Wednesday, November 25, 2009

ഭരണകൂടത്തിന്റെ ഉത്ഭവവും സ്വഭാവവും || Evolution of The State and its Characteristics

ങ്ങനെയാണ് രാജാവും ഭരണകൂടവും ഉണ്ടായതെന്ന ധര്‍മ്മപുത്രരുടെ ചോദ്യത്തിന് ഭീഷ്മര്‍ പറഞ്ഞ ശ്രദ്ധേയമായ ഒരു മറുപടി മഹാഭാരതം ശാന്തിപര്‍വ്വത്തിലുണ്ട്. ഹൈന്ദവസംസ്കാരത്തില്‍, സമൂഹചരിത്രത്തെ കൃത, ത്രേത, ദ്വാപര, കലി എന്നിങ്ങനെ നാലു് യുഗങ്ങളായിട്ടാണ് തരം തിരിച്ചിട്ടുള്ളത്. രാജാവോ, ഭരണകൂടമോ, ശിക്ഷിക്കുന്നവനോ, ശിക്ഷിക്കപ്പെടുന്നവനോ ഒന്നും ഉണ്ടായിരുന്നില്ലെന്നും, ക്രമേണയാണവ ആവിര്‍ഭവിച്ചതെന്നുമാണ് ഭീഷ്മര്‍ പറഞ്ഞതിന്റെ സാരം. ശ്ലോകം തന്നെ ഉദ്ധരിക്കാം,
നൈവരാജ്യം ന രാജസി,
ന്നചദണ്ഡോ ന ദാണ്ഡികഃ
ധര്‍മ്മേണൈവ പ്രജഃ സര്‍വ്വാ
രക്ഷന്തി സ്മ പരസ്പരം.
പരസ്പരം സംരക്ഷിക്കുന്ന ധര്‍മ്മമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. പ്രാചീന മനുഷ്യസമുദായ ചരിത്രം പഠിച്ചവരൊക്കെ മഹാഭാരതത്തിലെ ഈ പരാമര്‍ശം ശരിയാണെന്ന് സമ്മതിക്കും. 'കുടുംബത്തിന്റെയും സ്വകാര്യസ്വത്തിന്റെയും ഭരണകൂടത്തിന്റെയും ഉത്ഭവം'എന്ന ഗ്രന്ഥത്തില്‍, ഈ അതിപ്രാചീന കാലഘട്ടത്തെക്കുറിച്ച് എംഗല്‍സ് നടത്തിയ പഠനം പ്രാചീന കമ്മ്യൂണിസത്തിന്റെ സ്വഭാവവിശേഷതകളെക്കുറിച്ച് ഏറെക്കുറെ നല്ലൊരു ചിത്രം നമ്മുക്ക് നല്കുന്നുണ്ട്. ഇവരെല്ലാം വസ്തുതകള്‍ ശേഖരിച്ചുകൊണ്ട് പറയുന്നത് സ്വകാര്യസ്വത്തും കുടുംബവും ഭരണകൂടവുമൊന്നും, ആവിര്‍ഭവിക്കാത്ത ഒരു കാലഘട്ടം സമൂഹചരിത്രത്തിലുണ്ടായിരുന്നുവെന്നാണ്. ക്രമേണ ക്രമേണയാണ് ഇവയെല്ലാമുണ്ടായത്. മഹാഭാരതം, ഐതരേയ ബ്രാഹ്മണം എന്നീ ഗ്രന്ഥങ്ങള്‍ പഠിച്ചാല്‍ വിവാഹം ഇല്ലാതിരുന്ന ഒരു ഘട്ടം ഭാരതത്തിലുണ്ടായിരുന്നുവെന്ന് കാണാം. ഐതരേയ ബ്രാഹ്മണത്തിലെ ഒരു പഴയ ഗാഥയില്‍ പറയുന്നത് ഒരു കാലഘട്ടത്തില്‍ അഗമ്യഗമനം സാധാരണമായിരുന്നുവെന്നാണ്. പുരാണം പറയുന്നത് ഉദ്ദാലക മഹര്‍ഷിയുടെ മകനായ ശ്വേതകേതുവാണു് പാതിവ്രത്യ ധര്‍മ്മം ആദ്യമായി നടപ്പില്‍ വരുത്തിയതെന്നാണ്. അതു വരെ അങ്ങനെയൊന്നുണ്ടായിരുന്നില്ല. കുടുംബത്തിന്റെ ഉത്ഭവം മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഇത്രയും പറഞ്ഞത്.

വര്‍ഗ്ഗങ്ങളും സ്വകാര്യസ്വത്തുമൊക്കെ ഉണ്ടായതും ഇങ്ങനെ തന്നെയാണ്. ചരിത്രപരമായ കാരണങ്ങളാലാണ് അവയും ആവിര്‍ഭവിച്ചത്. ഭിന്നവര്‍ഗ്ഗങ്ങള്‍ വന്നതോട് കൂടി ഉല്‍പ്പാദനോപാധികളുടെ ഉടമകളായ ചൂഷകവര്‍ഗ്ഗങ്ങള്‍ വമ്പിച്ച സാമ്പത്തികശക്തി കൈവശമുള്ളവരെന്ന നിലയ്ക്ക് സമൂഹത്തെയാകെ അടക്കി ഭരിക്കുവാന്‍ തുടങ്ങി. അതിനനുസരിച്ച് നിയമങ്ങളും ധര്‍മ്മ സംഹിതകളും അവര്‍ എഴുതിയുണ്ടാക്കി. രാജാപ്രത്യക്ഷദൈവതം, ചാതുര്‍വര്‍ണ്ണ്യം മയാസൃഷ്ടം, കര്‍മ്മണ്യേവാധികാരസ്തേ, നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി തുടങ്ങിയ ആശയങ്ങള്‍ ഇവയ്ക്ക് ഉദാഹരണങ്ങളാണ്.

നിയമവും, ധര്‍മ്മസംഹിതയും മാത്രം ഉണ്ടായതുകൊണ്ടു ഭൂരിപക്ഷം വരുന്ന ചൂഷിത വര്‍ഗ്ഗം, ന്യൂനപക്ഷമായ ചൂഷക വര്‍ഗ്ഗത്തിന് കീഴടങ്ങിക്കൊടുക്കുകയില്ല. പോലീസ്സും പട്ടാളവും കോടതിയും ജയിലുമൊക്കെ വന്നതോടു കൂടിയാണ് ഇതവര്‍ക്ക് സാധിച്ചത്. ഈ മര്‍ദ്ദനോപകരണങ്ങളെല്ലാം കൂടിയുള്ള ഒരു സംവിധാനത്തെയാണ്, ഭരണകൂടം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വര്‍ഗ്ഗ സംഘട്ടനം സമൂഹത്തില്‍ രൂക്ഷമായ ഘട്ടത്തിലാണ്, ചൂഷകവര്‍ഗ്ഗം അതുണ്ടാക്കിയത്. അല്ലാതെ സാധാരണ പറയുമ്പോലെ, നിയമസമാധാനപാലനത്തിനുള്ള നിക്ഷ്പക്ഷമായ ഒരു സംവിധാനമാണ് ഭരണകൂടം, എന്ന് ധരിക്കരുത്. രാജഭരണമായാലും റിപബ്ലിക്കായാലും കഥ ഒന്ന് തന്നെയാണ്. സാമ്പത്തികാധിപത്യമുള്ള വര്‍ഗ്ഗത്തിന്റെ താല്പര്യസംരക്ഷണത്തിനായുള്ള മര്‍ദ്ദനോപാധിയാണ് ഭരണകൂടം. രൂപത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ കാണാമെങ്കിലും ഭാവത്തില്‍ ഒരേയൊരു കാര്യമാണ് ഭരണകൂടം കൊണ്ട് സാധിക്കുന്നത്. വര്‍ഗ്ഗങ്ങള്‍ സമൂഹത്തില്‍ ഇല്ലാതാകുമ്പോള്‍ ഭരണകൂടത്തിന്റെ ആവശ്യവും ഇല്ലാതാകുന്നു. അതുകൊണ്ടാണ് വര്‍ഗ്ഗരഹിത സമൂഹത്തില്‍ നിന്നും ഭരണകൂടം കൊഴിഞ്ഞുപോകുമെന്ന് മാര്‍ക്സും എംഗല്‍സും പ്രവചിച്ചത്.

Download mp3 of this file from here.

കടപ്പാട്: "ഭരണകൂടത്തിന്റെ ഉത്ഭവവും സ്വഭാവവും", എന്താണ് മാര്‍ക്സിസം? - എന്‍. ഇ. ബാലറാം.

Tuesday, November 24, 2009

സാമൂഹികവികാസത്തിന്റെ നിയമങ്ങള്‍ || Laws of Social Expansion

ത്ത്വശാസ്ത്രം പഠിക്കുന്നത് മനഃസ്സമാധാനത്തിന് വേണ്ടിയല്ല, പ്രകൃതിയെയും സമൂഹത്തെയും മാറ്റുവാനത് ഉപകരിക്കുമെന്നത് കൊണ്ടാണ്. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും ചില ചോദ്യങ്ങളുയര്‍ന്ന് വരുന്നുണ്ട്. സമൂഹം വളരുന്നത് എങ്ങനെയാണ്? സമൂഹവളര്‍ച്ചയ്ക്ക് ആധാരമായ വല്ല നിയമങ്ങളുമുണ്ടോ? സമൂഹം വളരുന്നു എന്നത് തന്നെ നേരാണോ? ഇതെല്ലാമാണ് ആ ചോദ്യങ്ങള്‍. മാര്‍ക്സിയന്‍ തത്ത്വശാസ്ത്രം ഇതിനൊക്കെ തൃപ്തികരമായ സമാധാനം നല്‍കുന്നുണ്ട്. മാര്‍ക്സിയന്‍ തത്ത്വശാസ്ത്രം പ്രയോഗിച്ച് മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യാം. അത്തരം വിശകലനത്തിലൂടെ നമ്മുക്കു ലഭിക്കുന്ന ശാസ്ത്രീയ നിഗമനങ്ങളുടെ സമാഹാരമാണ് ചരിത്രപരമായ ഭൗതികവാദം. അത് മാര്‍ക്സിയന്‍ തത്ത്വശാസ്ത്രത്തിന്റെ ഒരവിഭാജ്യഘടകമാണ്. മാര്‍ക്സും എംഗല്‍സും മുതലാളിത്ത വ്യവസ്ഥയെക്കുറിച്ചു പഠനം നടത്തിയതുതന്നെ ചരിത്രപരമായ ഭൗതികവാദരീതിയനുസരിച്ചാണ്. അക്കാലത്ത് മുതലാളിത്തം ശൈശവാവസ്ഥയിലായിരുന്നു. എങ്കിലും, അതിന്റെ വികാസവും അധഃപതനവും എങ്ങനെയുണ്ടാകുമെന്ന് ദീര്‍ഘദര്‍ശനം ചെയ്യുവാന്‍ 1848-ല്‍ തന്നെ അവര്‍ക്ക് കഴിഞ്ഞു. മുതലാളിത്തത്തിന്റെ തകര്‍ച്ചയും തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിജയവും അനിവാര്യമാണെന്നു തെളിയിക്കുന്ന ഒരു ഗ്രന്ഥം തന്നെ അവരന്നു പ്രസിദ്ധീകരിക്കുകയുണ്ടായി. അതാണ്, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന പേരില്‍ ഇന്നും ലോകത്തിലെ വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന വിശ്രുത ഗ്രന്ഥം.

