Monday, November 1, 2010

നിലവിലുള്ള വിവിധ പ്രതിപക്ഷപാര്‍ട്ടികളോടുള്ള കമ്മ്യൂണിസ്റ്റുകാരുടെ നിലപാട് || Position of the Communists in Relation to the Various Existing Opposition Parties

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ നാലാം അദ്ധ്യായത്തിലെ ഒരു ഭാഗമാണിത്. യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എഴുതിയിട്ടുണ്ട്.]

ഇംഗ്ലണ്ടിലെ ചാര്‍ട്ടിസ്റ്റ് പ്രസ്ഥാനക്കാര്‍, അമേരിക്കയിലെ കാര്‍ഷികപരിഷ്കരണവാദികള്‍ തുടങ്ങിയ നിലവിലുള്ള തൊഴിലാളി വര്‍ഗ്ഗപ്പാര്‍ട്ടികളും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള ബന്ധം രണ്ടാം അദ്ധ്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തൊഴിലാളി വര്‍ഗ്ഗത്തിന്റെ അടിയന്തിരലക്ഷ്യങ്ങള്‍ നേടുവാനും അവരുടെ താല്‍ക്കാലിക താല്പര്യങ്ങള്‍ നടപ്പിലാക്കുവാനും വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ പൊരുതുന്നു. എന്നാല്‍ വര്‍ത്തമാനകാലത്തെ പ്രസ്ഥാനത്തില്‍, ആ പ്രസ്ഥാനത്തിന്റെ ഭാവിയേയും അവര്‍ പ്രതിനിധാനം ചെയ്യുകയും കാത്തുരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഫ്രാന്‍സില്‍ യാഥാസ്ഥിതികരും സമൂലപരിവര്‍ത്തനവാദികളുമായി ബൂര്‍ഷ്വാസിക്കെതിരായി കമ്മ്യൂണിസ്റ്റുകാര്‍ സോഷ്യല്‍ ഡെമോക്രാറ്റുകക്ഷിയുമായി സഖ്യമുണ്ടാക്കുന്നു. പക്ഷെ, മഹത്തായ ഫ്രഞ്ചു വിപ്ലവത്തിന്റെ പൈതൃകമെന്നോണം കൈമാറി വന്നിട്ടുള്ള വാക്കുകളുടെയും വ്യാമോഹങ്ങളുടെയും കാര്യത്തില്‍ വിമര്‍ശനപരമായ ഒരു നിലപാടെടുക്കുവാനുള്ള അവകാശം കമ്മ്യൂണിസ്റ്റുകാര്‍ കൈവിടുകയില്ല.

സ്വിറ്റ്സര്‍ലണ്ടില്‍ അവര്‍ റാഡിക്കല്‍ കക്ഷിയെ അനുകൂലിക്കുന്നു. പക്ഷെ, ആ കക്ഷിയില്‍ വിരുദ്ധശക്തികള്‍ - ഭാഗികമായി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകാരും (ഫ്രഞ്ച് അര്‍ത്ഥത്തില്‍) ഭാഗികമായി റാഡിക്കല്‍ ബൂര്‍ഷ്വാകളും - അടങ്ങിയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം അവര്‍ വിസ്മരിക്കുന്നില്ല.

ദേശീയമോചനത്തിനുള്ള പ്രാഥമികമായ ഉപാധി എന്ന നിലയില്‍ കാര്‍ഷിക വിപ്ലവത്തില്‍ ഊന്നിപ്പറയുന്ന പാര്‍ട്ടിയെയാണ്, 1846-ല്‍ ക്രക്കോവിലെ സായുധകലാപം ഇളക്കിവിട്ട പാര്‍ട്ടിയെയാണ്, പോളണ്ടില്‍ കമ്മ്യൂണിസ്റ്റുകാര്‍ പിന്താങ്ങുന്നത്.

