Tuesday, April 13, 2010

ജര്‍മ്മന്‍ അഥവാ 'സത്യ' സോഷ്യലിസം || German or 'True' Socialism

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മൂന്നാം അദ്ധ്യായത്തിലെ ഒരു ഭാഗമാണിത് . യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എഴുതിയിട്ടുണ്ട്.]

1. പിന്തിരിപ്പന്‍ സോഷ്യലിസം

1.a ഫ്യൂഡല്‍ സോഷ്യലിസം


1.b പെറ്റിബൂര്‍ഷ്വാ സോഷ്യലിസം

1.c ജര്‍മ്മന്‍ അഥവാ 'സത്യ' സോഷ്യലിസം

ജര്‍മ്മനിയിലെ ബൂര്‍ഷ്വാസി അവിടത്തെ ഫ്യൂഡല്‍ സ്വേച്ഛാപ്രഭുത്വവുമായി പോരാടുവാന്‍ തുടങ്ങുക മാത്രം ചെയ്‌തിരുന്ന സന്ദര്‍ഭത്തിലാണ് ഫ്രാന്‍സിലെ സോഷ്യലിസ്റ്റ് - കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങള്‍ - അധികാരത്തിലിരിക്കുന്ന ബൂര്‍ഷ്വാസിയുടെ സമ്മര്‍ദ്ദത്തിന്‍ കീഴില്‍ ജന്മം കൊള്ളുകയും ആ അധികാരത്തിനെതിരായുള്ള സമരത്തെ വെളിപ്പെടുത്തുകയും ചെയ്‌തസാഹിത്യങ്ങള്‍ - ജര്‍മ്മനിയിലേക്ക് കടന്നു ചെന്നത്. ജര്‍മ്മന്‍ തത്വജ്ഞാനികളും തത്വജ്ഞാനികളാകുവാന്‍ ആഗ്രഹിക്കുന്നവരും സുന്ദരീശൈലീ പ്രണയികളും ഈ സാഹിത്യത്തെ ആവേശത്തോടെ ആശ്ലേഷിച്ചു. പക്ഷേ, ഈ സാഹിത്യം ഫ്രാന്‍സില്‍ നിന്നും ജര്‍മ്മനിയിലേക്ക് കുടിയേറിച്ചെന്നപ്പോള്‍, അതോടൊന്നിച്ച് അവിടത്തെ സാമൂഹ്യ സാഹചര്യങ്ങളും ജര്‍മ്മനിയിലേക്ക് കുടിയേറുകയുണ്ടായില്ലെന്ന വസ്‌തുത അവര്‍ വിസ്‌മരിച്ചു എന്ന് മാത്രം. ജര്‍മ്മന്‍ സാമൂഹ്യസ്ഥിതിഗതികളുമായി ഇടപഴകിയപ്പോള്‍ ഈ ഫ്രഞ്ചു സാഹിത്യത്തിന്റെ അടിയന്തിരവും പ്രായോഗികവുമായ പ്രാധാന്യമെല്ലാം നഷ്‌ടപ്പെട്ടു. അതിന്റെ വെറും സാമൂഹ്യവശം മാത്രം അവശേഷിച്ചു. അത് മനുഷ്യസത്തയുടെ സാക്ഷാല്‍ക്കരണത്തെക്കുറിച്ചുള്ള കഴമ്പില്ലാത്ത വേദാന്തം പറച്ചിലാവാതെ തരമില്ലായിരുന്നു. അങ്ങിനെ പതിനെട്ടാം നൂറ്റാണ്ടിലെ ജര്‍മ്മന്‍ തത്വജ്ഞാനികളുടെ ദൃഷ്‌ടിയില്‍ ഒന്നാം ഫ്രഞ്ചുവിപ്ലവത്തിന്റെ ആവശ്യങ്ങളില്‍ 'പ്രായോഗികയുക്തിയുടെ' സാമാന്യവശങ്ങളില്‍ കൂടുതലൊന്നുമുണ്ടയിരുന്നില്ല. അവരുടെ ദൃഷ്ടിയില്‍ ശുദ്ധമായ ഇച്ഛയുടെ, പൊതുവില്‍ പറഞ്ഞാല്‍ യഥാര്‍ത്ഥമായ മനുഷ്യേച്ഛയുടെ, നിയമങ്ങളായിരുന്നു, വിപ്ലവകാരിയായ ഫ്രഞ്ചു ബൂര്‍ഷ്വാസിയുടെ ഇച്ഛയില്‍ പ്രകടമായത്. തങ്ങളുടെ പൗരാണിക ദാര്‍ശനികബോധത്തെ ഈ പുതിയ ഫ്രഞ്ച് ആശയങ്ങളുമായി പൊരുത്തപ്പെടുത്തുക, അഥവാ സ്വന്തം ദാര്‍ശനിക വീക്ഷണം കൈവിടാതെ ഫ്രഞ്ച് ആശയങ്ങളെ പിടിച്ചെടുക്കുക - ഇത്ര മാത്രമാണ് ജര്‍മ്മന്‍ എഴുത്തുകാര്‍ ചെയ്‌തത്.ഒരു വിദേശീയഭാഷയെ പരിഭാഷയിലൂടെ സ്വായത്തമാക്കുന്നതെങ്ങിനെയോ അതേ രീതിയിലാണ് ഈ വെട്ടിപ്പിടുത്തവും നടന്നത്.

