Saturday, November 21, 2009

Dialectics||വൈരുദ്ധ്യവാദം


ദാര്‍ത്ഥം നിലനില്‍ക്കുന്നതിന്റെ രൂപമാണ് ചലനമെന്നു നേരത്തെ നാം കണ്ടു. പ്രകൃതിയിലും സമുദായത്തിലും മനുഷ്യമനസ്സിലും എല്ലാം നാം ഈ ചലനം കാണുന്നു. ഈ ചലനത്തിന്റെ ഉത്ഭവസ്ഥാനമെന്താണ്? വെളിയിലുള്ള വല്ല ശക്തികളുടെയും പ്രവര്‍ത്തനം കൊണ്ടാണോ വസ്തുക്കള്‍ക്കും പ്രതിഭാസങ്ങള്‍ക്കും ചലനമുണ്ടാകുന്നത്? അല്ല, മറ്റുവല്ല കാരണവും കൊണ്ടാണോ?വൈരുദ്ധ്യവാദം ഇതിനൊക്കെ തൃപ്തികരമായ മറുപടി നല്‍കുന്നുണ്ട്. അതെന്താണെന്ന് നമ്മുക്ക് പരിശോധിക്കാം.വിപരീതങ്ങളുടെ പ്രവര്‍ത്തനം കൊണ്ടാണ് ചലനം അല്ലെങ്കില്‍ വികാസം ഉണ്ടാകുന്നത്. ശ്രദ്ധിച്ചു നോക്കിയാല്‍ എല്ലാ രംഗങ്ങളിലും ഇത് കാണാം. ഗണിതശാസ്ത്രത്തില്‍ കൂട്ടലും കിഴിക്കലും, യന്ത്രശാസ്ത്രത്തില്‍ ആഘാത പ്രത്യാഘാതങ്ങള്‍, ഊര്‍ജ്ജതന്ത്രത്തില്‍ വിദ്യുച്ഛക്തിയുടെ പോസിറ്റീവും നെഗറ്റീവും, രസതന്ത്രത്തില്‍ പരമാണുക്കളുടെ സംയോജന വിയോജനങ്ങള്‍, ശരീരശാസ്ത്രത്തില്‍ മസ്തിഷ്കത്തിലെ സംക്ഷോഭവിക്ഷോഭങ്ങള്‍, സാമൂഹികശാസ്ത്രത്തിലെ വര്‍ഗ്ഗസമരങ്ങള്‍. ഇവയെല്ലാം നടക്കുന്നത് വിരുദ്ധശക്തികളുടെ പ്രവര്‍ത്തനം മൂലമാണ്. എംഗല്‍സ് പറയുന്നത്, "ഒരു വസ്തു അതായിത്തന്നെ നിലനില്‍ക്കുന്നു. അതേ സമയത്ത് അത് ഇടവിടാതെ മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മാറ്റമില്ലായ്മ, മാറ്റം എന്നീ രണ്ടു വിരുദ്ധശക്തികളെ അതു ഉള്‍ക്കൊള്ളുന്നു. ഇങ്ങനെ ആ വസ്തുവില്‍ ഒരു വൈരുദ്ധ്യം അടങ്ങിയിരിക്കുന്നു"