ചരിത്രപരമായ ഭൗതികവാദം വളര്‍ന്നുവന്നതോടുകൂടിയാണ് ചരിത്രം യഥാര്‍ത്ഥത്തില്‍ ഒരു ശാസ്ത്രമായത്. വെറും യാദൃശ്ചിക സംഭവങ്ങളുടെ കൂമ്പാരമോ, രാജാക്കന്മാരുടെയും, രാജ്ഞിമാരുടെയും പ്രേമലീലകളോ, തമ്പുരാക്കന്മാരുടെ അരിയിട്ടുവാഴ്ചകളോ അല്ല ചരിത്രമെന്നു വന്നത് അതിനുശേഷമാണ്. നിരവധി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പക്ഷിമൃഗാദികളെപ്പോലെ മനുഷ്യന്‍ പ്രകൃതിയുടെ അടിമയായിരുന്നു. നീണ്ടകാലം അവന്‍ അങ്ങനെ കഴിഞ്ഞുകൂടിയെങ്കിലും മെല്ലെമെല്ലെ അവന്‍ പ്രകൃതിയെ കീഴടക്കുവാന്‍ തുടങ്ങി. അതൊരു ദീര്‍ഘമായ ചരിത്രമാണ്. അതിനിടയില്‍ അവന് പുതിയ പല പ്രശ്നങ്ങളേയും നേരിടേണ്ടി വന്നു.

സമൂഹത്തില്‍ വര്‍ഗ്ഗങ്ങള്‍ ഉണ്ടായതാണ് മുഖ്യമായ ഒരു സംഭവവികാസം. വര്‍ഗ്ഗങ്ങള്‍ ഉണ്ടായതോടുകൂടി വര്‍ഗ്ഗസമരങ്ങളുമുണ്ടായി.

സുപ്രസിദ്ധമായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവിലെ ഒന്നാം അദ്ധ്യായത്തിലെ ഒന്നാമത്തെ വരി തുടങ്ങുന്നത് ഇപ്രകാരമാണ്, "നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമുദായങ്ങളുടെയും ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണ്. സ്വതന്ത്രനും അടിമയും, കുലീനനും ഹീനനും, ജന്മിയും കുടിയാനും, ഗില്‍ഡ്‌മാസ്റ്ററും വേലക്കാരനും - ചുരുക്കിപ്പറഞ്ഞാല്‍ മര്‍ദ്ദകനും മര്‍ദ്ദിതനും - തീരാവൈരികളായിനിന്ന് ഒളിഞ്ഞും, ചിലപ്പോള്‍ തെളിഞ്ഞും ഇടതടവില്ലാതെ പോരാട്ടം നടത്തിയിട്ടുണ്ട്." മനുഷ്യസമൂഹത്തിന്റെ ചരിത്രത്തില്‍ അതിപ്രാചീനഘട്ടം ഒഴിച്ചുനിര്‍ത്തിയാല്‍ പിന്നീടുള്ള എല്ലാ ഘട്ടങ്ങളിലും നടന്നതു വര്‍ഗ്ഗസമരമാണെന്നാണ് ശാസ്ത്രീയ സോഷ്യലിസത്തിന്റെ ആചാര്യന്മാര്‍ പറഞ്ഞത്.

അടിമവ്യവസ്ഥ ഉണ്ടായതോടുകൂടിയാണ് നില മാറുന്നത്. സമൂഹത്തില്‍ ആദ്യമായും രണ്ടു വര്‍ഗ്ഗങ്ങള്‍ വന്നു. സാമ്പത്തികാടിസ്ഥാനത്തിലുള്ള വര്‍ഗ്ഗങ്ങളാണവ. ഒരു വിഭാഗത്തെ അടിമകള്‍ എന്നു വിളിക്കുന്നു. മറുവിഭാഗത്തെ ഉടമകള്‍ എന്നു വിളിക്കുന്നു. അടിമകള്‍ അടക്കമുള്ള എല്ലാ സ്വത്തിന്റെയും മൂല്യത്തിന്റെയും അധിപന്മാര്‍ ഉടമകളായിരുന്നു. അന്നുമുതല്ക്കാണ് സമൂഹത്തില്‍ വര്‍ഗ്ഗസമരം തുടങ്ങിയത്. വര്‍ഗ്ഗസമരം മൂര്‍ച്ഛിച്ചു വന്നു. ഒടുവില്‍ അടിമ-ഉടമ വ്യവസ്ഥ തന്നെ തകരുകയും, നാടുവാഴിത്തം എന്ന പുതിയൊരു സാമൂഹികക്രമം ഉടലെടുക്കുകയും ചെയ്യുന്നു. അതിലും രണ്ട് വര്‍ഗ്ഗങ്ങളുണ്ടായി - ജന്മിയും, കുടിയാനും. സമരം പിന്നീട് പ്രധാനമായും ആ വര്‍ഗ്ഗങ്ങള്‍ തമ്മിലായി. അതിന്റെ പരമകാഷ്ഠയിലാണ് മുതലാളിത്തസമൂഹം ഉണ്ടായത്. അതില്‍ വര്‍ഗ്ഗവ്യത്യാസം പ്രകടമായി കാണപ്പെട്ടു. ഒരു ഭാഗത്തു തൊഴിലാളികളും മറുഭാഗത്ത് ബൂര്‍ഷ്വാ വര്‍ഗ്ഗവും. വര്‍ഗ്ഗസമരം കൊടുമ്പിരികൊണ്ടിരിക്കുന്ന ഒരു യുഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളും സോഷ്യലിസത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. അവിടെയെങ്ങും വര്‍ഗ്ഗസമരം കാണുവാനില്ല. കാരണം ശത്രുത്വമുള്ള വര്‍ഗ്ഗങ്ങളില്ലാത്തത് കൊണ്ടുതന്നെ. അപ്പോള്‍ സമൂഹത്തിന്റെ ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണെന്ന് പറഞ്ഞത് വളരെയേറെ ശരിയാണ്.

എന്താണ് ഈ വര്‍ഗ്ഗങ്ങളെന്ന് പറഞ്ഞാല്‍? അതിനു് അല്പമൊരു വിശദീകരണം വേണം. വര്‍ഗ്ഗങ്ങളെപ്പറ്റി ലെനിന്‍ ഇപ്രകാരമാണ് പറഞ്ഞത്. "ചരിത്രപരമായി നിര്‍ണ്ണയിക്കപ്പെട്ട ഒരു സാമൂഹ്യോല്പാദന വ്യവസ്ഥയില്‍, അവര്‍ വഹിക്കുന്ന സ്ഥാനം കൊണ്ടും, ഉല്പാദനോപകരണങ്ങളുമായി അവര്‍ക്കുള്ള ബന്ധം കൊണ്ടും, അദ്ധ്വാനത്തിന്റെ സാമൂഹ്യഘടനയില്‍ അവര്‍ക്കുള്ള പങ്കുകൊണ്ടും, ഇതിന്റെയെല്ലാം ഫലമായി അവരുല്പാദിപ്പിക്കുന്ന സാമൂഹ്യബന്ധത്തില്‍ നിന്നു കിട്ടുന്ന ഓഹരിയുടെ അളവ് കൊണ്ടും, രീതി കൊണ്ടും, പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്ന ആളുകളുടെ വലിയ ഗ്രൂപ്പുകളാണ് വര്‍ഗ്ഗങ്ങള്‍". അതായത് മുതലാളിത്തത്തില്‍ തൊഴിലാളികള്‍ ഒരു വര്‍ഗ്ഗം, ബൂര്‍ഷ്വാസി മറ്റൊരു വര്‍ഗ്ഗം. ഉല്പാദനത്തില്‍ രണ്ടു വര്‍ഗ്ഗങ്ങള്‍ക്കും രണ്ട് സ്ഥാനമാണുള്ളത്. സമ്പത്തിന്റെ ഓഹരിയുടെ അളവിലും അങ്ങേയറ്റത്തെ അന്തരമാണുള്ളത്. ഓരോ സമൂഹത്തിലും ഈ വര്‍ഗ്ഗങ്ങള്‍ക്ക് വ്യത്യാസം കാണാമെങ്കിലും അടിമസമ്പ്രദായം മുതല്‍ ഇന്നേവരെ പരിശോധിച്ചാല്‍ പൊതുവില്‍ മര്‍ദ്ദിതരും മര്‍ദ്ദകരുമെന്ന നിലയ്ക്കാണ് വര്‍ഗ്ഗങ്ങളുണ്ടായത്. പേരിന് വ്യത്യാസം കാണാമെങ്കിലും ചൂഷണം അവിരാമമായി തുടര്‍ന്നുവന്നുവെന്നതാണ് സത്യം.

സമൂഹം എന്തിനാണ് വര്‍ഗ്ഗങ്ങളായി പിളര്‍ന്നത് എന്നുകൂടി ഈ ഘട്ടത്തിലാലോചിക്കണം. കുറെ പേര്‍ ദുഷ്ടന്മാരായി ജനിച്ചതുകൊണ്ടാണോ? അങ്ങനെയൊന്നുമല്ല അത് സംഭവിച്ചത്. പ്രാചീനസമുദായത്തില്‍ ഉല്പാദനശക്തികള്‍ വികസിക്കുകയും പ്രവര്‍ത്തി വിഭജനം ആവിര്‍ഭവിക്കുകയും അന്നന്നത്തേക്ക് വേണ്ടതിലുമധികം ഉല്പാദിപ്പിക്കുവാനും മിച്ചം ഉണ്ടാക്കാനും തുടങ്ങുകയും ചെയ്തതോടു കൂടിയാണ് ആദ്യമായി വര്‍ഗ്ഗവിഭജനം ഉണ്ടാകുന്നത്. പ്രകൃതിയുമായുള്ള പോരാട്ടത്തില്‍ ആദ്യമായി മാറ്റം വരുന്നത് ഉല്പാദനോപകരണങ്ങള്‍ക്കാണ്. മരം, കല്ല്, എല്ല് എന്നിവകൊണ്ടുള്ള പണിയായുധങ്ങള്‍ക്ക് പകരം ഓടു്, ഇരുമ്പു് എന്നിവ കൊണ്ടുള്ള പുതിയ പണിയായുധങ്ങള്‍ ഉണ്ടായത് അത്ഭുതകരമായ മാറ്റമാണ്. ഉല്പാദനത്തില്‍ വമ്പിച്ച മാറ്റമാണ് ഇതുണ്ടാക്കിത്തീര്‍ത്തത്. കൂടുതല്‍ മിച്ചം ഉണ്ടാക്കുവാന്‍ തുടങ്ങുന്നത് ഈ സന്ദര്‍ഭത്തിലാണ്. വര്‍ഗ്ഗവിഭജനം തുടങ്ങുന്നതും സ്വകാര്യസ്വത്തുണ്ടാകുന്നതും ഈ ഘട്ടത്തില്‍ തന്നെയാണ്. ആദ്യകാലത്ത് ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ തടവുകാരെ പിടിക്കുക പതിവില്ല. പക്ഷെ, ഒരാളുടെ അദ്ധ്വാനം കൊണ്ട് അയാള്‍ക്ക് അത്യാവശ്യം വേണ്ടതിലുമധികം ഉല്പാദിപ്പിക്കുവാന്‍ കഴിഞ്ഞപ്പോള്‍ യുദ്ധങ്ങളില്‍ തടവുകാരെ പിടിക്കുവാനും അവരെ കൊല്ലുന്നതിനും പകരം അടിമകളായി ജോലി ചെയ്യിപ്പിക്കാന്‍ തുടങ്ങി. മനുഷ്യചരിത്രത്തില്‍ ആദ്യമായി അടിമകളുണ്ടാകുന്നത് അങ്ങനെയാണ്. ക്രമേണ ക്രമേണ ജന്മിയും കുടിയാനും ബൂര്‍ഷ്വാസിയും തൊഴിലാളിയും എല്ലാമുണ്ടായി. വര്‍ഗ്ഗവിഭജനം ഉണ്ടായതിന്റെ വളരെ സാമാന്യമായ ഒരു വിശദീകരണമാണിത്.