പൗരാണിക വിഗ്രഹാരാധകരുടെ ഇതിഹാസകൃതികളടങ്ങുന്ന കയ്യെഴുത്തുരേഖകളുടെ മീതെ കൃസ്‌ത്യന്‍ സന്ന്യാസിമാര്‍ കത്തോലിക്കാപുണ്യവാളന്മാരുടെ കഥയില്ലാത്ത ജീവചരിത്രങ്ങളെഴിതിച്ചേര്‍ത്തതെങ്ങിനെയെന്ന് സുവിദിതമാണ്. എന്നാല്‍ ഫ്രഞ്ച് നിഷിദ്ധസാഹിത്യത്തിന്റെ കാര്യത്തില്‍ ജര്‍മ്മന്‍ എഴുത്തുകാര്‍ നേരെ മറിച്ചാണ് ചെയ്തത്. അവര്‍ ഫ്രഞ്ചുമൂലധനത്തിന്റെ ചുവടെ തങ്ങളുടെ സ്വന്തം ദാര്‍ശനിക വിഡ്ഢിത്തങ്ങളെഴുതിച്ചേര്‍ത്തു. ഉദാഹരണം പറയുകയാണെങ്കില്‍, പണത്തിന്റെ സാമ്പത്തികധര്‍മ്മത്തെപ്പറ്റിയുള്ള ഫ്രഞ്ചുവിമര്‍ശനത്തിന്റെ ചുവടെ അവര്‍ "മനുഷ്യസത്തയുടെ അന്യവല്‍ക്കരണം" എന്നെഴുതി. ബൂര്‍ഷ്വാ ഭരണകൂടത്തെപ്പറ്റിയുള്ള ഫ്രഞ്ച് വിമര്‍ശനത്തിന്റെ ചുവടെ "സാമാന്യഗണത്തിന്റെ സ്ഥാനഭ്രംശം" എന്നുമെഴുതിച്ചേര്‍ത്തു.

