ബീഫ് ഫ്രൈ || b33f fry

Pure red meat

Monday, November 1, 2010

നിലവിലുള്ള വിവിധ പ്രതിപക്ഷപാര്‍ട്ടികളോടുള്ള കമ്മ്യൂണിസ്റ്റുകാരുടെ നിലപാട് || Position of the Communists in Relation to the Various Existing Opposition Parties

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ നാലാം അദ്ധ്യായത്തിലെ ഒരു ഭാഗമാണിത്. യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എഴുതിയിട്ടുണ്ട്.]

ഇംഗ്ലണ്ടിലെ ചാര്‍ട്ടിസ്റ്റ് പ്രസ്ഥാനക്കാര്‍, അമേരിക്കയിലെ കാര്‍ഷികപരിഷ്കരണവാദികള്‍ തുടങ്ങിയ നിലവിലുള്ള തൊഴിലാളി വര്‍ഗ്ഗപ്പാര്‍ട്ടികളും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള ബന്ധം രണ്ടാം അദ്ധ്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തൊഴിലാളി വര്‍ഗ്ഗത്തിന്റെ അടിയന്തിരലക്ഷ്യങ്ങള്‍ നേടുവാനും അവരുടെ താല്‍ക്കാലിക താല്പര്യങ്ങള്‍ നടപ്പിലാക്കുവാനും വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ പൊരുതുന്നു. എന്നാല്‍ വര്‍ത്തമാനകാലത്തെ പ്രസ്ഥാനത്തില്‍, ആ പ്രസ്ഥാനത്തിന്റെ ഭാവിയേയും അവര്‍ പ്രതിനിധാനം ചെയ്യുകയും കാത്തുരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഫ്രാന്‍സില്‍ യാഥാസ്ഥിതികരും സമൂലപരിവര്‍ത്തനവാദികളുമായി ബൂര്‍ഷ്വാസിക്കെതിരായി കമ്മ്യൂണിസ്റ്റുകാര്‍ സോഷ്യല്‍ ഡെമോക്രാറ്റുകക്ഷിയുമായി സഖ്യമുണ്ടാക്കുന്നു. പക്ഷെ, മഹത്തായ ഫ്രഞ്ചു വിപ്ലവത്തിന്റെ പൈതൃകമെന്നോണം കൈമാറി വന്നിട്ടുള്ള വാക്കുകളുടെയും വ്യാമോഹങ്ങളുടെയും കാര്യത്തില്‍ വിമര്‍ശനപരമായ ഒരു നിലപാടെടുക്കുവാനുള്ള അവകാശം കമ്മ്യൂണിസ്റ്റുകാര്‍ കൈവിടുകയില്ല.

സ്വിറ്റ്സര്‍ലണ്ടില്‍ അവര്‍ റാഡിക്കല്‍ കക്ഷിയെ അനുകൂലിക്കുന്നു. പക്ഷെ, ആ കക്ഷിയില്‍ വിരുദ്ധശക്തികള്‍ - ഭാഗികമായി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകാരും (ഫ്രഞ്ച് അര്‍ത്ഥത്തില്‍) ഭാഗികമായി റാഡിക്കല്‍ ബൂര്‍ഷ്വാകളും - അടങ്ങിയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം അവര്‍ വിസ്മരിക്കുന്നില്ല.

ദേശീയമോചനത്തിനുള്ള പ്രാഥമികമായ ഉപാധി എന്ന നിലയില്‍ കാര്‍ഷിക വിപ്ലവത്തില്‍ ഊന്നിപ്പറയുന്ന പാര്‍ട്ടിയെയാണ്, 1846-ല്‍ ക്രക്കോവിലെ സായുധകലാപം ഇളക്കിവിട്ട പാര്‍ട്ടിയെയാണ്, പോളണ്ടില്‍ കമ്മ്യൂണിസ്റ്റുകാര്‍ പിന്താങ്ങുന്നത്.

സ്വേച്ഛാധിപത്യപരമായ രാജവാഴ്ചയ്ക്കും ഫ്യൂഡല്‍ ദുഷ്‌പ്രഭുത്വത്തിനും പെറ്റിബൂര്‍ഷ്വാസിക്കുമെതിരായി വിപ്ലവകരമായ രീതിയില്‍ ജര്‍മ്മനിയിലെ ബൂര്‍ഷ്വാസി എപ്പോഴെല്ലാം പ്രവര്‍ത്തിക്കുന്നുവോ അപ്പോഴെല്ലാം കമ്മ്യൂണിസ്റ്റുകാര്‍ അവരോടൊപ്പം പോരാടുന്നു.

എന്നാല്‍ ബൂര്‍ഷ്വാസിക്ക് ആധിപത്യം കിട്ടുന്നതോടുകൂടി അത് നിലവില്‍ വരുത്താതിരിക്കുവാന്‍ നിര്‍വ്വാഹമില്ലാത്ത സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളെ ഉടന്‍തന്നെ ബൂര്‍ഷ്വാസിക്കെതിരായി അത്രയും ആയുധങ്ങളായി മാറ്റുവാനും ജര്‍മ്മനിയില്‍ പിന്തിരിപ്പന്‍ വര്‍ഗ്ഗങ്ങള്‍ നിലംപതിച്ചു കഴിഞ്ഞാല്‍ ഉടനടി ബൂര്‍ഷ്വാസിക്കെതിരായ പോരാട്ടം ആരംഭിക്കുവാനും വേണ്ടി ബൂര്‍ഷ്വാസിയും തൊഴിലാളിവര്‍ഗ്ഗവും തമ്മിലുള്ള വര്‍ഗ്ഗവൈരത്തെക്കുറിച്ച് സാദ്ധ്യമായത്ര ഏറ്റവും വ്യക്തമായ ബോധം തൊഴിലാളിവര്‍ഗ്ഗത്തില്‍ ഉളവാക്കുന്നതിന് അവര്‍ അനവരതം പ്രവര്‍ത്തിക്കും.

യൂറോപ്യന്‍ നാഗരികതയുടെ കൂടുതല്‍ വികസിച്ച സാഹചര്യങ്ങളിലും 17-ആം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലേയും 18-ആം നൂറ്റാണ്ടിലെ ഫ്രാന്‍സിലേയും തൊഴിലാളിവര്‍ഗ്ഗത്തേക്കാള്‍ എത്രയോ അധികം വളര്‍ന്നിട്ടുള്ള ഒരു തൊഴിലാളിവര്‍ഗ്ഗത്തിന്റെ പിന്‍ബലത്തോടുകൂടിയും നടക്കുമെന്നുറപ്പിക്കാവുന്ന ഒരു ബൂര്‍ഷ്വാവിപ്ലവത്തിന്റെ വക്കത്ത് ജര്‍മ്മനി എത്തിച്ചേര്‍ന്നിരിക്കുന്നതുകൊണ്ടും ജര്‍മ്മനിയിലെ ബൂര്‍ഷ്വാ വിപ്ലവം അതേത്തുടര്‍ന്ന് ഉടനടിയുണ്ടാക്കുന്ന തൊഴിലാളി വര്‍ഗ്ഗവിപ്ലവത്തിന്റെ നാന്ദി മാത്രമായിരിക്കുമെന്നതുകൊണ്ടും കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ ശ്രദ്ധ പ്രധാനമായും ജര്‍മ്മനിയില്‍ കേന്ദ്രീകരിക്കുന്നു.

ചുരുക്കത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ എല്ലായിടത്തും നിലവിലുള്ള സാമൂഹ്യ-രാഷ്ട്രീയക്രമങ്ങള്‍ക്കെതിരായ എല്ലാ വിപ്ലവപ്രസ്ഥാനങ്ങളേയും പിന്താങ്ങുന്നു.

ഈ പ്രസ്ഥാനങ്ങളിലെല്ലാം തന്നെ കമ്മ്യൂണിസ്റ്റുകാര്‍ സ്വത്തുടമയുടെ പ്രശ്നത്തെ - ആ സമയത്ത് അത് എത്രത്തോളം വളര്‍ന്നിട്ടുണ്ടെന്ന് നോക്കാതെ - പ്രമുഖ പ്രശ്നമായി മുന്നോട്ടുകൊണ്ടു വരുന്നു.

അവസാനമായി അവര്‍ എല്ലാ രാജ്യങ്ങളിലുമുള്ള ജനാധിപത്യപാര്‍ട്ടികള്‍ തമ്മില്‍ യോജിപ്പും ധാരണയും ഉണ്ടാക്കുന്നതിനുവേണ്ടിയാണ് എല്ലായിടത്തും പരിശ്രമിക്കുക.

സ്വാഭിപ്രായങ്ങളേയും ലക്ഷ്യങ്ങളേയും മൂടിവയ്ക്കുന്നതിനെ കമ്മ്യൂണിസ്റ്റുകാര്‍ വെറുക്കുന്നു. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയെയാകെ ബലം പ്രയോഗിച്ച് മറിച്ചിട്ടാല്‍ മാത്രമേ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനാവൂ എന്ന് അവര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ ഓര്‍ത്ത് ഭരണാധികാരിവര്‍ഗ്ഗങ്ങള്‍ കിടിലം കൊള്ളട്ടെ. തൊഴിലാളികള്‍ക്ക് സ്വന്തം ചങ്ങലക്കെടുകളല്ലാതെ മറ്റൊന്നും നഷ്ടപ്പെടുവാനില്ല. അവര്‍ക്കു നേടുവാനോ ഒരു ലോകമുണ്ടുതാനും.

സര്‍വ്വരാജ്യ തൊഴിലാളികളേ, ഏകോപിക്കുവിന്‍!

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്.

Tuesday, September 14, 2010

വിമര്‍ശനാത്മക-ഉട്ടോപ്യന്‍ സോഷ്യലിസവും കമ്മ്യൂണിസവും || Critical-Utopian Socialism and Communism

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മൂന്നാം അദ്ധ്യായത്തിലെ ഒരു ഭാഗമാണിത്. യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എഴുതിയിട്ടുണ്ട്.]

1. പിന്തിരിപ്പന്‍ സോഷ്യലിസം

1.a ഫ്യൂഡല്‍ സോഷ്യലിസം

1.b പെറ്റിബൂര്‍ഷ്വാ സോഷ്യലിസം

1.c ജര്‍മ്മന്‍ അഥവാ 'സത്യ' സോഷ്യലിസം

2. യാഥാസ്ഥിതിക അഥവാ ബൂര്‍ഷ്വാ സോഷ്യലിസം

3. വിമര്‍ശനാത്മക-ഉട്ടോപ്യന്‍ സോഷ്യലിസവും കമ്മ്യൂണിസവും

മഹത്തായ ഓരോ ആധുനിക വിപ്ലവത്തിലും, ബബേഫും മറ്റും ചെയ്തിട്ടുള്ള പോലെ, തൊഴിലാളിവര്‍ഗ്ഗത്തിന്റെ ആവശ്യങ്ങളെ എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള സാഹിത്യത്തെപ്പറ്റിയല്ല ഞങ്ങളിവിടെ സൂചിപ്പിക്കുന്നത്.

