1. പിന്തിരിപ്പന്‍ സോഷ്യലിസം
1.a ഫ്യൂഡല്‍ സോഷ്യലിസം
1.b പെറ്റിബൂര്‍ഷ്വാ സോഷ്യലിസം
1.c ജര്‍മ്മന്‍ അഥവാ 'സത്യ' സോഷ്യലിസം
2. യാഥാസ്ഥിതിക അഥവാ ബൂര്‍ഷ്വാ സോഷ്യലിസം.
ബൂര്‍ഷ്വാ സമൂഹത്തിന്റെ തുടര്‍ച്ചയായ നിലനില്‍പ്പ് സുരക്ഷിതമാക്കുന്നതിനുവേണ്ടി ബൂര്‍ഷ്വാസിയില്‍ ഒരു വിഭാഗം സാമൂഹ്യമായ അവശതകള്‍ പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നു.
ധനശാസ്ത്രജ്ഞന്‍മാര്‍, പരോപകാരികള്‍, മനുഷ്യസ്നേഹികള്‍, തൊഴിലാളിവര്‍ഗ്ഗത്തിന്റെ സ്ഥിതി ഭേദപ്പെടുത്തുന്നവര്‍, ധര്‍മ്മസ്ഥാപന സംഘാടകര്‍, ജന്തുഹിംസാ നിവാരണ സംഘക്കാര്‍, മദ്യവര്‍ജ്ജനഭ്രാന്തന്മാര്‍, എല്ലാ തരത്തിലുംപെട്ട തട്ടിപ്പുകാരായ പരിഷ്കരണവാദികള്‍ എല്ലാം ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. മാത്രമല്ല, ഈ രൂപത്തിലുള്ള സോഷ്യലിസത്തെ സമ്പൂര്‍ണ്ണ വ്യവസ്ഥകളായി രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഈ സോഷ്യലിസ്റ്റ് രൂപത്തിന്റെ ദൃഷ്ടാന്തമായി നമ്മുക്ക് പ്രദോന്റെ 'ദാരിദ്ര്യത്തിന്റെ തത്ത്വശാസ്ത്ര'മെടുക്കാം.
ആധുനിക സാമൂഹ്യസ്ഥിതികളുടെ ഫലമായുണ്ടാകുന്ന സമരങ്ങളും ആപത്തുകളും ഇല്ലാതെ അവയുടെ ഗുണങ്ങളെല്ലാം കിട്ടണമെന്നാണ് സോഷ്യലിസ്റ്റ് ബൂര്‍ഷ്വാകളുടെ മോഹം. നിലവിലുള്ള സമൂഹത്തിലെ വിപ്ലവശക്തികളേയും ശിഥിലീകരണഘടകങ്ങളേയും ഒഴിച്ചുനിര്‍ത്തിക്കൊണ്ട് ഈ സമൂഹത്തെ നിലനിര്‍ത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. തൊഴിലാളിവര്‍ഗ്ഗമില്ലാത്ത ഒരു ബൂര്‍ഷ്വാസിക്കുവേണ്ടിയാണ് അവര്‍ ആശിക്കുന്നത്. തങ്ങള്‍ പരമാധികാരികളായിട്ടുള്ള ലോകമാണ് ഏറ്റവും മെച്ചപ്പെട്ടതെന്ന് ബൂര്‍ഷ്വാസി സ്വാഭാവികമായും ധരിക്കുന്നു. സുഖകരമായ ഈ ധാരണയെ ബൂര്‍ഷ്വാസോഷ്യലിസം ഏതാണ്ട് സമ്പൂര്‍ണ്ണമായ വിവിധവ്യവസ്ഥകളാക്കി വളര്‍ത്തിയിട്ടുണ്ട്. ഇത്തരമൊരു വ്യവസ്ഥ നടപ്പാക്കണമെന്നും അങ്ങനെ പുതിയൊരു സാമൂഹ്യയരൂശലമിലേക്ക് നേരിട്ടു മാര്‍ച്ചു ചെയ്യണമെന്നും അതു തൊഴിലാളി വര്‍ഗ്ഗത്തോട്, ആവശ്യപ്പെടുമ്പോള്‍, തൊഴിലാളിവര്‍ഗ്ഗം നിലവിലുള്ള സമൂഹത്തിന്റെ നാലതിരുകളില്‍ ഒതുങ്ങി നില്‍ക്കണമെന്നും ബൂര്‍ഷ്വാസിയെ സംബന്ധിച്ച എല്ലാ ഗര്‍ഹണീയാഭിപ്രായങ്ങളും വലിച്ചെറിയണമെന്നും ആവശ്യപ്പെടുക മാത്രമാണ് അതു വാസ്തവത്തില്‍ ചെയ്യുന്നത്.
