11. വ്യാവസായിക വിപ്ലവത്തിന്റെയും സമൂഹം ബൂര്‍ഷ്വായും തൊഴിലാളിയുമായി വിഭജിക്കപ്പെട്ടതിനെയും അടിയന്തിര ഫലങ്ങള്‍ എന്തായിരുന്നു?
ഒന്നാമത്, യന്ത്രാദ്ധ്വാനം വ്യാവസായികോല്‍പ്പന്നങ്ങളുടെ വില നിരന്തരം കുറച്ചതുകൊണ്ട് കായികാദ്ധ്വാനത്തില്‍ അധിഷ്ഠിതമായ നിര്‍മ്മാണത്തൊഴിലിന്റെയോ വ്യവസായത്തിന്റെയോ പഴയ സമ്പ്രദായത്തിന് എല്ലാ രാജ്യങ്ങളിലും സമ്പൂര്‍ണ്ണനാശം സംഭവിച്ചു. ചരിത്രവികാസത്തില്‍ നിന്ന് ഇതേവരെ ഏറെക്കുറെ ഒറ്റപ്പെട്ട് നിന്നിരുന്നതും നിര്‍മ്മാണത്തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയ വ്യവസായത്തോട് കൂടിയതുമായ എല്ലാ അര്‍ദ്ധകിരാത രാജ്യങ്ങളും അങ്ങിനെ നിര്‍ബ്ബന്ധപൂര്‍വ്വം അവയുടെ ഏകാന്തതയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരപ്പെട്ടു. അവ ഇംഗ്ലീഷുകാരുടെ കുറഞ്ഞ ചരക്കുകള്‍ വാങ്ങുകയും സ്വന്തം നിര്‍മ്മാണത്തൊഴിലാളികളെ നശിക്കാനനുവദിക്കുകയും ചെയ്തു. പരസഹ്രസം വര്‍ഷങ്ങളായി വളര്‍ച്ച മുട്ടിക്കിടന്നിരുന്ന രാജ്യങ്ങള്‍ - ഉദാഹരണത്തിന് ഇന്ത്യ - അടിമുടി വിപ്ലവകരമായി മാറ്റപ്പെട്ടത് ഇങ്ങനെയാണ്. ചൈന പോലും ഇപ്പോള്‍ ഒരു വിപ്ലവത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ ഇന്ന് കണ്ടുപിടിച്ച ഒരു യന്ത്രം, ഒരു വര്‍ഷത്തിനുശേഷം ചൈനയിലെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ പിഴപ്പ് മുട്ടിക്കുമെന്ന സ്ഥിതിവിശേഷമാണിപ്പോള്‍ നിലനില്‍ക്കുന്നത്. ഇങ്ങനെ വന്‍കിട വ്യവസായം ലോകത്തുള്ള എല്ലാ ജനതകളേയും പരസ്പരം ബന്ധപ്പെടുത്തുകയും, ചെറിയ പ്രാദേശിക കമ്പോളങ്ങളെല്ലാം ഒരൊറ്റ ലോകകമ്പോളമായി ഒന്നിച്ച് ചേര്‍ക്കുകയും, എല്ലായിടത്തും നാഗരികതയ്ക്കും പുരോഗതിയ്ക്കും വഴി തെളിക്കുകയും ചെയ്തിരിക്കുന്നു. പരിഷ്കൃതരാജ്യങ്ങളില്‍ നടക്കുന്നതെന്തും മറ്റെല്ലാ രാജ്യങ്ങളിലും പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നു. ഉദാഹരണത്തിന് ഇംഗ്ലണ്ടിലേയോ, ഫ്രാന്‍സിലേയോ തൊഴിലാളികള്‍ ഇന്ന് മോചനം നേടുന്നപക്ഷം അത് മറ്റെല്ലാ രാജ്യങ്ങളിലും വിപ്ലവങ്ങള്‍ക്കിടവരുത്താതിരിക്കില്ല. അവ ഇന്നല്ലെങ്കില്‍ നാളെ അവിടങ്ങളിലെ തൊഴിലാളികളുടെയും മോചനത്തിന് വഴി തെളിക്കുന്നതാണ്.