വിപരീതങ്ങളുടെ സമരവും ഐക്യവുമാണ് വൈരുദ്ധ്യവാദത്തിലെ പ്രധാന നിയമം. അപ്പോള്‍ ഒരു ചോദ്യം സ്വാഭാവികമായും ഉണ്ടാകുന്നുണ്ട്. ഈ സമരവും ഐക്യവും എന്ന ധാരണയില്‍ ഏതിനാണ് പ്രാധാന്യം. ലെനിന്‍ ഇക്കാര്യത്തെക്കുറിച്ച് ഇപ്രകാരമാണ്, "വിരുദ്ധശക്തികളുടെ ഐക്യം സോപോധികവും താല്‍ക്കാലികവും ക്ഷണികവും ആപേക്ഷികവുമാണ്. പരസ്പരം വേറിട്ട് നില്‍ക്കുന്ന വിരുദ്ധശക്തികളുടെ സമരമാകട്ടെ ചലനവും വികാസവുമെന്ന പോലെ ശാശ്വതവുമാണ്". സമരം ശാശ്വതമായത് കൊണ്ട് ഒരു വസ്തുവും പ്രതിഭാസവും നിശ്ചലമാകുന്നില്ല. അവ എപ്പോഴും മാറിക്കൊണ്ടേയിരിക്കുന്നു. അപ്പോള്‍ വിപരീതങ്ങളുടെ സമരമാണ് പ്രകൃതിയിലും സമൂഹത്തിലും ചിന്തയിലും മാറ്റങ്ങള്‍ വരുത്തുന്നത്.

ഈ വിപരീതങ്ങള്‍ വേര്‍തിരിഞ്ഞല്ല നിലനില്‍ക്കുന്നത്. അവ ഒത്തുചേര്‍ന്നാണ് നില്‍ക്കുന്നത്. മുതലാളിത്ത സമുദായം നോക്കിയാല്‍ അതില്‍ മുതലാളി വര്‍ഗ്ഗവും തൊഴിലാളി വര്‍ഗ്ഗവും ഉള്ളതായി കാണാം. വിപരീത താല്പര്യത്തോടെയാണവര്‍ പ്രവര്‍ത്തിക്കുന്നത്. എങ്കിലും ഒരു താല്‍ക്കാലിക ഐക്യമുണ്ടാക്കി അവര്‍ പ്രവര്‍ത്തിക്കുന്നു. ഇതുപോലെ തന്നെയാണ് ഓരോ വസ്തുവിലും പ്രതിഭാസത്തിലും വിപരീതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിപരീതങ്ങളുടെ ഐക്യവും സമരവും ഒരുപോലെ തുടരുന്നു. ഈ സംഘട്ടനമാണ് വികാസത്തിന് കാരണം. വികാസമെന്നത് വിരുദ്ധശക്തികളുടെ സമരമാണെന്ന് ലെനിന്‍ പറഞ്ഞത് ഇവിടെ സ്മരണീയമാണ്.

ഇനി നമ്മുക്ക് മാറ്റത്തിന്റെ രണ്ടാമത്തെ നിയമത്തിലേക്ക് കടക്കാം. അളവില്‍ ഉണ്ടാകുന്ന മാറ്റം ഗുണത്തില്‍ മാറ്റമുണ്ടാക്കുന്നുവെന്നതാണ് ആ നിയമം. ഏതെങ്കിലും ഒരു വസ്തുവിനെയോ, പ്രതിഭാസത്തിനെയോ ഇതര വസ്തുക്കളില്‍ നിന്നും വ്യത്യസ്തമായി കാണിക്കുന്ന സ്വഭാവസവിശേഷതകളുടെ ആകെത്തുകയെയാണ് ഗുണം എന്നു പറയുന്നത്. സ്വയമേവ നിലനില്‍ക്കുന്ന ഗുണങ്ങള്‍ ഒരിടത്തുമില്ല. എല്ലാ വസ്തുക്കള്‍ക്കും, പ്രതിഭാസങ്ങള്‍ക്കും എന്തെങ്കിലും തരത്തിലുള്ള ഗുണം ഉണ്ടാകും. ഗുണവും അളവും തമ്മില്‍ വളരെയേറെ ബന്ധമുണ്ട്. വെള്ളം തിളപ്പിക്കുമ്പോള്‍ നമ്മുക്ക് മനസ്സിലാകും, 100 ഡിഗ്രി സെല്‍ഷ്യസ് വരെ, വെള്ളത്തിന്റെ ഗുണത്തില്‍ പ്രകടമായ മാറ്റം വരുന്നില്ല. നൂറ് ഡിഗ്രി ആയാല്‍ വെള്ളം തിളയ്ക്കുന്നു, ആവിയാകുന്നു, വെള്ളമല്ലാതാകുന്നു. വെള്ളത്തിനു വന്ന ഗുണാത്മകമായ മാറ്റമാണ് നാമിവിടെ കാണുന്നത്. ഇതുപോലെ നിത്യജീവിതത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ കാണാം, അളവ് ഗുണമായി മാറുക മാത്രമല്ല ചെയ്യുന്നത്. ഗുണം അളവായി മാറുന്നുണ്ട് എന്നതുമോര്‍ക്കണം. വികാസത്തിന്റെ സാര്‍വ്വത്രികമായ നിയമമാണിത്. ഗുണം കൂടിയ വിത്തുപയോഗിച്ച് കൃഷി ചെയ്താല്‍ വിളവും കൂടുതലാകുമെന്ന കാര്യം കൃഷിക്കാര്‍ക്കെല്ലാമറിയാം.