ഫ്യൂഡല്‍ സമൂഹത്തെ അട്ടിമറിച്ചുകൊണ്ടിരുന്ന ഘട്ടത്തിലെ സാര്‍വ്വത്രിക കോളിളക്കത്തിനിടയില്‍ സ്വന്തം ലക്ഷ്യങ്ങള്‍ നേടുവാന്‍ തൊഴിലാളിവര്‍ഗ്ഗം നട്ടത്തിയ ആദ്യത്തെ പ്രത്യക്ഷസംരഭങ്ങള്‍ അനിവാര്യമായ പരാജയത്തില്‍ കലാശിച്ചു. ഇതിനുള്ള കാരണം, തൊഴിലാളിവര്‍ഗ്ഗത്തിന്റെ അവികസ്ഥിതിയും അതിന്റെ മോചനത്തിനാവശ്യമായ സാമ്പത്തികോപാധികളുടെ അഭാവവുമായിരുന്നു. ഈ ഉപാധികള്‍ ഇനിയും സൃഷ്ടിക്കപ്പെടേണ്ടതായിട്ടാണിരുന്നത്. ആസന്നമായ ബൂര്‍ഷ്വാ യുഗത്തിനു മാത്രമേ അവയെ സൃഷ്ടിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഈ പ്രഥമസംരംഭങ്ങളെ അനുഗമിച്ചുണ്ടായ വിപ്ലവ സാഹിത്യത്തിന് അവശ്യം ഒരു പിന്തിരിപ്പന്‍ സ്വഭാവമുണ്ടായിരുന്നു. സാര്‍വ്വത്രികമായ സര്‍വ്വസംഗപരിത്യാഗവും ഏറ്റവും പ്രാകൃതമായ രൂപത്തിലുമുള്ള സാമൂഹ്യസമീകരണവുമാണ് അതു പഠിപ്പിച്ചത്.

സോഷ്യലിസ്റ്റെന്നും, കമ്മ്യൂണിസ്റ്റെന്നും ശരിക്കു വിളിക്കാവുന്ന സംഹിതകള്‍ - അതായത്, സെന്‍-സിമോന്‍, ഫര്യേ, ഓവന്‍ തുടങ്ങിയവരുടെ സംഹിതകള്‍ - നിലവില്‍ വരുന്നത് തൊഴിലാളിവര്‍ഗ്ഗവും ബൂര്‍ഷ്വാസിയും തമ്മിലുള്ള (ബൂര്‍ഷ്വാകളും തൊഴിലാളിയും എന്ന ഒന്നാം അദ്ധ്യായം നോക്കുക) സമരത്തിന്റെ മുന്‍വിവരിച്ച പ്രാരംഭഘട്ടത്തിലാണ്.

ഈ സംഹിതകളുടെ സ്ഥാപകന്മാര്‍ വര്‍ഗ്ഗവൈരങ്ങളും നിലവിലുള്ള സാമൂഹ്യക്രമത്തിലെ വിനാശകശക്തികളുടെ പ്രവര്‍ത്തനങ്ങളും കാണുന്നുവെന്നത് പരമാര്‍ത്ഥമാണ്. എന്നാല്‍ അന്ന് ശൈശവാവസ്ഥയില്‍ മാത്രമായിരുന്ന തൊഴിലാളിവര്‍ഗ്ഗം ചരിത്രപരമായ മുന്‍കൈയോ സ്വതന്ത്രമായ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനമോ ഇല്ലാത്ത ഒരു വര്‍ഗ്ഗമായ്യിട്ടാണ് അവരുടെ കാഴ്ചയില്‍ പെട്ടത്.

വര്‍ഗ്ഗവൈരത്തിന്റെ വികാസം വ്യവസായത്തിന്റെ വികാസവുമായി ചുവടൊപ്പിച്ചു നീങ്ങുന്നതുകൊണ്ട് അന്നത്തെ സാമ്പത്തികസ്ഥിതിയില്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ മോചനത്തിനാവശ്യമായ ഭൗതികോപാധികള്‍ അവര്‍ക്കു കാണുവാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവര്‍ ഈ ഉപാധികളുടെ സൃഷ്ടിക്ക് ആവശ്യമായ ഒരു പുതിയ സാമൂഹ്യശാസ്ത്രത്തേയും പുതിയ സാമൂഹ്യ നിയമങ്ങളേയും തേടിപ്പോകുന്നു.

ചരിത്രത്തിന്റെ പ്രവര്‍ത്തനം അവര്‍ സ്വന്തമായി കണ്ടുപിടിക്കുന്ന പ്രവര്‍ത്തനത്തിന് വഴങ്ങിക്കൊടുക്കണം, ചരിത്രപരമായി സൃഷ്ടിക്കപ്പെടുന്ന മോചനോപാധികള്‍ സങ്കല്പിതങ്ങളായ ഉപാധികള്‍ക്ക് വഴി മാറിക്കൊടുക്കണം. ക്രമേണ സ്വമേധയാ വളരുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ വര്‍ഗ്ഗസംഘടന ഈ കണ്ടുപിടുത്തക്കാര്‍ പ്രത്യേകം കെട്ടിച്ചമച്ചുണ്ടാക്കുന്ന ഒരു സമൂഹത്തിന്റെ സംഘടനയ്ക്ക് വഴങ്ങണം. തങ്ങളുടെ സാമൂഹ്യപദ്ധതികള്‍ക്കു വേണ്ടി പ്രചാരവേല നടത്തുകയും അവ നടപ്പില്‍ വരുത്തുകയും ചെയ്യുക - ഇതു മാത്രമാണ് അവരുടെ ദൃഷ്ടിയില്‍ ഭാവിചരിത്രത്തിന്റെ രത്നച്ചുരുക്കം.

ഏറ്റവും കഷ്ടതയനുഭവിക്കുന്ന വര്‍ഗ്ഗമെന്ന നിലയ്ക്ക് തൊഴിലാളിവര്‍ഗ്ഗത്തിന്റെ താല്പര്യങ്ങളെ മുഖ്യമായും ശ്രദ്ധിക്കണമെന്ന ബോധത്തോടുകൂടിയാണ് അവര്‍ അവരുടെ പദ്ധതികള്‍ രൂപീകരിച്ചിട്ടുള്ളത്. ഏറ്റവും കഷ്ടതയനുഭവിക്കുന്ന വര്‍ഗ്ഗമെന്ന് നിലയ്ക്ക് മാത്രമേ അവരെ സംബന്ധിച്ചിടത്തോളം തൊഴിലാളി വര്‍ഗ്ഗം നിലനില്‍ക്കുന്നുള്ളൂ.

വര്‍ഗ്ഗസമരത്തിന്റെ അവികസിതസ്ഥിതിയും അതുപോലെ സ്വന്തം പരിതസ്ഥിതികളും മൂലം തങ്ങള്‍ എല്ലാ വര്‍ഗ്ഗവൈരങ്ങള്‍ക്കും എത്രയോ ഉപരിയാണെന്ന് ഇത്തരം സോഷ്യലിസ്റ്റുകള്‍ സ്വയം കരുതുന്നു. സമൂഹാംഗങ്ങളില്‍ ഓരോരുത്തരുടെയും, ഏറ്റവും സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നവരുടെ പോലും, സ്ഥിതി നന്നാക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. തല്‍ഫലമായി വര്‍ഗ്ഗവ്യത്യാസം നോക്കാതെ സമൂഹത്തോടൊട്ടാകെ, പോരാ, ഭരണാധികാരിവര്‍ഗ്ഗത്തോട് പ്രത്യേകിച്ചും, അവര്‍ എപ്പോഴും അഭ്യര്‍ത്ഥിക്കുന്നു. കാരണം, തങ്ങളുടെ സംഹിതയെ ജനങ്ങള്‍ ഒരിക്കല്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍, സാദ്ധ്യമായതില്‍ ഏറ്റവും നല്ല സമൂഹത്തിനുള്ള ഏറ്റവും നല്ല പദ്ധതി അവര്‍ അതില്‍ എങ്ങനെ ദര്‍ശിക്കാതെയിരിക്കും?

അതുകൊണ്ട് അവര്‍ എല്ലാ രാഷ്ട്രീയപ്രവര്‍ത്തനത്തേയും, വിശേഷിച്ച് എല്ലാ വിപ്ലവപ്രവര്‍ത്തനത്തേയും, നിരസിക്കുന്നു. സമാധാനപരമായ മാര്‍ഗ്ഗങ്ങളുപയോഗിച്ച് സ്വന്തം ലക്ഷ്യം നേടുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. പരാജയപ്പെടാതെയിരിക്കുവാന്‍ നിര്‍വ്വാഹമില്ലാത്ത ചെറുപരീക്ഷണങ്ങള്‍ നടത്തിയും മാതൃക കാണിച്ചുകൊടുത്തും ഈ പുതിയ സാമൂഹ്യ സുവിശേഷത്തിലേക്കു വഴി തെളിക്കുവാന്‍ അവര്‍ ശ്രമിക്കുന്നു.

തൊഴിലാളിവര്‍ഗ്ഗം അപ്പോഴും വളരെ അവികസിതമായ ഒരു നിലയില്‍ കഴിയുകയും സ്വന്തം നിലയെപ്പറ്റി ഒരു കാല്പനികബോധം മാത്രം വച്ചു പുലര്‍ത്തുകയും ചെയ്യുന്ന കാലത്ത്, ഭാവി സമൂഹത്തെസംബന്ധിച്ച് വരച്ചു കാട്ടുന്ന ഇത്തരം സാങ്കല്പിക ചിത്രങ്ങള്‍ സമൂഹത്തെ പൊതുവില്‍ പുതുക്കിപ്പണിയണമെന്നുള്ള ആ വര്‍ഗ്ഗത്തിന്റെ നൈസര്‍ഗ്ഗികമായ അഭിലാഷങ്ങള്‍ക്ക് അനുരൂപമാണ്.

എന്നാല്‍ ഈ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളില്‍ വിമര്‍ശനത്തിന്റെ ഒരംശവും അടങ്ങിയിട്ടുണ്ട്. നിലവിലുള്ള സമൂഹത്തിന്റെ എല്ലാ പ്രമാണങ്ങളേയും അവ എതിര്‍ക്കുന്നു. അതുകൊണ്ട് തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉല്‍ബുദ്ധതയ്ക്ക് ഏറ്റവും വിലപിടിച്ച സംഗതികള്‍ അവയില്‍ നിറയെ ഉണ്ട്. ഗ്രാമവും നഗരവും തമ്മിലുള്ള വ്യത്യാസത്തേയും കുടുംബത്തേയും സ്വകാര്യവ്യക്തികളുടെ ഗുണത്തിനുവേണ്ടി വ്യവസായം നടത്തുന്നതിനേയും കൂലി സമ്പ്രദായത്തേയും ഉച്ചാടനം ചെയ്യുക; സാമൂഹ്യമൈത്രി പ്രഖ്യാപിക്കുക; ഭരണകൂടത്തിന്റെ കര്‍ത്തവ്യങ്ങള്‍ ഉല്പാദനത്തിന്റെ മേല്‍നോട്ടം വഹിക്കല്‍ മാത്രമായി മാറ്റുക മുതലായ അവയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രായോഗിക നടപടികളെല്ലാം വര്‍ഗ്ഗവൈരങ്ങളുടെ തിരോധാനത്തിലേക്കു മാത്രമാണ് വിരല്‍ ചൂണ്ടുന്നത്. അക്കാലത്ത് പൊട്ടിപ്പുറപ്പെടുവാന്‍ തുടങ്ങുക മാത്രം ചെയ്തിരുന്ന ഈ വൈരങ്ങളെ അവയുടെ അവ്യക്തവും അനിര്‍വ്വചിതവുമായ ആദ്യരൂപങ്ങളില്‍ മാത്രമേ ഈ പ്രസിദ്ധീകരണങ്ങള്‍ അംഗീകരിച്ചിട്ടുള്ളൂ. അതുകൊണ്ട് ഈ നിര്‍ദ്ദേശങ്ങള്‍ തനി ഉട്ടോപ്യന്‍ സ്വഭാവത്തോടുകൂടിയതാണ്.