വര്‍ഗ്ഗങ്ങളെ ഇങ്ങനെ പരിശോധിക്കുമ്പോള്‍ കാണാം അവ തമ്മിലുള്ള താല്പര്യവൈരുദ്ധ്യങ്ങള്‍. അടിമവ്യവസ്ഥയിലും, നാടുവാഴിത്തത്തിലും, മുതലാളിത്തത്തിലും എല്ലാം, വര്‍ഗ്ഗങ്ങള്‍ വിപരീത താല്പര്യങ്ങളുള്ളവയായിരുന്നു. അതുകൊണ്ടുതന്നെയാണ് വര്‍ഗ്ഗസമരങ്ങളും നടന്നത്. വിരുദ്ധതാല്പര്യമുള്ള വര്‍ഗ്ഗങ്ങള്‍ ഉള്ളിടത്തോളം കാലം വര്‍ഗ്ഗസമരം അനിവാര്യമാണ്. ഈ വര്‍ഗ്ഗസമരങ്ങള്‍ മൂര്‍ച്ഛിച്ച ഒരു പ്രത്യേകഘട്ടത്തില്‍ തൊഴിലാളിവര്‍ഗ്ഗം ഭരണാധികാരത്തില്‍ വരുന്നു. അവര്‍ വര്‍ഗ്ഗവ്യത്യാസങ്ങളെ ഉന്മൂലനം ചെയ്ത് വര്‍ഗ്ഗരഹിതമായ ഒരു സമൂഹം സൃഷ്ടിക്കുന്നു. അത്തരം സമൂഹത്തെയാണ് കമ്മ്യൂണിസ്റ്റ് സമൂഹമെന്ന് പറയുന്നത്. ചിലര്‍ പ്രചരിക്കപ്പെടുന്നത് പോലെ കമ്മ്യൂണിസ്റ്റുകാര്‍ കൃത്രിമമായി സൃഷ്ടിക്കുന്ന ഒന്നല്ല വര്‍ഗ്ഗസമരം. വര്‍ഗ്ഗസമരത്തിന്റെ ഉറവിടം ചൂഷകന്മാരും ചൂഷണം ചെയ്യപ്പെടുന്നവരും തമ്മില്‍ നിലനില്‍ക്കുന്ന അനുരഞ്ജിപ്പിക്കാവാനാവാത്ത സാമൂഹ്യവൈരുദ്ധ്യങ്ങളാണ്. വര്‍ഗ്ഗസമരങ്ങളെ താല്ക്കാലികമായി ഒതുക്കിനിര്‍ത്തുവാനോ, അടിച്ചമര്‍ത്താനോ കഴിഞ്ഞേക്കാം. എന്നാല്‍ അവ വീണ്ടും പുതിയ രൂപത്തില്‍ പൊട്ടിപ്പുറപ്പെടും. വര്‍ഗ്ഗവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ വര്‍ഗ്ഗസമരങ്ങള്‍ അനിവാര്യമാണ്. അവയില്‍ നിന്ന് മോചനം ലഭിക്കണമെങ്കില്‍ വര്‍ഗ്ഗങ്ങള്‍ തന്നെ ഇല്ലാതാകണം.

Download the mp3 of this post from here (10.3 MB)

കടപ്പാട്: "സാമൂഹികവികാസത്തിന്റെ നിയമങ്ങള്‍", എന്താണ് മാര്‍ക്സിസം - എന്‍.ഇ. ബാലറാം.

Monday, November 23, 2009

പുതിയൊരു പ്രപഞ്ച വീക്ഷണം || A New Perspective of the Universe

ത്ത്വശാസ്ത്രപരമായ എന്തെങ്കിലും ധാരണയില്ലാത്തവര്‍ നന്നെ ചുരുങ്ങുമെന്നതാണ് പരമാര്‍ത്ഥം. പ്രയോജനമില്ലാത്തയൊന്നാണ് തത്ത്വശാസ്ത്രമെന്ന ധാരണ പരക്കെയുണ്ടെങ്കിലും, ചിലപ്പോള്‍ ആളുകള്‍ പൊടുന്നനെ ഒന്നാന്തരം തത്ത്വശാസ്ത്രജ്ഞന്മാരായി മാറുന്നതു കാണാം. വല്ല ദുരവസ്ഥകളും നേരിടുമ്പോഴാണ് തത്ത്വശാസ്ത്രശകലങ്ങള്‍ തികട്ടിത്തികട്ടി വരുന്നത്. പ്രപഞ്ചനിയമങ്ങളുടെ അനിവാര്യതയെപ്പറ്റിയും, ദൈവനിശ്ചയത്തെപ്പറ്റിയും, കര്‍മ്മഫലത്തെപ്പറ്റിയുമൊക്കെ ആളുകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സംസാരിക്കുന്നത് കേള്‍ക്കാം. മിക്കവരും, ഈയവസരത്തില്‍ ആത്മീയവാദത്തെ ചാരിനിന്നാണ് സംസാരിക്കാറുള്ളത്. അതുകൊണ്ട് തത്ത്വശാസ്ത്ര പഠനം എന്തിനാണെന്ന പ്രശ്നം ഒരിക്കലും ഉദിക്കുന്നില്ല. മനസ്സമാധാനത്തിനു വേണ്ടിയെങ്കിലും അല്പസ്വല്പം തത്ത്വശാസ്ത്രം വേണമെന്ന കാര്യം പൊതുവെ അംഗീകരിപ്പെട്ട വസ്തുതയാണ്.

എന്നാല്‍ വിപ്ലവകാരികള്‍ക്കു ഈ വിധമുള്ള ഒരു വെറും ധാരണ പോരാ. ഇന്നു നിലവിലുള്ളതെല്ലാം തുടരുകയേ ഗതിയുള്ളൂവെന്നു കരുതുന്നവര്‍ക്കും, തുടരേണമെന്ന് ശഠിക്കുന്നവര്‍ക്കുമെല്ലാം വെറും വ്യാഖ്യാനങ്ങളും, ആത്മീയവാദ ന്യായീകരണങ്ങളും മതിയായേക്കും. എന്നാല്‍ പ്രപഞ്ചമാകെ മാറ്റിമറിക്കണമെന്ന് ചിന്തിക്കുന്നവര്‍ക്ക് അങ്ങനെ പറ്റില്ല. ആ മാറ്റങ്ങള്‍ക്കവരെ സഹായിക്കുന്നൊരു തത്ത്വശാസ്ത്രം തന്നെയവര്‍ക്ക് വേണം. മാറ്റം അനിവാര്യമാണെന്നു പഠിപ്പിക്കുന്ന, മാറ്റത്തിനു് അനുകൂലവും പ്രതികൂലവുമായ ശക്തികളേതൊക്കെയെന്ന് പഠിപ്പിക്കുന്ന, മാറ്റം തനിയെ ഉണ്ടാവുകയില്ലായെന്ന് പഠിപ്പിക്കുന്ന, ശാസ്ത്രീയമായൊരു പ്രപഞ്ചധാരണ അവര്‍ക്ക് വേണം. ചലനത്തെപ്പറ്റിയും ചലനശക്തികളെപ്പറ്റിയും ചലനനിയമങ്ങളെപ്പറ്റിയും ഉള്ള വസ്തുനിഷ്ഠമായ ഒരു പഠനം അവര്‍ക്ക് വേണം. മാര്‍ക്സും എംഗല്‍സും കൂടി പ്രദാനം ചെയ്ത ഈ നൂതന തത്ത്വശാസ്ത്രത്തെയാണ് വൈരുദ്ധ്യാത്മക ഭൗതികവാദം എന്നു വിളിക്കുന്നത്.

ഭൗതിക വാദത്തിന്റെയും വൈരുദ്ധ്യവാദത്തിന്റെയും ഐക്യവും അഭേദ്യതയുമാണ് മാര്‍ക്സിസ്റ്റ് തത്ത്വചിന്തയുടെ അടിസ്ഥാനം. അതുകൊണ്ടാണതിനെ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന് വിളിക്കുന്നത്. ഇവ രണ്ടും പരസ്പരബന്ധമില്ലാത്ത സ്വതന്ത്രസിദ്ധാന്തങ്ങള്‍ അല്ല. പ്രാചീനഗ്രീസിലും പ്രാചീന ഭാരതത്തിലും ഭൗതികവാദവും, വൈരുദ്ധ്യവാദവും ഒരുമിച്ച് സ്വീകരിച്ച തത്ത്വചിന്തകന്മാരുണ്ടായിരുന്നുവെന്ന കഥ സ്മരണീയമാണ്. യഥാര്‍ത്ഥത്തില്‍ പഠനസൗകര്യത്തിനു വേണ്ടിമാത്രമാണ്, ഇവ രണ്ടും വേര്‍തിരിച്ച് പ്രതിപാദിക്കപ്പെടുന്നത്. ഈ പുതിയ പ്രപഞ്ചവീക്ഷണം എന്തെന്തു മാറ്റങ്ങളാണ് ലോകത്തില്‍ വരുത്തിയത്? പ്രയോഗവും സിദ്ധാന്തവും തമ്മില്‍ വൈരുദ്ധ്യമില്ലാത്ത ഒരു പ്രപഞ്ചവീക്ഷണം, എന്ന നിലയ്ക്ക് എതിരാളികള്‍ പോലും മാര്‍ക്സിയന്‍ തത്ത്വശാസ്ത്രത്തെ പ്രകീര്‍ത്തിക്കാറുണ്ട്.

ഈ പ്രപഞ്ചം ശ്രദ്ധിച്ചു പഠിച്ചാല്‍ എണ്ണമറ്റ രൂപങ്ങളും ഗുണങ്ങളുമുള്ള വസ്തുക്കളുടെയും പ്രതിഭാസങ്ങളുടെയും അനന്തമായ ഒരു സമാഹാരമാണെന്ന് കാണാം. അപാരമായ ഈ നാനാത്വത്തിനിടയില്‍ ഇവയെയെല്ലാം കോര്‍ത്തിണക്കുന്ന ഏകമായ വല്ലതുമുണ്ടോ? നാനാവസ്തുക്കളിലും പ്രശോഭിക്കുന്ന സമാന്യഗുണം വല്ലതുമുണ്ടോ? മനുഷ്യ സമുദായത്തിന്റെ പ്രാചീനദശയില്‍ത്തന്നെ ഉന്നയിക്കപ്പെട്ട ചോദ്യമാണിത്. ഈ ചോദ്യത്തിനുത്തരം കാണുന്നതിന്റെ അടിസ്ഥാനത്തില്‍ തത്ത്വശാസ്ത്രകാരന്മാര്‍ രണ്ടു ചേരികളായിത്തിരിഞ്ഞു. ഒരു വിഭാഗത്തെ ഭൗതികവാദികള്‍ എന്നും, മറുഭാഗത്തെ ആത്മീയവാദികള്‍ എന്നും വിളിക്കുന്നു. ഭൗതികവാദികളില്‍ പല ഉപവിഭാഗങ്ങളെയും കാണാമെന്നതു പോലെ തന്നെ ആത്മീയവാദികളിലും കാണാം.

പ്രാഥമികത്വം ഭൗതികപദാര്‍ത്ഥത്തിനാണെന്നു കരുതുന്ന ദര്‍ശനശാഖയെയാണ് ഭൗതികവാദമെന്ന് പറയുന്നത്. പ്രത്യുത പ്രാഥമികത്വം മനസ്സിനോ, ചിന്തയ്ക്കോ, ആത്മാവിനോ, ആശയത്തിനോ ആണെന്നു കരുതുന്ന ശാഖയെ ആത്മീയവാദമെന്നാണ് പറയുന്നത്. ലോകാരംഭം മുതല്‍ തന്നെ ഇവ രണ്ടും തമ്മിലുള്ള തര്‍ക്കം കാണാം. എന്നാല്‍ ശാസ്ത്രം വികസിച്ചതോടുകൂടി പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചു കൂടുതലറിയുവാന്‍ മനുഷ്യനു സാധിച്ചിരിക്കുന്നു. വളരെയേറെ പരിണാമങ്ങള്‍ക്കുശേഷമാണ് ഇന്നു കാണുന്ന പ്രപഞ്ചം തന്നെയുണ്ടായത്. മനുഷ്യനും, സമൂഹവും, തത്ത്വശാസ്ത്രവും, മത ചിന്തയുമെല്ലാം ഉണ്ടാകുന്നതിനു മുമ്പുതന്നെ ഈ പ്രപഞ്ചം നിലനിന്നിരുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്. ആ നിലയ്ക്ക് ഈ പ്രപഞ്ചം, അഥവാ ഭൗതികപദാര്‍ത്ഥം മനസ്സിന്റെ സൃഷ്ടിയോ, ആത്മാവിന്റെ പ്രകാശനമോ ആണെന്ന് വാദിക്കുന്നത് സത്യമാകില്ല. പ്രപഞ്ചമുണ്ടായിട്ട് എത്രയോ കോടി കൊല്ലങ്ങള്‍ കഴിഞ്ഞിട്ടാണ് മനുഷ്യനുണ്ടായത്. ബോധമോ, ചിന്തയോ, യുക്തിവിചാരമോ ഉണ്ടാവുന്നതിന് മുമ്പു തന്നെ ലോകമുണ്ടായി എന്നര്‍ത്ഥം. അതുകൊണ്ടാണ് മാര്‍ക്സിസം ഭൗതികവാദത്തില്‍ ഉറച്ചു നില്‍ക്കുന്നത്.

