1. പിന്തിരിപ്പന് സോഷ്യലിസം
1.a ഫ്യൂഡല്‍ സോഷ്യലിസം
ചരിത്രപരമായ തങ്ങളുടെ സവിശേഷ സ്ഥാനം കാരണം, ആധുനിക ബൂര്‍ഷ്വാ സമൂഹത്തിനെതിരായ ലഘുലേഖകള്‍ എഴുതുക എന്നത് ഫ്രാന്‍സിലേയും ഇംഗ്ലണ്ടിലേയും പ്രഭുക്കന്മാരുടെ ജോലിയായിത്തീര്‍ന്നു. 1830 ജൂലൈ മാസത്തില്‍ നടന്ന ഫ്രഞ്ചുവിപ്ലവത്തിലും, ഇംഗ്ലണ്ടിലെ ഭരണപരിഷ്കാര പ്രക്ഷോഭത്തിലും ഈ പ്രഭുക്കന്മാര് വെറുക്കപ്പെട്ട പുത്തന്‍പണക്കാരുടെ മുന്നില്‍ വീണ്ടും മുട്ടുകുത്തി. അതോടുകൂടി ഗൗരവത്തോടുകൂടിയ ഒരു രാഷ്ട്രീയസമരം ഇനി തീരെ സാദ്ധ്യമല്ലെന്ന് വന്നു. ഈ സാഹിത്യപ്പോരാട്ടം മാത്രമേ ഇനി സാദ്ധ്യമായിരുന്നുള്ളൂ. എന്നാല്‍ സാഹിത്യരംഗത്ത് പോലും 'റെസ്റ്റോറേഷന് കാലഘട്ടത്തിലെ' പഴയ മുറവിളി സാദ്ധ്യമല്ലാതായിരുന്നു.
അനുകമ്പയുണര്‍ത്തുവാന്‍ വേണ്ടി സ്വന്തം താല്പര്യങ്ങളെ അവഗണിക്കുന്നതായും ചൂഷിതരായ തൊഴിലാളിവര്‍ഗ്ഗത്തിന്റെ മാത്രം താല്പര്യം മുന്‍നിര്‍ത്തി ബൂര്‍ഷ്വാസിക്കെതിരയ കുറ്റപത്രം തയ്യാറാക്കുന്നതായും ഭാവിക്കുവാന്‍ പ്രഭുവര്‍ഗ്ഗം നിര്‍ബ്ബന്ധിതമായി. അങ്ങനെ തങ്ങളുടെ പുതിയ യജമാനനെപ്പറ്റി പരിഹാസപ്പാട്ട് പാടിക്കൊണ്ടും ആസന്നമായ വിപത്തിനെക്കുറിച്ച് അയാളുടെ ചെവിയില്‍ ദുരുദ്ദേശപൂര്‍ണ്ണമായ പ്രവചനങ്ങള്‍ മന്ത്രിച്ചുകൊണ്ടും പ്രഭുവര്‍ഗ്ഗം പക വീട്ടുവാന് തുടങ്ങി.
ഇങ്ങനെയാണ് ഫ്യൂഡല്‍ സോഷ്യലിസം ആവിര്‍ഭവിച്ചത്. അത് പകുതി വിലാപമാണ്, പകുതി പരിഹാസമാണ്, പകുതി ഭൂതകാലത്തിന്റെ പ്രതിദ്ധ്വനിയാണ്, പകുതി ഭാവിയെപ്പറ്റിയുള്ള ഭീഷണിയും, ചിലപ്പോഴൊകെ അത് അതിന്റെ രൂക്ഷവും സരസവും മൂര്‍ച്ചയേറിയതുമായ വിമര്‍ശനം വഴി ബൂര്‍ഷ്വാസിയുടെ ഹൃദയത്തിന്റെ മര്‍മ്മത്തില്‍ത്തന്നെ ആഞ്ഞടിക്കുന്നുണ്ടെങ്കിലും, ആധുനിക ചരിത്രത്തിന്റെ ഗതി മനസ്സിലാക്കുവാനുള്ള തികഞ്ഞ കഴിവുകേട് നിമിത്തം അത് ഫലത്തില്‍ എന്നും പരിഹാസ്യമായിരുന്നു.
ജനങ്ങളെ സ്വന്തം ഭാഗത്ത് അണിനിരത്തുവാന്‍ വേണ്ടി പ്രഭുവര്‍ഗ്ഗം പിച്ചപ്പാളയാണ് പതാകയ്ക്ക് പകരം മുമ്പില്‍ പിടിച്ചത്. പക്ഷെ, ജനങ്ങള്‍ അവരുടെ കൂടെ ചേര്‍ന്നപ്പോഴെല്ലാം നാടുവാഴിപ്രഭുത്വത്തിന്റെ പഴയ കുലചിഹ്നങ്ങള്‍ അവരുടെ പിന്നാമ്പുറത്ത് കാണുകയാല്‍, തീരെ അനാദരവോടെ ഉറക്കെച്ചിരിച്ചു കൊണ്ടവരെ ഉപേക്ഷിക്കുകയാണുണ്ടായത്.
ഫ്രഞ്ച് 'ലെജിറ്റിമിസ്റ്റുകാരില്‍' ഒരു വിഭാഗവും, 'യങ്ങ് ഇംഗ്ലണ്ട്' കക്ഷിക്കാരും ഈ കാഴ്ച പ്രദര്‍ശിപ്പിച്ചു.