വിമര്‍ശനപരവും ഉട്ടോപ്യനുമായ ഈ സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പ്രാധാന്യത്തിനു ചരിത്രവികാസവുമായി ഒരു വിപരീതബന്ധമാണുള്ളത്. ആധുനിക വര്‍ഗ്ഗസമരം എത്രത്തോളം വളര്‍ന്ന് വ്യക്തരൂപം കൈക്കൊള്ളുന്നുവോ അത്രത്തോളം തന്നെ, ആ സമരത്തില്‍ നിന്ന് അയഥാര്‍ത്ഥമായി ഒഴിഞ്ഞു നില്‍ക്കുകയും അതിനെ അയഥാര്‍ത്ഥമായി എതിര്‍ക്കുകയും ചെയ്യുന്നതിനൊരു പ്രായോഗികമൂല്യമോ താത്വികന്യായീകരണമോ ഇല്ലാതാവുന്നു. അതുകൊണ്ട്, ഈ സംഹിതകളുടെ പ്രണേതാക്കള്‍ പല നിലയ്ക്കും വിപ്ലവകാരികളായിരുന്നുവെങ്കില്‍ക്കൂടി, അവരുടെ ശിഷ്യന്മാര്‍ ഒന്നൊഴിയാതെ വെറും പിന്തിരിപ്പന്‍ സംഘങ്ങള്‍ രൂപീകരിക്കുകയാണുണ്ടായത്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ പുരോഗമനപരമായ ചരിത്രവികാസത്തിന്റെ ഘടകവിരുദ്ധമായി അവര്‍ തങ്ങളുടെ ഗുരുനാഥന്മാരുടെ മൂലപ്രമാണങ്ങളെ മുറുകെ പിടിച്ചു നില്‍ക്കുന്നു. അതുകൊണ്ട് അവര്‍ വര്‍ഗ്ഗസമരത്തെ മരവിപ്പിക്കുവാനും വര്‍ഗ്ഗവൈരങ്ങളെ അനുരഞ്ജിപ്പിക്കുവാനും നീക്കുപോക്കില്ലാതെ ശ്രമിക്കുന്നു. പരീക്ഷണം വഴി തങ്ങളുടെ സാങ്കല്പികലോകങ്ങള്‍ സാക്ഷാല്‍ക്കരിക്കാമെന്ന്, ഒറ്റപ്പെട്ട 'ഫലന്‍സ്തേറുകള്‍' നിര്‍മ്മിക്കുകയും 'ഹോം കോളനികള്‍' ഒരു 'ചെറു ഇക്കാറിയ'* പടുത്തുയര്‍ത്തുകയും ചെയ്യാമെന്ന് - പുതിയ ജറൂസലേമിന്റെ കൊച്ചു പതിപ്പുകള്‍ സ്ഥാപിക്കാമെന്ന് - അവര്‍ ഇപ്പോഴും സ്വപ്നം കാണുന്നു. മാത്രമല്ല, ഈ ആകാശക്കോട്ടകള്‍ സാക്ഷാല്‍ക്കരിക്കുവാന്‍ ബൂര്‍ഷ്വാകളുടെ വികാരങ്ങളേയും മടിശ്ശീലയേയും അവര്‍ക്കു ശരണം പ്രാപിക്കേണ്ടി വരുന്നു. മുന്‍വിവരിച്ച പിന്തിരപ്പന്‍ അഥവാ യാഥാസ്ഥിതിക സോഷ്യലിസ്റ്റുകാരുടെ ഗണത്തിലേക്ക് അവര്‍ ക്രമേണ അധഃപതിക്കുകയും ചെയ്യുന്നു. പക്ഷേ, അവരില്‍ നിന്നും ഒരു വ്യത്യാസം ഇവര്‍ക്കുണ്ട്. കൂടുതല്‍ ചിട്ടയോടെ കൂടിയ പാണ്ഡിത്യഗര്‍വ്വും തങ്ങളുടെ സാമൂഹ്യശാസ്ത്രത്തിന്റെ അത്ഭുതസിദ്ധിയിലുള്ള ഭ്രാന്തുപിടിച്ച അന്ധവിശ്വാസവും പിന്തിരിപ്പന്‍ സോഷ്യലിസ്റ്റുകാരില്‍ നിന്ന് ഇവരെ വേര്‍തിരിക്കുന്നു.

അതുകൊണ്ട് ഇവര്‍ തൊഴിലാളിവര്‍ഗ്ഗം നടത്തുന്ന എല്ലാ രാഷ്ട്രീയപ്രവര്‍ത്തനങ്ങളേയും രൂക്ഷമായി എതിര്‍ക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കാരണം തങ്ങളുടെ പുതിയ സുവിശേഷത്തിലുള്ള അവിശ്വാസമാണെന്നത്രെ അവരുടെ അഭിപ്രായം.

ഇംഗ്ലണ്ടിലെ ഓവന്‍ പക്ഷക്കാരും ഫ്രാന്‍സിലെ ഫുര്യേ പക്ഷക്കാരും യഥാക്രമം ചാര്‍ട്ടിസ്റ്റ് പ്രസ്ഥാനക്കാരേയും റിഫോര്‍മിസ്റ്റ് പ്രസ്ഥാനക്കാരേയും എതിര്‍ക്കുന്നു.

*'ഫലന്‍സ്തേറുകള്‍' എന്നത് ഫാറല്‍ ഫുര്യേയുടെ പദ്ധതിയനുസരിച്ചുള്ള സോഷ്യലിസ്റ്റു കോളനികളാണ്. കാബേ തന്റെ സങ്കല്പലോകത്തിനും പിന്നീട് തന്റെ അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് കോളനിയ്ക്കും കൊടുത്തിട്ടുള്ള പേരാണ് 'ഇക്കാറിയ' (1888-ലെ ഇംഗ്ലീഷ് പതിപ്പിനുള്ള എംഗല്‍സിന്റെ കുറിപ്പ്)

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്.

Wednesday, September 8, 2010

യാഥാസ്ഥിതിക അഥവാ ബൂര്‍ഷ്വാ സോഷ്യലിസം || Conservative or Bourgeois Socialism

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മൂന്നാം അദ്ധ്യായത്തിലെ ഒരു ഭാഗമാണിത് . യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എഴുതിയിട്ടുണ്ട്.]

1. പിന്തിരിപ്പന്‍ സോഷ്യലിസം

1.a ഫ്യൂഡല്‍ സോഷ്യലിസം

1.b പെറ്റിബൂര്‍ഷ്വാ സോഷ്യലിസം

1.c ജര്‍മ്മന്‍ അഥവാ 'സത്യ' സോഷ്യലിസം

2. യാഥാസ്ഥിതിക അഥവാ ബൂര്‍ഷ്വാ സോഷ്യലിസം.

ബൂര്‍ഷ്വാ സമൂഹത്തിന്റെ തുടര്‍ച്ചയായ നിലനില്‍പ്പ് സുരക്ഷിതമാക്കുന്നതിനുവേണ്ടി ബൂര്‍ഷ്വാസിയില്‍ ഒരു വിഭാഗം സാമൂഹ്യമായ അവശതകള്‍ പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നു.

ധനശാസ്ത്രജ്ഞന്‍മാര്‍, പരോപകാരികള്‍, മനുഷ്യസ്നേഹികള്‍, തൊഴിലാളിവര്‍ഗ്ഗത്തിന്റെ സ്ഥിതി ഭേദപ്പെടുത്തുന്നവര്‍, ധര്‍മ്മസ്ഥാപന സംഘാടകര്‍, ജന്തുഹിംസാ നിവാരണ സംഘക്കാര്‍, മദ്യവര്‍ജ്ജനഭ്രാന്തന്മാര്‍, എല്ലാ തരത്തിലുംപെട്ട തട്ടിപ്പുകാരായ പരിഷ്കരണവാദികള്‍ എല്ലാം ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. മാത്രമല്ല, ഈ രൂപത്തിലുള്ള സോഷ്യലിസത്തെ സമ്പൂര്‍ണ്ണ വ്യവസ്ഥകളായി രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഈ സോഷ്യലിസ്റ്റ് രൂപത്തിന്റെ ദൃഷ്ടാന്തമായി നമ്മുക്ക് പ്രദോന്റെ 'ദാരിദ്ര്യത്തിന്റെ തത്ത്വശാസ്ത്ര'മെടുക്കാം.

ആധുനിക സാമൂഹ്യസ്ഥിതികളുടെ ഫലമായുണ്ടാകുന്ന സമരങ്ങളും ആപത്തുകളും ഇല്ലാതെ അവയുടെ ഗുണങ്ങളെല്ലാം കിട്ടണമെന്നാണ് സോഷ്യലിസ്റ്റ് ബൂര്‍ഷ്വാകളുടെ മോഹം. നിലവിലുള്ള സമൂഹത്തിലെ വിപ്ലവശക്തികളേയും ശിഥിലീകരണഘടകങ്ങളേയും ഒഴിച്ചുനിര്‍ത്തിക്കൊണ്ട് ഈ സമൂഹത്തെ നിലനിര്‍ത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. തൊഴിലാളിവര്‍ഗ്ഗമില്ലാത്ത ഒരു ബൂര്‍ഷ്വാസിക്കുവേണ്ടിയാണ് അവര്‍ ആശിക്കുന്നത്. തങ്ങള്‍ പരമാധികാരികളായിട്ടുള്ള ലോകമാണ് ഏറ്റവും മെച്ചപ്പെട്ടതെന്ന് ബൂര്‍ഷ്വാസി സ്വാഭാവികമായും ധരിക്കുന്നു. സുഖകരമായ ഈ ധാരണയെ ബൂര്‍ഷ്വാസോഷ്യലിസം ഏതാണ്ട് സമ്പൂര്‍ണ്ണമായ വിവിധവ്യവസ്ഥകളാക്കി വളര്‍ത്തിയിട്ടുണ്ട്. ഇത്തരമൊരു വ്യവസ്ഥ നടപ്പാക്കണമെന്നും അങ്ങനെ പുതിയൊരു സാമൂഹ്യയരൂശലമിലേക്ക് നേരിട്ടു മാര്‍ച്ചു ചെയ്യണമെന്നും അതു തൊഴിലാളി വര്‍ഗ്ഗത്തോട്, ആവശ്യപ്പെടുമ്പോള്‍, തൊഴിലാളിവര്‍ഗ്ഗം നിലവിലുള്ള സമൂഹത്തിന്റെ നാലതിരുകളില്‍ ഒതുങ്ങി നില്‍ക്കണമെന്നും ബൂര്‍ഷ്വാസിയെ സംബന്ധിച്ച എല്ലാ ഗര്‍ഹണീയാഭിപ്രായങ്ങളും വലിച്ചെറിയണമെന്നും ആവശ്യപ്പെടുക മാത്രമാണ് അതു വാസ്തവത്തില്‍ ചെയ്യുന്നത്.