ഭൗതികവാദത്തെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുക എന്നത് ആത്മീയവാദികളുടെ പണ്ടേയുള്ള തൊഴിലാണ്. സദാചാര മൂല്യങ്ങള്‍ക്കോ, ഉല്‍കൃഷ്ടമായ ആശയങ്ങള്‍ക്കോ സ്ഥാനമില്ലാത്ത ഒന്നാണ് ഭൗതികവാദമെന്നവര്‍ ആവര്‍ത്തിച്ചു പറയാറുണ്ട്. മാര്‍ക്സിയന്‍ പ്രപഞ്ചധാരണ പുരോഗമന ആശയങ്ങളെയോ, ഉല്‍കൃഷ്ട ആദര്‍ശങ്ങളെയോ എതിര്‍ക്കുന്നില്ലെന്ന് മാത്രമല്ല, അവയെ ഏറ്റവുമധികം വിലമതിക്കുകയും അവയ്ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നു. ഉല്‍കൃഷ്ടമായ ചിന്തകള്‍ മനുഷ്യരാശിയുടെ പുരോഗതിക്ക് ഗണ്യമായ സംഭാവന നല്‍കുന്നുണ്ടെന്ന് തെളിയിക്കുന്ന ശാസ്ത്രമാണ് മാര്‍ക്സിസം. മനുഷ്യരാശിയുടെ ഉത്തമസന്തതികള്‍ ഭാവിയെക്കുറിച്ച് വിഭാവനം ചെയ്ത മഹത്തായ ചിന്തകളെ യാഥാര്‍ത്ഥ്യമാക്കി മാറ്റുവാനുള്ള ശാസ്ത്രമാണ് മാര്‍ക്സിസം. അതിനാല്‍ ധാര്‍മ്മിക മൂല്യങ്ങള്‍ക്കോ, ഉല്‍കൃഷ്ടമായ ആദര്‍ശങ്ങള്‍ക്കോ മാര്‍ക്സിസത്തില്‍ സ്ഥാനമില്ലെന്നുള്ള വാദം സ്ഥാപിത താല്പര്യക്കാരും മാര്‍ക്സിസ്റ്റ് വിരുദ്ധരും പടച്ചുവിടുന്ന പച്ചനുണകളാണ്. കാപട്യത്തിനും, ചൂഷണത്തിനും, യുദ്ധത്തിനും, ഫാഷിസത്തിനും, സാമ്രാജ്യത്തിനും, തൊഴിലില്ലായ്മയ്ക്കും, ദുരിതങ്ങള്‍ക്കുമെതിരായ സമരമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇതുവരെയുള്ള സമരമെന്ന് ഏവര്‍ക്കുമറിയാം. മനുഷ്യസമുദായത്തെ ഉന്നതമായൊരു പദവിയിലേക്ക്, കമ്മ്യൂണിസത്തിലേക്ക് നയിക്കുന്നതിനുവേണ്ടിയാണ് ആ പ്രസ്ഥാനം അടരാടുന്നത്. അടിസ്ഥാനപരമായി ശുഭാപ്തി വിശ്വാസവും ജീവചൈതന്യവും തുളുമ്പുന്ന ഒരു ലോകവീക്ഷണഗതിയാണ് വൈരുദ്ധ്യാത്മക ഭൗതികവാദം അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന് സംഭാവന ചെയ്തത്. ഭയലേശമില്ലാതെ ഭാവിയിലേക്കു നോക്കുവാന്‍ തൊഴിലാളിവര്‍ഗ്ഗത്തിനു അതു പ്രദാനം ചെയ്യുന്നു.

പ്രപഞ്ചത്തില്‍ കാണുന്ന എല്ലാ വസ്തുക്കള്‍ക്കും പ്രതിഭാസങ്ങള്‍ക്കുമുള്ള പൊതുഗുണം അവ ഭൗതികപദാര്‍ത്ഥമാണെന്നുള്ളതാണ്. പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥമായ ഏകത്വം അതിന്റെ ഭൗതികത്വത്തിലാണ് സ്ഥിതി ചെയ്യുന്നതെന്ന് എംഗല്‍സ് സമര്‍ത്ഥിക്കുന്നു. പദാര്‍ത്ഥത്തിന് പല രൂപവും കാണാം. പരമാണുവായിരിക്കാം, തരംഗമായിരിക്കാം, അടിസ്ഥാന കണികകളായിരിക്കാം. എങ്കിലും ഇവയെല്ലാം പദാര്‍ത്ഥമാണെന്നതാണ് നേര്. പദാര്‍ത്ഥത്തിന്റെ മുഖ്യ സ്വഭാവം തന്നെ മനുഷ്യമനസ്സിനും ബോധത്തിനും വെളിയിലായി, സ്വതന്ത്രമായി അതു നിലനില്‍ക്കുന്നുവെന്നതാണ്. അതുകൊണ്ടു തന്നെയാണ് പദാര്‍ത്ഥം വസ്തുനിഷ്ഠമാണെന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ഭൗതിക പദാര്‍ത്ഥമെന്നതു നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവപ്പെടുന്ന വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യമാണെന്ന് ലെനിന്‍ പറഞ്ഞതു ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതാണ്.

പദാര്‍ത്ഥത്തിന്റെ മറ്റ് ചില സ്വഭാവങ്ങള്‍ കൂടി ചൂണ്ടിക്കാണിക്കട്ടെ.

1) ഇന്ദ്രിയങ്ങള്‍ വഴി പദാര്‍ത്ഥത്തെ അറിയുവാന്‍ നമ്മുക്ക് സാധിക്കുന്നു.
2) കാലത്തിലും സ്ഥലത്തിലും ആദ്യന്തവിഹീനമായിട്ടാണ് പദാര്‍ത്ഥം സ്ഥിതി ചെയ്യുന്നത്.
3) പദാര്‍ത്ഥത്തിന്റെ പ്രത്യേക രൂപങ്ങളായ വസ്തുക്കളും പ്രതിഭാസങ്ങളും നശ്വരങ്ങളാണെങ്കിലും പദാര്‍ത്ഥം മൊത്തത്തില്‍ അനശ്വരമാണ്.
4) പദാര്‍ത്ഥത്തിന്റെ നിലനില്പിന്റെ രൂപം തന്നെ ചലനമാണ്. ചലനമില്ലാത്ത പദാര്‍ത്ഥമോ, പദാര്‍ത്ഥമില്ലാതെ ചലനമോ ഇല്ലെന്നതാണ് വാസ്തവം.

ഈ നാലു സ്വഭാവങ്ങളെക്കുറിച്ചും കൂടുതല്‍ വിശദീകരണം വേണമെന്ന് തോന്നുന്നില്ല. ശാസ്ത്രം അഭിവൃദ്ധി പ്രാപിക്കുന്തോറും ഈ സ്വഭാവങ്ങള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരികയാണ്. പ്രപഞ്ചത്തിന്റെ അതിരുകള്‍ കാലം ചെല്ലുന്തോറും വിപുലപ്പെട്ടുവരികയാണ്. അതാണ് പ്രപഞ്ചം ആദ്യന്തവിഹീനമാണെന്ന് പറയുവാന്‍ കാരണം. അതു പോലെ പദാര്‍ത്ഥത്തെ പിളര്‍ന്ന് പിളര്‍ന്ന് പരിശോധിക്കുമ്പോഴും അറ്റം കാണുന്നില്ല. തരംഗങ്ങളായും വീചികളായും പിന്നെയുമതവശേഷിക്കുന്നു. അതുകൊണ്ടാണ് പദാര്‍ത്ഥം അനശ്വരമെന്ന് പറഞ്ഞത്. നിശ്ചലമായ ഒരു വസ്തുവിനെയോ, പ്രതിഭാസത്തെയോ, കണ്ടെത്തുവാന്‍ കഴിയാത്തത് കൊണ്ടാണ് ചലനം പദാര്‍ത്ഥത്തിന്റെ സ്വഭാവമാണെന്നു പറയുവാന്‍ കാരണം.

ഈ സന്ദര്‍ഭത്തില്‍ അതിപ്രധാനമായ മറ്റൊരു ചോദ്യം ഉത്ഭവിക്കുന്നുണ്ട്. ഈ പദാര്‍ത്ഥവും ബോധവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? തീര്‍ച്ചയായുമുണ്ട്. ബോധമെന്നത് കൊണ്ട് ഇവിടെയുദ്ദേശിക്കുന്നതു മനുഷ്യന്റെ മാനസികപ്രവര്‍ത്തനങ്ങളോ അല്ലെങ്കില്‍ ചിന്തയോ ആണ്. മനുഷ്യനില്ലാതെ ചിന്തയില്ലെന്നു ഇവിടെ നേരത്തെ പറഞ്ഞു. ചിന്തകള്‍ തന്നെ എക്കാലത്തും ഒരു പോലെയല്ല. പ്രാചീനശിലായുഗത്തിലെ കാടന്മാരും, ആധുനിക സോഷ്യലിസ്റ്റ് യുഗത്തിലെ മനുഷ്യരും ഒരേ പോലെയാണോ ചിന്തിക്കുന്നത്? ഒരിക്കലുമല്ല. ചിന്ത, സമൂഹത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം തന്നെ വളര്‍ന്നു വരുന്നുവെന്നതാണ് സത്യം. തലച്ചോറു കൊണ്ടാണ് മനുഷ്യന്‍ ചിന്തിക്കുന്നതെന്ന് ഇന്നെല്ലാവര്‍ക്കുമറിയാം. തലച്ചോറും ബോധവുമായി ഏറ്റവുമധികം ബന്ധവുമുണ്ട്. തലച്ചോറിന് വല്ല തകരാറും സംഭവിക്കുമ്പോള്‍ ബോധക്ഷയമുണ്ടാകുന്നത് സാധാരണമാണ്. ചിത്തഭ്രമവും, ബോധക്ഷയവുമൊക്കെ ചികിത്സിച്ചു മാറ്റുവാന്‍ കഴിയുന്നത് മനസ്സിന് ഭൗതികമായ ബന്ധമുള്ളതുകൊണ്ടാണ്. അപ്പോള്‍ ബോധമെന്നത് മനുഷ്യശരീരവുമായി യാതൊരു ബന്ധമില്ലാത്ത ഒരു പ്രതിഭാസമല്ല. പരിണാമദശയില്‍ ഏറ്റവും സംഘടിതമായ ഭൗതികപദാര്‍ത്ഥമായി രൂപാന്തരപ്പെട്ട തലച്ചോറിന്റെ ഗുണവിശേഷമാണ്, ധര്‍മ്മമാണ്, ചിന്ത എന്നതാണ് യാഥാര്‍ത്ഥ്യം. പഞ്ചേന്ദ്രിയങ്ങളിലൂടെ ചുറ്റുപാടുമുള്ള വസ്തുക്കള്‍ നമ്മുടെ തലച്ചോറില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് നമ്മുക്ക് ചിന്തയുണ്ടാകുന്നത്, ബോധമുണ്ടാകുന്നത്. എന്നാല്‍ ആത്മീയവാദികള്‍ ഈ വാദഗതിയോട് യോജിക്കുകയില്ല. അവര്‍ നേരെ മറിച്ചാണ് വാദിക്കുന്നത്. പ്രപഞ്ചം തന്നെ ഉണ്ടായത് ചിന്തയില്‍ നിന്നാണ് - പരമാത്മാവില്‍ നിന്നാണ് - എന്നാണവര്‍ പറയുന്നത്. ചരിത്രവും ശാസ്ത്രവും നല്‍കുന്ന തെളിവുകള്‍ ഒന്നുമംഗീകരിക്കുവാന്‍ തയ്യാറാകാതെ കേവലം വിശ്വാസത്തെ മാത്രം ആധാരമാക്കി ചിന്തിക്കുന്നതു കൊണ്ടാണ് ഇവര്‍ക്ക് ഇങ്ങനെ പറ്റുന്നത്.