തങ്ങളുടെ ചൂഷണരീതി ബൂര്‍ഷ്വാസിയുടേതില്‍ നിന്ന് വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍, തികച്ചും വ്യത്യസ്തവും, ഇന്ന് കാലഹരണം വന്നിട്ടുള്ളതുമായ സാഹചര്യങ്ങളിലും പരിതഃസ്ഥിതികളിലുമാണ് തങ്ങള്‍ ചൂഷണം നടത്തിയിരുന്നതെന്ന് ഫ്യൂഡലുകള്‍ വിസ്മരിക്കുന്നു. തങ്ങളുടെ ഭരണത്തിന്‍കീഴില്‍ ആധുനിക തൊഴിലാളിവര്‍ഗ്ഗം ഒരിക്കലുമുണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍ സാമൂഹ്യക്രമത്തിന്റെ അവശ്യസന്തതയാണ് ആധുനിക ബൂര്‍ഷ്വാസിയെന്ന് അവര്‍ വിസ്മരിക്കുന്നു.
ഇത്രയും കഴിഞ്ഞാല്‍പ്പിന്നെ, അവരുടെ വിമര്‍ശനത്തിന്റെ പിന്തിരിപ്പന് സ്വഭാവത്തെ അവര്‍ വളരെക്കുറച്ച് മാത്രമെ മറച്ച് വയ്ക്കുന്നുള്ളൂ. പഴയ സാമൂഹ്യക്രമത്തെ വേരോടെ പിഴുതെറിയുവാന്‍ വിധിക്കപ്പെട്ട ഒരു വര്‍ഗ്ഗം ബൂര്‍ഷ്വാ ഭരണത്തിന്‍കീഴില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്നുള്ളതാണ് ബൂര്‍ഷ്വാസിയുടെ പേരിലുള്ള അവരുടെ മുഖ്യമായ ആരോപണം.
ഒരു തൊഴിലാളി വര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നുവെന്നതിലധികം വിപ്ലവകാരിയായ ഒരു തൊഴിലാളിവര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നുവെന്നതിനാണ് അവര്‍ ബൂര്‍ഷ്വാസിയെ പഴിക്കുന്നത്.
അതുകൊണ്ട്, പ്രായോഗികരാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അവര്‍ തൊഴിലാളി വര്‍ഗ്ഗത്തിനെതിരായ എല്ലാ മര്‍ദ്ദന നടപടികളോടും കൂട്ട് നില്ക്കുന്നു. അവര്‍ വീമ്പിളക്കുന്നത് എന്ത് തന്നെയായാലും, നിത്യ ജീവിതത്തില്‍ അവര്‍ വ്യവസായ വൃക്ഷത്തില്‍ നിന്ന് ഉതിര്‍ന്ന് വീഴുന്ന സ്വര്‍ണ്ണഫലങ്ങള്‍ പെറുക്കിയെടുക്കുവാനും കമ്പിളിയുടെയും പഞ്ചസാരയുടെയും വാറ്റ് ചാരായത്തിന്റെയും വ്യാപരത്തിനായി സത്യവും സ്നേഹവും മാനവും വില്ക്കുവാന് മടിക്കുന്നില്ല.
പുരോഹിതന് എന്നും ജന്മിയുടെ കൈ കോര്‍ത്തുപിടിച്ചു നടന്നിട്ടുള്ളപോലെ തന്നെ, പൗരോഹിത്യ സോഷ്യലിസം എന്നും ഫ്യൂഡല്‍ സോഷ്യലിസത്തിന്റെ കൂടെയാണ്.
സോഷ്യലിസ്റ്റ് സാഹിത്യവും കമ്മ്യൂണിസ്റ്റ് സാഹിത്യവും
കൃസ്ത്യന്‍ സന്യാസത്തിന് ഒരു സോഷ്യലിസ്റ്റ് നിറം കൊടുക്കുന്നതിലും എളുപ്പമായി മറ്റൊന്നില്ല. കൃസ്തുമതം സ്വകാര്യസ്വത്തിനേയും വിവാഹത്തിനെയും ഭരണകൂടത്തേയും അധിക്ഷേപിച്ചിട്ടില്ലേ? ഇവയ്ക്ക് പകരം ദാനധര്‍മ്മാദികളും ദരിദ്രജീവിതവും ബ്രഹ്മചര്യവും ഇന്ദ്രിയനിഗ്രഹവും ആശ്രമവൃത്തിയും തിരുസഭാമാതാവും വേണമെന്ന് അത് പ്രസംഗിച്ചിട്ടില്ലേ? പ്രഭുവിന്റെ ഹൃദയവേദനകളെ ശുദ്ധീകരിക്കുവാന്‍ പുരോഹിതന് തളിക്കുന്ന തീര്‍ത്ഥജലം മാത്രമാണ് കൃസ്ത്യന്‍ സോഷ്യലിസം.
അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്

സോഷ്യലിസ്റ്റ് സാഹിത്യവും കമ്മ്യൂണിസ്റ്റ് സാഹിത്യവും || Socialist and Communist Literature
ReplyDelete1. പിന്തിരിപ്പന് സോഷ്യലിസം
1.a ഫ്യൂഡല്‍ സോഷ്യലിസം