ഈ സോഷ്യലിസത്തിന്റെ ഇത്ര തന്നെ സംഘടിതമല്ലെങ്കിലും കൂടുതല്‍ പ്രായോഗികമായ രണ്ടാമതൊരു രൂപം, വെറും രാഷ്ട്രീയമായ പരിഷ്കാരങ്ങള്‍ കൊണ്ടൊന്നും ഗുണമില്ലെന്നും ഭൗതികജീവിതസാഹചര്യങ്ങള്‍ക്ക്, സാമ്പത്തികബന്ധങ്ങള്‍ക്ക്, മാറ്റം വന്നാല്‍ മാത്രമേ മെച്ചമുള്ളൂവെന്നും തെളിയിച്ചുകൊണ്ട് തൊഴിലാളിവര്‍ഗ്ഗത്തിന്റെ കണ്ണില്‍ എല്ലാ വിപ്ലവപ്രസ്ഥാനങ്ങളേയും കരിതേച്ചു കാണിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍, ഈ സോഷ്യലിസത്തിന്റെ വിവക്ഷയില്‍, ഭൗതിക ജീവിത സാഹചര്യങ്ങളില്‍ മാറ്റം വരുത്തുകയെന്നതിന്റെ അര്‍ത്ഥം, ബൂര്‍ഷ്വാ ഉല്പാദനബന്ധങ്ങളെ അവസാനിപ്പിക്കുകയെന്നല്ല - അതിന് ഒരു വിപ്ലവം തന്നെ വേണമല്ലോ - നേരെമറിച്ചു, ഈ ബന്ധങ്ങള്‍ തുടര്‍ന്ന് നിലനിര്‍ത്തിക്കൊണ്ടുള്ള ഭരണപരിഷ്കാരങ്ങളാണ്; അതായത്, മൂലധനവും അദ്ധ്വാനവും തമ്മിലുള്ള ബന്ധങ്ങളെ ഒരു വിധത്തിലും ബാധിക്കാത്തതും, കവിഞ്ഞപക്ഷം ബൂര്‍ഷ്വാഗവണ്‍മെന്റിന്റെ ചെലവു ചുരുക്കുവാനും ഭരണ നിര്‍വ്വഹണ ജോലിയെ ലഘൂകരിക്കുവാനും മാത്രം ഉതകുന്നതുമായ പരിഷ്കാരങ്ങള്‍.

വെറുമൊരു അലങ്കാരശബ്ദമായി തീരുമ്പോള്‍ മാത്രമാണ്, ബൂര്‍ഷ്വാസോഷ്യലിസത്തിന് മതിയായ പ്രകടരൂപം ലഭിക്കുന്നത്.

സ്വതന്ത്രവ്യാപാരം - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി, സംരക്ഷണ ചുങ്കങ്ങള്‍ - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി, സംരക്ഷണ ചുങ്കങ്ങള്‍ - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി, ജയില്‍ പരിഷ്കാരം - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി. ഇതാണ് ബൂര്‍ഷ്വാസോഷ്യലിസത്തിന്റെ അവസാനവാക്ക്, കാര്യമായി പറഞ്ഞിട്ടുള്ള ഒരേയൊരു വാക്ക്.

ഇത് ഇങ്ങനെ ചുരുക്കിപ്പറയാം. ബൂര്‍ഷ്വാ ബൂര്‍ഷ്വയായിരിക്കുന്നത് - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനുവേണ്ടിയാണ്.

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്.

Tuesday, April 13, 2010

ജര്‍മ്മന്‍ അഥവാ 'സത്യ' സോഷ്യലിസം || German or 'True' Socialism

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മൂന്നാം അദ്ധ്യായത്തിലെ ഒരു ഭാഗമാണിത് . യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എഴുതിയിട്ടുണ്ട്.]

1. പിന്തിരിപ്പന്‍ സോഷ്യലിസം

1.a ഫ്യൂഡല്‍ സോഷ്യലിസം


1.b പെറ്റിബൂര്‍ഷ്വാ സോഷ്യലിസം

1.c ജര്‍മ്മന്‍ അഥവാ 'സത്യ' സോഷ്യലിസം

ജര്‍മ്മനിയിലെ ബൂര്‍ഷ്വാസി അവിടത്തെ ഫ്യൂഡല്‍ സ്വേച്ഛാപ്രഭുത്വവുമായി പോരാടുവാന്‍ തുടങ്ങുക മാത്രം ചെയ്‌തിരുന്ന സന്ദര്‍ഭത്തിലാണ് ഫ്രാന്‍സിലെ സോഷ്യലിസ്റ്റ് - കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങള്‍ - അധികാരത്തിലിരിക്കുന്ന ബൂര്‍ഷ്വാസിയുടെ സമ്മര്‍ദ്ദത്തിന്‍ കീഴില്‍ ജന്മം കൊള്ളുകയും ആ അധികാരത്തിനെതിരായുള്ള സമരത്തെ വെളിപ്പെടുത്തുകയും ചെയ്‌തസാഹിത്യങ്ങള്‍ - ജര്‍മ്മനിയിലേക്ക് കടന്നു ചെന്നത്. ജര്‍മ്മന്‍ തത്വജ്ഞാനികളും തത്വജ്ഞാനികളാകുവാന്‍ ആഗ്രഹിക്കുന്നവരും സുന്ദരീശൈലീ പ്രണയികളും ഈ സാഹിത്യത്തെ ആവേശത്തോടെ ആശ്ലേഷിച്ചു. പക്ഷേ, ഈ സാഹിത്യം ഫ്രാന്‍സില്‍ നിന്നും ജര്‍മ്മനിയിലേക്ക് കുടിയേറിച്ചെന്നപ്പോള്‍, അതോടൊന്നിച്ച് അവിടത്തെ സാമൂഹ്യ സാഹചര്യങ്ങളും ജര്‍മ്മനിയിലേക്ക് കുടിയേറുകയുണ്ടായില്ലെന്ന വസ്‌തുത അവര്‍ വിസ്‌മരിച്ചു എന്ന് മാത്രം. ജര്‍മ്മന്‍ സാമൂഹ്യസ്ഥിതിഗതികളുമായി ഇടപഴകിയപ്പോള്‍ ഈ ഫ്രഞ്ചു സാഹിത്യത്തിന്റെ അടിയന്തിരവും പ്രായോഗികവുമായ പ്രാധാന്യമെല്ലാം നഷ്‌ടപ്പെട്ടു. അതിന്റെ വെറും സാമൂഹ്യവശം മാത്രം അവശേഷിച്ചു. അത് മനുഷ്യസത്തയുടെ സാക്ഷാല്‍ക്കരണത്തെക്കുറിച്ചുള്ള കഴമ്പില്ലാത്ത വേദാന്തം പറച്ചിലാവാതെ തരമില്ലായിരുന്നു. അങ്ങിനെ പതിനെട്ടാം നൂറ്റാണ്ടിലെ ജര്‍മ്മന്‍ തത്വജ്ഞാനികളുടെ ദൃഷ്‌ടിയില്‍ ഒന്നാം ഫ്രഞ്ചുവിപ്ലവത്തിന്റെ ആവശ്യങ്ങളില്‍ 'പ്രായോഗികയുക്തിയുടെ' സാമാന്യവശങ്ങളില്‍ കൂടുതലൊന്നുമുണ്ടയിരുന്നില്ല. അവരുടെ ദൃഷ്ടിയില്‍ ശുദ്ധമായ ഇച്ഛയുടെ, പൊതുവില്‍ പറഞ്ഞാല്‍ യഥാര്‍ത്ഥമായ മനുഷ്യേച്ഛയുടെ, നിയമങ്ങളായിരുന്നു, വിപ്ലവകാരിയായ ഫ്രഞ്ചു ബൂര്‍ഷ്വാസിയുടെ ഇച്ഛയില്‍ പ്രകടമായത്. തങ്ങളുടെ പൗരാണിക ദാര്‍ശനികബോധത്തെ ഈ പുതിയ ഫ്രഞ്ച് ആശയങ്ങളുമായി പൊരുത്തപ്പെടുത്തുക, അഥവാ സ്വന്തം ദാര്‍ശനിക വീക്ഷണം കൈവിടാതെ ഫ്രഞ്ച് ആശയങ്ങളെ പിടിച്ചെടുക്കുക - ഇത്ര മാത്രമാണ് ജര്‍മ്മന്‍ എഴുത്തുകാര്‍ ചെയ്‌തത്.ഒരു വിദേശീയഭാഷയെ പരിഭാഷയിലൂടെ സ്വായത്തമാക്കുന്നതെങ്ങിനെയോ അതേ രീതിയിലാണ് ഈ വെട്ടിപ്പിടുത്തവും നടന്നത്.

പൗരാണിക വിഗ്രഹാരാധകരുടെ ഇതിഹാസകൃതികളടങ്ങുന്ന കയ്യെഴുത്തുരേഖകളുടെ മീതെ കൃസ്‌ത്യന്‍ സന്ന്യാസിമാര്‍ കത്തോലിക്കാപുണ്യവാളന്മാരുടെ കഥയില്ലാത്ത ജീവചരിത്രങ്ങളെഴിതിച്ചേര്‍ത്തതെങ്ങിനെയെന്ന് സുവിദിതമാണ്. എന്നാല്‍ ഫ്രഞ്ച് നിഷിദ്ധസാഹിത്യത്തിന്റെ കാര്യത്തില്‍ ജര്‍മ്മന്‍ എഴുത്തുകാര്‍ നേരെ മറിച്ചാണ് ചെയ്തത്. അവര്‍ ഫ്രഞ്ചുമൂലധനത്തിന്റെ ചുവടെ തങ്ങളുടെ സ്വന്തം ദാര്‍ശനിക വിഡ്ഢിത്തങ്ങളെഴുതിച്ചേര്‍ത്തു. ഉദാഹരണം പറയുകയാണെങ്കില്‍, പണത്തിന്റെ സാമ്പത്തികധര്‍മ്മത്തെപ്പറ്റിയുള്ള ഫ്രഞ്ചുവിമര്‍ശനത്തിന്റെ ചുവടെ അവര്‍ "മനുഷ്യസത്തയുടെ അന്യവല്‍ക്കരണം" എന്നെഴുതി. ബൂര്‍ഷ്വാ ഭരണകൂടത്തെപ്പറ്റിയുള്ള ഫ്രഞ്ച് വിമര്‍ശനത്തിന്റെ ചുവടെ "സാമാന്യഗണത്തിന്റെ സ്ഥാനഭ്രംശം" എന്നുമെഴുതിച്ചേര്‍ത്തു.

