശരി കിട്ടുന്ന കുറഞ്ഞ (മിനിമം) കൂലിയേക്കാള്‍ കൂടുതലോ കുറവോ ആയിരിക്കില്ല. അദ്ധ്വാനത്തിന്റെ എല്ലാ ശാഖകളെയും വന്‍കിടവ്യവസായം എത്രകണ്ട് കൂടുതല്‍ ഏറ്റേടുക്കുന്നുവോ അത്രകണ്ട് കൂടുതല്‍ കര്‍ശനമായി കൂലിയെ സംബന്ധിച്ച ഈ സാമ്പത്തിക നയം നടപ്പാക്കപ്പെടുന്നതാണ്.
  6. വ്യാവസായികവിപ്ലവത്തിന് മുമ്പ്, എന്തെല്ലാം പണിയാളവര്‍ഗ്ഗങ്ങളാണ് നിലവിലുണ്ടായിരുന്നത്?
    സമൂഹത്തിന്റെ വ്യത്യസ്തവികാസഘട്ടങ്ങളനുസരിച്ച് പണിയാളവര്‍ഗ്ഗങ്ങള്‍ വ്യത്യസ്തസാഹചര്യങ്ങളില്‍ ജീവിക്കുകയും സ്വത്തുടമവര്‍ഗ്ഗങ്ങളും ഭരണാധികാരി വര്‍ഗ്ഗങ്ങളുമായി വ്യത്യസ്ത ബന്ധങ്ങള്‍ വച്ചു പുലര്‍ത്തുകയും ചെയ്തുവന്നു. പ്രാചീനകാലത്ത് പണിയാളര്‍ തങ്ങളുടെ ഉടമകളുടെ അടിമകളായിരുന്നു. പല പിന്നോക്കരാജ്യങ്ങളിലും ഐക്യനാടുകളിലെ തെക്കന്‍ പ്രദേശങ്ങളില്‍ പോലും അവര്‍ ഇന്നും അങ്ങനെയാണ്. മദ്ധ്യയുഗങ്ങളിലും വ്യാവസായികവിപ്ലവം നടക്കുന്നതുവരെയും പട്ടണങ്ങളില്‍ പെറ്റി ബൂര്‍ഷ്വാ യജമാനന്മാരുടെ കീഴില്‍ പണിയെടുക്കുന്ന കൈവേലക്കാരുണ്ടായിരുന്നു. നിര്‍മ്മാണത്തൊഴില്‍ വളര്‍ന്നു വന്നതോടെ നിര്‍മ്മാണത്തൊഴിലാളികള്‍ ക്രമേണ രംഗത്തു വന്നു. ഏറെക്കുറെ വലിയ മുതലാളിമാരാണ് ഇപ്പോള്‍ അവരെ പണിക്കു വെച്ചിരിക്കുന്നത്.
  7. തൊഴിലാളി അടിമയില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത് ഏത് വിധത്തിലാണ്?
    അടിമ എക്കാലത്തേക്കുമായി വില്‍ക്കപ്പെടുന്നു. തൊഴിലാളിക്ക് ദിവസം തോറും സ്വയം വില്‍ക്കേണ്ടി വരുന്നു. ഒരു നിശ്ചിത യജമാനന്റെ സ്വത്തായ ഓരോ പ്രത്യേകം പ്രത്യേകം അടിമയ്ക്കും യജമാനന്റെ താല്പര്യത്തിനു വേണ്ടി മാത്രമാണെങ്കിലും എത്ര തന്നെ മോശപ്പെട്ടതാണെങ്കിലും ഉപജീവനത്തിന് ഉറപ്പുണ്ട്. ഓരോ പ്രത്യേകം പ്രത്യേകം തൊഴിലാളിയും ബൂര്‍ഷ്വാവര്‍ഗത്തിന്റെയാകെ സ്വത്താണെന്ന് പറയാം. ആര്‍ക്കെങ്കിലും ആവശ്യമുള്ളപ്പോള്‍ മാത്രമേ അവന്റെ അദ്ധ്വാനത്തെ വാങ്ങുന്നുള്ളൂ. ആ നിലയ്ക്ക് അവന്റെ ഉപജീവനത്തിന് ഉറപ്പില്ല. തൊഴിലാളി വര്‍ഗത്തിന് മൊത്തത്തില്‍ മാത്രമെ ഈ ഉപജീവനത്തിന് ഉറപ്പുള്ളൂ. അടിമ നില്ക്കുന്നത് മല്‍സരത്തിന് വെളിയിലാണ്. തൊഴിലാളി നില്‍ക്കുന്നത് അതിനകത്തും. അതിന്റെ എല്ലാ ചാഞ്ചാട്ടങ്ങളും അവന്‍ അനുഭവിക്കുന്നു. അടിമയെ കണക്കാക്കുന്നത് ഒരു സാധനമായിട്ടാണ്, സിവില്‍ സമൂഹത്തിലെ അംഗമായിട്ടല്ല. തൊഴിലാളിയെ വീക്ഷിക്കുന്നത് ഒരു വ്യക്തിയെന്ന നിലയിലാണ്, സിവില്‍ സമൂഹത്തിലെ അംഗമെന്ന നിലയ്ക്കാണ്. അങ്ങനെ അടിമ തൊഴിലാളിയേക്കാള്‍ ഭേദപ്പെട്ട ജീവിതം നയിച്ചെന്നു വരാം. എങ്കിലും തൊഴിലാളി സമൂഹത്തിന്റെ കൂടുതലുയര്‍ന്ന ഒരു വികാസഘട്ടത്തില്‍ പെട്ടവനാണ്. അടിമയേക്കാള്‍ ഉയര്‍ന്ന പടിയിലാണ് അവന്‍ നില്‍ക്കുന്നത്. എല്ലാ സ്വകാര്യ സ്വത്തുടമ ബന്ധങ്ങളിലും വെച്ച് അടിമത്ത ബന്ധത്തെ മാത്രം തകര്‍ത്തുകൊണ്ട് അടിമ മോചനം നേടുകയും അങ്ങനെ ഒരു തൊഴിലാളിയായിത്തീരുകയും ചെയ്യുന്നു. പൊതുവില്‍ സ്വകാര്യസ്വത്തിനെ തന്നെ ഇല്ലാതാക്കിക്കൊണ്ടു മാത്രമേ തൊഴിലാളിക്ക് മോചനം നേടുവാന്‍ കഴിയൂ.
  8. തൊഴിലാളി അടിയാളനില്‍ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നത് ഏത് വിധത്തിലാണ്?
    ഒരു ഉല്പാദനോപകരണം, ഒരു തുണ്ട് ഭൂമി, അടിയാളന്റെ കൈവശത്തിലും ഉപയോഗത്തിലുമുണ്ട്. അതിനു പകരമായി അവന്‍ ഉല്പന്നത്തിന്റെ ഒരംശം ഏല്പിക്കുകയോ പണിയെടുക്കുകയോ ചെയ്യുന്നു. തൊഴിലാളിയാകട്ടെ, മറ്റൊരാളിന്റെ വകയായ ഉല്പാദനോപകരണങ്ങള്‍ വെച്ച് പണിയെടുക്കുകയും ഉല്പന്നത്തിന്റെ ഒരംശം പകരമായി അവന് കിട്ടുകയും ചെയ്യുന്നു. അടിയാളന്‍ കൊടുക്കുന്നു, തൊഴിലാളിക്ക് കൊടുക്കപ്പെടുന്നു. അടിയാളന് ഉപജീവനത്തിന് ഉറപ്പുണ്ട്, തൊഴിലാളിക്ക് അതില്ല. അടിയാളന്‍ മല്‍സരത്തിന് പുറത്തും തൊഴിലാളി അതിനകത്തുമാണ്. പട്ടണത്തിലേക്ക് ഓടിപ്പോയി അവിടെ ഒരു കൈവേലക്കാരനായിത്തീരുകയോ, തന്റെ ഭൂവുടമയ്ക്ക് അദ്ധ്വാനവും ഉല്പന്നങ്ങളും കൊടുക്കുന്നതിന് പകരം പണം കൊടുത്ത് അതുവഴി ഒരു വെറുമ്പാട്ടക്കാരനാവുകയോ, അതുമല്ലെങ്കില്‍ തന്റെ ഫ്യൂഡല്‍ ഭൂപ്രഭുവിനെ അടിച്ചോടിച്ചിട്ട് താന്‍ തന്നെ സ്വത്തുടമയാവുകയോ ചെയ്തിട്ടാണ് - ചുരുക്കിപ്പറഞ്ഞാല്‍, സ്വത്തുടമവര്‍ഗ്ഗത്തിന്റെ അണികളിലും മല്‍സരത്തിലും ഒരു വഴിക്കല്ലെങ്കില്‍ മറ്റൊരു വഴിക്ക് പ്രവേശിച്ചുകൊണ്ടാണ് - അടിയാളന്‍ മോചനം നേടുന്നത്. മല്‍സരവും സ്വകാര്യസ്വത്തും എല്ലാ വര്‍ഗ്ഗവൈജാത്യങ്ങളും അവസാനിപ്പിച്ചുകൊണ്ടാണ് തൊഴിലാളി മോചനം നേടുന്നത്.
  9. തൊഴിലാളി കൈവേലക്കാരനില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത് ഏത് വിധത്തിലാണ്?
    (ഉത്തരമെഴുതാന്‍ വേണ്ടി കയ്യെഴുത്തു പ്രതിയില്‍ എംഗല്‍സ് കുറച്ചു സ്ഥലമൊഴിച്ചിട്ടുണ്ട്)
  10. തൊഴിലാളി നിര്‍മ്മാണത്തൊഴിലിലെ വേലക്കാരനില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്ന ഏത് വിധത്തിലാണ്?
    പതിനാറാം നൂറ്റാണ്ട് തൊട്ട് പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള കാലത്തെ നിര്‍മ്മാണത്തൊഴിലാളി ഒട്ടുമുക്കാലും എല്ലായിടത്തും തന്റെ ഉല്പാദനോപകരണത്തിന്റെ - തന്റെ തറിയുടെയും കുടുംബത്തിലെ ചര്‍ക്കയുടെയും - ഉടമയായിരുന്നു. കൂടാതെ, ഒഴിവു സമയത്ത് കൃഷി ചെയ്തുപോന്ന ചെറിയൊരു തുണ്ടു ഭൂമിയും അവനു സ്വന്തമായിട്ടുണ്ടായിരുന്നു. തൊഴിലാളിക്ക് ഇതൊന്നുമില്ല. തന്റെ ഭൂവുടമയോ തൊഴിലുടമയോ ആയി ഏറെക്കുറെ പിതൃതന്ത്രാത്മകമായ ബന്ധങ്ങള്‍ പുലര്‍ത്തിക്കൊണ്ട് ഏതാണ്ട് പൂര്‍ണ്ണമായും നാട്ടിന്‍പുറത്തു തന്നെയാണ് നിര്‍മ്മാണത്തൊഴിലാളിയുടെ താമസം. തൊഴിലാളിയാകട്ടെ, ഒട്ടുമുക്കാലും താമസിക്കുന്നത് വലിയ പട്ടണങ്ങളിലാണ്. അവനും തൊഴിലുടമയും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും സാമ്പത്തികാധിഷ്ഠിതമാണ്. വന്‍കിടവ്യവസായം നിര്‍മ്മാണത്തൊഴിലാളിയെ അവന്റെ പിതൃതന്ത്രാത്മക സാഹചര്യങ്ങളില്‍ നിന്നും പിഴുതു മാറ്റുന്നു. സ്വന്തമായിട്ട് അപ്പോഴും കൈവശമുള്ള സ്വത്ത് നഷ്ടപ്പെട്ട് അവന്‍ ഒരു തൊഴിലാളിയായിത്തീരുന്നു.

(കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവിലെ ഒരു ഭാഗമാണിത്. പൂര്‍ണ്ണമായിട്ടില്ല. അടുത്ത ഭാഗം ഉടനെ തന്നെ ഇടുന്നതായിരിക്കും)

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്


Wednesday, November 25, 2009

ഭരണകൂടത്തിന്റെ ഉത്ഭവവും സ്വഭാവവും || Evolution of The State and its Characteristics

ങ്ങനെയാണ് രാജാവും ഭരണകൂടവും ഉണ്ടായതെന്ന ധര്‍മ്മപുത്രരുടെ ചോദ്യത്തിന് ഭീഷ്മര്‍ പറഞ്ഞ ശ്രദ്ധേയമായ ഒരു മറുപടി മഹാഭാരതം ശാന്തിപര്‍വ്വത്തിലുണ്ട്. ഹൈന്ദവസംസ്കാരത്തില്‍, സമൂഹചരിത്രത്തെ കൃത, ത്രേത, ദ്വാപര, കലി എന്നിങ്ങനെ നാലു് യുഗങ്ങളായിട്ടാണ് തരം തിരിച്ചിട്ടുള്ളത്. രാജാവോ, ഭരണകൂടമോ, ശിക്ഷിക്കുന്നവനോ, ശിക്ഷിക്കപ്പെടുന്നവനോ ഒന്നും ഉണ്ടായിരുന്നില്ലെന്നും, ക്രമേണയാണവ ആവിര്‍ഭവിച്ചതെന്നുമാണ് ഭീഷ്മര്‍ പറഞ്ഞതിന്റെ സാരം. ശ്ലോകം തന്നെ ഉദ്ധരിക്കാം,
നൈവരാജ്യം ന രാജസി,
ന്നചദണ്ഡോ ന ദാണ്ഡികഃ
ധര്‍മ്മേണൈവ പ്രജഃ സര്‍വ്വാ
രക്ഷന്തി സ്മ പരസ്പരം.
പരസ്പരം സംരക്ഷിക്കുന്ന ധര്‍മ്മമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. പ്രാചീന മനുഷ്യസമുദായ ചരിത്രം പഠിച്ചവരൊക്കെ മഹാഭാരതത്തിലെ ഈ പരാമര്‍ശം ശരിയാണെന്ന് സമ്മതിക്കും. 'കുടുംബത്തിന്റെയും സ്വകാര്യസ്വത്തിന്റെയും ഭരണകൂടത്തിന്റെയും ഉത്ഭവം'എന്ന ഗ്രന്ഥത്തില്‍, ഈ അതിപ്രാചീന കാലഘട്ടത്തെക്കുറിച്ച് എംഗല്‍സ് നടത്തിയ പഠനം പ്രാചീന കമ്മ്യൂണിസത്തിന്റെ സ്വഭാവവിശേഷതകളെക്കുറിച്ച് ഏറെക്കുറെ നല്ലൊരു ചിത്രം നമ്മുക്ക് നല്കുന്നുണ്ട്. ഇവരെല്ലാം വസ്തുതകള്‍ ശേഖരിച്ചുകൊണ്ട് പറയുന്നത് സ്വകാര്യസ്വത്തും കുടുംബവും ഭരണകൂടവുമൊന്നും, ആവിര്‍ഭവിക്കാത്ത ഒരു കാലഘട്ടം സമൂഹചരിത്രത്തിലുണ്ടായിരുന്നുവെന്നാണ്. ക്രമേണ ക്രമേണയാണ് ഇവയെല്ലാമുണ്ടായത്. മഹാഭാരതം, ഐതരേയ ബ്രാഹ്മണം എന്നീ ഗ്രന്ഥങ്ങള്‍ പഠിച്ചാല്‍ വിവാഹം ഇല്ലാതിരുന്ന ഒരു ഘട്ടം ഭാരതത്തിലുണ്ടായിരുന്നുവെന്ന് കാണാം. ഐതരേയ ബ്രാഹ്മണത്തിലെ ഒരു പഴയ ഗാഥയില്‍ പറയുന്നത് ഒരു കാലഘട്ടത്തില്‍ അഗമ്യഗമനം സാധാരണമായിരുന്നുവെന്നാണ്. പുരാണം പറയുന്നത് ഉദ്ദാലക മഹര്‍ഷിയുടെ മകനായ ശ്വേതകേതുവാണു് പാതിവ്രത്യ ധര്‍മ്മം ആദ്യമായി നടപ്പില്‍ വരുത്തിയതെന്നാണ്. അതു വരെ അങ്ങനെയൊന്നുണ്ടായിരുന്നില്ല. കുടുംബത്തിന്റെ ഉത്ഭവം മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഇത്രയും പറഞ്ഞത്.

വര്‍ഗ്ഗങ്ങളും സ്വകാര്യസ്വത്തുമൊക്കെ ഉണ്ടായതും ഇങ്ങനെ തന്നെയാണ്. ചരിത്രപരമായ കാരണങ്ങളാലാണ് അവയും ആവിര്‍ഭവിച്ചത്. ഭിന്നവര്‍ഗ്ഗങ്ങള്‍ വന്നതോട് കൂടി ഉല്‍പ്പാദനോപാധികളുടെ ഉടമകളായ ചൂഷകവര്‍ഗ്ഗങ്ങള്‍ വമ്പിച്ച സാമ്പത്തികശക്തി കൈവശമുള്ളവരെന്ന നിലയ്ക്ക് സമൂഹത്തെയാകെ അടക്കി ഭരിക്കുവാന്‍ തുടങ്ങി. അതിനനുസരിച്ച് നിയമങ്ങളും ധര്‍മ്മ സംഹിതകളും അവര്‍ എഴുതിയുണ്ടാക്കി. രാജാപ്രത്യക്ഷദൈവതം, ചാതുര്‍വര്‍ണ്ണ്യം മയാസൃഷ്ടം, കര്‍മ്മണ്യേവാധികാരസ്തേ, നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി തുടങ്ങിയ ആശയങ്ങള്‍ ഇവയ്ക്ക് ഉദാഹരണങ്ങളാണ്.

നിയമവും, ധര്‍മ്മസംഹിതയും മാത്രം ഉണ്ടായതുകൊണ്ടു ഭൂരിപക്ഷം വരുന്ന ചൂഷിത വര്‍ഗ്ഗം, ന്യൂനപക്ഷമായ ചൂഷക വര്‍ഗ്ഗത്തിന് കീഴടങ്ങിക്കൊടുക്കുകയില്ല. പോലീസ്സും പട്ടാളവും കോടതിയും ജയിലുമൊക്കെ വന്നതോടു കൂടിയാണ് ഇതവര്‍ക്ക് സാധിച്ചത്. ഈ മര്‍ദ്ദനോപകരണങ്ങളെല്ലാം കൂടിയുള്ള ഒരു സംവിധാനത്തെയാണ്, ഭരണകൂടം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വര്‍ഗ്ഗ സംഘട്ടനം സമൂഹത്തില്‍ രൂക്ഷമായ ഘട്ടത്തിലാണ്, ചൂഷകവര്‍ഗ്ഗം അതുണ്ടാക്കിയത്. അല്ലാതെ സാധാരണ പറയുമ്പോലെ, നിയമസമാധാനപാലനത്തിനുള്ള നിക്ഷ്പക്ഷമായ ഒരു സംവിധാനമാണ് ഭരണകൂടം, എന്ന് ധരിക്കരുത്. രാജഭരണമായാലും റിപബ്ലിക്കായാലും കഥ ഒന്ന് തന്നെയാണ്. സാമ്പത്തികാധിപത്യമുള്ള വര്‍ഗ്ഗത്തിന്റെ താല്പര്യസംരക്ഷണത്തിനായുള്ള മര്‍ദ്ദനോപാധിയാണ് ഭരണകൂടം. രൂപത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ കാണാമെങ്കിലും ഭാവത്തില്‍ ഒരേയൊരു കാര്യമാണ് ഭരണകൂടം കൊണ്ട് സാധിക്കുന്നത്. വര്‍ഗ്ഗങ്ങള്‍ സമൂഹത്തില്‍ ഇല്ലാതാകുമ്പോള്‍ ഭരണകൂടത്തിന്റെ ആവശ്യവും ഇല്ലാതാകുന്നു. അതുകൊണ്ടാണ് വര്‍ഗ്ഗരഹിത സമൂഹത്തില്‍ നിന്നും ഭരണകൂടം കൊഴിഞ്ഞുപോകുമെന്ന് മാര്‍ക്സും എംഗല്‍സും പ്രവചിച്ചത്.

Download mp3 of this file from here.

കടപ്പാട്: "ഭരണകൂടത്തിന്റെ ഉത്ഭവവും സ്വഭാവവും", എന്താണ് മാര്‍ക്സിസം? - എന്‍. ഇ. ബാലറാം.