Get this widget
|
Track details
|
eSnips Social DNA

The mp3 of this article can be downloaded from here.

കടപ്പാട്: "പുതിയൊരു പ്രപഞ്ച വീക്ഷണം", എന്താണ് മാര്‍ക്സിസം? - എന്‍.ഇ. ബാലറാം

Saturday, November 21, 2009

Dialectics||വൈരുദ്ധ്യവാദം


ദാര്‍ത്ഥം നിലനില്‍ക്കുന്നതിന്റെ രൂപമാണ് ചലനമെന്നു നേരത്തെ നാം കണ്ടു. പ്രകൃതിയിലും സമുദായത്തിലും മനുഷ്യമനസ്സിലും എല്ലാം നാം ഈ ചലനം കാണുന്നു. ഈ ചലനത്തിന്റെ ഉത്ഭവസ്ഥാനമെന്താണ്? വെളിയിലുള്ള വല്ല ശക്തികളുടെയും പ്രവര്‍ത്തനം കൊണ്ടാണോ വസ്തുക്കള്‍ക്കും പ്രതിഭാസങ്ങള്‍ക്കും ചലനമുണ്ടാകുന്നത്? അല്ല, മറ്റുവല്ല കാരണവും കൊണ്ടാണോ?വൈരുദ്ധ്യവാദം ഇതിനൊക്കെ തൃപ്തികരമായ മറുപടി നല്‍കുന്നുണ്ട്. അതെന്താണെന്ന് നമ്മുക്ക് പരിശോധിക്കാം.വിപരീതങ്ങളുടെ പ്രവര്‍ത്തനം കൊണ്ടാണ് ചലനം അല്ലെങ്കില്‍ വികാസം ഉണ്ടാകുന്നത്. ശ്രദ്ധിച്ചു നോക്കിയാല്‍ എല്ലാ രംഗങ്ങളിലും ഇത് കാണാം. ഗണിതശാസ്ത്രത്തില്‍ കൂട്ടലും കിഴിക്കലും, യന്ത്രശാസ്ത്രത്തില്‍ ആഘാത പ്രത്യാഘാതങ്ങള്‍, ഊര്‍ജ്ജതന്ത്രത്തില്‍ വിദ്യുച്ഛക്തിയുടെ പോസിറ്റീവും നെഗറ്റീവും, രസതന്ത്രത്തില്‍ പരമാണുക്കളുടെ സംയോജന വിയോജനങ്ങള്‍, ശരീരശാസ്ത്രത്തില്‍ മസ്തിഷ്കത്തിലെ സംക്ഷോഭവിക്ഷോഭങ്ങള്‍, സാമൂഹികശാസ്ത്രത്തിലെ വര്‍ഗ്ഗസമരങ്ങള്‍. ഇവയെല്ലാം നടക്കുന്നത് വിരുദ്ധശക്തികളുടെ പ്രവര്‍ത്തനം മൂലമാണ്. എംഗല്‍സ് പറയുന്നത്, "ഒരു വസ്തു അതായിത്തന്നെ നിലനില്‍ക്കുന്നു. അതേ സമയത്ത് അത് ഇടവിടാതെ മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മാറ്റമില്ലായ്മ, മാറ്റം എന്നീ രണ്ടു വിരുദ്ധശക്തികളെ അതു ഉള്‍ക്കൊള്ളുന്നു. ഇങ്ങനെ ആ വസ്തുവില്‍ ഒരു വൈരുദ്ധ്യം അടങ്ങിയിരിക്കുന്നു"


വിപരീതങ്ങളുടെ സമരവും ഐക്യവുമാണ് വൈരുദ്ധ്യവാദത്തിലെ പ്രധാന നിയമം. അപ്പോള്‍ ഒരു ചോദ്യം സ്വാഭാവികമായും ഉണ്ടാകുന്നുണ്ട്. ഈ സമരവും ഐക്യവും എന്ന ധാരണയില്‍ ഏതിനാണ് പ്രാധാന്യം. ലെനിന്‍ ഇക്കാര്യത്തെക്കുറിച്ച് ഇപ്രകാരമാണ്, "വിരുദ്ധശക്തികളുടെ ഐക്യം സോപോധികവും താല്‍ക്കാലികവും ക്ഷണികവും ആപേക്ഷികവുമാണ്. പരസ്പരം വേറിട്ട് നില്‍ക്കുന്ന വിരുദ്ധശക്തികളുടെ സമരമാകട്ടെ ചലനവും വികാസവുമെന്ന പോലെ ശാശ്വതവുമാണ്". സമരം ശാശ്വതമായത് കൊണ്ട് ഒരു വസ്തുവും പ്രതിഭാസവും നിശ്ചലമാകുന്നില്ല. അവ എപ്പോഴും മാറിക്കൊണ്ടേയിരിക്കുന്നു. അപ്പോള്‍ വിപരീതങ്ങളുടെ സമരമാണ് പ്രകൃതിയിലും സമൂഹത്തിലും ചിന്തയിലും മാറ്റങ്ങള്‍ വരുത്തുന്നത്.

ഈ വിപരീതങ്ങള്‍ വേര്‍തിരിഞ്ഞല്ല നിലനില്‍ക്കുന്നത്. അവ ഒത്തുചേര്‍ന്നാണ് നില്‍ക്കുന്നത്. മുതലാളിത്ത സമുദായം നോക്കിയാല്‍ അതില്‍ മുതലാളി വര്‍ഗ്ഗവും തൊഴിലാളി വര്‍ഗ്ഗവും ഉള്ളതായി കാണാം. വിപരീത താല്പര്യത്തോടെയാണവര്‍ പ്രവര്‍ത്തിക്കുന്നത്. എങ്കിലും ഒരു താല്‍ക്കാലിക ഐക്യമുണ്ടാക്കി അവര്‍ പ്രവര്‍ത്തിക്കുന്നു. ഇതുപോലെ തന്നെയാണ് ഓരോ വസ്തുവിലും പ്രതിഭാസത്തിലും വിപരീതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിപരീതങ്ങളുടെ ഐക്യവും സമരവും ഒരുപോലെ തുടരുന്നു. ഈ സംഘട്ടനമാണ് വികാസത്തിന് കാരണം. വികാസമെന്നത് വിരുദ്ധശക്തികളുടെ സമരമാണെന്ന് ലെനിന്‍ പറഞ്ഞത് ഇവിടെ സ്മരണീയമാണ്.

ഇനി നമ്മുക്ക് മാറ്റത്തിന്റെ രണ്ടാമത്തെ നിയമത്തിലേക്ക് കടക്കാം. അളവില്‍ ഉണ്ടാകുന്ന മാറ്റം ഗുണത്തില്‍ മാറ്റമുണ്ടാക്കുന്നുവെന്നതാണ് ആ നിയമം. ഏതെങ്കിലും ഒരു വസ്തുവിനെയോ, പ്രതിഭാസത്തിനെയോ ഇതര വസ്തുക്കളില്‍ നിന്നും വ്യത്യസ്തമായി കാണിക്കുന്ന സ്വഭാവസവിശേഷതകളുടെ ആകെത്തുകയെയാണ് ഗുണം എന്നു പറയുന്നത്. സ്വയമേവ നിലനില്‍ക്കുന്ന ഗുണങ്ങള്‍ ഒരിടത്തുമില്ല. എല്ലാ വസ്തുക്കള്‍ക്കും, പ്രതിഭാസങ്ങള്‍ക്കും എന്തെങ്കിലും തരത്തിലുള്ള ഗുണം ഉണ്ടാകും. ഗുണവും അളവും തമ്മില്‍ വളരെയേറെ ബന്ധമുണ്ട്. വെള്ളം തിളപ്പിക്കുമ്പോള്‍ നമ്മുക്ക് മനസ്സിലാകും, 100 ഡിഗ്രി സെല്‍ഷ്യസ് വരെ, വെള്ളത്തിന്റെ ഗുണത്തില്‍ പ്രകടമായ മാറ്റം വരുന്നില്ല. നൂറ് ഡിഗ്രി ആയാല്‍ വെള്ളം തിളയ്ക്കുന്നു, ആവിയാകുന്നു, വെള്ളമല്ലാതാകുന്നു. വെള്ളത്തിനു വന്ന ഗുണാത്മകമായ മാറ്റമാണ് നാമിവിടെ കാണുന്നത്. ഇതുപോലെ നിത്യജീവിതത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ കാണാം, അളവ് ഗുണമായി മാറുക മാത്രമല്ല ചെയ്യുന്നത്. ഗുണം അളവായി മാറുന്നുണ്ട് എന്നതുമോര്‍ക്കണം. വികാസത്തിന്റെ സാര്‍വ്വത്രികമായ നിയമമാണിത്. ഗുണം കൂടിയ വിത്തുപയോഗിച്ച് കൃഷി ചെയ്താല്‍ വിളവും കൂടുതലാകുമെന്ന കാര്യം കൃഷിക്കാര്‍ക്കെല്ലാമറിയാം.

അളവിലുണ്ടാകുന്ന മാറ്റം ഗുണത്തില്‍ മാറ്റം വരുത്തുന്നുവെന്ന് പറഞ്ഞതുകൊണ്ടുമാത്രമായില്ല. ഈ മാറ്റം ആദ്യം അദൃശ്യമായും മന്ദഗതിയിലുമാണ് നടക്കുന്നത്. എന്നാല്‍ ഈ വിധത്തിലുള്ള മാറ്റങ്ങള്‍ കൂടിക്കൂടി വന്നു. ഒരു നിശ്ചിതഘട്ടത്തില്‍ എത്തുമ്പോള്‍ ഒരു സ്ഥിതിവിശേഷത്തില്‍ നിന്ന് മറ്റൊരു പുതിയ സ്ഥിതിവിശേഷത്തിലേക്കുള്ള കുതിച്ചുചാട്ടമാണ് നടക്കുന്നത്. ഉദാഹരണത്തിന് മനുഷ്യന്റെ ആവിര്‍ഭാവം തന്നെയെടുക്കാം, അതൊരു കുതിച്ചു ചാട്ടം തന്നെയായിരുന്നു. പ്രാണിലോകത്തിന്റെ വികാസക്രമത്തിലെ മൗലികമായ ഒരു വ്യത്യാനമായിരുന്നു അത്. സാമൂഹികവിപ്ലവങ്ങള്‍ നടക്കുന്നതുമിപ്രകാരമാണ്. സാമൂഹ്യഘടനയില്‍ വിപ്ലവം എന്ന് വെച്ചാല്‍ ഗുണപരമായ സമൂഹമാറ്റം എന്നുതന്നെയാണ് അര്‍ത്ഥം. മുതലാളിത്ത സമൂഹത്തില്‍ നടക്കുന്ന വിപ്ലവം സോഷ്യലിസ്റ്റ് സമൂഹത്തിന് വഴിയൊരുക്കുന്നത് ഒരു ഉദാഹരണമാണ്. വെറും മന്ദഗതിയിലുള്ള പരിഷ്കാരം കൊണ്ടുമാത്രം ഇതു നടക്കില്ല.

മൂന്നാമത്തെ നിയമത്തെ നിഷേധത്തിന്റെ നിഷേധം എന്നാണ് സാധാരണയായി പറയാറുള്ളത്. താഴ്ന്ന നിലവാരത്തില്‍ നിന്നുമുയര്‍ന്ന നിലവാരത്തിലേക്കും, ലളിതത്തില്‍ നിന്നും സങ്കീര്‍ണ്ണതയിലേക്കുമുള്ള മാറ്റത്തിന്റെ നിയമമെന്ന് നമ്മുക്കിതിനെ വിശദീകരിക്കാം. മാറ്റം, വികാസം‌ എന്നെല്ലാം പറഞ്ഞാല്‍ വളരെയേറെ അവ്യക്തമായ ധാരണകളാണ് നമ്മില്‍ ഉളവാക്കുന്നത്. വെറും ആവര്‍ത്തനം മാത്രമാണോ ഇതിന്റെ അര്‍ത്ഥം? ഇതിലെന്ത് പുതുമയാണുള്ളത്? തികച്ചും ന്യായമായ ഈ ചോദ്യങ്ങള്‍ക്ക്, നിഷേധത്തിന്റെ നിഷേധ നിയമം ഉത്തരം തരുന്നുണ്ട്.