ഫ്രഞ്ചുകാരുടെ ചരിത്രവിമര്‍ശനങ്ങളുടെ പിന്‍വശത്ത് ഈ ദാര്‍ശനികപദപ്രയോഗങ്ങള്‍ എഴുതി വച്ചതിന് "കര്‍മ്മമീമാംസയെന്നും", "സത്യ സോഷ്യലിസമെന്നും", "സോഷ്യലിസത്തിന്റെ ജര്‍മ്മന്‍ ശാസ്‌ത്രമെന്നും" "സോഷ്യലിസത്തിന്റെ ദാര്‍ശനികാടിസ്ഥാനമെന്നും" അവര്‍ നാമകരണം ചെയ്തു. ഇങ്ങനെ ഫ്രഞ്ച് സോഷ്യലിസ്റ്റ് - കമ്മ്യൂണിസ്റ്റ് സാഹിത്യത്തെ നിശേഷം ഹതവീര്യമാക്കി. പോരെങ്കില്‍, ജര്‍മ്മന്‍കാരന്റെ കയ്യില്‍ കിട്ടിയതോടു കൂടി ഈ സാഹിത്യം ഒരു വര്‍ഗ്ഗം മറ്റൊരു വര്‍ഗ്ഗത്തിനെതിരായി നടത്തുന്ന സമരത്തെ പ്രകാശിപ്പിക്കാത്തായത് കൊണ്ട്, "ഫ്രഞ്ചുകാരന്റെ ഏകപക്ഷീയത"യെ കീഴടക്കിയിരിക്കുന്നുവെന്നും, താന്‍ പ്രതിനിധാനം ചെയ്യുന്നത് സത്യമായ ആവശ്യങ്ങളെയല്ല, സത്യത്തിന്റെ ആവശ്യങ്ങളെയാണെന്നും, തൊഴിലാളീ വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങളെയല്ല, മനുഷ്യ സ്വഭാവത്തിന്റെ - ഒരു വര്‍ഗ്ഗത്തിലും പെടാത്തവനും യഥാര്‍ത്ഥമല്ലാത്തവനും ദാര്‍ശനികസങ്കല്പത്തിന്റെ മൂടല്‍മഞ്ഞ് നിറഞ്ഞ ലോകത്തില്‍ മാത്രം ജീവിക്കുന്നവനുമായ സാമാന്യമനുഷ്യന്റെ - താല്പര്യങ്ങളെന്നും അയാള്‍ വിശ്വസിക്കുവാനിടയായി. സ്‌കൂള്‍ കുട്ടികള്‍ക്ക് യോജിച്ച തങ്ങളുടെ അഭ്യാസങ്ങളെ ഗൗരവതരവും പ്രാധാന്യമുള്ളതുമായി കരുതുകയും വിലകെട്ട സ്വന്തം ചരക്കിന്റെ മാഹാത്മ്യത്തെപ്പറ്റി മുറിവൈദ്യന്റെ മട്ടില്‍ പ്രസംഗിക്കുകയും ചെയ്ത ഈ ജര്‍മ്മന്‍ സോഷ്യലിസത്തിന് അതിന്റെ പാണ്ഡിത്യപരമായ നിഷ്‌കളങ്കത ക്രമേണ നഷ്‌ടപ്പെട്ടു. ഫ്യൂഡല്‍ ദുഷ്പ്രഭുത്വത്തിനും സ്വേച്ഛാധിപത്യപരമായ രാജവാഴ്‌ചയ്‌ക്കും എതിരായ ജര്‍മ്മനിയിലേയും, വിശേഷിച്ചു പ്രഷ്യയിലേയും, ബൂര്‍ഷ്വാസിയുടെ സമരം, അതായത് ലിബറല്‍ പ്രസ്ഥാനം കൂടുതല്‍ ഗൗരവതരമായിത്തീര്‍ന്നു.
സോഷ്യലിസ്റ്റാവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രാഷ്‌ട്രീയ പ്രസ്ഥാനത്തെ നേരിടുവാനും, ലിബറലിസത്തിനും പ്രതിനിധി ഭരണത്തിനും ബൂര്‍ഷ്വാമത്സരത്തിനും ബൂര്‍ഷ്വാ പത്രസ്വാതന്ത്ര്യത്തിനും ബൂര്‍ഷ്വാനിയമനിര്‍മ്മാണത്തിനും ബൂര്‍ഷ്വാസമത്വസ്വാതന്ത്ര്യങ്ങള്‍ക്കുമെതിരായി പരമ്പരാഗതമായ ശാപവചനങ്ങള്‍ വര്‍ഷിക്കുവാനും, ഈ ബൂര്‍ഷ്വാ പ്രസ്ഥാനം നിമിത്തം സര്‍വ്വതും നഷ്‌ടപ്പെടാമെന്നല്ലാതെ യാതൊന്നും നേടാനാവില്ലെന്നതും ബഹുജനങ്ങ‌ള്‍ക്കിടയില്‍ പ്രചരണം നടത്തുവാനും, "സത്യ" സോഷ്യലിസം ആറ്റുനോറ്റുകൊണ്ടിരുന്ന അവസരം അതിന് അത് മൂലം ലഭിച്ചു. അതിന്റെ നിലനില്പിനാവശ്യമായ സാമ്പത്തിക സ്ഥിതിഗതികളോടും അതിനനുയോജ്യമായ രാഷ്‌ട്രീയഭരണഘടനയോടും കൂടിയ ഒരാധുനിക ബൂര്‍ഷ്വാ സമൂഹം നിലനില്‍ക്കുന്നുണ്ടെന്ന അടിസ്ഥാനത്തിലാണ് - ഇതേ സംഗതികള്‍ നേടുകയെന്നതായിരുന്നു ജര്‍മ്മനിയിലാസന്നമായിരുന്ന സമരത്തിന്റെ ലക്ഷ്യം - ഫ്രഞ്ചു വിമര്‍ശനം ഉയര്‍ന്നു വന്നതെന്ന് അതിന്റെ ബാലിശപ്രതിദ്ധ്വനി മാത്രമായ ജര്‍മ്മന്‍ സോഷ്യലിസം, സമയം വന്നപ്പോള്‍ മറന്ന് കളഞ്ഞു.

പുരോഹിതന്മാരുടെയും പ്രൊഫസര്‍മാരുടെയും യുങ്കര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും അനുചരവൃന്ദത്തോടുകൂടിയ സ്വേച്ഛാധിപത്യ ഗവണ്‍മെന്റുകളെ സംബന്ധിച്ചിടത്തോളം, തങ്ങളെ ഭീഷണിപ്പെടുത്തുവാന്‍ തുടങ്ങിയിരുന്ന ബൂര്‍ഷ്വാസിക്കെതിരായി ഉപയോഗിക്കുവാനുള്ള സ്വാഗതാര്‍ഹമായ ഒരു ഇമ്പാച്ചിയായി അതുപകരിച്ചു.
അക്കാലത്ത് നടന്ന ജര്‍മ്മന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ കലാപങ്ങളെ നേരിടുവാന്‍ ഇതേ ഗവണ്‍മെന്റ് തന്നെ ഉപയോഗിച്ചചാട്ടവാറടികളുടെയും വെടിയുണ്ടകളുടെയും കയ്പേറിയ ഗുളികയ്‌ക്ക് ശേഷം, ഇത് മധുരമേറിയ ഒരു പര്യവസാനമായിരുന്നു.
ഇങ്ങനെ ഈ ‘സത്യ സോഷ്യലിസം ’ അന്നത്തെ ഗവണ്‍മെന്റുകള്‍ക്ക് ജര്‍മ്മന്‍ ബൂര്‍ഷ്വാസിയോട് പോരാടുവാനുള്ള ഒരായുധമായി ഉപകരിച്ചപ്പോള്‍ തന്നെ, അത് ഒരു പിന്തിരിപ്പന്‍ താല്പര്യത്തെയാണ്, ജര്‍മ്മന്‍ ഫിലിസ്റ്റൈനുകളുടെ താല്പര്യത്തെയാണ്, നേരിട്ട് പ്രതിനിധാനം ചെയ്‌തത്. ജര്‍മ്മനിയില്‍ നിലവിലുള്ള സ്ഥിതിഗതികളുടെ സാമൂഹ്യാടിസ്ഥാനം പെറ്റി ബൂര്‍ഷ്വാവര്‍ഗ്ഗമാണ്. 16-ആം നൂറ്റാണ്ടിന്റെ അവശിഷ്ടമായ ഈ വര്‍ഗ്ഗം പിന്നീട് പല രൂപത്തിലും കൂടെക്കൂടെ തലപൊക്കിക്കൊണ്ടിരുന്നു.

ഈ വര്‍ഗ്ഗത്തെ വെച്ചുപുലര്‍ത്തുകയെന്ന് വെച്ചാല്‍ ജര്‍മ്മനിയിലെ നിലവിലുള്ള സ്ഥിതിഗതികളെ വച്ചുപുലര്‍ത്തുകയെന്നര്‍ത്ഥമാണ്. ബൂര്‍ഷ്വാസിയുടെ വ്യാവസായികവും രാഷ്‌ട്രീയവുമായ ആധിപത്യം ഈ വര്‍ഗ്ഗത്തിന്റെ മുമ്പില്‍ നിസ്സംശയമായ വിനാശത്തിന്റെ ഭീഷണിയുയര്‍ത്തി. ഒരു ഭാഗത്ത് മൂലധനകേന്ദ്രീകരണത്തില്‍ നിന്നും മറുഭാഗത്ത് വിപ്ലവകാരിയായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആവിര്‍ഭാവത്തില്‍ നിന്നും ഉളവായതായിരുന്നു ആ ഭീഷണി. "സത്യ" സോഷ്യലിസം ഒരൊറ്റ വെടിക്ക് ഈ രണ്ടു പക്ഷികളെയും കൊല്ലുമെന്ന് തോന്നി. അത് ഒരു പകര്‍ച്ചവ്യാധി പോലെ പടര്‍ന്ന് പിടിച്ചു.

വാഗ്‌ധോരണിയുടെ പുഷ്പങ്ങള്‍ തുന്നിപ്പിടിപ്പിച്ചതും നിര്‍ജ്ജീവവികാരങ്ങളുടെ മഞ്ഞുതുള്ളികളില്‍ മുക്കിയെടുത്തതുമായ ഊഹാപോഹ ചിലന്തിവലയുടെ പട്ടുടയാട - വെറും എല്ലും തോലുമായിത്തീര്‍ന്നിട്ടുള്ള തങ്ങളുടെ ദയനീയ ‘സനാതനസത്യങ്ങളെ ’ കെട്ടിപ്പൊതിയുവാന്‍ ജര്‍മ്മന്‍ സോഷ്യലിസ്റ്റുകാര്‍ ഉപയോഗിച്ച ആദ്ധ്യാത്മിക പട്ടുടയാട - അത്തരക്കാരായ പൊതുജനങ്ങള്‍ക്കിടയില്‍ അവരുടെ ചരക്കിന്റെ ചെലവു വര്‍ദ്ധിപ്പിക്കുവാന്‍ അത്ഭുതകരമാം വിധം സഹായിച്ചു.