Tuesday, November 24, 2009

സാമൂഹികവികാസത്തിന്റെ നിയമങ്ങള്‍ || Laws of Social Expansion

ത്ത്വശാസ്ത്രം പഠിക്കുന്നത് മനഃസ്സമാധാനത്തിന് വേണ്ടിയല്ല, പ്രകൃതിയെയും സമൂഹത്തെയും മാറ്റുവാനത് ഉപകരിക്കുമെന്നത് കൊണ്ടാണ്. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും ചില ചോദ്യങ്ങളുയര്‍ന്ന് വരുന്നുണ്ട്. സമൂഹം വളരുന്നത് എങ്ങനെയാണ്? സമൂഹവളര്‍ച്ചയ്ക്ക് ആധാരമായ വല്ല നിയമങ്ങളുമുണ്ടോ? സമൂഹം വളരുന്നു എന്നത് തന്നെ നേരാണോ? ഇതെല്ലാമാണ് ആ ചോദ്യങ്ങള്‍. മാര്‍ക്സിയന്‍ തത്ത്വശാസ്ത്രം ഇതിനൊക്കെ തൃപ്തികരമായ സമാധാനം നല്‍കുന്നുണ്ട്. മാര്‍ക്സിയന്‍ തത്ത്വശാസ്ത്രം പ്രയോഗിച്ച് മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യാം. അത്തരം വിശകലനത്തിലൂടെ നമ്മുക്കു ലഭിക്കുന്ന ശാസ്ത്രീയ നിഗമനങ്ങളുടെ സമാഹാരമാണ് ചരിത്രപരമായ ഭൗതികവാദം. അത് മാര്‍ക്സിയന്‍ തത്ത്വശാസ്ത്രത്തിന്റെ ഒരവിഭാജ്യഘടകമാണ്. മാര്‍ക്സും എംഗല്‍സും മുതലാളിത്ത വ്യവസ്ഥയെക്കുറിച്ചു പഠനം നടത്തിയതുതന്നെ ചരിത്രപരമായ ഭൗതികവാദരീതിയനുസരിച്ചാണ്. അക്കാലത്ത് മുതലാളിത്തം ശൈശവാവസ്ഥയിലായിരുന്നു. എങ്കിലും, അതിന്റെ വികാസവും അധഃപതനവും എങ്ങനെയുണ്ടാകുമെന്ന് ദീര്‍ഘദര്‍ശനം ചെയ്യുവാന്‍ 1848-ല്‍ തന്നെ അവര്‍ക്ക് കഴിഞ്ഞു. മുതലാളിത്തത്തിന്റെ തകര്‍ച്ചയും തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിജയവും അനിവാര്യമാണെന്നു തെളിയിക്കുന്ന ഒരു ഗ്രന്ഥം തന്നെ അവരന്നു പ്രസിദ്ധീകരിക്കുകയുണ്ടായി. അതാണ്, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന പേരില്‍ ഇന്നും ലോകത്തിലെ വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന വിശ്രുത ഗ്രന്ഥം.

ചരിത്രപരമായ ഭൗതികവാദം വളര്‍ന്നുവന്നതോടുകൂടിയാണ് ചരിത്രം യഥാര്‍ത്ഥത്തില്‍ ഒരു ശാസ്ത്രമായത്. വെറും യാദൃശ്ചിക സംഭവങ്ങളുടെ കൂമ്പാരമോ, രാജാക്കന്മാരുടെയും, രാജ്ഞിമാരുടെയും പ്രേമലീലകളോ, തമ്പുരാക്കന്മാരുടെ അരിയിട്ടുവാഴ്ചകളോ അല്ല ചരിത്രമെന്നു വന്നത് അതിനുശേഷമാണ്. നിരവധി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പക്ഷിമൃഗാദികളെപ്പോലെ മനുഷ്യന്‍ പ്രകൃതിയുടെ അടിമയായിരുന്നു. നീണ്ടകാലം അവന്‍ അങ്ങനെ കഴിഞ്ഞുകൂടിയെങ്കിലും മെല്ലെമെല്ലെ അവന്‍ പ്രകൃതിയെ കീഴടക്കുവാന്‍ തുടങ്ങി. അതൊരു ദീര്‍ഘമായ ചരിത്രമാണ്. അതിനിടയില്‍ അവന് പുതിയ പല പ്രശ്നങ്ങളേയും നേരിടേണ്ടി വന്നു.

സമൂഹത്തില്‍ വര്‍ഗ്ഗങ്ങള്‍ ഉണ്ടായതാണ് മുഖ്യമായ ഒരു സംഭവവികാസം. വര്‍ഗ്ഗങ്ങള്‍ ഉണ്ടായതോടുകൂടി വര്‍ഗ്ഗസമരങ്ങളുമുണ്ടായി.

സുപ്രസിദ്ധമായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവിലെ ഒന്നാം അദ്ധ്യായത്തിലെ ഒന്നാമത്തെ വരി തുടങ്ങുന്നത് ഇപ്രകാരമാണ്, "നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമുദായങ്ങളുടെയും ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണ്. സ്വതന്ത്രനും അടിമയും, കുലീനനും ഹീനനും, ജന്മിയും കുടിയാനും, ഗില്‍ഡ്‌മാസ്റ്ററും വേലക്കാരനും - ചുരുക്കിപ്പറഞ്ഞാല്‍ മര്‍ദ്ദകനും മര്‍ദ്ദിതനും - തീരാവൈരികളായിനിന്ന് ഒളിഞ്ഞും, ചിലപ്പോള്‍ തെളിഞ്ഞും ഇടതടവില്ലാതെ പോരാട്ടം നടത്തിയിട്ടുണ്ട്." മനുഷ്യസമൂഹത്തിന്റെ ചരിത്രത്തില്‍ അതിപ്രാചീനഘട്ടം ഒഴിച്ചുനിര്‍ത്തിയാല്‍ പിന്നീടുള്ള എല്ലാ ഘട്ടങ്ങളിലും നടന്നതു വര്‍ഗ്ഗസമരമാണെന്നാണ് ശാസ്ത്രീയ സോഷ്യലിസത്തിന്റെ ആചാര്യന്മാര്‍ പറഞ്ഞത്.

അടിമവ്യവസ്ഥ ഉണ്ടായതോടുകൂടിയാണ് നില മാറുന്നത്. സമൂഹത്തില്‍ ആദ്യമായും രണ്ടു വര്‍ഗ്ഗങ്ങള്‍ വന്നു. സാമ്പത്തികാടിസ്ഥാനത്തിലുള്ള വര്‍ഗ്ഗങ്ങളാണവ. ഒരു വിഭാഗത്തെ അടിമകള്‍ എന്നു വിളിക്കുന്നു. മറുവിഭാഗത്തെ ഉടമകള്‍ എന്നു വിളിക്കുന്നു. അടിമകള്‍ അടക്കമുള്ള എല്ലാ സ്വത്തിന്റെയും മൂല്യത്തിന്റെയും അധിപന്മാര്‍ ഉടമകളായിരുന്നു. അന്നുമുതല്ക്കാണ് സമൂഹത്തില്‍ വര്‍ഗ്ഗസമരം തുടങ്ങിയത്. വര്‍ഗ്ഗസമരം മൂര്‍ച്ഛിച്ചു വന്നു. ഒടുവില്‍ അടിമ-ഉടമ വ്യവസ്ഥ തന്നെ തകരുകയും, നാടുവാഴിത്തം എന്ന പുതിയൊരു സാമൂഹികക്രമം ഉടലെടുക്കുകയും ചെയ്യുന്നു. അതിലും രണ്ട് വര്‍ഗ്ഗങ്ങളുണ്ടായി - ജന്മിയും, കുടിയാനും. സമരം പിന്നീട് പ്രധാനമായും ആ വര്‍ഗ്ഗങ്ങള്‍ തമ്മിലായി. അതിന്റെ പരമകാഷ്ഠയിലാണ് മുതലാളിത്തസമൂഹം ഉണ്ടായത്. അതില്‍ വര്‍ഗ്ഗവ്യത്യാസം പ്രകടമായി കാണപ്പെട്ടു. ഒരു ഭാഗത്തു തൊഴിലാളികളും മറുഭാഗത്ത് ബൂര്‍ഷ്വാ വര്‍ഗ്ഗവും. വര്‍ഗ്ഗസമരം കൊടുമ്പിരികൊണ്ടിരിക്കുന്ന ഒരു യുഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളും സോഷ്യലിസത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. അവിടെയെങ്ങും വര്‍ഗ്ഗസമരം കാണുവാനില്ല. കാരണം ശത്രുത്വമുള്ള വര്‍ഗ്ഗങ്ങളില്ലാത്തത് കൊണ്ടുതന്നെ. അപ്പോള്‍ സമൂഹത്തിന്റെ ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണെന്ന് പറഞ്ഞത് വളരെയേറെ ശരിയാണ്.

എന്താണ് ഈ വര്‍ഗ്ഗങ്ങളെന്ന് പറഞ്ഞാല്‍? അതിനു് അല്പമൊരു വിശദീകരണം വേണം. വര്‍ഗ്ഗങ്ങളെപ്പറ്റി ലെനിന്‍ ഇപ്രകാരമാണ് പറഞ്ഞത്. "ചരിത്രപരമായി നിര്‍ണ്ണയിക്കപ്പെട്ട ഒരു സാമൂഹ്യോല്പാദന വ്യവസ്ഥയില്‍, അവര്‍ വഹിക്കുന്ന സ്ഥാനം കൊണ്ടും, ഉല്പാദനോപകരണങ്ങളുമായി അവര്‍ക്കുള്ള ബന്ധം കൊണ്ടും, അദ്ധ്വാനത്തിന്റെ സാമൂഹ്യഘടനയില്‍ അവര്‍ക്കുള്ള പങ്കുകൊണ്ടും, ഇതിന്റെയെല്ലാം ഫലമായി അവരുല്പാദിപ്പിക്കുന്ന സാമൂഹ്യബന്ധത്തില്‍ നിന്നു കിട്ടുന്ന ഓഹരിയുടെ അളവ് കൊണ്ടും, രീതി കൊണ്ടും, പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്ന ആളുകളുടെ വലിയ ഗ്രൂപ്പുകളാണ് വര്‍ഗ്ഗങ്ങള്‍". അതായത് മുതലാളിത്തത്തില്‍ തൊഴിലാളികള്‍ ഒരു വര്‍ഗ്ഗം, ബൂര്‍ഷ്വാസി മറ്റൊരു വര്‍ഗ്ഗം. ഉല്പാദനത്തില്‍ രണ്ടു വര്‍ഗ്ഗങ്ങള്‍ക്കും രണ്ട് സ്ഥാനമാണുള്ളത്. സമ്പത്തിന്റെ ഓഹരിയുടെ അളവിലും അങ്ങേയറ്റത്തെ അന്തരമാണുള്ളത്. ഓരോ സമൂഹത്തിലും ഈ വര്‍ഗ്ഗങ്ങള്‍ക്ക് വ്യത്യാസം കാണാമെങ്കിലും അടിമസമ്പ്രദായം മുതല്‍ ഇന്നേവരെ പരിശോധിച്ചാല്‍ പൊതുവില്‍ മര്‍ദ്ദിതരും മര്‍ദ്ദകരുമെന്ന നിലയ്ക്കാണ് വര്‍ഗ്ഗങ്ങളുണ്ടായത്. പേരിന് വ്യത്യാസം കാണാമെങ്കിലും ചൂഷണം അവിരാമമായി തുടര്‍ന്നുവന്നുവെന്നതാണ് സത്യം.