"നിലനില്പിന്റെ പഴയ രൂപത്തെ നിഷേധിച്ചുകൊണ്ടല്ലാതെ, ഒരിടത്തും യാതൊരുതരത്തിലുമുള്ള വികാസം സംഭവിക്കുന്നില്ല", കാള്‍ മാര്‍ക്സ് പറഞ്ഞതാണിത്. വിപരീതങ്ങളുടെ ഐക്യവും സമരവും എന്ന നിയമം പ്രവര്‍ത്തിക്കുന്നതിന്റെ അനിവാര്യഫലമാണ് പുതിയ ഗുണം പഴയതിനെ നിഷേധിച്ചുകൊണ്ട് കടന്നുവരുന്നത്. ഉദാഹരണത്തിന്, ഒരു വിത്തില്‍ നിന്നും ചെടിയുണ്ടാകുന്നു. ചെടിയുണ്ടാകുമ്പോഴേക്കും ആ ചെടിക്കാധാരമായ വിത്ത് നശിച്ചു കഴിഞ്ഞിരിക്കും. ആ ചെടി കായ്കുന്നതോടെ പുതിയ ധാരാളം വിത്തുകളുണ്ടാകും. പക്ഷെ, അവിടെ ഒരു മാറ്റം ഉണ്ടെന്നോര്‍ക്കണം. പുതിയ ധാരാളം വിത്തുണ്ടാകുമ്പോഴേക്കും ആ ചെടി നശിക്കും, നിഷേധിക്കപ്പെടും. അങ്ങനെ നിഷേധത്തിന്റെ നിഷേധം കൊണ്ടുണ്ടാകുന്ന പുതിയ വിത്തുകള്‍ ഒരിക്കലും പഴയ വിത്തല്ല. എണ്ണത്തിലും ഗുണത്തിലും മാറ്റം വന്ന വിത്തുകളാണവ.

നിഷേധമെന്നത് കൊണ്ട് പഴയതിന്റെ നാശം എന്ന് മാത്രമാണെന്ന് ധരിക്കരുത്. പഴയവികാസഘട്ടങ്ങളിലെ നല്ല ഘടകങ്ങളെ നിലനിര്‍ത്തുകയും കൂടെ ചെയ്യുന്നുണ്ട്. മുതലാളിത്ത സമൂഹത്തെത്തന്നെ നമ്മുക്ക് അപഗ്രഥിക്കാം. മുതലാളിത്തത്തെ നിഷേധിക്കുന്നു എന്നതിന്റെ അര്‍ത്ഥം, ആ സമൂഹത്തില്‍ മനുഷ്യന്‍ സൃഷ്ടിച്ചതെല്ലാം നശിപ്പിക്കപ്പെടുമെന്നാണോ? ഒരിക്കലുമല്ല. ഉല്പാദനശക്തികള്‍, ഉല്പാദനസാമഗ്രികള്‍, ശാസ്ത്രസിദ്ധികള്‍, ഭൗതികനേട്ടങ്ങള്‍, സാംസ്കാരിക സമ്പത്ത് തുടങ്ങിയ എല്ലാം നിലനിര്‍ത്തുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ആ അടിസ്ഥാനത്തില്‍ നോക്കുമ്പോ‌ള്‍ നിഷേധത്തിന്റെ നിഷേധത്തില്‍ അനുസ്യൂതത്വം കൂടിയുണ്ടെന്ന കാര്യം കാണാവുന്നതാണ്.

സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ നോക്കുക. പ്രാചീനദശയില്‍ കല്ലും വില്ലുമായിരുന്നു മനുഷ്യന്റെ പണിയായുധങ്ങള്‍. എന്നാല്‍ ഇന്നവന്റേത് ആറ്റം പിളര്‍ന്നുകൊണ്ടുള്ള പണിയായുധങ്ങളാണ്. താഴ്ചയില്‍ നിന്ന് ഉയര്‍ച്ചയിലേക്കും, ലാളിത്യത്തില്‍ നിന്ന് സങ്കീര്‍ണ്ണതയിലേക്കും, കടന്നുചാടിയതിന്റെ ഉദാഹരണമാണിത്. അജൈവ വസ്തുക്കളില്‍ നിന്ന് രാസപരിണാമത്തിന്റെ ഫലമായി ജൈവവസ്തുക്കളുന്റായതും, പ്രകൃതിയിലെ മറ്റുദാഹരണമാണ്. കമ്മ്യൂണിസത്തിന്റെ ആദിമദശയില്‍ ഉണ്ടായത് പ്രാകൃത കമ്മ്യൂണിസമാണ്. അന്ന് പൊതുവുടമയായിരുന്നു.അതായത് സമൂഹത്തിലെ അംഗങ്ങളെല്ലാവരും സമ്പത്തിന്റെ ഉടമകളായിരുന്നുവെന്നര്‍ത്ഥം. സ്വത്തുള്ളവനും ഇല്ലാത്തവനും എന്ന വ്യത്യസ്തനില ആദിമമനുഷ്യന്‍ അറിഞ്ഞിരുന്നില്ല. മാനവരാശിയുടെ പുരോഗമനത്തിന് അനിവാര്യമെന്ന നിലയില്‍, സ്വകാര്യസ്വത്തോട് കൂടിയ സാമൂഹികക്രമമാണ് പിന്നീടുണ്ടായത്. ഇന്നിപ്പോള്‍ അതും നിഷേധിക്കപ്പെടുകയാണ്. തല്‍സ്ഥാനത്ത് ഉയര്‍ന്നുവരുന്നത് ശാസ്ത്രീയ കമ്മ്യൂണിസമാണ്. മനുഷ്യനിതുവരെ ആര്‍ജ്ജിച്ച എക്കാ സംസ്കാരസിദ്ധികളും നിലനിര്‍ത്തിക്കൊണ്ടുള്ള പുതിയ പൊതുവുടമ ഭൂസമ്പ്രദായം ലാളിത്യത്തില്‍ നിന്നും സങ്കീര്‍ണ്ണതയിലേക്ക് എത്തിയ വികാസത്തിന്റെ മറ്റൊരു ഉദാഹരണമാണ്.

വൈരുദ്ധ്യവാദത്തിന്റെ പ്രധാന നിയമങ്ങളെക്കുറിച്ചാണ് നാമിതുവരെ ചര്‍ച്ച ചെയ്തത്. പ്രകൃതിയില്‍ കാണുന്ന എല്ലാ വസ്തുക്കള്‍ക്കും, പ്രതിഭാസങ്ങള്‍ക്കും തമ്മില്‍ പരസ്ബപരന്ധമുണ്ട്. ഒറ്റപ്പെട്ടു നില്‍ക്കുന്ന യാതൊന്നും ഈ ലോകത്തില്‍, പ്രപഞ്ചത്തില്‍, ഇല്ലായെന്നതാണ് വൈരുദ്ധ്യവാദത്തിന്റെ പ്രധാനതത്വം. ഭൗതികവസ്തുക്കളും, ആശയങ്ങളും, സാമൂഹ്യസ്ഥാപനങ്ങളുമെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ശാസ്ത്രവിജ്ഞാനം വളര്‍ന്നുവരുന്തോറും ഈ ബന്ധങ്ങളെക്കുറിച്ച് നമ്മുക്ക് കൂടുതല്‍ മനസ്സിലാക്കുവാന്‍ കഴിയുന്നു. അതുപോലെ തന്നെ പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകുന്തോറും മേല്‍പറഞ്ഞ ചലന നിയമങ്ങള്‍, സത്യമാണെന്ന് വൈരുദ്ധ്യവാദം അംഗീകരിക്കാത്ത ശാസ്ത്രജ്ഞന്മാര്‍ പോലും അംഗീകരിക്കുന്നു. ഈ നിയമങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ സാര്‍വ്വത്രികമായ സ്വഭാവമുണ്ട്. മാര്‍ക്സും, എംഗല്‍സും വൈരുദ്ധ്യവാദത്തെ വെറുമൊരു സിദ്ധാന്തം എന്ന നിലയ്ക്കല്ല കണ്ടത്. അതു ജ്ഞന സമ്പാദനത്തിനുള്ള മാര്‍ഗ്ഗവും പ്രവര്‍ത്തനത്തിനുള്ള വഴികാട്ടിയുമാണെന്നവര്‍ വ്യക്തമാക്കി. വളര്‍ച്ചയുടെ പൊതുനിയമങ്ങളെക്കുറിച്ചുള്ള ജ്ഞാനം ഭൂതകാലത്തെ വിശകലനം ചെയ്യുവാനും,ഭാവിയെ മുന്‍കൂട്ടിക്കാണുവാനുമുള്ള കഴിവുമുണ്ടാകുമെന്ന് അവര്‍ കണ്ടുപിടിച്ചു. മുതലാളിത്ത വ്യവസ്ഥയുടെ ഉല്‍ഭവത്തെക്കുറിച്ചും, വളര്‍ച്ചയെക്കുറിച്ചും നാശത്തെക്കുറിച്ചും ആത്മവിശ്വാസത്തോടെ അവര്‍ക്ക് പറയുവാന്‍ കഴിഞ്ഞത് അക്കാരണത്താലാണ്.

മൂലാധാരം: എന്താണ് മാര്‍ക്സിസം? - എന്‍.ഇ.ബാലറാം

ബന്ധപ്പെട്ട വായന:
  1. വൈരുദ്ധ്യാത്മക ഭൗതികവാദം - വിക്കിപ്പീഡിയ
  2. വൈരുദ്ധ്യാത്മക വാദം - വിക്കിപ്പീഡിയ
  3. ഭൗതികവാദം
  4. Dialectics for Kids

Wednesday, November 11, 2009

ഉപതിരഞ്ഞെടുപ്പ് ഫലം - ചില ചിന്തകള്‍

ചിന്തകളുടെ ചായ്വ് ഇടത്തേക്കായിരുന്നു പണ്ട് മുതലേ. ഓരോ ഇലക്ഷന് ശേഷവും ഇടതുപക്ഷത്തിന്റെ ജയപരാജയങ്ങളും വികാരപരമായിത്തന്നെയാണ് ഉള്‍ക്കൊണ്ടിരുന്നത്. കഴിഞ്ഞ ലോകസഭാ ഇലക്ഷന് ഇടതുപക്ഷത്തിനേറ്റ അടി, പണ്ട് യു.ഡി.എഫിന് വടക്കാഞ്ചേരി മണ്ഡലത്തില്‍ മുരളിയെ നിര്‍ത്തി തോറ്റപ്പോള്‍ കിട്ടിയതിനേക്കാള്‍ രൂക്ഷതയേറിയതാണെന്നാണ് എനിക്ക് തോന്നിയത്. എന്നാല്‍ ഇത്തവണത്തെ ഉപതെരെഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം രോമാഞ്ചമണിയുന്നവരെ കാണുമ്പോള്‍ ഒരു തരം നിസ്സഹായതയാണ് തോന്നുന്നത്.

ജനാധിപത്യ സമ്പ്രദായത്തില്‍ നടക്കുന്ന തെരെഞ്ഞെടുപ്പില്‍ ഒരു കക്ഷിക്ക് പ്രയോജനമുണ്ടാക്കുന്നത് അവര്‍ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയുടെ ജയമാണ് എന്ന കാര്യത്തില്‍ സംശയമില്ല. ചില നിബന്ധനകള്‍ക്ക് വിധേയമായി ഭരിക്കുന്ന കക്ഷിക്കെതിരായുള്ള വിധിയായിട്ടും അതിനെ നമ്മുക്ക് കണക്കാക്കാം. എന്നാല്‍ ആ നിബന്ധനകള്‍ക്കപ്പുറത്ത് ഒരു വിജയത്തെ ഭരണ കക്ഷിയുടെ പരാജയമായി വിലയിരുത്തപ്പെടുന്നത് അല്പത്തരമാണ്. ഈ നാറിയ പണിയാണ്, നമ്മുടെ പ്രിയ മാദ്ധ്യമങ്ങളും വലതുകക്ഷി നേതാക്കളും യാതൊരുളുപ്പിമില്ലാതെ കാണിച്ചുകൊണ്ടിരിക്കുന്നത്.