അതോടൊപ്പം, പെറ്റിബൂര്‍ഷ്വാ ഫിലിസ്റ്റൈന്‍ വര്‍ഗ്ഗത്തിന്റെ വാചമടിക്കുന്ന പ്രതിനിധിയായി പ്രവര്‍ത്തിക്കുകയാണ് സ്വന്തം ധര്‍മ്മമെന്ന് ജര്‍മ്മന്‍ സോഷ്യലിസം അധികമധികം അംഗീകരിക്കുകയും ചെയ്തു. ജര്‍മ്മന്‍ രാഷ്‌ട്രമാണ് മാതൃകാരാഷ്‌ട്രമെന്നും, അല്പനായ ജര്‍മ്മന്‍ ഫിലിസ്റ്റൈനാണ് മാതൃകാമനുഷ്യനെന്നും അത് പ്രഖ്യാപിച്ചു. ഈ മാതൃകാമനുഷ്യന്റെ അധമമായ എല്ലാ അല്പത്തത്തിനും, അതിന്റെ യഥാര്‍ത്ഥ സ്വഭാവത്തിന് വിപരീതമായി, നിഗൂഢവും കൂടുതല്‍ ഉയര്‍ന്നതുമായ ഒരു സോഷ്യലിസ്റ്റ് വ്യാഖ്യാനം അത് നല്‍കി. കമ്മ്യൂണിസത്തിന്റെ "മൃഗീയമാംവിധം നശീകരണാത്മകമായ" പ്രവണതകളെ നേരിട്ടെതിര്‍ക്കുകയും എല്ലാ വര്‍ഗ്ഗസമരങ്ങളോടും അതിനുള്ള അതി കഠിനവും നിക്ഷ്പക്ഷവുമായ അവജ്ഞ പ്രഖ്യാപിക്കുകയും ചെയ്യുകയെന്ന അങ്ങേയറ്റത്തെ നിലവരെ അത് പോയി. സോഷ്യലിസ്റ്റ് സാഹിത്യമെന്നും കമ്മ്യൂണിസ്റ്റ് സാഹിത്യമെന്നും പേര് പറഞ്ഞിന്ന് (1847) ജര്‍മ്മനിയില്‍ പ്രചരിച്ച് വരുന്ന പ്രസിദ്ധീകരണങ്ങളില്‍ അല്പം ചിലതൊഴിച്ച് ബാക്കിയുള്ളതെല്ലാം തന്നെ നാറിപുളിച്ചും ചുണകെട്ടതുമായ ഈ സാഹിത്യശാഖയില്‍ പെട്ടതാണ്.*

*1848-ലെ വിപ്ലവക്കൊടുങ്കാറ്റ് ഈ വൃത്തികെട്ട പ്രവണതയെ മുഴുവന്‍ അടിച്ചു മാറ്റുകയും അതിന്റെ ഉപജ്ഞാതാക്കള്‍ക്ക് വീണ്ടും സോഷ്യലിസത്തില്‍ കൂടുതല്‍ കൈകടത്തുവാനുള്ള ആഗ്രഹം ഇല്ലാതാക്കുകയും ചെയ്‌തു. ഈ പ്രവണതയുടെ പ്രമുഖപ്രതിനിധിയും വിശിഷ്‌ടമാതൃകകയും മി. കാള്‍ ഗ്രുന്‍ ആണ് (1890-ലെ ജര്‍മ്മന്‍ പതിപ്പിനുള്ള എംഗല്‍സിന്റെ കുറിപ്പ്)

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്

Thursday, February 18, 2010

പെറ്റിബൂര്‍ഷ്വാ സോഷ്യലിസം || Petty Bourgeois Socialism

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മൂന്നാം അദ്ധ്യായത്തിലെ ഒരു ഭാഗമാണിത് . യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എഴുതിയിട്ടുണ്ട്.]

1. പിന്തിരിപ്പന്‍ സോഷ്യലിസം

1.a ഫ്യൂഡല്‍ സോഷ്യലിസം

1.b പെറ്റിബൂര്‍ഷ്വാ സോഷ്യലിസം

ഫ്യൂഡല്‍ പ്രഭുവര്‍ഗ്ഗം മാത്രമല്ല ബൂര്‍ഷ്വാസി നിമിത്തം നാശമടഞ്ഞത്, ആ വര്‍ഗ്ഗത്തിന്റെ ജീവിതോപാധികള്‍ മാത്രമല്ല ആധുനികബൂര്‍ഷ്വാ സമൂഹത്തിന്റെ അന്തരീക്ഷത്തില്‍ വാടി നശിച്ചത്. മദ്ധ്യകാലത്തെ സ്വതന്ത്രനഗരവാസികളും ചെറുകിട കൃഷിയുടമസ്ഥരുമാണ് ആധുനിക ബൂര്‍ഷ്വാസിയുടെ പൂര്‍വ്വികര്‍. വ്യാവസായികമായും വ്യാപാരപരമായും കുറച്ചുമാത്രം വളര്‍ന്നിട്ടുള്ള രാജ്യങ്ങളില്‍, ഉയര്‍ന്നു വരുന്ന ബൂര്‍ഷ്വാസിയോടൊപ്പം ഈ രണ്ടു വര്‍ഗ്ഗങ്ങളും ഇന്നും ജീവിച്ചുപോരുന്നുണ്ട്.

ആധുനിക നാഗരികത പൂര്‍ണ്ണമായി വളര്‍ന്നുകഴിഞ്ഞിട്ടുള്ള രാജ്യങ്ങളില്‍, പുതിയൊരു പെറ്റിബൂര്‍ഷ്വാവര്‍ഗ്ഗം രൂപം കൊണ്ടിട്ടുണ്ട്. തൊഴിലാളി വര്‍ഗ്ഗത്തിനും ബൂര്‍ഷ്വാസിക്കുമിടയ്ക്ക് ആടിക്കളിക്കുകയും ബൂര്‍ഷ്വാവര്‍ഗ്ഗസമൂഹത്തിന്റെ ഒരു അനുബന്ധമെന്നോണം സദാ സ്വയം പുതുക്കുകയും ചെയ്യുന്ന ഒരു വര്‍ഗ്ഗമാണിത്. എന്നാല്‍ മത്സരത്തിന്റെ പ്രവര്‍ത്തനം കൊണ്ട് ഈ വര്‍ഗ്ഗത്തില്‍പ്പെട്ട വ്യക്തികള്‍ നിരന്തരം തൊഴിലാളിവര്‍ഗ്ഗത്തിന്റെ അണികളിലേക്ക് പിടിച്ചുതള്ളപ്പെടുന്നുണ്ട്. മാത്രമല്ല, ആധുനികവ്യവസായം വളര്‍ച്ച പ്രാപിക്കുന്നതോടുകൂടി ഇന്നത്തെ സമൂഹത്തിലെ ഒരു സ്വതന്ത്രവിഭാഗമെന്ന നിലയ്ക്ക് തങ്ങള്‍ തീരെ നശിച്ചു പോവുകയും, വ്യവസായത്തിലും കൃഷിയിലും വ്യാപാരത്തിലും മറ്റും ആവശ്യമായ മേസ്ത്രിമാരും കാര്യസ്ഥന്മാരും വില്പനക്കാരും തങ്ങളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്യുന്ന ആ സന്ദര്‍ഭം അടുത്തുവരുന്നത് അവര്‍ കാണുകപോലും ചെയ്യുന്നുണ്ട്.

ജനസംഖ്യയുടെ പകുതിയിലും എത്രയോ കൂടുതല്‍ കൃഷിക്കാരായ ഫ്രാന്‍സിനെപ്പോലുള്ള രാജ്യങ്ങളില്‍, ബൂര്‍ഷ്വാസിക്കെതിരായി തൊഴിലാളിവര്‍ഗ്ഗത്തിന്റെ പക്ഷത്തുചേര്‍ന്ന എഴുത്തുകാര്‍ ബൂര്‍ഷ്വാ ഭരണത്തിനെതിരായ അവരുടെ വിമര്‍ശനത്തില്‍ കൃഷിക്കാരുടെയും ഇടത്തരക്കാരുടെയും മാനദണ്ഡം ഉപയോഗിച്ചു എന്നതും ഈ ഇടത്തരവര്‍ഗ്ഗങ്ങളുടെ നിലപാടില്‍ നിന്ന് കൊണ്ട് തൊഴിലാളിവര്‍ഗ്ഗത്തിനുവേണ്ടി വാളെടുത്തു എന്നതും സ്വാഭാവികമായിരുന്നു. ഇങ്ങനെയാണ് പെറ്റിബൂര്‍ഷ്വാ സോഷ്യലിസം ആവിര്‍ഭവിച്ചത്. ഫ്രാന്‍സിലെന്നല്ല, ഇംഗ്ലണ്ടിലും സിസ്മൊണ്ടി ആയിരുന്നു ഈ ചിന്താഗതിയുടെ നേതാവ്.

ഈ സോഷ്യലിസ്റ്റ് ചിന്താഗതിക്കാര്‍ ആധുനികോല്പാദനബന്ധങ്ങളിലടങ്ങിയിട്ടുള്ള വൈരുദ്ധ്യങ്ങളെ അതിതീക്ഷണതയോടെ വിശകലനം ചെയ്തു. ധനശാസ്ത്രജ്ഞന്മാരുടെ കാപട്യം നിറഞ്ഞ ന്യായീകരണങ്ങളെ അവര്‍ തുറന്ന് കാട്ടി. യന്ത്രവല്‍ക്കരണത്തിന്റെയും തൊഴില്‍വിഭജനത്തിന്റെയും കുറച്ചുപേരുടെ കയ്യില്‍ ഭൂമിയും മൂലധനവും കേന്ദ്രീകരിച്ചിട്ടുള്ളതിന്റെയും അമിതോല്പാദനത്തിന്റെയും പ്രതിസന്ധികളുടെയും വിനാശകരമായ ഫലങ്ങള്‍ അവര്‍ അനിഷേധ്യമായി തെളിയിച്ചു. ഇടത്തരക്കാരുടെയും കര്‍ഷകരുടെയും ഉല്പാദനത്തിന്റെ അരാജകാവസ്ഥയിലേക്കും സമ്പത്തിന്റെ വിതരണത്തിലെ പ്രസ്പഷ്ടമായ അസമത്വങ്ങളിലേക്കും രാഷ്ട്രങ്ങള്‍ തമ്മില്‍ നടത്തുന്ന സര്‍വ്വസംഹാരകങ്ങളായ വ്യവസായിക യുദ്ധങ്ങളിലേക്കും പഴയ ധാര്‍മ്മിക കെട്ടുപാടുകളുടെയും പഴയ കുടുംബബന്ധങ്ങളുടെയും പഴയ ദേശീയജനവിഭാഗങ്ങളുടെയും ശിഥിലീകരണത്തിലേക്കും അവര്‍ വിരല്‍ ചൂണ്ടി.