സമൂഹം എന്തിനാണ് വര്‍ഗ്ഗങ്ങളായി പിളര്‍ന്നത് എന്നുകൂടി ഈ ഘട്ടത്തിലാലോചിക്കണം. കുറെ പേര്‍ ദുഷ്ടന്മാരായി ജനിച്ചതുകൊണ്ടാണോ? അങ്ങനെയൊന്നുമല്ല അത് സംഭവിച്ചത്. പ്രാചീനസമുദായത്തില്‍ ഉല്പാദനശക്തികള്‍ വികസിക്കുകയും പ്രവര്‍ത്തി വിഭജനം ആവിര്‍ഭവിക്കുകയും അന്നന്നത്തേക്ക് വേണ്ടതിലുമധികം ഉല്പാദിപ്പിക്കുവാനും മിച്ചം ഉണ്ടാക്കാനും തുടങ്ങുകയും ചെയ്തതോടു കൂടിയാണ് ആദ്യമായി വര്‍ഗ്ഗവിഭജനം ഉണ്ടാകുന്നത്. പ്രകൃതിയുമായുള്ള പോരാട്ടത്തില്‍ ആദ്യമായി മാറ്റം വരുന്നത് ഉല്പാദനോപകരണങ്ങള്‍ക്കാണ്. മരം, കല്ല്, എല്ല് എന്നിവകൊണ്ടുള്ള പണിയായുധങ്ങള്‍ക്ക് പകരം ഓടു്, ഇരുമ്പു് എന്നിവ കൊണ്ടുള്ള പുതിയ പണിയായുധങ്ങള്‍ ഉണ്ടായത് അത്ഭുതകരമായ മാറ്റമാണ്. ഉല്പാദനത്തില്‍ വമ്പിച്ച മാറ്റമാണ് ഇതുണ്ടാക്കിത്തീര്‍ത്തത്. കൂടുതല്‍ മിച്ചം ഉണ്ടാക്കുവാന്‍ തുടങ്ങുന്നത് ഈ സന്ദര്‍ഭത്തിലാണ്. വര്‍ഗ്ഗവിഭജനം തുടങ്ങുന്നതും സ്വകാര്യസ്വത്തുണ്ടാകുന്നതും ഈ ഘട്ടത്തില്‍ തന്നെയാണ്. ആദ്യകാലത്ത് ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ തടവുകാരെ പിടിക്കുക പതിവില്ല. പക്ഷെ, ഒരാളുടെ അദ്ധ്വാനം കൊണ്ട് അയാള്‍ക്ക് അത്യാവശ്യം വേണ്ടതിലുമധികം ഉല്പാദിപ്പിക്കുവാന്‍ കഴിഞ്ഞപ്പോള്‍ യുദ്ധങ്ങളില്‍ തടവുകാരെ പിടിക്കുവാനും അവരെ കൊല്ലുന്നതിനും പകരം അടിമകളായി ജോലി ചെയ്യിപ്പിക്കാന്‍ തുടങ്ങി. മനുഷ്യചരിത്രത്തില്‍ ആദ്യമായി അടിമകളുണ്ടാകുന്നത് അങ്ങനെയാണ്. ക്രമേണ ക്രമേണ ജന്മിയും കുടിയാനും ബൂര്‍ഷ്വാസിയും തൊഴിലാളിയും എല്ലാമുണ്ടായി. വര്‍ഗ്ഗവിഭജനം ഉണ്ടായതിന്റെ വളരെ സാമാന്യമായ ഒരു വിശദീകരണമാണിത്.

വര്‍ഗ്ഗങ്ങളെ ഇങ്ങനെ പരിശോധിക്കുമ്പോള്‍ കാണാം അവ തമ്മിലുള്ള താല്പര്യവൈരുദ്ധ്യങ്ങള്‍. അടിമവ്യവസ്ഥയിലും, നാടുവാഴിത്തത്തിലും, മുതലാളിത്തത്തിലും എല്ലാം, വര്‍ഗ്ഗങ്ങള്‍ വിപരീത താല്പര്യങ്ങളുള്ളവയായിരുന്നു. അതുകൊണ്ടുതന്നെയാണ് വര്‍ഗ്ഗസമരങ്ങളും നടന്നത്. വിരുദ്ധതാല്പര്യമുള്ള വര്‍ഗ്ഗങ്ങള്‍ ഉള്ളിടത്തോളം കാലം വര്‍ഗ്ഗസമരം അനിവാര്യമാണ്. ഈ വര്‍ഗ്ഗസമരങ്ങള്‍ മൂര്‍ച്ഛിച്ച ഒരു പ്രത്യേകഘട്ടത്തില്‍ തൊഴിലാളിവര്‍ഗ്ഗം ഭരണാധികാരത്തില്‍ വരുന്നു. അവര്‍ വര്‍ഗ്ഗവ്യത്യാസങ്ങളെ ഉന്മൂലനം ചെയ്ത് വര്‍ഗ്ഗരഹിതമായ ഒരു സമൂഹം സൃഷ്ടിക്കുന്നു. അത്തരം സമൂഹത്തെയാണ് കമ്മ്യൂണിസ്റ്റ് സമൂഹമെന്ന് പറയുന്നത്. ചിലര്‍ പ്രചരിക്കപ്പെടുന്നത് പോലെ കമ്മ്യൂണിസ്റ്റുകാര്‍ കൃത്രിമമായി സൃഷ്ടിക്കുന്ന ഒന്നല്ല വര്‍ഗ്ഗസമരം. വര്‍ഗ്ഗസമരത്തിന്റെ ഉറവിടം ചൂഷകന്മാരും ചൂഷണം ചെയ്യപ്പെടുന്നവരും തമ്മില്‍ നിലനില്‍ക്കുന്ന അനുരഞ്ജിപ്പിക്കാവാനാവാത്ത സാമൂഹ്യവൈരുദ്ധ്യങ്ങളാണ്. വര്‍ഗ്ഗസമരങ്ങളെ താല്ക്കാലികമായി ഒതുക്കിനിര്‍ത്തുവാനോ, അടിച്ചമര്‍ത്താനോ കഴിഞ്ഞേക്കാം. എന്നാല്‍ അവ വീണ്ടും പുതിയ രൂപത്തില്‍ പൊട്ടിപ്പുറപ്പെടും. വര്‍ഗ്ഗവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ വര്‍ഗ്ഗസമരങ്ങള്‍ അനിവാര്യമാണ്. അവയില്‍ നിന്ന് മോചനം ലഭിക്കണമെങ്കില്‍ വര്‍ഗ്ഗങ്ങള്‍ തന്നെ ഇല്ലാതാകണം.

Download the mp3 of this post from here (10.3 MB)

കടപ്പാട്: "സാമൂഹികവികാസത്തിന്റെ നിയമങ്ങള്‍", എന്താണ് മാര്‍ക്സിസം - എന്‍.ഇ. ബാലറാം.

Monday, November 23, 2009

പുതിയൊരു പ്രപഞ്ച വീക്ഷണം || A New Perspective of the Universe

ത്ത്വശാസ്ത്രപരമായ എന്തെങ്കിലും ധാരണയില്ലാത്തവര്‍ നന്നെ ചുരുങ്ങുമെന്നതാണ് പരമാര്‍ത്ഥം. പ്രയോജനമില്ലാത്തയൊന്നാണ് തത്ത്വശാസ്ത്രമെന്ന ധാരണ പരക്കെയുണ്ടെങ്കിലും, ചിലപ്പോള്‍ ആളുകള്‍ പൊടുന്നനെ ഒന്നാന്തരം തത്ത്വശാസ്ത്രജ്ഞന്മാരായി മാറുന്നതു കാണാം. വല്ല ദുരവസ്ഥകളും നേരിടുമ്പോഴാണ് തത്ത്വശാസ്ത്രശകലങ്ങള്‍ തികട്ടിത്തികട്ടി വരുന്നത്. പ്രപഞ്ചനിയമങ്ങളുടെ അനിവാര്യതയെപ്പറ്റിയും, ദൈവനിശ്ചയത്തെപ്പറ്റിയും, കര്‍മ്മഫലത്തെപ്പറ്റിയുമൊക്കെ ആളുകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സംസാരിക്കുന്നത് കേള്‍ക്കാം. മിക്കവരും, ഈയവസരത്തില്‍ ആത്മീയവാദത്തെ ചാരിനിന്നാണ് സംസാരിക്കാറുള്ളത്. അതുകൊണ്ട് തത്ത്വശാസ്ത്ര പഠനം എന്തിനാണെന്ന പ്രശ്നം ഒരിക്കലും ഉദിക്കുന്നില്ല. മനസ്സമാധാനത്തിനു വേണ്ടിയെങ്കിലും അല്പസ്വല്പം തത്ത്വശാസ്ത്രം വേണമെന്ന കാര്യം പൊതുവെ അംഗീകരിപ്പെട്ട വസ്തുതയാണ്.