അളവിലുണ്ടാകുന്ന മാറ്റം ഗുണത്തില്‍ മാറ്റം വരുത്തുന്നുവെന്ന് പറഞ്ഞതുകൊണ്ടുമാത്രമായില്ല. ഈ മാറ്റം ആദ്യം അദൃശ്യമായും മന്ദഗതിയിലുമാണ് നടക്കുന്നത്. എന്നാല്‍ ഈ വിധത്തിലുള്ള മാറ്റങ്ങള്‍ കൂടിക്കൂടി വന്നു. ഒരു നിശ്ചിതഘട്ടത്തില്‍ എത്തുമ്പോള്‍ ഒരു സ്ഥിതിവിശേഷത്തില്‍ നിന്ന് മറ്റൊരു പുതിയ സ്ഥിതിവിശേഷത്തിലേക്കുള്ള കുതിച്ചുചാട്ടമാണ് നടക്കുന്നത്. ഉദാഹരണത്തിന് മനുഷ്യന്റെ ആവിര്‍ഭാവം തന്നെയെടുക്കാം, അതൊരു കുതിച്ചു ചാട്ടം തന്നെയായിരുന്നു. പ്രാണിലോകത്തിന്റെ വികാസക്രമത്തിലെ മൗലികമായ ഒരു വ്യത്യാനമായിരുന്നു അത്. സാമൂഹികവിപ്ലവങ്ങള്‍ നടക്കുന്നതുമിപ്രകാരമാണ്. സാമൂഹ്യഘടനയില്‍ വിപ്ലവം എന്ന് വെച്ചാല്‍ ഗുണപരമായ സമൂഹമാറ്റം എന്നുതന്നെയാണ് അര്‍ത്ഥം. മുതലാളിത്ത സമൂഹത്തില്‍ നടക്കുന്ന വിപ്ലവം സോഷ്യലിസ്റ്റ് സമൂഹത്തിന് വഴിയൊരുക്കുന്നത് ഒരു ഉദാഹരണമാണ്. വെറും മന്ദഗതിയിലുള്ള പരിഷ്കാരം കൊണ്ടുമാത്രം ഇതു നടക്കില്ല.

മൂന്നാമത്തെ നിയമത്തെ നിഷേധത്തിന്റെ നിഷേധം എന്നാണ് സാധാരണയായി പറയാറുള്ളത്. താഴ്ന്ന നിലവാരത്തില്‍ നിന്നുമുയര്‍ന്ന നിലവാരത്തിലേക്കും, ലളിതത്തില്‍ നിന്നും സങ്കീര്‍ണ്ണതയിലേക്കുമുള്ള മാറ്റത്തിന്റെ നിയമമെന്ന് നമ്മുക്കിതിനെ വിശദീകരിക്കാം. മാറ്റം, വികാസം‌ എന്നെല്ലാം പറഞ്ഞാല്‍ വളരെയേറെ അവ്യക്തമായ ധാരണകളാണ് നമ്മില്‍ ഉളവാക്കുന്നത്. വെറും ആവര്‍ത്തനം മാത്രമാണോ ഇതിന്റെ അര്‍ത്ഥം? ഇതിലെന്ത് പുതുമയാണുള്ളത്? തികച്ചും ന്യായമായ ഈ ചോദ്യങ്ങള്‍ക്ക്, നിഷേധത്തിന്റെ നിഷേധ നിയമം ഉത്തരം തരുന്നുണ്ട്.