യു.ഡി.എഫിന്റെ മൂന്ന് സിറ്റിങ്ങ് സീറ്റുകളില്‍, അവരുടെ ഉരുക്കു കോട്ടയായ കണ്ണൂര്‍ നിയമസഭാ മണ്ഡലമുള്‍പടെ (കണ്ണൂരെന്ന് കേള്‍ക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയല്ലേ എന്ന് സംശയം സ്വാഭാവികം. എന്നാല്‍ ഇടതിതര കക്ഷികള്‍ക്ക് "പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാത്ത"കണ്ണൂരിലെ ഈ നിയമസഭാ മണ്ഡലത്തില്‍ ഒരൊറ്റത്തവണ മാത്രമേ ഇടതുപക്ഷത്തിന് ജയിക്കുവാന്‍ സാധിച്ചിട്ടുള്ളൂ.) ഉള്ളവയില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ സാദ്ധ്യത കൂടുതല്‍ യു.ഡി.എഫിനാണ് എന്നത് ഏത് കൊച്ചു കുട്ടിക്കും അറിവുള്ള കാര്യമാണ്.

"വിഎസ് സര്‍ക്കാര്‍ രാജിവെച്ച് ജനവിധി തേടണം" - കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല.
"തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രാജിവയ്ക്കണം"; കെ എം മാണി.

കഴിഞ്ഞ യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്തൊരു ഉപതെരെഞ്ഞെടുപ്പ് നടന്നിരുന്നു. യു.ഡി.എഫിന്റെ സിറ്റിങ്ങ് സീറ്റായിരുന്ന വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ അന്നത്തെ വൈദ്യുത മന്ത്രി ആയിരുന്ന കെ. മുരളീധരന്‍ മത്സരിച്ച് തോല്‍ക്കുകയാണുണ്ടായത്. എന്നിട്ട് അന്നത്തെ സര്‍ക്കാര്‍ രാജി വെച്ചോ?

ഉപതെരെഞ്ഞെടുപ്പ് ഫലങ്ങളുടെ കണക്കുകളിലേക്ക് നോക്കുമ്പോഴാണ് അതിനേക്കാള്‍ രസകരമായ സംഗതികള്‍ കാണുവാന്‍ കഴിയുന്നത്.


ശക്തമായ ഇടതനുകൂല തരംഗം നിലനിന്നിരുന്ന 2006-ലെ തെരെഞ്ഞെടുപ്പില്‍, കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ 51.10% വോട്ട് നേടിയാണ് കെ.സുധാകരന്‍ ജയിച്ചത്. 2001-ലെ തെരെഞ്ഞെടുപ്പില്‍ സുധാകരന്‍ നേടിയത് 56.81% വോട്ടാണ്. 2009-ലെ ഉപതെരെഞ്ഞെടുപ്പില്‍ ഉണ്ടാകാവുന്ന സര്‍ക്കാര്‍വിരുദ്ധ വോട്ടുകള്‍ (?) പിടിക്കുവാന്‍ അബ്ദുള്ളക്കുട്ടി പരാജയപ്പെട്ടില്ലേ എന്ന സ്വാഭാവികമായ സന്ദേഹം മാദ്ധ്യമങ്ങളൊന്നും അവലോകനം ചെയ്തു കണ്ടില്ല.

ഉപതെരെഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലേയും ആകെ പോള്‍ ചെയ്ത വോട്ടുകളും, ഇരു മുന്നണിക്ക് ലഭിച്ച വോട്ടുകളും ഒക്കെ വെച്ച് ഒരു പഠനം നടത്തുകയാണെങ്കില്‍ ലഭിക്കുന്നത് മാദ്ധ്യമങ്ങള്‍ തന്നിട്ടുള്ളതില്‍ നിന്നും വളരെ വ്യത്യസ്തമായൊരു ചിത്രമായിരിക്കും.

2009-ല്‍ മൂന്ന് മണ്ഡലങ്ങളില്‍ നിന്നുമാകെ പോള്‍ ചെയ്ത വോട്ടില്‍, യു.ഡി.എഫ്-ന്റെ പങ്കെന്ന് പറയുന്നത്, 50.32% വോട്ടാണ്. 2006-ലെ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഈ മണ്ഡലങ്ങളിലുണ്ടായിരുന്ന സ്വാധീനം 53.01% വോട്ടാണെന്ന കാര്യം കൂടി പറയുമ്പോഴേ ചിത്രം പൂര്‍ണ്ണമാകുന്നുള്ളൂ. അതായത്, 2006-ലെ ഇടതനുകൂലതരംഗത്തിന്റെ സമയത്തുള്ള അത്ര വോട്ട് പോലും യു.ഡി.എഫിന് ഇത്തവണ പിടിക്കുവാന്‍ സാധിച്ചിട്ടില്ല.


അതേ സമയം, എല്‍.ഡി.എഫിനാകട്ടെ "കടുത്ത സര്‍ക്കാര്‍വിരുദ്ധതരംഗത്തിനിടയിലും" 2006-ലെ വോട്ട് ശതമാനം നിലനിര്‍ത്തുവാന്‍ സാധിച്ചു. 2006-ല്‍ 41.35% ഉണ്ടായിരുന്നത് 2009-ല്‍ 41.38% ആയി. 0.03% വോട്ടിന്റെ ആ ചെറിയ വര്‍ദ്ധനവ് കണക്കാക്കതെയിരിക്കുകയാണെങ്കില്‍ പോലും, എല്‍.ഡി.എഫ്-ന് കാര്യമായ പരിക്ക് ഈ തെരെഞ്ഞെടുപ്പില്‍ സംഭവിച്ചിട്ടില്ല.

മൂന്ന് മണ്ഡലങ്ങളിലേയും ആകെ വോട്ടിന്റെ വര്‍ദ്ധനവ് 5.52 ശതമാനമാണ് (2006-ലെ 269054-ല്‍ നിന്നും 2009-ല്‍ 283916 ആയി). യു.ഡി.എഫിന്റെ വോട്ട് 2006-ലെ 142614-ല്‍ നിന്നും 142880 ആയി വര്‍ദ്ധിച്ചു (0.19% വര്‍ദ്ധനവ്). അതേ സമയം എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്നവരുടെ വര്‍ദ്ധനവെന്ന് പറയുന്നത്, 5.58 ശതമാനമാണ് (2006-ലെ 111268-ല്‍ നിന്നും 117472). ചുരുക്കത്തില്‍ മണ്ഡലങ്ങളിലെ ആകെ വോട്ടര്‍മാരുടെ വര്‍ദ്ധനവിനേക്കാള്‍ എല്‍.ഡി.എഫ് വോട്ടുകള്‍ വര്‍ദ്ധിച്ചു (ആകെ വര്‍ദ്ധനവില്‍ നിന്നും യു.ഡി.എഫിന് പോയത് കണക്കാക്കാതെയാണിത്). എല്‍.ഡി.എഫിന് അനുകൂലമായി കള്ളവോട്ടുകള്‍ പുതിയതായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട് എന്ന വാദം പോലും ഈ കണക്കുകള്‍ക്ക് മുന്നില്‍ നിലനില്‍ക്കുന്നില്ല. കള്ളവോട്ടുകള്‍ പോള്‍ ചെയ്തിട്ടില്ല എന്ന യു.ഡി.എഫ് നേതാക്കളുടെ സെര്‍ട്ടിഫിക്കറ്റ് കൂടെ വയ്ക്കുമ്പോള്‍, എല്‍.ഡി.എഫിന്റെ വര്‍ദ്ധിച്ച ജനപിന്തുണയ്ക്ക് നേരെ കണ്ണടയ്ക്കുവാന്‍ ബുദ്ധിയും വിവേകവുമുള്ളവര്‍ക്ക് സാധിക്കില്ല.

ഈ കണക്കുകളൊന്നും കാണാതെ എല്‍.ഡി.എഫിനെതിരായ ജനവിധിയാണിത്, ഗവണ്‍മെന്റ് രാജി വയ്ക്കണം എന്നൊക്കെ പറയുന്നത് രാഷ്ട്രീയമായ പക്വതയില്ലായ്മയാണ്. ഇടതുപക്ഷത്തെ അന്ധമായി എതിര്‍ക്കുക എന്നൊരു നയം മാത്രമുള്ള വലതു കക്ഷികളില്‍ നിന്നും ഇതിനേക്കാള്‍ ബാലിശമായ പ്രസ്താവനകളും, പ്രവര്‍ത്തനങ്ങളും ഉണ്ടാകാതെയിരിക്കുന്നതില്‍ മാത്രമേ അദ്ഭുതമുള്ളൂ.

Tuesday, November 10, 2009

Revolution||വിപ്ലവം

(ഏതോ ഒരു ബ്ലോഗ്ഗില്‍ കണ്ട ചില ചോദ്യങ്ങള്‍ക്ക് എനിക്ക് അറിയാവുന്ന രീതിയില്‍ ഉത്തരം നല്‍കിയിട്ടുണ്ട്. തെറ്റുകളുണ്ടായേക്കാം. തിരുത്തുക)

ചോദ്യം: ഒന്നു കൂടെ ആലോചിച്ചു പറയൂ, തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം [Dictatorship of the Proletariat ] എന്ന ആശയം ഉപേക്ഷിച്ചോ, ഇല്ലയോ? (ഇവിടെ നിന്ന്)

ഉത്തരം: ഇന്ത്യയിലെ മുഖ്യധാരാ ഇടതുകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)-യുടെ ഭരണഘടനയുടെ വകുപ്പ് രണ്ടില്‍ (ലക്ഷ്യം) പറഞ്ഞിരിക്കുന്നതാണ് താഴെ എഴുതുന്നത്,


ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്‌). തൊഴിലാളിവര്‍ഗ സര്‍വാധിപത്യഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ്‌ പാര്‍ട്ടിയുടെ ലക്ഷ്യം. മാര്‍ക്‌സിസം-ലെനിനിസത്തിന്റെ സിദ്ധാന്തങ്ങളും തത്ത്വശാസ്‌ത്രവുമാണ്‌ പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും വഴികാട്ടുന്നത്‌. മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയ്‌ക്ക്‌ അറുതി വരുത്തി, അധ്വാനിക്കുന്ന ജനങ്ങള്‍ക്ക്‌ പൂര്‍ണമോചനത്തിലേക്കുള്ള ശരിയായ വഴി കാട്ടാന്‍ മാര്‍ക്‌സിസം-ലെനിനിസത്തിനു മാത്രമേ കഴിയൂ. തൊഴിലാളിവര്‍ഗ സാര്‍വദേശീയത്വത്തിന്റെ കൊടി പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നു.

ഇതിന്റെ അര്‍ത്ഥം മറ്റൊന്നുമല്ല. ഏതൊരു രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയുമെന്ന പോലെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ലക്ഷ്യം അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യമാണ്. ഇംഗ്ലീഷിലിതിനെ ചോദ്യത്തില്‍ പറഞ്ഞിരിക്കുന്നതു പോലെ, Dictatorship of the Proletariat എന്ന് പറയും. ചുരുക്കത്തില്‍, ഒരു രാജ്യത്തിന്റെ സര്‍വ്വ സ്വത്തുക്കളിലും, ഉല്പാദനോപാധികളിലും നിയന്ത്രണം അടിസ്ഥാന വര്‍ഗ്ഗത്തിനായിരിക്കും. ഭരണചക്രം തിരിയുന്നത് തൊഴിലാളികളുടെ താല്പര്യ സംരക്ഷണത്തിനനുസരിച്ചായിരിക്കും.

ചോദ്യം: തൊഴിലാളി എന്ന് പറയുന്നത് ആരെയാണ്?