രണ്ടാമത്, എവിടെയൊക്കെ വന്‍കിടവ്യവസായം നിര്‍മ്മാണത്തൊഴിലിന്റെ സ്ഥാനമെടുത്തുവോ, അവിടെല്ലാം വ്യാവസായികവിപ്ലവം ബൂര്‍ഷ്വാസിയുടെയും അതിന്റെ സമ്പത്തിനേയും അധികാരത്തേയും പരമാവധി വളര്‍ത്തുകയും അതിനെ ആ രാജ്യത്തിലെ ഒന്നാമത്തെ വര്‍ഗ്ഗമാക്കുകയും ചെയ്തു. ഇതു സംഭവിച്ചിടത്തെല്ലാം ബൂര്‍ഷ്വാസി രാഷ്ട്രീയാധികാരം സ്വന്തം കയ്യിലെടുക്കുകയും അതുവരെ ഭരണം നടത്തിയിരുന്ന വര്‍ഗ്ഗങ്ങളെ - പ്രഭുവര്‍ഗ്ഗത്തെയും, ഗില്‍ഡുകളില്‍ പെട്ട നഗരവാസികളെയും, ആ രണ്ടു കൂട്ടരെയും പ്രതിനിധാനം ചെയ്ത രാജവാഴ്ചയേയും - പുറത്താക്കുകയും ചെയ്തുവെന്നതാണ് ഇതില്‍ നിന്നുളവായ ഫലം. അവകാശ നിര്‍ണ്ണയമുള്ള ഭൂസ്വത്തുക്കള്‍, അഥവാ ഭൂസ്വത്തുക്കള്‍ വില്‍ക്കരുതെന്നുള്ള നിരോധനങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടും കുലീനവര്‍ഗ്ഗത്തിന്റെ വിശേഷാവകാശങ്ങള്‍ എടുത്തുകളഞ്ഞുകൊണ്ടുമാണ് ബൂര്‍ഷ്വാസി കുലീനവര്‍ഗ്ഗത്തിന്റെ, അതായത് പ്രഭുവര്‍ഗ്ഗത്തിന്റെ, അധികാരം തകര്‍ത്തെറിഞ്ഞത്. എല്ലാ ഗില്‍ഡുകളും കൈവേലക്കാരുടെ വിശേഷാവകാശങ്ങളും നിലനിര്‍ത്തിക്കൊണ്ടാണ് ബൂര്‍ഷ്വാസി ഗില്‍ഡുകളിലെ നഗരവാസികളുടെ അധികാരം തകര്‍ത്തത്. അവ രണ്ടിന്റെയും സ്ഥാനത്ത് അത് സ്വതന്ത്രമത്സരത്തെ - അതായത്, ഏത് വ്യവസായശാഖ വേണമെങ്കിലും നടത്തിക്കൊണ്ടുപോകുവാന്‍ അവകാശമുള്ളതും ആവശ്യമായത്ര മൂലധനത്തിന്റെ കുറവൊഴിച്ച് മറ്റൊന്നും തന്നെ അയാളെ ഇക്കാര്യത്തില്‍ തടസ്സപ്പെടുത്താത്തതുമായ ഒരു സാമൂഹ്യവ്യവസ്ഥയെ - ഏര്‍പ്പെടുത്തി. അതുകൊണ്ട് കൈവശമുള്ള മൂലധനം, അസമമായിടത്തോളം മാത്രമേ സമൂഹത്തിലെ അംഗങ്ങള്‍ തമ്മില്‍ അസമത്വമുണ്ടായിരിക്കൂ എന്നും, മൂലധനമാണ് നിര്‍ണ്ണായകശക്തിയെന്നും, അക്കാരണത്താല്‍ മുതലാളികള്‍ അഥവാ ബൂര്‍ഷ്വാസി സമൂഹത്തിലെ ഒന്നാമത്തെ വര്‍ഗ്ഗമായിക്കഴിഞ്ഞുവെന്നുമുള്ള ഒരു പരസ്യപ്രഖ്യാപനമാണ് സ്വതന്ത്രമത്സരത്തിന്റെ ഏര്‍പ്പെടുത്തല്‍. എന്നാല്‍ വന്‍കിട വ്യവസായത്തിന്റെ ആരംഭത്തില്‍ സ്വതന്ത്രമത്സരം കൂടിയേ തീരൂ. കാരണം, ആ സാമൂഹികവ്യവസ്ഥയില്‍ മാത്രമേ വന്‍കിടവ്യവസായത്തിന് വളരാനൊക്കൂ. അങ്ങിനെ പ്രഭുവര്‍ഗ്ഗത്തിന്റെയും ഗില്‍ഡുകളിലെ നഗരവാസികളേയും സാമൂഹ്യാധികാരം തകര്‍ത്തശേഷം ബൂര്‍ഷ്വാസി അവരുടെ രാഷ്ട്രീയാധികാരത്തേയും തകര്‍ത്തു. സമൂഹത്തിലെ ഒന്നാമത്തെ വര്‍ഗ്ഗമായിക്കഴിഞ്ഞതിനു ശേഷം ബൂര്‍ഷ്വാസി രാഷ്ട്രീയരംഗത്തും ഒന്നാമത്തെ വര്‍ഗ്ഗമാണെന്ന് സ്വയം പ്രഖ്യാപിച്ചു. പ്രാതിനിധ്യസമ്പ്രദായം ഏര്‍പ്പെടുത്തിക്കൊണ്ടാണ് അത് അങ്ങിനെ ചെയ്തത്. നിയമത്തിന്റെ മുന്നിലുള്ള ബൂര്‍ഷ്വാ അസമത്വത്തിലും സ്വതന്ത്ര മത്സരത്തിന്റെ നിയമപരമായ അംഗീകരണത്തിലും അധിഷ്ഠിതമായ പ്രസ്ടുതസമ്പ്രദായം യുറോപ്യന്‍ രാജ്യങ്ങളില്‍ നടപ്പില്‍ വരുത്തിയത് വ്യവസ്ഥാപിതരാജവാഴ്ചയുടെ രൂപത്തിലാണ്. ആ വ്യവസ്ഥാപിതരാജവാഴ്ചകളുടെ കീഴില്‍ കുറെ മൂലധനം കൈവശമുള്ളവര്‍ക്കു മാത്രമേ - അതായത് ബൂര്‍ഷ്വാകള്‍ക്ക് മാത്രമേ - വോട്ടവകാശമുള്ളൂ. ആ ബൂര്‍ഷ്വാ വോട്ടര്‍മാര്‍ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നു. ആ ബൂര്‍ഷ്വാ ജനപ്രതിനിധികള്‍ നികുതി ചുമത്താതിരിക്കാനുള്ള അവകാശമുപയോഗിച്ച് ബൂര്‍ഷ്വാ ഗവണ്‍മെന്റിന്റെ തിരഞ്ഞെടുക്കുന്നു.