"നിലനില്പിന്റെ പഴയ രൂപത്തെ നിഷേധിച്ചുകൊണ്ടല്ലാതെ, ഒരിടത്തും യാതൊരുതരത്തിലുമുള്ള വികാസം സംഭവിക്കുന്നില്ല", കാള്‍ മാര്‍ക്സ് പറഞ്ഞതാണിത്. വിപരീതങ്ങളുടെ ഐക്യവും സമരവും എന്ന നിയമം പ്രവര്‍ത്തിക്കുന്നതിന്റെ അനിവാര്യഫലമാണ് പുതിയ ഗുണം പഴയതിനെ നിഷേധിച്ചുകൊണ്ട് കടന്നുവരുന്നത്. ഉദാഹരണത്തിന്, ഒരു വിത്തില്‍ നിന്നും ചെടിയുണ്ടാകുന്നു. ചെടിയുണ്ടാകുമ്പോഴേക്കും ആ ചെടിക്കാധാരമായ വിത്ത് നശിച്ചു കഴിഞ്ഞിരിക്കും. ആ ചെടി കായ്കുന്നതോടെ പുതിയ ധാരാളം വിത്തുകളുണ്ടാകും. പക്ഷെ, അവിടെ ഒരു മാറ്റം ഉണ്ടെന്നോര്‍ക്കണം. പുതിയ ധാരാളം വിത്തുണ്ടാകുമ്പോഴേക്കും ആ ചെടി നശിക്കും, നിഷേധിക്കപ്പെടും. അങ്ങനെ നിഷേധത്തിന്റെ നിഷേധം കൊണ്ടുണ്ടാകുന്ന പുതിയ വിത്തുകള്‍ ഒരിക്കലും പഴയ വിത്തല്ല. എണ്ണത്തിലും ഗുണത്തിലും മാറ്റം വന്ന വിത്തുകളാണവ.

നിഷേധമെന്നത് കൊണ്ട് പഴയതിന്റെ നാശം എന്ന് മാത്രമാണെന്ന് ധരിക്കരുത്. പഴയവികാസഘട്ടങ്ങളിലെ നല്ല ഘടകങ്ങളെ നിലനിര്‍ത്തുകയും കൂടെ ചെയ്യുന്നുണ്ട്. മുതലാളിത്ത സമൂഹത്തെത്തന്നെ നമ്മുക്ക് അപഗ്രഥിക്കാം. മുതലാളിത്തത്തെ നിഷേധിക്കുന്നു എന്നതിന്റെ അര്‍ത്ഥം, ആ സമൂഹത്തില്‍ മനുഷ്യന്‍ സൃഷ്ടിച്ചതെല്ലാം നശിപ്പിക്കപ്പെടുമെന്നാണോ? ഒരിക്കലുമല്ല. ഉല്പാദനശക്തികള്‍, ഉല്പാദനസാമഗ്രികള്‍, ശാസ്ത്രസിദ്ധികള്‍, ഭൗതികനേട്ടങ്ങള്‍, സാംസ്കാരിക സമ്പത്ത് തുടങ്ങിയ എല്ലാം നിലനിര്‍ത്തുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ആ അടിസ്ഥാനത്തില്‍ നോക്കുമ്പോ‌ള്‍ നിഷേധത്തിന്റെ നിഷേധത്തില്‍ അനുസ്യൂതത്വം കൂടിയുണ്ടെന്ന കാര്യം കാണാവുന്നതാണ്.

സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ നോക്കുക. പ്രാചീനദശയില്‍ കല്ലും വില്ലുമായിരുന്നു മനുഷ്യന്റെ പണിയായുധങ്ങള്‍. എന്നാല്‍ ഇന്നവന്റേത് ആറ്റം പിളര്‍ന്നുകൊണ്ടുള്ള പണിയായുധങ്ങളാണ്. താഴ്ചയില്‍ നിന്ന് ഉയര്‍ച്ചയിലേക്കും, ലാളിത്യത്തില്‍ നിന്ന് സങ്കീര്‍ണ്ണതയിലേക്കും, കടന്നുചാടിയതിന്റെ ഉദാഹരണമാണിത്. അജൈവ വസ്തുക്കളില്‍ നിന്ന് രാസപരിണാമത്തിന്റെ ഫലമായി ജൈവവസ്തുക്കളുന്റായതും, പ്രകൃതിയിലെ മറ്റുദാഹരണമാണ്. കമ്മ്യൂണിസത്തിന്റെ ആദിമദശയില്‍ ഉണ്ടായത് പ്രാകൃത കമ്മ്യൂണിസമാണ്. അന്ന് പൊതുവുടമയായിരുന്നു.അതായത് സമൂഹത്തിലെ അംഗങ്ങളെല്ലാവരും സമ്പത്തിന്റെ ഉടമകളായിരുന്നുവെന്നര്‍ത്ഥം. സ്വത്തുള്ളവനും ഇല്ലാത്തവനും എന്ന വ്യത്യസ്തനില ആദിമമനുഷ്യന്‍ അറിഞ്ഞിരുന്നില്ല. മാനവരാശിയുടെ പുരോഗമനത്തിന് അനിവാര്യമെന്ന നിലയില്‍, സ്വകാര്യസ്വത്തോട് കൂടിയ സാമൂഹികക്രമമാണ് പിന്നീടുണ്ടായത്. ഇന്നിപ്പോള്‍ അതും നിഷേധിക്കപ്പെടുകയാണ്. തല്‍സ്ഥാനത്ത് ഉയര്‍ന്നുവരുന്നത് ശാസ്ത്രീയ കമ്മ്യൂണിസമാണ്. മനുഷ്യനിതുവരെ ആര്‍ജ്ജിച്ച എക്കാ സംസ്കാരസിദ്ധികളും നിലനിര്‍ത്തിക്കൊണ്ടുള്ള പുതിയ പൊതുവുടമ ഭൂസമ്പ്രദായം ലാളിത്യത്തില്‍ നിന്നും സങ്കീര്‍ണ്ണതയിലേക്ക് എത്തിയ വികാസത്തിന്റെ മറ്റൊരു ഉദാഹരണമാണ്.