പക്ഷെ, സോഷ്യലിസത്തിന്റെ ഈ രൂപത്തിന്റെ ക്രിയാത്മകമായ ലക്ഷ്യം, ഒന്നുകില്‍ പഴ്യ ഉല്പാദന-വിനിമയോപാധികളേയും അതോടൊന്നിച്ച് പഴയ സ്വത്തുടമബന്ധങ്ങളേയും, പഴയ സമൂഹത്തെയും പുനഃസ്ഥാപിക്കുക, അല്ലെങ്കില്‍ ഇന്നത്തെ ഉല്പാദന-വിനിമയോപാധികളെ പഴയ സ്വത്തുടമ-ബന്ധങ്ങളുടെ - ഈ ഉപാധികള്‍ തകര്‍ത്തു കഴിഞ്ഞതും തകര്‍ക്കാതിരിക്കുവാന്‍ തരമില്ലാത്തതുമായ സ്വത്തുടമബന്ധങ്ങളേതോ അവയുടെ - ചട്ടക്കൂടിനുള്ളില്‍ ഞെക്കിഞെരുങ്ങി നിര്‍ത്തുക, എന്നതാണ്. രണ്ടായാലും അത് പിന്തിരിപ്പനും ഉട്ടോപ്യനുമാണ്.

അതിന്റെ അവസാനവാക്കുകളിവയാണ്. വ്യവസാത്തില്‍ പണ്ടത്തെ ഗില്‍ഡുകള്‍, കൃഷിയില്‍ പിതൃതന്ത്രാത്മകബന്ധങ്ങള്‍, അവസാനം കടുത്ത ചരിത്രവസ്തുതകള്‍ ആത്മവന്ധനയുടെ ഈ മത്തുപിടിച്ച ഫലങ്ങളെയെല്ലാം അടിച്ചിറക്കിയപ്പോള്‍ ഈ സോഷ്യലിസം നൈരാശ്യത്തിന്റെ ദയനീയമായ ഒരു അപസ്മാരവികൃതിയില്‍ ചെന്ന് കലാശിച്ചു.

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്

Wednesday, January 13, 2010

സോഷ്യലിസ്റ്റ് സാഹിത്യവും കമ്മ്യൂണിസ്റ്റ് സാഹിത്യവും || Socialist and Communist Literature

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മൂന്നാം അദ്ധ്യായത്തിലെ ഒരു ഭാഗമാണിത് . യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എഴുതിയിട്ടുണ്ട്.]

1. പിന്തിരിപ്പന്‍ സോഷ്യലിസം

1.a ഫ്യൂഡല്‍ സോഷ്യലിസം

ചരിത്രപരമായ തങ്ങളുടെ സവിശേഷ സ്ഥാനം കാരണം, ആധുനിക ബൂര്‍ഷ്വാ സമൂഹത്തിനെതിരായ ലഘുലേഖകള്‍ എഴുതുക എന്നത് ഫ്രാന്‍സിലേയും ഇംഗ്ലണ്ടിലേയും പ്രഭുക്കന്മാരുടെ ജോലിയായിത്തീര്‍ന്നു. 1830 ജൂലൈ മാസത്തില്‍ നടന്ന ഫ്രഞ്ചുവിപ്ലവത്തിലും, ഇംഗ്ലണ്ടിലെ ഭരണപരിഷ്കാര പ്രക്ഷോഭത്തിലും ഈ പ്രഭുക്കന്മാര്‍ വെറുക്കപ്പെട്ട പുത്തന്‍പണക്കാരുടെ മുന്നില്‍ വീണ്ടും മുട്ടുകുത്തി. അതോടുകൂടി ഗൗരവത്തോടുകൂടിയ ഒരു രാഷ്ട്രീയസമരം ഇനി തീരെ സാദ്ധ്യമല്ലെന്ന് വന്നു. ഈ സാഹിത്യപ്പോരാട്ടം മാത്രമേ ഇനി സാദ്ധ്യമായിരുന്നുള്ളൂ. എന്നാല്‍ സാഹിത്യരംഗത്ത് പോലും 'റെസ്റ്റോറേഷന്‍ കാലഘട്ടത്തിലെ' പഴയ മുറവിളി സാദ്ധ്യമല്ലാതായിരുന്നു.

അനുകമ്പയുണര്‍ത്തുവാന്‍ വേണ്ടി സ്വന്തം താല്പര്യങ്ങളെ അവഗണിക്കുന്നതായും ചൂഷിതരായ തൊഴിലാളിവര്‍ഗ്ഗത്തിന്റെ മാത്രം താല്പര്യം മുന്‍നിര്‍ത്തി ബൂര്‍ഷ്വാസിക്കെതിരയ കുറ്റപത്രം തയ്യാറാക്കുന്നതായും ഭാവിക്കുവാന്‍ പ്രഭുവര്‍ഗ്ഗം നിര്‍ബ്ബന്ധിതമായി. അങ്ങനെ തങ്ങളുടെ പുതിയ യജമാനനെപ്പറ്റി പരിഹാസപ്പാട്ട് പാടിക്കൊണ്ടും ആസന്നമായ വിപത്തിനെക്കുറിച്ച് അയാളുടെ ചെവിയില്‍ ദുരുദ്ദേശപൂര്‍ണ്ണമായ പ്രവചനങ്ങള്‍ മന്ത്രിച്ചുകൊണ്ടും പ്രഭുവര്‍ഗ്ഗം പക വീട്ടുവാന്‍ തുടങ്ങി.

ഇങ്ങനെയാണ് ഫ്യൂഡല്‍ സോഷ്യലിസം ആവിര്‍ഭവിച്ചത്. അത് പകുതി വിലാപമാണ്, പകുതി പരിഹാസമാണ്, പകുതി ഭൂതകാലത്തിന്റെ പ്രതിദ്ധ്വനിയാണ്, പകുതി ഭാവിയെപ്പറ്റിയുള്ള ഭീഷണിയും, ചിലപ്പോഴൊകെ അത് അതിന്റെ രൂക്ഷവും സരസവും മൂര്‍ച്ചയേറിയതുമായ വിമര്‍ശനം വഴി ബൂര്‍ഷ്വാസിയുടെ ഹൃദയത്തിന്റെ മര്‍മ്മത്തില്‍ത്തന്നെ ആഞ്ഞടിക്കുന്നുണ്ടെങ്കിലും, ആധുനിക ചരിത്രത്തിന്റെ ഗതി മനസ്സിലാക്കുവാനുള്ള തികഞ്ഞ കഴിവുകേട് നിമിത്തം അത് ഫലത്തില്‍ എന്നും പരിഹാസ്യമായിരുന്നു.

ജനങ്ങളെ സ്വന്തം ഭാഗത്ത് അണിനിരത്തുവാന്‍ വേണ്ടി പ്രഭുവര്‍ഗ്ഗം പിച്ചപ്പാളയാണ് പതാകയ്ക്ക് പകരം മുമ്പില്‍ പിടിച്ചത്. പക്ഷെ, ജനങ്ങള്‍ അവരുടെ കൂടെ ചേര്‍ന്നപ്പോഴെല്ലാം നാടുവാഴിപ്രഭുത്വത്തിന്റെ പഴയ കുലചിഹ്നങ്ങള്‍ അവരുടെ പിന്നാമ്പുറത്ത് കാണുകയാല്‍, തീരെ അനാദരവോടെ ഉറക്കെച്ചിരിച്ചു കൊണ്ടവരെ ഉപേക്ഷിക്കുകയാണുണ്ടായത്.

ഫ്രഞ്ച് 'ലെജിറ്റിമിസ്റ്റുകാരില്‍' ഒരു വിഭാഗവും, 'യങ്ങ് ഇംഗ്ലണ്ട്' കക്ഷിക്കാരും ഈ കാഴ്ച പ്രദര്‍ശിപ്പിച്ചു.

തങ്ങളുടെ ചൂഷണരീതി ബൂര്‍ഷ്വാസിയുടേതില്‍ നിന്ന് വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍, തികച്ചും വ്യത്യസ്തവും, ഇന്ന് കാലഹരണം വന്നിട്ടുള്ളതുമായ സാഹചര്യങ്ങളിലും പരിതഃസ്ഥിതികളിലുമാണ് തങ്ങള്‍ ചൂഷണം നടത്തിയിരുന്നതെന്ന് ഫ്യൂഡലുകള്‍ വിസ്മരിക്കുന്നു. തങ്ങളുടെ ഭരണത്തിന്‍കീഴില്‍ ആധുനിക തൊഴിലാളിവര്‍ഗ്ഗം ഒരിക്കലുമുണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍ സാമൂഹ്യക്രമത്തിന്റെ അവശ്യസന്തതയാണ് ആധുനിക ബൂര്‍ഷ്വാസിയെന്ന് അവര്‍ വിസ്മരിക്കുന്നു.

ഇത്രയും കഴിഞ്ഞാല്‍പ്പിന്നെ, അവരുടെ വിമര്‍ശനത്തിന്റെ പിന്തിരിപ്പന്‍ സ്വഭാവത്തെ അവര്‍ വളരെക്കുറച്ച് മാത്രമെ മറച്ച് വയ്ക്കുന്നുള്ളൂ. പഴയ സാമൂഹ്യക്രമത്തെ വേരോടെ പിഴുതെറിയുവാന്‍ വിധിക്കപ്പെട്ട ഒരു വര്‍ഗ്ഗം ബൂര്‍ഷ്വാ ഭരണത്തിന്‍കീഴില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്നുള്ളതാണ് ബൂര്‍ഷ്വാസിയുടെ പേരിലുള്ള അവരുടെ മുഖ്യമായ ആരോപണം.

ഒരു തൊഴിലാളി വര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നുവെന്നതിലധികം വിപ്ലവകാരിയായ ഒരു തൊഴിലാളിവര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നുവെന്നതിനാണ് അവര്‍ ബൂര്‍ഷ്വാസിയെ പഴിക്കുന്നത്.

അതുകൊണ്ട്, പ്രായോഗികരാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അവര്‍ തൊഴിലാളി വര്‍ഗ്ഗത്തിനെതിരായ എല്ലാ മര്‍ദ്ദന നടപടികളോടും കൂട്ട് നില്‍ക്കുന്നു. അവര്‍ വീമ്പിളക്കുന്നത് എന്ത് തന്നെയായാലും, നിത്യ ജീവിതത്തില്‍ അവര്‍ വ്യവസായ വൃക്ഷത്തില്‍ നിന്ന് ഉതിര്‍ന്ന് വീഴുന്ന സ്വര്‍ണ്ണഫലങ്ങള്‍ പെറുക്കിയെടുക്കുവാനും കമ്പിളിയുടെയും പഞ്ചസാരയുടെയും വാറ്റ് ചാരായത്തിന്റെയും വ്യാപരത്തിനായി സത്യവും സ്നേഹവും മാനവും വില്‍ക്കുവാന്‍ മടിക്കുന്നില്ല.