ഫ്രഞ്ചുകാരുടെ ചരിത്രവിമര്‍ശനങ്ങളുടെ പിന്‍വശത്ത് ഈ ദാര്‍ശനികപദപ്രയോഗങ്ങള്‍ എഴുതി വച്ചതിന് "കര്‍മ്മമീമാംസയെന്നും", "സത്യ സോഷ്യലിസമെന്നും", "സോഷ്യലിസത്തിന്റെ ജര്‍മ്മന്‍ ശാസ്‌ത്രമെന്നും" "സോഷ്യലിസത്തിന്റെ ദാര്‍ശനികാടിസ്ഥാനമെന്നും" അവര്‍ നാമകരണം ചെയ്തു. ഇങ്ങനെ ഫ്രഞ്ച് സോഷ്യലിസ്റ്റ് - കമ്മ്യൂണിസ്റ്റ് സാഹിത്യത്തെ നിശേഷം ഹതവീര്യമാക്കി. പോരെങ്കില്‍, ജര്‍മ്മന്‍കാരന്റെ കയ്യില്‍ കിട്ടിയതോടു കൂടി ഈ സാഹിത്യം ഒരു വര്‍ഗ്ഗം മറ്റൊരു വര്‍ഗ്ഗത്തിനെതിരായി നടത്തുന്ന സമരത്തെ പ്രകാശിപ്പിക്കാത്തായത് കൊണ്ട്, "ഫ്രഞ്ചുകാരന്റെ ഏകപക്ഷീയത"യെ കീഴടക്കിയിരിക്കുന്നുവെന്നും, താന്‍ പ്രതിനിധാനം ചെയ്യുന്നത് സത്യമായ ആവശ്യങ്ങളെയല്ല, സത്യത്തിന്റെ ആവശ്യങ്ങളെയാണെന്നും, തൊഴിലാളീ വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങളെയല്ല, മനുഷ്യ സ്വഭാവത്തിന്റെ - ഒരു വര്‍ഗ്ഗത്തിലും പെടാത്തവനും യഥാര്‍ത്ഥമല്ലാത്തവനും ദാര്‍ശനികസങ്കല്പത്തിന്റെ മൂടല്‍മഞ്ഞ് നിറഞ്ഞ ലോകത്തില്‍ മാത്രം ജീവിക്കുന്നവനുമായ സാമാന്യമനുഷ്യന്റെ - താല്പര്യങ്ങളെന്നും അയാള്‍ വിശ്വസിക്കുവാനിടയായി. സ്‌കൂള്‍ കുട്ടികള്‍ക്ക് യോജിച്ച തങ്ങളുടെ അഭ്യാസങ്ങളെ ഗൗരവതരവും പ്രാധാന്യമുള്ളതുമായി കരുതുകയും വിലകെട്ട സ്വന്തം ചരക്കിന്റെ മാഹാത്മ്യത്തെപ്പറ്റി മുറിവൈദ്യന്റെ മട്ടില്‍ പ്രസംഗിക്കുകയും ചെയ്ത ഈ ജര്‍മ്മന്‍ സോഷ്യലിസത്തിന് അതിന്റെ പാണ്ഡിത്യപരമായ നിഷ്‌കളങ്കത ക്രമേണ നഷ്‌ടപ്പെട്ടു. ഫ്യൂഡല്‍ ദുഷ്പ്രഭുത്വത്തിനും സ്വേച്ഛാധിപത്യപരമായ രാജവാഴ്‌ചയ്‌ക്കും എതിരായ ജര്‍മ്മനിയിലേയും, വിശേഷിച്ചു പ്രഷ്യയിലേയും, ബൂര്‍ഷ്വാസിയുടെ സമരം, അതായത് ലിബറല്‍ പ്രസ്ഥാനം കൂടുതല്‍ ഗൗരവതരമായിത്തീര്‍ന്നു.
സോഷ്യലിസ്റ്റാവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രാഷ്‌ട്രീയ പ്രസ്ഥാനത്തെ നേരിടുവാനും, ലിബറലിസത്തിനും പ്രതിനിധി ഭരണത്തിനും ബൂര്‍ഷ്വാമത്സരത്തിനും ബൂര്‍ഷ്വാ പത്രസ്വാതന്ത്ര്യത്തിനും ബൂര്‍ഷ്വാനിയമനിര്‍മ്മാണത്തിനും ബൂര്‍ഷ്വാസമത്വസ്വാതന്ത്ര്യങ്ങള്‍ക്കുമെതിരായി പരമ്പരാഗതമായ ശാപവചനങ്ങള്‍ വര്‍ഷിക്കുവാനും, ഈ ബൂര്‍ഷ്വാ പ്രസ്ഥാനം നിമിത്തം സര്‍വ്വതും നഷ്‌ടപ്പെടാമെന്നല്ലാതെ യാതൊന്നും നേടാനാവില്ലെന്നതും ബഹുജനങ്ങ‌ള്‍ക്കിടയില്‍ പ്രചരണം നടത്തുവാനും, "സത്യ" സോഷ്യലിസം ആറ്റുനോറ്റുകൊണ്ടിരുന്ന അവസരം അതിന് അത് മൂലം ലഭിച്ചു. അതിന്റെ നിലനില്പിനാവശ്യമായ സാമ്പത്തിക സ്ഥിതിഗതികളോടും അതിനനുയോജ്യമായ രാഷ്‌ട്രീയഭരണഘടനയോടും കൂടിയ ഒരാധുനിക ബൂര്‍ഷ്വാ സമൂഹം നിലനില്‍ക്കുന്നുണ്ടെന്ന അടിസ്ഥാനത്തിലാണ് - ഇതേ സംഗതികള്‍ നേടുകയെന്നതായിരുന്നു ജര്‍മ്മനിയിലാസന്നമായിരുന്ന സമരത്തിന്റെ ലക്ഷ്യം - ഫ്രഞ്ചു വിമര്‍ശനം ഉയര്‍ന്നു വന്നതെന്ന് അതിന്റെ ബാലിശപ്രതിദ്ധ്വനി മാത്രമായ ജര്‍മ്മന്‍ സോഷ്യലിസം, സമയം വന്നപ്പോള്‍ മറന്ന് കളഞ്ഞു.