ഈ സോഷ്യലിസത്തിന്റെ ഇത്ര തന്നെ സംഘടിതമല്ലെങ്കിലും കൂടുതല്‍ പ്രായോഗികമായ രണ്ടാമതൊരു രൂപം, വെറും രാഷ്ട്രീയമായ പരിഷ്കാരങ്ങള്‍ കൊണ്ടൊന്നും ഗുണമില്ലെന്നും ഭൗതികജീവിതസാഹചര്യങ്ങള്‍ക്ക്, സാമ്പത്തികബന്ധങ്ങള്‍ക്ക്, മാറ്റം വന്നാല്‍ മാത്രമേ മെച്ചമുള്ളൂവെന്നും തെളിയിച്ചുകൊണ്ട് തൊഴിലാളിവര്‍ഗ്ഗത്തിന്റെ കണ്ണില്‍ എല്ലാ വിപ്ലവപ്രസ്ഥാനങ്ങളേയും കരിതേച്ചു കാണിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍, ഈ സോഷ്യലിസത്തിന്റെ വിവക്ഷയില്‍, ഭൗതിക ജീവിത സാഹചര്യങ്ങളില്‍ മാറ്റം വരുത്തുകയെന്നതിന്റെ അര്‍ത്ഥം, ബൂര്‍ഷ്വാ ഉല്പാദനബന്ധങ്ങളെ അവസാനിപ്പിക്കുകയെന്നല്ല - അതിന് ഒരു വിപ്ലവം തന്നെ വേണമല്ലോ - നേരെമറിച്ചു, ഈ ബന്ധങ്ങള്‍ തുടര്‍ന്ന് നിലനിര്‍ത്തിക്കൊണ്ടുള്ള ഭരണപരിഷ്കാരങ്ങളാണ്; അതായത്, മൂലധനവും അദ്ധ്വാനവും തമ്മിലുള്ള ബന്ധങ്ങളെ ഒരു വിധത്തിലും ബാധിക്കാത്തതും, കവിഞ്ഞപക്ഷം ബൂര്‍ഷ്വാഗവണ്‍മെന്റിന്റെ ചെലവു ചുരുക്കുവാനും ഭരണ നിര്‍വ്വഹണ ജോലിയെ ലഘൂകരിക്കുവാനും മാത്രം ഉതകുന്നതുമായ പരിഷ്കാരങ്ങള്‍.
വെറുമൊരു അലങ്കാരശബ്ദമായി തീരുമ്പോള്‍ മാത്രമാണ്, ബൂര്‍ഷ്വാസോഷ്യലിസത്തിന് മതിയായ പ്രകടരൂപം ലഭിക്കുന്നത്.
സ്വതന്ത്രവ്യാപാരം - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി, സംരക്ഷണ ചുങ്കങ്ങള്‍ - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി, സംരക്ഷണ ചുങ്കങ്ങള്‍ - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി, ജയില്‍ പരിഷ്കാരം - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി. ഇതാണ് ബൂര്‍ഷ്വാസോഷ്യലിസത്തിന്റെ അവസാനവാക്ക്, കാര്യമായി പറഞ്ഞിട്ടുള്ള ഒരേയൊരു വാക്ക്.
ഇത് ഇങ്ങനെ ചുരുക്കിപ്പറയാം. ബൂര്‍ഷ്വാ ബൂര്‍ഷ്വയായിരിക്കുന്നത് - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനുവേണ്ടിയാണ്.
അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്.

നല്ല ശ്രമം.
ReplyDelete