വൈരുദ്ധ്യവാദത്തിന്റെ പ്രധാന നിയമങ്ങളെക്കുറിച്ചാണ് നാമിതുവരെ ചര്‍ച്ച ചെയ്തത്. പ്രകൃതിയില്‍ കാണുന്ന എല്ലാ വസ്തുക്കള്‍ക്കും, പ്രതിഭാസങ്ങള്‍ക്കും തമ്മില്‍ പരസ്ബപരന്ധമുണ്ട്. ഒറ്റപ്പെട്ടു നില്‍ക്കുന്ന യാതൊന്നും ഈ ലോകത്തില്‍, പ്രപഞ്ചത്തില്‍, ഇല്ലായെന്നതാണ് വൈരുദ്ധ്യവാദത്തിന്റെ പ്രധാനതത്വം. ഭൗതികവസ്തുക്കളും, ആശയങ്ങളും, സാമൂഹ്യസ്ഥാപനങ്ങളുമെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ശാസ്ത്രവിജ്ഞാനം വളര്‍ന്നുവരുന്തോറും ഈ ബന്ധങ്ങളെക്കുറിച്ച് നമ്മുക്ക് കൂടുതല്‍ മനസ്സിലാക്കുവാന്‍ കഴിയുന്നു. അതുപോലെ തന്നെ പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകുന്തോറും മേല്‍പറഞ്ഞ ചലന നിയമങ്ങള്‍, സത്യമാണെന്ന് വൈരുദ്ധ്യവാദം അംഗീകരിക്കാത്ത ശാസ്ത്രജ്ഞന്മാര്‍ പോലും അംഗീകരിക്കുന്നു. ഈ നിയമങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ സാര്‍വ്വത്രികമായ സ്വഭാവമുണ്ട്. മാര്‍ക്സും, എംഗല്‍സും വൈരുദ്ധ്യവാദത്തെ വെറുമൊരു സിദ്ധാന്തം എന്ന നിലയ്ക്കല്ല കണ്ടത്. അതു ജ്ഞന സമ്പാദനത്തിനുള്ള മാര്‍ഗ്ഗവും പ്രവര്‍ത്തനത്തിനുള്ള വഴികാട്ടിയുമാണെന്നവര്‍ വ്യക്തമാക്കി. വളര്‍ച്ചയുടെ പൊതുനിയമങ്ങളെക്കുറിച്ചുള്ള ജ്ഞാനം ഭൂതകാലത്തെ വിശകലനം ചെയ്യുവാനും,ഭാവിയെ മുന്‍കൂട്ടിക്കാണുവാനുമുള്ള കഴിവുമുണ്ടാകുമെന്ന് അവര്‍ കണ്ടുപിടിച്ചു. മുതലാളിത്ത വ്യവസ്ഥയുടെ ഉല്‍ഭവത്തെക്കുറിച്ചും, വളര്‍ച്ചയെക്കുറിച്ചും നാശത്തെക്കുറിച്ചും ആത്മവിശ്വാസത്തോടെ അവര്‍ക്ക് പറയുവാന്‍ കഴിഞ്ഞത് അക്കാരണത്താലാണ്.

മൂലാധാരം: എന്താണ് മാര്‍ക്സിസം? - എന്‍.ഇ.ബാലറാം

ബന്ധപ്പെട്ട വായന:
 1. വൈരുദ്ധ്യാത്മക ഭൗതികവാദം - വിക്കിപ്പീഡിയ
 2. വൈരുദ്ധ്യാത്മക വാദം - വിക്കിപ്പീഡിയ
 3. ഭൗതികവാദം
 4. Dialectics for Kids

7 comments:

 1. Dialectics||വൈരുദ്ധ്യവാദം - ഒരു ലേഖനം

  ReplyDelete
 2. നല്ല സംരംഭം. തുടരുക..

  ReplyDelete
 3. ഇത് ഒരു മാതിരി ശങ്കരാടിയുടെ ക്ലാസ്സ്‌ അറ്റന്‍ഡ് ചെയ്ത പോലെ ആയിപ്പോയി... ഒന്നും മനസ്സിലായില്ല. സത്യത്തില്‍ എന്താ ഉദ്ദേശിച്ചത്?


  Jus kiddin.. :) At least u ppl represent a rare breed which is very much needed in de present day...

  ReplyDelete
 4. ചുരുക്കി പറഞ്ഞാല്‍ പിണറായി രാജി വെക്കേണ്ട എന്നല്ലേ...? അച്ചുമ്മാന്‍ 5 കൊല്ലം തികയ്ക്കണം എന്നു കൂടി ഇത് പോലെ വ്യക്തമായി പറയണമായിരുന്നു. പിന്നെ ഈ പറഞ്ഞ dialetics എന്നത് diarrhea പോലെ ഒരു രോഗം അല്ലേ? കഴിഞ്ഞ ആഴ്ചത്തെ ഹൌറ എക്സ്പ്രസ്സ്‌ പിടിച്ചു കൊല്കത്തയിലേക്ക് പോകുന്നത് കണ്ടെന്നു മനോരമ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ശ്രീമതി ടീച്ചര്‍ ഒട്ടും സമ്മതിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അവിടെ ബിമന്‍ ബോസ് അങ്കിളിനെ കാണാന്‍ അപ്പോയിന്റ്മെന്റ് എടുത്തിട്ടുണ്ടത്രേ. എന്താവുമോ എന്തോ?