എന്നാല്‍ വിപ്ലവകാരികള്‍ക്കു ഈ വിധമുള്ള ഒരു വെറും ധാരണ പോരാ. ഇന്നു നിലവിലുള്ളതെല്ലാം തുടരുകയേ ഗതിയുള്ളൂവെന്നു കരുതുന്നവര്‍ക്കും, തുടരേണമെന്ന് ശഠിക്കുന്നവര്‍ക്കുമെല്ലാം വെറും വ്യാഖ്യാനങ്ങളും, ആത്മീയവാദ ന്യായീകരണങ്ങളും മതിയായേക്കും. എന്നാല്‍ പ്രപഞ്ചമാകെ മാറ്റിമറിക്കണമെന്ന് ചിന്തിക്കുന്നവര്‍ക്ക് അങ്ങനെ പറ്റില്ല. ആ മാറ്റങ്ങള്‍ക്കവരെ സഹായിക്കുന്നൊരു തത്ത്വശാസ്ത്രം തന്നെയവര്‍ക്ക് വേണം. മാറ്റം അനിവാര്യമാണെന്നു പഠിപ്പിക്കുന്ന, മാറ്റത്തിനു് അനുകൂലവും പ്രതികൂലവുമായ ശക്തികളേതൊക്കെയെന്ന് പഠിപ്പിക്കുന്ന, മാറ്റം തനിയെ ഉണ്ടാവുകയില്ലായെന്ന് പഠിപ്പിക്കുന്ന, ശാസ്ത്രീയമായൊരു പ്രപഞ്ചധാരണ അവര്‍ക്ക് വേണം. ചലനത്തെപ്പറ്റിയും ചലനശക്തികളെപ്പറ്റിയും ചലനനിയമങ്ങളെപ്പറ്റിയും ഉള്ള വസ്തുനിഷ്ഠമായ ഒരു പഠനം അവര്‍ക്ക് വേണം. മാര്‍ക്സും എംഗല്‍സും കൂടി പ്രദാനം ചെയ്ത ഈ നൂതന തത്ത്വശാസ്ത്രത്തെയാണ് വൈരുദ്ധ്യാത്മക ഭൗതികവാദം എന്നു വിളിക്കുന്നത്.

ഭൗതിക വാദത്തിന്റെയും വൈരുദ്ധ്യവാദത്തിന്റെയും ഐക്യവും അഭേദ്യതയുമാണ് മാര്‍ക്സിസ്റ്റ് തത്ത്വചിന്തയുടെ അടിസ്ഥാനം. അതുകൊണ്ടാണതിനെ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന് വിളിക്കുന്നത്. ഇവ രണ്ടും പരസ്പരബന്ധമില്ലാത്ത സ്വതന്ത്രസിദ്ധാന്തങ്ങള്‍ അല്ല. പ്രാചീനഗ്രീസിലും പ്രാചീന ഭാരതത്തിലും ഭൗതികവാദവും, വൈരുദ്ധ്യവാദവും ഒരുമിച്ച് സ്വീകരിച്ച തത്ത്വചിന്തകന്മാരുണ്ടായിരുന്നുവെന്ന കഥ സ്മരണീയമാണ്. യഥാര്‍ത്ഥത്തില്‍ പഠനസൗകര്യത്തിനു വേണ്ടിമാത്രമാണ്, ഇവ രണ്ടും വേര്‍തിരിച്ച് പ്രതിപാദിക്കപ്പെടുന്നത്. ഈ പുതിയ പ്രപഞ്ചവീക്ഷണം എന്തെന്തു മാറ്റങ്ങളാണ് ലോകത്തില്‍ വരുത്തിയത്? പ്രയോഗവും സിദ്ധാന്തവും തമ്മില്‍ വൈരുദ്ധ്യമില്ലാത്ത ഒരു പ്രപഞ്ചവീക്ഷണം, എന്ന നിലയ്ക്ക് എതിരാളികള്‍ പോലും മാര്‍ക്സിയന്‍ തത്ത്വശാസ്ത്രത്തെ പ്രകീര്‍ത്തിക്കാറുണ്ട്.

ഈ പ്രപഞ്ചം ശ്രദ്ധിച്ചു പഠിച്ചാല്‍ എണ്ണമറ്റ രൂപങ്ങളും ഗുണങ്ങളുമുള്ള വസ്തുക്കളുടെയും പ്രതിഭാസങ്ങളുടെയും അനന്തമായ ഒരു സമാഹാരമാണെന്ന് കാണാം. അപാരമായ ഈ നാനാത്വത്തിനിടയില്‍ ഇവയെയെല്ലാം കോര്‍ത്തിണക്കുന്ന ഏകമായ വല്ലതുമുണ്ടോ? നാനാവസ്തുക്കളിലും പ്രശോഭിക്കുന്ന സമാന്യഗുണം വല്ലതുമുണ്ടോ? മനുഷ്യ സമുദായത്തിന്റെ പ്രാചീനദശയില്‍ത്തന്നെ ഉന്നയിക്കപ്പെട്ട ചോദ്യമാണിത്. ഈ ചോദ്യത്തിനുത്തരം കാണുന്നതിന്റെ അടിസ്ഥാനത്തില്‍ തത്ത്വശാസ്ത്രകാരന്മാര്‍ രണ്ടു ചേരികളായിത്തിരിഞ്ഞു. ഒരു വിഭാഗത്തെ ഭൗതികവാദികള്‍ എന്നും, മറുഭാഗത്തെ ആത്മീയവാദികള്‍ എന്നും വിളിക്കുന്നു. ഭൗതികവാദികളില്‍ പല ഉപവിഭാഗങ്ങളെയും കാണാമെന്നതു പോലെ തന്നെ ആത്മീയവാദികളിലും കാണാം.

പ്രാഥമികത്വം ഭൗതികപദാര്‍ത്ഥത്തിനാണെന്നു കരുതുന്ന ദര്‍ശനശാഖയെയാണ് ഭൗതികവാദമെന്ന് പറയുന്നത്. പ്രത്യുത പ്രാഥമികത്വം മനസ്സിനോ, ചിന്തയ്ക്കോ, ആത്മാവിനോ, ആശയത്തിനോ ആണെന്നു കരുതുന്ന ശാഖയെ ആത്മീയവാദമെന്നാണ് പറയുന്നത്. ലോകാരംഭം മുതല്‍ തന്നെ ഇവ രണ്ടും തമ്മിലുള്ള തര്‍ക്കം കാണാം. എന്നാല്‍ ശാസ്ത്രം വികസിച്ചതോടുകൂടി പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചു കൂടുതലറിയുവാന്‍ മനുഷ്യനു സാധിച്ചിരിക്കുന്നു. വളരെയേറെ പരിണാമങ്ങള്‍ക്കുശേഷമാണ് ഇന്നു കാണുന്ന പ്രപഞ്ചം തന്നെയുണ്ടായത്. മനുഷ്യനും, സമൂഹവും, തത്ത്വശാസ്ത്രവും, മത ചിന്തയുമെല്ലാം ഉണ്ടാകുന്നതിനു മുമ്പുതന്നെ ഈ പ്രപഞ്ചം നിലനിന്നിരുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്. ആ നിലയ്ക്ക് ഈ പ്രപഞ്ചം, അഥവാ ഭൗതികപദാര്‍ത്ഥം മനസ്സിന്റെ സൃഷ്ടിയോ, ആത്മാവിന്റെ പ്രകാശനമോ ആണെന്ന് വാദിക്കുന്നത് സത്യമാകില്ല. പ്രപഞ്ചമുണ്ടായിട്ട് എത്രയോ കോടി കൊല്ലങ്ങള്‍ കഴിഞ്ഞിട്ടാണ് മനുഷ്യനുണ്ടായത്. ബോധമോ, ചിന്തയോ, യുക്തിവിചാരമോ ഉണ്ടാവുന്നതിന് മുമ്പു തന്നെ ലോകമുണ്ടായി എന്നര്‍ത്ഥം. അതുകൊണ്ടാണ് മാര്‍ക്സിസം ഭൗതികവാദത്തില്‍ ഉറച്ചു നില്‍ക്കുന്നത്.

ഭൗതികവാദത്തെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുക എന്നത് ആത്മീയവാദികളുടെ പണ്ടേയുള്ള തൊഴിലാണ്. സദാചാര മൂല്യങ്ങള്‍ക്കോ, ഉല്‍കൃഷ്ടമായ ആശയങ്ങള്‍ക്കോ സ്ഥാനമില്ലാത്ത ഒന്നാണ് ഭൗതികവാദമെന്നവര്‍ ആവര്‍ത്തിച്ചു പറയാറുണ്ട്. മാര്‍ക്സിയന്‍ പ്രപഞ്ചധാരണ പുരോഗമന ആശയങ്ങളെയോ, ഉല്‍കൃഷ്ട ആദര്‍ശങ്ങളെയോ എതിര്‍ക്കുന്നില്ലെന്ന് മാത്രമല്ല, അവയെ ഏറ്റവുമധികം വിലമതിക്കുകയും അവയ്ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നു. ഉല്‍കൃഷ്ടമായ ചിന്തകള്‍ മനുഷ്യരാശിയുടെ പുരോഗതിക്ക് ഗണ്യമായ സംഭാവന നല്‍കുന്നുണ്ടെന്ന് തെളിയിക്കുന്ന ശാസ്ത്രമാണ് മാര്‍ക്സിസം. മനുഷ്യരാശിയുടെ ഉത്തമസന്തതികള്‍ ഭാവിയെക്കുറിച്ച് വിഭാവനം ചെയ്ത മഹത്തായ ചിന്തകളെ യാഥാര്‍ത്ഥ്യമാക്കി മാറ്റുവാനുള്ള ശാസ്ത്രമാണ് മാര്‍ക്സിസം. അതിനാല്‍ ധാര്‍മ്മിക മൂല്യങ്ങള്‍ക്കോ, ഉല്‍കൃഷ്ടമായ ആദര്‍ശങ്ങള്‍ക്കോ മാര്‍ക്സിസത്തില്‍ സ്ഥാനമില്ലെന്നുള്ള വാദം സ്ഥാപിത താല്പര്യക്കാരും മാര്‍ക്സിസ്റ്റ് വിരുദ്ധരും പടച്ചുവിടുന്ന പച്ചനുണകളാണ്. കാപട്യത്തിനും, ചൂഷണത്തിനും, യുദ്ധത്തിനും, ഫാഷിസത്തിനും, സാമ്രാജ്യത്തിനും, തൊഴിലില്ലായ്മയ്ക്കും, ദുരിതങ്ങള്‍ക്കുമെതിരായ സമരമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇതുവരെയുള്ള സമരമെന്ന് ഏവര്‍ക്കുമറിയാം. മനുഷ്യസമുദായത്തെ ഉന്നതമായൊരു പദവിയിലേക്ക്, കമ്മ്യൂണിസത്തിലേക്ക് നയിക്കുന്നതിനുവേണ്ടിയാണ് ആ പ്രസ്ഥാനം അടരാടുന്നത്. അടിസ്ഥാനപരമായി ശുഭാപ്തി വിശ്വാസവും ജീവചൈതന്യവും തുളുമ്പുന്ന ഒരു ലോകവീക്ഷണഗതിയാണ് വൈരുദ്ധ്യാത്മക ഭൗതികവാദം അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന് സംഭാവന ചെയ്തത്. ഭയലേശമില്ലാതെ ഭാവിയിലേക്കു നോക്കുവാന്‍ തൊഴിലാളിവര്‍ഗ്ഗത്തിനു അതു പ്രദാനം ചെയ്യുന്നു.