സ്വേച്ഛാധിപത്യപരമായ രാജവാഴ്ചയ്ക്കും ഫ്യൂഡല്‍ ദുഷ്‌പ്രഭുത്വത്തിനും പെറ്റിബൂര്‍ഷ്വാസിക്കുമെതിരായി വിപ്ലവകരമായ രീതിയില്‍ ജര്‍മ്മനിയിലെ ബൂര്‍ഷ്വാസി എപ്പോഴെല്ലാം പ്രവര്‍ത്തിക്കുന്നുവോ അപ്പോഴെല്ലാം കമ്മ്യൂണിസ്റ്റുകാര്‍ അവരോടൊപ്പം പോരാടുന്നു.

എന്നാല്‍ ബൂര്‍ഷ്വാസിക്ക് ആധിപത്യം കിട്ടുന്നതോടുകൂടി അത് നിലവില്‍ വരുത്താതിരിക്കുവാന്‍ നിര്‍വ്വാഹമില്ലാത്ത സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളെ ഉടന്‍തന്നെ ബൂര്‍ഷ്വാസിക്കെതിരായി അത്രയും ആയുധങ്ങളായി മാറ്റുവാനും ജര്‍മ്മനിയില്‍ പിന്തിരിപ്പന്‍ വര്‍ഗ്ഗങ്ങള്‍ നിലംപതിച്ചു കഴിഞ്ഞാല്‍ ഉടനടി ബൂര്‍ഷ്വാസിക്കെതിരായ പോരാട്ടം ആരംഭിക്കുവാനും വേണ്ടി ബൂര്‍ഷ്വാസിയും തൊഴിലാളിവര്‍ഗ്ഗവും തമ്മിലുള്ള വര്‍ഗ്ഗവൈരത്തെക്കുറിച്ച് സാദ്ധ്യമായത്ര ഏറ്റവും വ്യക്തമായ ബോധം തൊഴിലാളിവര്‍ഗ്ഗത്തില്‍ ഉളവാക്കുന്നതിന് അവര്‍ അനവരതം പ്രവര്‍ത്തിക്കും.

യൂറോപ്യന്‍ നാഗരികതയുടെ കൂടുതല്‍ വികസിച്ച സാഹചര്യങ്ങളിലും 17-ആം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലേയും 18-ആം നൂറ്റാണ്ടിലെ ഫ്രാന്‍സിലേയും തൊഴിലാളിവര്‍ഗ്ഗത്തേക്കാള്‍ എത്രയോ അധികം വളര്‍ന്നിട്ടുള്ള ഒരു തൊഴിലാളിവര്‍ഗ്ഗത്തിന്റെ പിന്‍ബലത്തോടുകൂടിയും നടക്കുമെന്നുറപ്പിക്കാവുന്ന ഒരു ബൂര്‍ഷ്വാവിപ്ലവത്തിന്റെ വക്കത്ത് ജര്‍മ്മനി എത്തിച്ചേര്‍ന്നിരിക്കുന്നതുകൊണ്ടും ജര്‍മ്മനിയിലെ ബൂര്‍ഷ്വാ വിപ്ലവം അതേത്തുടര്‍ന്ന് ഉടനടിയുണ്ടാക്കുന്ന തൊഴിലാളി വര്‍ഗ്ഗവിപ്ലവത്തിന്റെ നാന്ദി മാത്രമായിരിക്കുമെന്നതുകൊണ്ടും കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ ശ്രദ്ധ പ്രധാനമായും ജര്‍മ്മനിയില്‍ കേന്ദ്രീകരിക്കുന്നു.

ചുരുക്കത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ എല്ലായിടത്തും നിലവിലുള്ള സാമൂഹ്യ-രാഷ്ട്രീയക്രമങ്ങള്‍ക്കെതിരായ എല്ലാ വിപ്ലവപ്രസ്ഥാനങ്ങളേയും പിന്താങ്ങുന്നു.

ഈ പ്രസ്ഥാനങ്ങളിലെല്ലാം തന്നെ കമ്മ്യൂണിസ്റ്റുകാര്‍ സ്വത്തുടമയുടെ പ്രശ്നത്തെ - ആ സമയത്ത് അത് എത്രത്തോളം വളര്‍ന്നിട്ടുണ്ടെന്ന് നോക്കാതെ - പ്രമുഖ പ്രശ്നമായി മുന്നോട്ടുകൊണ്ടു വരുന്നു.