  ReplyDelete
 5. so the conclusion is ??????
  sorry for me communism is helping the poor , fighting aganist corruption, fighting aganist mis use of land, water and other natural resources by big corporates. fight agnist the religious fanatics, and crooks , for me its very simples as that. communism is for justice and freedom.what you written may be correct but all those big thoughts are invalid if we cant help oridinary people . ideology and principles are good but neverthless useless if it dosent help any one from problems

  ReplyDelete
 6. @ജനശക്തി

  ലേഖനം വായിക്കുകയും അഭിപ്രായം പറയുകയും ചെയ്തതിന് നന്ദി രേഖപ്പെടുത്തുന്നു.

  @ശാശ്വത്

  പിണറായി രാജി വയ്ക്കണ്ടായെന്നോ മറ്റോ ഈ ലേഖനത്തില്‍, ലേഖകന്‍ (ഞാനല്ല ഇതിന്റെ യഥാര്‍ത്ഥ ലേഖകന്‍) ഉദ്ദേശിച്ചുണ്ടോയെന്നറിയില്ല. എന്റെ വായനയില്‍ അങ്ങനെയൊരര്‍ത്ഥം ശ്രദ്ധിക്കപ്പെട്ടില്ല. നിങ്ങള്‍ അങ്ങനെ കണ്ടെങ്കില്‍ ദയവായി പറഞ്ഞു തരിക.

  @വിനോദ് നായര്‍,

  ഉപസംഹരിക്കാന്‍ ഈ ലേഖന പരമ്പര തുടങ്ങിയിട്ടല്ലേയുള്ളൂ? പകുതി വരെയെങ്കിലുമാകട്ടെ, എന്നിട്ട് നമ്മുക്ക് ഉപസംഹരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം. :)

  ReplyDelete
 7. എന്റെ രണ്ടാമത്തെ കമെന്റിന്റെ യഥാര്‍ത്ഥ അര്‍ഥം, അത് ആരെ ഉദ്ദേശിച്ചാണെന്ന് താങ്കള്‍ക്കു മനസ്സിലായില്ല. ഇവിടത്തെ ചില ബുദ്ധിജീവികള്‍ ഇത് വായിച്ചാല്‍ ഉണ്ടാകുന്ന ആദ്യത്തെ ചിന്ത ഞാനൊന്ന് visualize ചെയ്തെന്നേ ഉള്ളൂ. അത് മുഴുവനായി (വ്യക്തമായി) പോസ്റ്റ്‌ ചെയ്യാന്‍ പറ്റിയില്ല. നിര്‍വ്യാജം ഖേദിക്കുന്നു.

  ReplyDelete

Rate this post

About Me

My photo
Omnipresent. ഞങ്ങളെ എല്ലാവര്‍ക്കുമറിയാം. ഞങ്ങളാരെന്നും, ഞങ്ങളുടെ രാഷ്ട്രീയമെന്തെന്നും എല്ലാം. അത് തന്നെയാണ് ഞങ്ങളുടെ ശാപവും. ഞങ്ങളുടെ അഭിപ്രായങ്ങളെ ആ ഒരു ജാലകത്തില്‍ കൂടി മാത്രം കാണുവാനും വിമര്‍ശിക്കുവാനും തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഒളിച്ചോടി. ഇപ്പോള്‍ ഇവിടെ പൊങ്ങുന്നു.

Followers

Counted!

free web counter
Creative Commons License ബീഫ് ഫ്രൈ || b33f fry by ബീഫ് ഫ്രൈ is licensed under a Creative Commons Attribution 2.5 India License. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ താള്‍ നോക്കുക.