പ്രപഞ്ചത്തില്‍ കാണുന്ന എല്ലാ വസ്തുക്കള്‍ക്കും പ്രതിഭാസങ്ങള്‍ക്കുമുള്ള പൊതുഗുണം അവ ഭൗതികപദാര്‍ത്ഥമാണെന്നുള്ളതാണ്. പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥമായ ഏകത്വം അതിന്റെ ഭൗതികത്വത്തിലാണ് സ്ഥിതി ചെയ്യുന്നതെന്ന് എംഗല്‍സ് സമര്‍ത്ഥിക്കുന്നു. പദാര്‍ത്ഥത്തിന് പല രൂപവും കാണാം. പരമാണുവായിരിക്കാം, തരംഗമായിരിക്കാം, അടിസ്ഥാന കണികകളായിരിക്കാം. എങ്കിലും ഇവയെല്ലാം പദാര്‍ത്ഥമാണെന്നതാണ് നേര്. പദാര്‍ത്ഥത്തിന്റെ മുഖ്യ സ്വഭാവം തന്നെ മനുഷ്യമനസ്സിനും ബോധത്തിനും വെളിയിലായി, സ്വതന്ത്രമായി അതു നിലനില്‍ക്കുന്നുവെന്നതാണ്. അതുകൊണ്ടു തന്നെയാണ് പദാര്‍ത്ഥം വസ്തുനിഷ്ഠമാണെന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ഭൗതിക പദാര്‍ത്ഥമെന്നതു നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവപ്പെടുന്ന വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യമാണെന്ന് ലെനിന്‍ പറഞ്ഞതു ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതാണ്.

പദാര്‍ത്ഥത്തിന്റെ മറ്റ് ചില സ്വഭാവങ്ങള്‍ കൂടി ചൂണ്ടിക്കാണിക്കട്ടെ.

1) ഇന്ദ്രിയങ്ങള്‍ വഴി പദാര്‍ത്ഥത്തെ അറിയുവാന്‍ നമ്മുക്ക് സാധിക്കുന്നു.
2) കാലത്തിലും സ്ഥലത്തിലും ആദ്യന്തവിഹീനമായിട്ടാണ് പദാര്‍ത്ഥം സ്ഥിതി ചെയ്യുന്നത്.
3) പദാര്‍ത്ഥത്തിന്റെ പ്രത്യേക രൂപങ്ങളായ വസ്തുക്കളും പ്രതിഭാസങ്ങളും നശ്വരങ്ങളാണെങ്കിലും പദാര്‍ത്ഥം മൊത്തത്തില്‍ അനശ്വരമാണ്.
4) പദാര്‍ത്ഥത്തിന്റെ നിലനില്പിന്റെ രൂപം തന്നെ ചലനമാണ്. ചലനമില്ലാത്ത പദാര്‍ത്ഥമോ, പദാര്‍ത്ഥമില്ലാതെ ചലനമോ ഇല്ലെന്നതാണ് വാസ്തവം.

ഈ നാലു സ്വഭാവങ്ങളെക്കുറിച്ചും കൂടുതല്‍ വിശദീകരണം വേണമെന്ന് തോന്നുന്നില്ല. ശാസ്ത്രം അഭിവൃദ്ധി പ്രാപിക്കുന്തോറും ഈ സ്വഭാവങ്ങള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരികയാണ്. പ്രപഞ്ചത്തിന്റെ അതിരുകള്‍ കാലം ചെല്ലുന്തോറും വിപുലപ്പെട്ടുവരികയാണ്. അതാണ് പ്രപഞ്ചം ആദ്യന്തവിഹീനമാണെന്ന് പറയുവാന്‍ കാരണം. അതു പോലെ പദാര്‍ത്ഥത്തെ പിളര്‍ന്ന് പിളര്‍ന്ന് പരിശോധിക്കുമ്പോഴും അറ്റം കാണുന്നില്ല. തരംഗങ്ങളായും വീചികളായും പിന്നെയുമതവശേഷിക്കുന്നു. അതുകൊണ്ടാണ് പദാര്‍ത്ഥം അനശ്വരമെന്ന് പറഞ്ഞത്. നിശ്ചലമായ ഒരു വസ്തുവിനെയോ, പ്രതിഭാസത്തെയോ, കണ്ടെത്തുവാന്‍ കഴിയാത്തത് കൊണ്ടാണ് ചലനം പദാര്‍ത്ഥത്തിന്റെ സ്വഭാവമാണെന്നു പറയുവാന്‍ കാരണം.

ഈ സന്ദര്‍ഭത്തില്‍ അതിപ്രധാനമായ മറ്റൊരു ചോദ്യം ഉത്ഭവിക്കുന്നുണ്ട്. ഈ പദാര്‍ത്ഥവും ബോധവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? തീര്‍ച്ചയായുമുണ്ട്. ബോധമെന്നത് കൊണ്ട് ഇവിടെയുദ്ദേശിക്കുന്നതു മനുഷ്യന്റെ മാനസികപ്രവര്‍ത്തനങ്ങളോ അല്ലെങ്കില്‍ ചിന്തയോ ആണ്. മനുഷ്യനില്ലാതെ ചിന്തയില്ലെന്നു ഇവിടെ നേരത്തെ പറഞ്ഞു. ചിന്തകള്‍ തന്നെ എക്കാലത്തും ഒരു പോലെയല്ല. പ്രാചീനശിലായുഗത്തിലെ കാടന്മാരും, ആധുനിക സോഷ്യലിസ്റ്റ് യുഗത്തിലെ മനുഷ്യരും ഒരേ പോലെയാണോ ചിന്തിക്കുന്നത്? ഒരിക്കലുമല്ല. ചിന്ത, സമൂഹത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം തന്നെ വളര്‍ന്നു വരുന്നുവെന്നതാണ് സത്യം. തലച്ചോറു കൊണ്ടാണ് മനുഷ്യന്‍ ചിന്തിക്കുന്നതെന്ന് ഇന്നെല്ലാവര്‍ക്കുമറിയാം. തലച്ചോറും ബോധവുമായി ഏറ്റവുമധികം ബന്ധവുമുണ്ട്. തലച്ചോറിന് വല്ല തകരാറും സംഭവിക്കുമ്പോള്‍ ബോധക്ഷയമുണ്ടാകുന്നത് സാധാരണമാണ്. ചിത്തഭ്രമവും, ബോധക്ഷയവുമൊക്കെ ചികിത്സിച്ചു മാറ്റുവാന്‍ കഴിയുന്നത് മനസ്സിന് ഭൗതികമായ ബന്ധമുള്ളതുകൊണ്ടാണ്. അപ്പോള്‍ ബോധമെന്നത് മനുഷ്യശരീരവുമായി യാതൊരു ബന്ധമില്ലാത്ത ഒരു പ്രതിഭാസമല്ല. പരിണാമദശയില്‍ ഏറ്റവും സംഘടിതമായ ഭൗതികപദാര്‍ത്ഥമായി രൂപാന്തരപ്പെട്ട തലച്ചോറിന്റെ ഗുണവിശേഷമാണ്, ധര്‍മ്മമാണ്, ചിന്ത എന്നതാണ് യാഥാര്‍ത്ഥ്യം. പഞ്ചേന്ദ്രിയങ്ങളിലൂടെ ചുറ്റുപാടുമുള്ള വസ്തുക്കള്‍ നമ്മുടെ തലച്ചോറില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് നമ്മുക്ക് ചിന്തയുണ്ടാകുന്നത്, ബോധമുണ്ടാകുന്നത്. എന്നാല്‍ ആത്മീയവാദികള്‍ ഈ വാദഗതിയോട് യോജിക്കുകയില്ല. അവര്‍ നേരെ മറിച്ചാണ് വാദിക്കുന്നത്. പ്രപഞ്ചം തന്നെ ഉണ്ടായത് ചിന്തയില്‍ നിന്നാണ് - പരമാത്മാവില്‍ നിന്നാണ് - എന്നാണവര്‍ പറയുന്നത്. ചരിത്രവും ശാസ്ത്രവും നല്‍കുന്ന തെളിവുകള്‍ ഒന്നുമംഗീകരിക്കുവാന്‍ തയ്യാറാകാതെ കേവലം വിശ്വാസത്തെ മാത്രം ആധാരമാക്കി ചിന്തിക്കുന്നതു കൊണ്ടാണ് ഇവര്‍ക്ക് ഇങ്ങനെ പറ്റുന്നത്.


Get this widget
|
Track details
|
eSnips Social DNA

The mp3 of this article can be downloaded from here.

കടപ്പാട്: "പുതിയൊരു പ്രപഞ്ച വീക്ഷണം", എന്താണ് മാര്‍ക്സിസം? - എന്‍.ഇ. ബാലറാം

Saturday, November 21, 2009

Dialectics||വൈരുദ്ധ്യവാദം


ദാര്‍ത്ഥം നിലനില്‍ക്കുന്നതിന്റെ രൂപമാണ് ചലനമെന്നു നേരത്തെ നാം കണ്ടു. പ്രകൃതിയിലും സമുദായത്തിലും മനുഷ്യമനസ്സിലും എല്ലാം നാം ഈ ചലനം കാണുന്നു. ഈ ചലനത്തിന്റെ ഉത്ഭവസ്ഥാനമെന്താണ്? വെളിയിലുള്ള വല്ല ശക്തികളുടെയും പ്രവര്‍ത്തനം കൊണ്ടാണോ വസ്തുക്കള്‍ക്കും പ്രതിഭാസങ്ങള്‍ക്കും ചലനമുണ്ടാകുന്നത്? അല്ല, മറ്റുവല്ല കാരണവും കൊണ്ടാണോ?വൈരുദ്ധ്യവാദം ഇതിനൊക്കെ തൃപ്തികരമായ മറുപടി നല്‍കുന്നുണ്ട്. അതെന്താണെന്ന് നമ്മുക്ക് പരിശോധിക്കാം.വിപരീതങ്ങളുടെ പ്രവര്‍ത്തനം കൊണ്ടാണ് ചലനം അല്ലെങ്കില്‍ വികാസം ഉണ്ടാകുന്നത്. ശ്രദ്ധിച്ചു നോക്കിയാല്‍ എല്ലാ രംഗങ്ങളിലും ഇത് കാണാം. ഗണിതശാസ്ത്രത്തില്‍ കൂട്ടലും കിഴിക്കലും, യന്ത്രശാസ്ത്രത്തില്‍ ആഘാത പ്രത്യാഘാതങ്ങള്‍, ഊര്‍ജ്ജതന്ത്രത്തില്‍ വിദ്യുച്ഛക്തിയുടെ പോസിറ്റീവും നെഗറ്റീവും, രസതന്ത്രത്തില്‍ പരമാണുക്കളുടെ സംയോജന വിയോജനങ്ങള്‍, ശരീരശാസ്ത്രത്തില്‍ മസ്തിഷ്കത്തിലെ സംക്ഷോഭവിക്ഷോഭങ്ങള്‍, സാമൂഹികശാസ്ത്രത്തിലെ വര്‍ഗ്ഗസമരങ്ങള്‍. ഇവയെല്ലാം നടക്കുന്നത് വിരുദ്ധശക്തികളുടെ പ്രവര്‍ത്തനം മൂലമാണ്. എംഗല്‍സ് പറയുന്നത്, "ഒരു വസ്തു അതായിത്തന്നെ നിലനില്‍ക്കുന്നു. അതേ സമയത്ത് അത് ഇടവിടാതെ മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മാറ്റമില്ലായ്മ, മാറ്റം എന്നീ രണ്ടു വിരുദ്ധശക്തികളെ അതു ഉള്‍ക്കൊള്ളുന്നു. ഇങ്ങനെ ആ വസ്തുവില്‍ ഒരു വൈരുദ്ധ്യം അടങ്ങിയിരിക്കുന്നു"