ത്തരം: അപ്പം തിന്നുവാന്‍ സ്വന്തം അദ്ധ്വാനം മാത്രം വില്‍ക്കുന്നവനെ തൊഴിലാളി എന്ന് വിളിക്കാം. മാര്‍ക്സിയന്‍ നിര്‍വ്വചനമനുസരിച്ച് ഉല്പാദനോപാധികളുടെ ഉടമസ്ഥാവകാശമില്ലാത്ത, കൂലിക്ക് കായികശക്തി വില്പനച്ചരക്കാക്കുന്ന, സമൂഹത്തില്‍ സമ്പത്ത് നിര്‍മ്മിക്കുന്ന ആ സാമൂഹിക വിഭാഗത്തെയാണ് തൊഴിലാളിവര്‍ഗ്ഗം എന്ന് വിശേഷിപ്പിക്കുന്നത്.

ചോദ്യം: അനില്‍ അമ്പാനിയും, സി.കെ.ജാനുവും ഉള്‍പ്പെട്ടതാണു ഇന്‍ഡ്യ. എനിക്ക് ഒരു കാറുണ്ട്, ഒരു വീടുണ്ട്, ഫോണുണ്ട്, കമ്പ്യൂട്ടറുണ്ട്. ഇത്രയും ഉള്ള ഞാന്‍ തീര്‍ച്ചയായും മേല്‍‌പ്പറഞ്ഞ തൊഴിലാളിയുടെ നിര്‍വചനത്തില്‍ വരുന്നില്ല. എന്താ ബീഫ് ഫ്രൈ, നിങ്ങള്‍ ലക്ഷ്യത്തിലെത്തിയാല്‍ എന്റെ സ്ഥാനം എവിടെയാണു? (ഇവിടെ)


ഉത്തരം: നിങ്ങളുടെ ചോദ്യത്തില്‍ തന്നെ ഉത്തരവും ഒളിഞ്ഞ് കിടപ്പുണ്ട്. അനില്‍ അമ്പാനിയും സി.കെ.ജാനുവും ഉള്‍പ്പെട്ടതാണ് ഇന്ത്യാ മഹാരാജ്യം. ഇന്നത്തെ ഭരണകൂടങ്ങള്‍, ഇവരിലാരുടെ ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നത്. കാലാകാലങ്ങളായി അവഗണനകളനുഭവിക്കുന്ന സി.കെ. ജാനുവുള്‍പ്പെടുന്ന ജനവിഭാഗങ്ങള്‍ക്കും ഈ രാജ്യത്തിന്റെ സ്വത്തുക്കളില്‍ (resources) അനില്‍ അമ്പാനിയുടേതിനു തുല്യമായ അവകാശങ്ങളില്ലേ? തികച്ചും മനുഷ്യരഹിതമായ ഈ അന്യായങ്ങള്‍ക്കിടയിലും അവരെ വെറുതെ വിടുവാന്‍ നമ്മുടെ ഭരണകൂടങ്ങള്‍ സമ്മതിക്കുന്നുവോ? ഉത്തരേന്ത്യയിലെ മവോയിസ്റ്റ് ബെല്‍റ്റില്‍ സംഭവിക്കുന്നതെന്താണ്? ഭരണകൂടം ഈ സമ്പന്നവര്‍ഗ്ഗങ്ങളുടെ താല്പര്യ സംരക്ഷണത്തിനായി പാവപ്പെട്ട കര്‍ഷകരേയും ആദിവാസികളേയും ദളിത് വിഭാഗങ്ങളേയും ദ്രോഹിക്കുന്നതല്ലേ? ഗുജറാത്തില്‍ വികസനത്തിനായി (ആരുടെ വികസനത്തിനായി എന്നതാണ് അടുത്ത ചോദ്യം), വൈദ്യുതോല്പാദനത്തിനായി നര്‍മ്മദ നദിക്ക് കുറുകെ അണകെട്ടുമ്പോള്‍ സ്വന്തം ഭൂമിയും കിടപ്പാടവുമൊക്കെ നഷ്ടപ്പെട്ടവരെക്കുറിച്ച് ആരെങ്കിലും ദുഃഖിച്ച് കണ്ടുവോ?

അങ്കിള്‍ എന്ന വ്യക്തിക്ക് ചെറുപ്പത്തില്‍ നല്ല ഭക്ഷണം കഴിക്കുവാന്‍ സാധിച്ചതും, നല്ല വിദ്യാഭ്യാസം ലഭിക്കുവാന്‍ സാധിച്ചതും, അത് പോലെ തന്നെ നല്ല ജോലി ലഭിച്ചതുമൊക്കെ അങ്കിള്‍ എന്ന വ്യക്തിയുടെ മാത്രം കഴിവ് കൊണ്ടാണോ? എന്റെ ചോദ്യമിതാണ്, മുന്‍തലമുറക്കാരുടെ സമ്പത്ത് കൊണ്ടോ, ജാതിയുടെ മേന്മ കൊണ്ടോ (ദയവായി ജാതി പറയുകയാണെന്ന് കരുതരുത്. അങ്കിള്‍ ചോദ്യം ചോദിച്ചത് കൊണ്ട് മാത്രം അങ്കിള്‍ എന്ന് പറയുന്നു. ഈ ചോദ്യം ഞാനുള്‍പടെയുള്ള മദ്ധ്യവര്‍ഗ്ഗത്തിന്റെയടുത്താണ്), അല്ലാ നിങ്ങളുടെ ഈ സുഖ ജീവിതത്തിനു് (മൂന്ന് നേരം ഭക്ഷണം, എനിക്കും മക്കള്‍ക്കും ഭാര്യയ്ക്കുമൊക്കെ നല്ല വിദ്യാഭ്യാസം എന്നതൊക്കെയാണ് സുഖ ജീവിതം കൊണ്ടിവിടെ ഉദ്ദേശിക്കുന്നത്) ഹേതുവെങ്കില്‍ നിങ്ങളോട് ഞാന്‍ യോജിക്കാം. എന്നാല്‍, കഴിക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും ഭക്ഷണം വാങ്ങിക്കുവാന്‍ കഴിവില്ലാത്തവര്‍ (ഹരിത വിപ്ലവത്തിന് ശേഷം ആവശ്യത്തിലധികം ഭക്ഷണമുണ്ടാവുകയും എന്നാല്‍ സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍ക്ക് അത് വാങ്ങിക്കുവാനുള്ള ശേഷിയില്ലാത്തത് കൊണ്ട് പട്ടിണി കിടക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്ന കാര്യം കൂടി ഇവിടെ പറയേണ്ടിയിരിക്കുന്നു), പഠിക്കുവാന്‍ താല്പര്യമുണ്ടായിട്ടും പഠിക്കുവാന്‍ കഴിയാത്തവര്‍, പിടിപാടില്ലാത്തതിനാല്‍ നല്ല ജോലി ലഭിക്കാത്തവര്‍, ഇതിനു പുറമെ സാമൂഹികമായി ഈ നൂറ്റാണ്ടിലും വളരെ പിന്നോക്കം നില്‍ക്കുന്നവര്‍. ഇവര്‍ക്കൊക്കെ കറന്റു കട്ടില്ലാത്ത ജീവിതത്തിനേക്കാളും, ഗട്ടറില്ലാത്ത റോഡിനേക്കാളുമൊക്കെ ആവശ്യം അടിസ്ഥാന സൗകര്യങ്ങളാണ്. പത്തോ ആയിരമോ ജന്മദിനത്തിന് കൊടുത്താല്‍ തീരുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. കൊക്കോകോളാ കമ്പനിയില്‍ നക്കാപ്പിച്ച ശമ്പളം കൊടുത്താലും ഇവര്‍ നേരിടുന്ന പ്രതിസന്ധികള്‍ തീരുന്നില്ല. എന്തെങ്കിലും ചെയ്യുവാന്‍ കഴിയുന്ന ഭരണകൂടം എന്താണ് ചെയ്യുന്നതെന്നും, അവര്‍ ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നതെന്നും മുമ്പ് പറഞ്ഞു കഴിഞ്ഞു.
ഈ സ്ഥിതി മാറുവാന്‍ ഭരണത്തില്‍ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പ്രതിനിധികള്‍ വരണം. സായുധ വിപ്ലവത്തിലൂടെ ബൂര്‍ഷ്വാ ഭരണകൂടത്തെ മറിച്ചിടുക എന്ന ചിന്താധാര, ഇന്ത്യയിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നേ ഉപേക്ഷിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന ജനാധിപത്യ സമ്പ്രദായത്തിലൂടെ തൊഴിലാളിവര്‍ഗ്ഗതാല്പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയവും.

അതിനാല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുക എന്നാല്‍ ജനാധിപത്യ ധ്വംസനം എന്ന് ചിലര്‍ പറയുന്നത് അവരുടെ അറിവില്ലായ്മയോ വിരോധമോ ബാലിശതയോ ഒക്കെയാണ് (ഇത്തരം പ്രകോപനങ്ങള്‍ ഏതൊരു വിപ്ലവകാരിയും നേരിട്ടിട്ടുണ്ടായിരിക്കും. അവയൊക്കെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണ് ആദ്യം വേണ്ടത്. അതിനേക്കാളൊക്കെ വിലയുള്ളതാണ് ഒരു സാധാരണക്കാരന് ഉണ്ടായേക്കാവുന്ന ഇത്തരത്തിലുള്ള സംശയങ്ങള്‍)

Sunday, November 8, 2009

Genesis || ഉല്പത്തി

ലോകം അവസാനിച്ചു. ദൈവം അടുത്ത സൃഷ്ടിക്കൊരുങ്ങി.

"കഴിഞ്ഞ തവണ ഒരു ആണിനേയും പെണ്ണിനേയും മാത്രം സൃഷ്ടിച്ചത് കൊണ്ട് പല പ്രശ്നങ്ങളുമുണ്ടായി. ഇത്തവണ അത് സംഭവിക്കരുത്." ദൈവം ആലോചിച്ചു.

"....അഗമ്യഗമനം ആദ്യമേ മനുഷ്യര്‍ക്കിടയില്‍ സംഭവിച്ചാല്‍ പിന്നെ വരുന്നവര്‍ക്ക് തങ്ങളുടെ മുന്‍തലമുറയെക്കുറിച്ചുള്ള ബഹുമാനം കുറയും. അതായത്, താഴേക്കുള്ള ഒരു തലമുറയിലും അടുത്ത രക്തബന്ധമുള്ളവര്‍ തമ്മിലുള്ള സന്താനോല്പാദനത്തിന് ഇടവരരുത്. ഒരു പക്ഷെ മുറച്ചെറുക്കന്‍/മുറപ്പെണ്ണ് ബന്ധമാകാം. മാത്രവുമല്ല, ഒരു പെണ്ണിന് ഒരു ആണിന്റെയടുത്തും (തിരിച്ചും - ഒരു ആണിന് ഒരു പെണ്ണിന്റെയടുത്തും) മാത്രമേ ബന്ധപ്പെടുവാന്‍ കഴിയുകയുള്ളൂ. ഈ നിബന്ധനകളെല്ലാം അണുവിട തെറ്റാതെ പാലിക്കണമെങ്കില്‍, ഞാന്‍ ഏറ്റവും കുറഞ്ഞത് എത്ര എണ്ണം ആണിനേയും പെണ്ണിനേയും ഞാന്‍ സൃഷ്ടിക്കണം?"ദൈവം ആലോചന തുടര്‍ന്നു...

Rate this post

About Me

My photo
Omnipresent. ഞങ്ങളെ എല്ലാവര്‍ക്കുമറിയാം. ഞങ്ങളാരെന്നും, ഞങ്ങളുടെ രാഷ്ട്രീയമെന്തെന്നും എല്ലാം. അത് തന്നെയാണ് ഞങ്ങളുടെ ശാപവും. ഞങ്ങളുടെ അഭിപ്രായങ്ങളെ ആ ഒരു ജാലകത്തില്‍ കൂടി മാത്രം കാണുവാനും വിമര്‍ശിക്കുവാനും തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഒളിച്ചോടി. ഇപ്പോള്‍ ഇവിടെ പൊങ്ങുന്നു.

Followers

Counted!

free web counter
Creative Commons License ബീഫ് ഫ്രൈ || b33f fry by ബീഫ് ഫ്രൈ is licensed under a Creative Commons Attribution 2.5 India License. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ താള്‍ നോക്കുക.