അവസാനമായി അവര്‍ എല്ലാ രാജ്യങ്ങളിലുമുള്ള ജനാധിപത്യപാര്‍ട്ടികള്‍ തമ്മില്‍ യോജിപ്പും ധാരണയും ഉണ്ടാക്കുന്നതിനുവേണ്ടിയാണ് എല്ലായിടത്തും പരിശ്രമിക്കുക.

സ്വാഭിപ്രായങ്ങളേയും ലക്ഷ്യങ്ങളേയും മൂടിവയ്ക്കുന്നതിനെ കമ്മ്യൂണിസ്റ്റുകാര്‍ വെറുക്കുന്നു. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയെയാകെ ബലം പ്രയോഗിച്ച് മറിച്ചിട്ടാല്‍ മാത്രമേ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനാവൂ എന്ന് അവര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ ഓര്‍ത്ത് ഭരണാധികാരിവര്‍ഗ്ഗങ്ങള്‍ കിടിലം കൊള്ളട്ടെ. തൊഴിലാളികള്‍ക്ക് സ്വന്തം ചങ്ങലക്കെടുകളല്ലാതെ മറ്റൊന്നും നഷ്ടപ്പെടുവാനില്ല. അവര്‍ക്കു നേടുവാനോ ഒരു ലോകമുണ്ടുതാനും.

സര്‍വ്വരാജ്യ തൊഴിലാളികളേ, ഏകോപിക്കുവിന്‍!

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്.

1 comment:

  1. തൊഴിലാളി വര്‍ഗ്ഗത്തിന്റെ അടിയന്തിരലക്ഷ്യങ്ങള്‍ നേടുവാനും അവരുടെ താല്‍ക്കാലിക താല്പര്യങ്ങള്‍ നടപ്പിലാക്കുവാനും വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ പൊരുതുന്നു. എന്നാല്‍ വര്‍ത്തമാനകാലത്തെ പ്രസ്ഥാനത്തില്‍, ആ പ്രസ്ഥാനത്തിന്റെ ഭാവിയേയും അവര്‍ പ്രതിനിധാനം ചെയ്യുകയും കാത്തുരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഫ്രാന്‍സില്‍ യാഥാസ്ഥിതികരും സമൂലപരിവര്‍ത്തനവാദികളുമായി ബൂര്‍ഷ്വാസിക്കെതിരായി കമ്മ്യൂണിസ്റ്റുകാര്‍ സോഷ്യല്‍ ഡെമോക്രാറ്റുകക്ഷിയുമായി സഖ്യമുണ്ടാക്കുന്നു. പക്ഷെ, മഹത്തായ ഫ്രഞ്ചു വിപ്ലവത്തിന്റെ പൈതൃകമെന്നോണം കൈമാറി വന്നിട്ടുള്ള വാക്കുകളുടെയും വ്യാമോഹങ്ങളുടെയും കാര്യത്തില്‍ വിമര്‍ശനപരമായ ഒരു നിലപാടെടുക്കുവാനുള്ള അവകാശം കമ്മ്യൂണിസ്റ്റുകാര്‍ കൈവിടുകയില്ല.

    ReplyDelete

Rate this post

About Me

My photo
Omnipresent. ഞങ്ങളെ എല്ലാവര്‍ക്കുമറിയാം. ഞങ്ങളാരെന്നും, ഞങ്ങളുടെ രാഷ്ട്രീയമെന്തെന്നും എല്ലാം. അത് തന്നെയാണ് ഞങ്ങളുടെ ശാപവും. ഞങ്ങളുടെ അഭിപ്രായങ്ങളെ ആ ഒരു ജാലകത്തില്‍ കൂടി മാത്രം കാണുവാനും വിമര്‍ശിക്കുവാനും തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഒളിച്ചോടി. ഇപ്പോള്‍ ഇവിടെ പൊങ്ങുന്നു.

Followers

Counted!

free web counter
Creative Commons License ബീഫ് ഫ്രൈ || b33f fry by ബീഫ് ഫ്രൈ is licensed under a Creative Commons Attribution 2.5 India License. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ താള്‍ നോക്കുക.