മൂന്നാമത്, വ്യാവസായിക വിപ്ലവം ബൂര്‍ഷ്വാസിയെ വളര്‍ത്തിക്കൊണ്ടുവന്നിടത്തോളം തന്നെ തൊഴിലാളിവര്‍ഗ്ഗത്തിനേയും വളര്‍ത്തിക്കൊണ്ടുവന്നു. ബൂര്‍ഷ്വാസി ധനമാര്‍ജ്ജിക്കുന്തോറും തൊഴിലാളികള്‍ എണ്ണത്തില്‍ പെരുകി വന്നു. മൂലധനത്തിനു മാത്രമേ തൊഴിലാളികളെ പണിക്ക് വയ്ക്കുവാന്‍ കഴിയുകയുള്ളൂവെന്നതുകൊണ്ടും തൊഴിലാളികളെ പണിക്കു വെച്ചാല്‍ മാത്രമേ മൂലധനം വളരുകയുള്ളൂവെന്നത് കൊണ്ടും മൂലധനത്തിന്റെ വളര്‍ച്ചയുടെ തോതില്‍ത്തന്നെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും നടക്കുന്നു. അതോടൊപ്പം വ്യാവസായിക വിപ്ലവം ബൂര്‍ഷ്വാകളേയും തൊഴിലാളികളേയും, വ്യവസായം ഏറ്റവും ലാഭകരമായി നടത്തുവാന്‍ കഴിയുന്ന വലിയ പട്ടണങ്ങളിലേക്ക് ഒന്നിച്ചുകൊണ്ടുവരുന്നു. വമ്പിച്ച ജനസഞ്ചയങ്ങളെ ഇങ്ങനെ ഒരൊറ്റയിടത്ത് തടുത്തുകൂട്ടുന്നതുവഴി അത് തൊഴിലാളികളെ സ്വന്തം ശക്തിയെക്കുറിച്ച് ബോധവാന്മാരാക്കുന്നു. മാത്രമല്ല, വ്യാവസായികവിപ്ലവം വികസിച്ചുവരുന്തോറും, കായികാദ്ധ്വാനത്തെ പുറന്തള്ളുന്ന യന്ത്രങ്ങള്‍ കൂടുതല്‍ കൂടുതല്‍ കണ്ടുപിടിക്കുന്തോറും മുമ്പ് പറഞ്ഞതുപോലെ വന്‍കിടവ്യവസായം ഏറ്റവും താണ നിലവാരത്തിലേക്ക് കൂലി കുറച്ചുകൊണ്ടുവരികയും അങ്ങിനെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ സ്ഥിതി കൂടുതല്‍ കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു വശത്ത് തൊഴിലാളി വര്‍ഗ്ഗത്തിന്റെ അസംതൃപ്തി വര്‍ദ്ധിച്ചു വരുന്നതിനാലും മറുവശത്ത് അതിന്റെ ശക്തി വര്‍ദ്ധിച്ചു വരുന്നതിനാലും വ്യാവസായികവിപ്ലവം തൊഴിലാളിവര്‍ഗ്ഗത്താല്‍ നടത്തപ്പെടുന്ന ഒരു സാമൂഹ്യവിപ്ലവത്തിന്റെ കളമൊരുക്കുന്നു.
(അവസാനിച്ചിട്ടില്ല)
അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്
കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 2 || The Principles of Communism - 2
ReplyDeleteവ്യാവസായിക വിപ്ലവത്തിന്റെയും സമൂഹം ബൂര്‍ഷ്വായും തൊഴിലാളിയുമായി വിഭജിക്കപ്പെട്ടതിനെയും അടിയന്തിര ഫലങ്ങള്‍ എന്തായിരുന്നു?
തികച്ചും സന്ദർഭോചിതമായ സംരംഭം
ReplyDeleteഊഷ്മളാഭിവാദനങ്ങൾ