വിപരീതങ്ങളുടെ സമരവും ഐക്യവുമാണ് വൈരുദ്ധ്യവാദത്തിലെ പ്രധാന നിയമം. അപ്പോള്‍ ഒരു ചോദ്യം സ്വാഭാവികമായും ഉണ്ടാകുന്നുണ്ട്. ഈ സമരവും ഐക്യവും എന്ന ധാരണയില്‍ ഏതിനാണ് പ്രാധാന്യം. ലെനിന്‍ ഇക്കാര്യത്തെക്കുറിച്ച് ഇപ്രകാരമാണ്, "വിരുദ്ധശക്തികളുടെ ഐക്യം സോപോധികവും താല്‍ക്കാലികവും ക്ഷണികവും ആപേക്ഷികവുമാണ്. പരസ്പരം വേറിട്ട് നില്‍ക്കുന്ന വിരുദ്ധശക്തികളുടെ സമരമാകട്ടെ ചലനവും വികാസവുമെന്ന പോലെ ശാശ്വതവുമാണ്". സമരം ശാശ്വതമായത് കൊണ്ട് ഒരു വസ്തുവും പ്രതിഭാസവും നിശ്ചലമാകുന്നില്ല. അവ എപ്പോഴും മാറിക്കൊണ്ടേയിരിക്കുന്നു. അപ്പോള്‍ വിപരീതങ്ങളുടെ സമരമാണ് പ്രകൃതിയിലും സമൂഹത്തിലും ചിന്തയിലും മാറ്റങ്ങള്‍ വരുത്തുന്നത്.

ഈ വിപരീതങ്ങള്‍ വേര്‍തിരിഞ്ഞല്ല നിലനില്‍ക്കുന്നത്. അവ ഒത്തുചേര്‍ന്നാണ് നില്‍ക്കുന്നത്. മുതലാളിത്ത സമുദായം നോക്കിയാല്‍ അതില്‍ മുതലാളി വര്‍ഗ്ഗവും തൊഴിലാളി വര്‍ഗ്ഗവും ഉള്ളതായി കാണാം. വിപരീത താല്പര്യത്തോടെയാണവര്‍ പ്രവര്‍ത്തിക്കുന്നത്. എങ്കിലും ഒരു താല്‍ക്കാലിക ഐക്യമുണ്ടാക്കി അവര്‍ പ്രവര്‍ത്തിക്കുന്നു. ഇതുപോലെ തന്നെയാണ് ഓരോ വസ്തുവിലും പ്രതിഭാസത്തിലും വിപരീതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിപരീതങ്ങളുടെ ഐക്യവും സമരവും ഒരുപോലെ തുടരുന്നു. ഈ സംഘട്ടനമാണ് വികാസത്തിന് കാരണം. വികാസമെന്നത് വിരുദ്ധശക്തികളുടെ സമരമാണെന്ന് ലെനിന്‍ പറഞ്ഞത് ഇവിടെ സ്മരണീയമാണ്.

ഇനി നമ്മുക്ക് മാറ്റത്തിന്റെ രണ്ടാമത്തെ നിയമത്തിലേക്ക് കടക്കാം. അളവില്‍ ഉണ്ടാകുന്ന മാറ്റം ഗുണത്തില്‍ മാറ്റമുണ്ടാക്കുന്നുവെന്നതാണ് ആ നിയമം. ഏതെങ്കിലും ഒരു വസ്തുവിനെയോ, പ്രതിഭാസത്തിനെയോ ഇതര വസ്തുക്കളില്‍ നിന്നും വ്യത്യസ്തമായി കാണിക്കുന്ന സ്വഭാവസവിശേഷതകളുടെ ആകെത്തുകയെയാണ് ഗുണം എന്നു പറയുന്നത്. സ്വയമേവ നിലനില്‍ക്കുന്ന ഗുണങ്ങള്‍ ഒരിടത്തുമില്ല. എല്ലാ വസ്തുക്കള്‍ക്കും, പ്രതിഭാസങ്ങള്‍ക്കും എന്തെങ്കിലും തരത്തിലുള്ള ഗുണം ഉണ്ടാകും. ഗുണവും അളവും തമ്മില്‍ വളരെയേറെ ബന്ധമുണ്ട്. വെള്ളം തിളപ്പിക്കുമ്പോള്‍ നമ്മുക്ക് മനസ്സിലാകും, 100 ഡിഗ്രി സെല്‍ഷ്യസ് വരെ, വെള്ളത്തിന്റെ ഗുണത്തില്‍ പ്രകടമായ മാറ്റം വരുന്നില്ല. നൂറ് ഡിഗ്രി ആയാല്‍ വെള്ളം തിളയ്ക്കുന്നു, ആവിയാകുന്നു, വെള്ളമല്ലാതാകുന്നു. വെള്ളത്തിനു വന്ന ഗുണാത്മകമായ മാറ്റമാണ് നാമിവിടെ കാണുന്നത്. ഇതുപോലെ നിത്യജീവിതത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ കാണാം, അളവ് ഗുണമായി മാറുക മാത്രമല്ല ചെയ്യുന്നത്. ഗുണം അളവായി മാറുന്നുണ്ട് എന്നതുമോര്‍ക്കണം. വികാസത്തിന്റെ സാര്‍വ്വത്രികമായ നിയമമാണിത്. ഗുണം കൂടിയ വിത്തുപയോഗിച്ച് കൃഷി ചെയ്താല്‍ വിളവും കൂടുതലാകുമെന്ന കാര്യം കൃഷിക്കാര്‍ക്കെല്ലാമറിയാം.

അളവിലുണ്ടാകുന്ന മാറ്റം ഗുണത്തില്‍ മാറ്റം വരുത്തുന്നുവെന്ന് പറഞ്ഞതുകൊണ്ടുമാത്രമായില്ല. ഈ മാറ്റം ആദ്യം അദൃശ്യമായും മന്ദഗതിയിലുമാണ് നടക്കുന്നത്. എന്നാല്‍ ഈ വിധത്തിലുള്ള മാറ്റങ്ങള്‍ കൂടിക്കൂടി വന്നു. ഒരു നിശ്ചിതഘട്ടത്തില്‍ എത്തുമ്പോള്‍ ഒരു സ്ഥിതിവിശേഷത്തില്‍ നിന്ന് മറ്റൊരു പുതിയ സ്ഥിതിവിശേഷത്തിലേക്കുള്ള കുതിച്ചുചാട്ടമാണ് നടക്കുന്നത്. ഉദാഹരണത്തിന് മനുഷ്യന്റെ ആവിര്‍ഭാവം തന്നെയെടുക്കാം, അതൊരു കുതിച്ചു ചാട്ടം തന്നെയായിരുന്നു. പ്രാണിലോകത്തിന്റെ വികാസക്രമത്തിലെ മൗലികമായ ഒരു വ്യത്യാനമായിരുന്നു അത്. സാമൂഹികവിപ്ലവങ്ങള്‍ നടക്കുന്നതുമിപ്രകാരമാണ്. സാമൂഹ്യഘടനയില്‍ വിപ്ലവം എന്ന് വെച്ചാല്‍ ഗുണപരമായ സമൂഹമാറ്റം എന്നുതന്നെയാണ് അര്‍ത്ഥം. മുതലാളിത്ത സമൂഹത്തില്‍ നടക്കുന്ന വിപ്ലവം സോഷ്യലിസ്റ്റ് സമൂഹത്തിന് വഴിയൊരുക്കുന്നത് ഒരു ഉദാഹരണമാണ്. വെറും മന്ദഗതിയിലുള്ള പരിഷ്കാരം കൊണ്ടുമാത്രം ഇതു നടക്കില്ല.

മൂന്നാമത്തെ നിയമത്തെ നിഷേധത്തിന്റെ നിഷേധം എന്നാണ് സാധാരണയായി പറയാറുള്ളത്. താഴ്ന്ന നിലവാരത്തില്‍ നിന്നുമുയര്‍ന്ന നിലവാരത്തിലേക്കും, ലളിതത്തില്‍ നിന്നും സങ്കീര്‍ണ്ണതയിലേക്കുമുള്ള മാറ്റത്തിന്റെ നിയമമെന്ന് നമ്മുക്കിതിനെ വിശദീകരിക്കാം. മാറ്റം, വികാസം‌ എന്നെല്ലാം പറഞ്ഞാല്‍ വളരെയേറെ അവ്യക്തമായ ധാരണകളാണ് നമ്മില്‍ ഉളവാക്കുന്നത്. വെറും ആവര്‍ത്തനം മാത്രമാണോ ഇതിന്റെ അര്‍ത്ഥം? ഇതിലെന്ത് പുതുമയാണുള്ളത്? തികച്ചും ന്യായമായ ഈ ചോദ്യങ്ങള്‍ക്ക്, നിഷേധത്തിന്റെ നിഷേധ നിയമം ഉത്തരം തരുന്നുണ്ട്.