പുരോഹിതന്‍ എന്നും ജന്മിയുടെ കൈ കോര്‍ത്തുപിടിച്ചു നടന്നിട്ടുള്ളപോലെ തന്നെ, പൗരോഹിത്യ സോഷ്യലിസം എന്നും ഫ്യൂഡല്‍ സോഷ്യലിസത്തിന്റെ കൂടെയാണ്.
സോഷ്യലിസ്റ്റ് സാഹിത്യവും കമ്മ്യൂണിസ്റ്റ് സാഹിത്യവും
കൃസ്ത്യന്‍ സന്യാസത്തിന് ഒരു സോഷ്യലിസ്റ്റ് നിറം കൊടുക്കുന്നതിലും എളുപ്പമായി മറ്റൊന്നില്ല. കൃസ്തുമതം സ്വകാര്യസ്വത്തിനേയും വിവാഹത്തിനെയും ഭരണകൂടത്തേയും അധിക്ഷേപിച്ചിട്ടില്ലേ? ഇവയ്ക്ക് പകരം ദാനധര്‍മ്മാദികളും ദരിദ്രജീവിതവും ബ്രഹ്മചര്യവും ഇന്ദ്രിയനിഗ്രഹവും ആശ്രമവൃത്തിയും തിരുസഭാമാതാവും വേണമെന്ന് അത് പ്രസംഗിച്ചിട്ടില്ലേ? പ്രഭുവിന്റെ ഹൃദയവേദനകളെ ശുദ്ധീകരിക്കുവാന്‍ പുരോഹിതന്‍ തളിക്കുന്ന തീര്‍ത്ഥജലം മാത്രമാണ് കൃസ്ത്യന്‍ സോഷ്യലിസം.
അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്

Thursday, December 31, 2009

കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 5 || The Principles of Communism - 5

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ അനുബന്ധത്തില്‍ ഫ്രെഡറിക് എംഗല്‍സ് ചോദ്യോത്തരങ്ങളായി കൊടുത്തിരിക്കുന്നവയിലെ ഒരു ചോദ്യമാണിത്. മുമ്പത്തെ ചോദ്യങ്ങള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന ലേബലില്‍ നിന്നും വായിക്കാം. ഇവിടെ പതിഞ്ചാമത്തെ ചോദ്യം വായിക്കാം. നീളക്കൂടുതലും ലേഖകരുടെ സമയക്കുറവും മൂലം ബാക്കിയുള്ള ചോദ്യങ്ങള്‍ അടുത്ത ഭാഗങ്ങളില്‍ കൊടുക്കുന്നതായിരിക്കും. യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എഴുതിയിട്ടുണ്ട്.]

15. സ്വകാര്യസ്വത്തുടമസ്ഥതയുടെ നിര്‍മ്മാര്‍ജ്ജനം മുമ്പ് അസാദ്ധ്യമായിരുന്നുവെന്നാണോ ഇതിനര്‍ത്ഥം?
അതെ, അസാദ്ധ്യമായിരുന്നു. സാമൂഹ്യക്രമത്തിലൂടെയുണ്ടാകുന്ന ഓരോ മാറ്റവും സ്വത്തുടമാബന്ധങ്ങളിലുണ്ടാകുന്ന ഓരോ വിപ്ലവവും പഴയ സ്വത്തുടമബന്ധങ്ങളുമായി പൊരുത്തപ്പെടാതായിക്കഴിഞ്ഞ പുതിയ ഉല്പാദന ശക്തികള്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ അവശ്യഫലമാണ്. സ്വകാര്യസ്വത്തുടമസ്ഥത തന്നെ ഉത്ഭവിച്ചത് ഇങ്ങനെയാണ്. സ്വകാര്യസ്വത്തുടമസ്ഥത എക്കാലത്തും നിലവിലുണ്ടായിരുന്നില്ല. മദ്ധ്യയുഗങ്ങളുടെ അവസാനഘട്ടത്തില്‍ നിര്‍മ്മാണത്തൊഴിലിന്റെ രൂപത്തില്‍ പുതിയൊരു ഉല്പാദനരീതി രംഗപ്രവേശം ചെയ്തു. അന്ന് നിലവിലുണ്ടായിരുന്ന ഫ്യൂഡല്‍-ഗില്‍ഡ് സ്വത്തുടമസ്ഥതയുമായി പൊരുത്തപ്പെടാത്തതായിരുന്നുവത്. പഴയ സ്വത്തുടമബന്ധങ്ങള്‍ക്കപ്പുറത്തേക്ക് വളര്‍ന്നു കഴിഞ്ഞിരുന്ന നിര്‍മ്മാണത്തൊഴിലിന്റെ രൂപത്തില്‍ പുതിയൊരു ഉല്പാദനരീതി രംഗപ്രവേശം ചെയ്തു. അന്ന് നിലവിലുണ്ടായിരുന്ന ഫ്യൂഡല്‍-ഗില്‍ഡ് സ്വത്തുടമബന്ധങ്ങള്‍ക്കപ്പുറത്തേക്ക് വളര്‍ന്നുകഴിഞ്ഞിരുന്ന നിര്‍മ്മാണത്തൊഴില്‍ പുതിയ രൂപത്തിലുള്ള സ്വത്തുടമസ്ഥത സൃഷ്ടിച്ചു. അതാണ് സ്വകാര്യസ്വത്തുടമസ്ഥത അടിസ്ഥാനപ്പെടുത്തിയ നിര്‍മ്മാണത്തൊഴിലിന്റെ കാലഘട്ടത്തിലും വന്‍കിട വ്യവസായത്തിന്റെ വികാസത്തിന്റെ ആദ്യഘട്ടത്തിലും സ്വകാര്യ സ്വത്തുടമസ്ഥതയല്ലാതെ മറ്റൊരു രൂപാത്തിലുള്ള സ്വത്തുടമസ്ഥത സാദ്ധ്യമല്ലായിരുന്നു. എല്ലാവര്‍ക്കും നല്‍കുവാന്‍ തികയുന്നതിനു പുറമെ സാമൂഹ്യമൂലധനം വര്‍ദ്ധിപ്പിക്കുവാനും ഉല്പാദനശക്തികളെ കൂടുതല്‍ വികസിപ്പിക്കുവാനും വേണ്ടി ഉല്പന്നങ്ങളുടെ കുറെ മിച്ചം വയ്ക്കുവാന്‍ കൂടി ആവശ്യമായത്ര അളവില്‍ ഉല്പാദനം നടത്തുവാന്‍ കഴിയാത്ത കാലത്തോളം സമൂഹത്തിലെ ഉല്പാദനശക്തികളെ അടക്കി ഭരിക്കുന്ന ഒരു മേധാവി വര്‍ഗ്ഗവും ദരിദ്രമായ ഒരു മര്‍ദ്ദിതവര്‍ഗ്ഗവും എപ്പോഴുമുണ്ടായേ തീരൂ. ഈ വര്‍ഗ്ഗങ്ങള്‍ എത്തരത്തിലുള്ളതാണെന്ന് ഉല്പാദനത്തിന്റെ വികാസഘട്ടത്തെ ആശ്രയിച്ചിരിക്കും. കൃഷിയെ ആശ്രയിച്ചു നിലനിന്ന മദ്ധ്യയുഗങ്ങളില്‍ നാം കാണുന്നത് ഭൂപ്രഭുവിനെയും അടിയാളനേയുമാണ്. മദ്ധ്യയുഗങ്ങളുടെ അവസാനകാലത്ത് നഗരങ്ങളില്‍ ഗില്‍ഡ്‌മേസ്തിരിയും അയാളുടെ കീഴില്‍ പണിയെടുക്കുന്ന അപ്രന്റീസുകളേയും ദിവസവേലക്കാരനേയും കാണാം. പതിനേഴാം നൂറ്റാണ്ടിലുണ്ടായിരുന്നത് നിര്‍മ്മാണത്തൊഴിലുടമകളും നിര്‍മ്മാണത്തൊഴിലാളികളുമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലുള്ളത് വന്‍കിട ഫാക്ടറിയുടമയും തൊഴിലാളിയുമാണ്. എല്ലാവര്‍ക്കും മതിയായത്ര അളവില്‍ ഇല്പാദനം നടത്തുവാനും സ്വകാര്യ ഉടമസ്ഥത ഉല്പാദനശക്തികള്‍ക്കൊരു വിലങ്ങൗം പ്രതിബന്ധവുമായിത്തീരുവാനുമാവശ്യമായത്ര വിപുലമായി ഉല്പാദനശക്തികള്‍ ഇനിയും വളര്‍ന്നിട്ടില്ലെന്നത് വ്യക്തമാണ്. എന്നിരുന്നാലും ഒന്നാമത്, വന്‍കിടവ്യവസായത്തിന്റെ വികസനം ഇതേവരെ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന തോതില്‍ മൂലധനത്തേയും ഉല്പാദനശക്തികളേയും ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നു. ആ ഉല്പാദനശക്തികളെ ചെറിയൊരു കാലയളവില്‍ അവസാനമില്ലാതെ വര്‍ദ്ധിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. രണ്ടാമത്, ഈ ഉല്പാദനശക്തികള്‍ കുറച്ച് ബൂര്‍ഷ്വാകളുടെ കൈകളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതേസമയം, ജനങ്ങളുടെ വമ്പിച്ച വിഭാഗങ്ങള്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അണികളിലേക്ക് കൂടുതല്‍ കൂടുതല്‍ വീണുകൊണ്ടിരിക്കുന്നു. ബൂര്‍ഷ്വാകളുടെ സമ്പത്ത് പെരുകുന്ന തോതില്‍ തന്നെ അവരുടെ സ്ഥിതി കൂടുതല്‍ കൂടുതല്‍ ദുരിതപൂര്‍ണ്ണവും ദുസ്സഹവുമായി വരികയാണ്. മൂന്നാമത്, ഊറ്റമേറിയതും എളുപ്പം പെരുകുന്നതുമായ ഈ ഉല്പാദനശക്തികള്‍ സ്വകാര്യസ്വത്തുടമസ്ഥതയ്ക്കും ബൂര്‍ഷ്വാകള്‍ക്കുമപ്പുറത്തേക്ക് വളരെയേറെ വളര്‍ന്ന് കഴിഞ്ഞിരിക്കുന്നതിനാല്‍ അവ സാമൂഹ്യക്രമത്തില്‍ പ്രബലമായ കോളിളക്കങ്ങള്‍ക്ക് നിരന്തരം ഇടയാക്കുന്നുണ്ട്. ഇപ്പോള്‍ നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ മാത്രമാണ്, സ്വകാര്യസ്വത്തുടമസ്ഥതയുടെ നിര്‍മ്മാജനം സാദ്ധ്യവും അനുപേക്ഷണീയവുമായി വന്നിരിക്കുന്നത്.
അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്Rate this post

About Me

My photo
Omnipresent. ഞങ്ങളെ എല്ലാവര്‍ക്കുമറിയാം. ഞങ്ങളാരെന്നും, ഞങ്ങളുടെ രാഷ്ട്രീയമെന്തെന്നും എല്ലാം. അത് തന്നെയാണ് ഞങ്ങളുടെ ശാപവും. ഞങ്ങളുടെ അഭിപ്രായങ്ങളെ ആ ഒരു ജാലകത്തില്‍ കൂടി മാത്രം കാണുവാനും വിമര്‍ശിക്കുവാനും തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഒളിച്ചോടി. ഇപ്പോള്‍ ഇവിടെ പൊങ്ങുന്നു.

Followers

Counted!

free web counter
Creative Commons License ബീഫ് ഫ്രൈ || b33f fry by ബീഫ് ഫ്രൈ is licensed under a Creative Commons Attribution 2.5 India License. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ താള്‍ നോക്കുക.