"നിലനില്പിന്റെ പഴയ രൂപത്തെ നിഷേധിച്ചുകൊണ്ടല്ലാതെ, ഒരിടത്തും യാതൊരുതരത്തിലുമുള്ള വികാസം സംഭവിക്കുന്നില്ല", കാള്‍ മാര്‍ക്സ് പറഞ്ഞതാണിത്. വിപരീതങ്ങളുടെ ഐക്യവും സമരവും എന്ന നിയമം പ്രവര്‍ത്തിക്കുന്നതിന്റെ അനിവാര്യഫലമാണ് പുതിയ ഗുണം പഴയതിനെ നിഷേധിച്ചുകൊണ്ട് കടന്നുവരുന്നത്. ഉദാഹരണത്തിന്, ഒരു വിത്തില്‍ നിന്നും ചെടിയുണ്ടാകുന്നു. ചെടിയുണ്ടാകുമ്പോഴേക്കും ആ ചെടിക്കാധാരമായ വിത്ത് നശിച്ചു കഴിഞ്ഞിരിക്കും. ആ ചെടി കായ്കുന്നതോടെ പുതിയ ധാരാളം വിത്തുകളുണ്ടാകും. പക്ഷെ, അവിടെ ഒരു മാറ്റം ഉണ്ടെന്നോര്‍ക്കണം. പുതിയ ധാരാളം വിത്തുണ്ടാകുമ്പോഴേക്കും ആ ചെടി നശിക്കും, നിഷേധിക്കപ്പെടും. അങ്ങനെ നിഷേധത്തിന്റെ നിഷേധം കൊണ്ടുണ്ടാകുന്ന പുതിയ വിത്തുകള്‍ ഒരിക്കലും പഴയ വിത്തല്ല. എണ്ണത്തിലും ഗുണത്തിലും മാറ്റം വന്ന വിത്തുകളാണവ.

നിഷേധമെന്നത് കൊണ്ട് പഴയതിന്റെ നാശം എന്ന് മാത്രമാണെന്ന് ധരിക്കരുത്. പഴയവികാസഘട്ടങ്ങളിലെ നല്ല ഘടകങ്ങളെ നിലനിര്‍ത്തുകയും കൂടെ ചെയ്യുന്നുണ്ട്. മുതലാളിത്ത സമൂഹത്തെത്തന്നെ നമ്മുക്ക് അപഗ്രഥിക്കാം. മുതലാളിത്തത്തെ നിഷേധിക്കുന്നു എന്നതിന്റെ അര്‍ത്ഥം, ആ സമൂഹത്തില്‍ മനുഷ്യന്‍ സൃഷ്ടിച്ചതെല്ലാം നശിപ്പിക്കപ്പെടുമെന്നാണോ? ഒരിക്കലുമല്ല. ഉല്പാദനശക്തികള്‍, ഉല്പാദനസാമഗ്രികള്‍, ശാസ്ത്രസിദ്ധികള്‍, ഭൗതികനേട്ടങ്ങള്‍, സാംസ്കാരിക സമ്പത്ത് തുടങ്ങിയ എല്ലാം നിലനിര്‍ത്തുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ആ അടിസ്ഥാനത്തില്‍ നോക്കുമ്പോ‌ള്‍ നിഷേധത്തിന്റെ നിഷേധത്തില്‍ അനുസ്യൂതത്വം കൂടിയുണ്ടെന്ന കാര്യം കാണാവുന്നതാണ്.

സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ നോക്കുക. പ്രാചീനദശയില്‍ കല്ലും വില്ലുമായിരുന്നു മനുഷ്യന്റെ പണിയായുധങ്ങള്‍. എന്നാല്‍ ഇന്നവന്റേത് ആറ്റം പിളര്‍ന്നുകൊണ്ടുള്ള പണിയായുധങ്ങളാണ്. താഴ്ചയില്‍ നിന്ന് ഉയര്‍ച്ചയിലേക്കും, ലാളിത്യത്തില്‍ നിന്ന് സങ്കീര്‍ണ്ണതയിലേക്കും, കടന്നുചാടിയതിന്റെ ഉദാഹരണമാണിത്. അജൈവ വസ്തുക്കളില്‍ നിന്ന് രാസപരിണാമത്തിന്റെ ഫലമായി ജൈവവസ്തുക്കളുന്റായതും, പ്രകൃതിയിലെ മറ്റുദാഹരണമാണ്. കമ്മ്യൂണിസത്തിന്റെ ആദിമദശയില്‍ ഉണ്ടായത് പ്രാകൃത കമ്മ്യൂണിസമാണ്. അന്ന് പൊതുവുടമയായിരുന്നു.അതായത് സമൂഹത്തിലെ അംഗങ്ങളെല്ലാവരും സമ്പത്തിന്റെ ഉടമകളായിരുന്നുവെന്നര്‍ത്ഥം. സ്വത്തുള്ളവനും ഇല്ലാത്തവനും എന്ന വ്യത്യസ്തനില ആദിമമനുഷ്യന്‍ അറിഞ്ഞിരുന്നില്ല. മാനവരാശിയുടെ പുരോഗമനത്തിന് അനിവാര്യമെന്ന നിലയില്‍, സ്വകാര്യസ്വത്തോട് കൂടിയ സാമൂഹികക്രമമാണ് പിന്നീടുണ്ടായത്. ഇന്നിപ്പോള്‍ അതും നിഷേധിക്കപ്പെടുകയാണ്. തല്‍സ്ഥാനത്ത് ഉയര്‍ന്നുവരുന്നത് ശാസ്ത്രീയ കമ്മ്യൂണിസമാണ്. മനുഷ്യനിതുവരെ ആര്‍ജ്ജിച്ച എക്കാ സംസ്കാരസിദ്ധികളും നിലനിര്‍ത്തിക്കൊണ്ടുള്ള പുതിയ പൊതുവുടമ ഭൂസമ്പ്രദായം ലാളിത്യത്തില്‍ നിന്നും സങ്കീര്‍ണ്ണതയിലേക്ക് എത്തിയ വികാസത്തിന്റെ മറ്റൊരു ഉദാഹരണമാണ്.

വൈരുദ്ധ്യവാദത്തിന്റെ പ്രധാന നിയമങ്ങളെക്കുറിച്ചാണ് നാമിതുവരെ ചര്‍ച്ച ചെയ്തത്. പ്രകൃതിയില്‍ കാണുന്ന എല്ലാ വസ്തുക്കള്‍ക്കും, പ്രതിഭാസങ്ങള്‍ക്കും തമ്മില്‍ പരസ്ബപരന്ധമുണ്ട്. ഒറ്റപ്പെട്ടു നില്‍ക്കുന്ന യാതൊന്നും ഈ ലോകത്തില്‍, പ്രപഞ്ചത്തില്‍, ഇല്ലായെന്നതാണ് വൈരുദ്ധ്യവാദത്തിന്റെ പ്രധാനതത്വം. ഭൗതികവസ്തുക്കളും, ആശയങ്ങളും, സാമൂഹ്യസ്ഥാപനങ്ങളുമെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ശാസ്ത്രവിജ്ഞാനം വളര്‍ന്നുവരുന്തോറും ഈ ബന്ധങ്ങളെക്കുറിച്ച് നമ്മുക്ക് കൂടുതല്‍ മനസ്സിലാക്കുവാന്‍ കഴിയുന്നു. അതുപോലെ തന്നെ പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകുന്തോറും മേല്‍പറഞ്ഞ ചലന നിയമങ്ങള്‍, സത്യമാണെന്ന് വൈരുദ്ധ്യവാദം അംഗീകരിക്കാത്ത ശാസ്ത്രജ്ഞന്മാര്‍ പോലും അംഗീകരിക്കുന്നു. ഈ നിയമങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ സാര്‍വ്വത്രികമായ സ്വഭാവമുണ്ട്. മാര്‍ക്സും, എംഗല്‍സും വൈരുദ്ധ്യവാദത്തെ വെറുമൊരു സിദ്ധാന്തം എന്ന നിലയ്ക്കല്ല കണ്ടത്. അതു ജ്ഞന സമ്പാദനത്തിനുള്ള മാര്‍ഗ്ഗവും പ്രവര്‍ത്തനത്തിനുള്ള വഴികാട്ടിയുമാണെന്നവര്‍ വ്യക്തമാക്കി. വളര്‍ച്ചയുടെ പൊതുനിയമങ്ങളെക്കുറിച്ചുള്ള ജ്ഞാനം ഭൂതകാലത്തെ വിശകലനം ചെയ്യുവാനും,ഭാവിയെ മുന്‍കൂട്ടിക്കാണുവാനുമുള്ള കഴിവുമുണ്ടാകുമെന്ന് അവര്‍ കണ്ടുപിടിച്ചു. മുതലാളിത്ത വ്യവസ്ഥയുടെ ഉല്‍ഭവത്തെക്കുറിച്ചും, വളര്‍ച്ചയെക്കുറിച്ചും നാശത്തെക്കുറിച്ചും ആത്മവിശ്വാസത്തോടെ അവര്‍ക്ക് പറയുവാന്‍ കഴിഞ്ഞത് അക്കാരണത്താലാണ്.

മൂലാധാരം: എന്താണ് മാര്‍ക്സിസം? - എന്‍.ഇ.ബാലറാം

ബന്ധപ്പെട്ട വായന:
  1. വൈരുദ്ധ്യാത്മക ഭൗതികവാദം - വിക്കിപ്പീഡിയ
  2. വൈരുദ്ധ്യാത്മക വാദം - വിക്കിപ്പീഡിയ
  3. ഭൗതികവാദം
  4. Dialectics for Kids

Rate this post

About Me

My photo
Omnipresent. ഞങ്ങളെ എല്ലാവര്‍ക്കുമറിയാം. ഞങ്ങളാരെന്നും, ഞങ്ങളുടെ രാഷ്ട്രീയമെന്തെന്നും എല്ലാം. അത് തന്നെയാണ് ഞങ്ങളുടെ ശാപവും. ഞങ്ങളുടെ അഭിപ്രായങ്ങളെ ആ ഒരു ജാലകത്തില്‍ കൂടി മാത്രം കാണുവാനും വിമര്‍ശിക്കുവാനും തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഒളിച്ചോടി. ഇപ്പോള്‍ ഇവിടെ പൊങ്ങുന്നു.

Followers

Counted!

free web counter
Creative Commons License ബീഫ് ഫ്രൈ || b33f fry by ബീഫ് ഫ്രൈ is licensed under a Creative Commons Attribution 2.5 India License. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ താള്‍ നോക്കുക.