പുരോഹിതന്മാരുടെയും പ്രൊഫസര്‍മാരുടെയും യുങ്കര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും അനുചരവൃന്ദത്തോടുകൂടിയ സ്വേച്ഛാധിപത്യ ഗവണ്‍മെന്റുകളെ സംബന്ധിച്ചിടത്തോളം, തങ്ങളെ ഭീഷണിപ്പെടുത്തുവാന്‍ തുടങ്ങിയിരുന്ന ബൂര്‍ഷ്വാസിക്കെതിരായി ഉപയോഗിക്കുവാനുള്ള സ്വാഗതാര്‍ഹമായ ഒരു ഇമ്പാച്ചിയായി അതുപകരിച്ചു.
അക്കാലത്ത് നടന്ന ജര്‍മ്മന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ കലാപങ്ങളെ നേരിടുവാന്‍ ഇതേ ഗവണ്‍മെന്റ് തന്നെ ഉപയോഗിച്ചചാട്ടവാറടികളുടെയും വെടിയുണ്ടകളുടെയും കയ്പേറിയ ഗുളികയ്‌ക്ക് ശേഷം, ഇത് മധുരമേറിയ ഒരു പര്യവസാനമായിരുന്നു.
ഇങ്ങനെ ഈ ‘സത്യ സോഷ്യലിസം ’ അന്നത്തെ ഗവണ്‍മെന്റുകള്‍ക്ക് ജര്‍മ്മന്‍ ബൂര്‍ഷ്വാസിയോട് പോരാടുവാനുള്ള ഒരായുധമായി ഉപകരിച്ചപ്പോള്‍ തന്നെ, അത് ഒരു പിന്തിരിപ്പന്‍ താല്പര്യത്തെയാണ്, ജര്‍മ്മന്‍ ഫിലിസ്റ്റൈനുകളുടെ താല്പര്യത്തെയാണ്, നേരിട്ട് പ്രതിനിധാനം ചെയ്‌തത്. ജര്‍മ്മനിയില്‍ നിലവിലുള്ള സ്ഥിതിഗതികളുടെ സാമൂഹ്യാടിസ്ഥാനം പെറ്റി ബൂര്‍ഷ്വാവര്‍ഗ്ഗമാണ്. 16-ആം നൂറ്റാണ്ടിന്റെ അവശിഷ്ടമായ ഈ വര്‍ഗ്ഗം പിന്നീട് പല രൂപത്തിലും കൂടെക്കൂടെ തലപൊക്കിക്കൊണ്ടിരുന്നു.

ഈ വര്‍ഗ്ഗത്തെ വെച്ചുപുലര്‍ത്തുകയെന്ന് വെച്ചാല്‍ ജര്‍മ്മനിയിലെ നിലവിലുള്ള സ്ഥിതിഗതികളെ വച്ചുപുലര്‍ത്തുകയെന്നര്‍ത്ഥമാണ്. ബൂര്‍ഷ്വാസിയുടെ വ്യാവസായികവും രാഷ്‌ട്രീയവുമായ ആധിപത്യം ഈ വര്‍ഗ്ഗത്തിന്റെ മുമ്പില്‍ നിസ്സംശയമായ വിനാശത്തിന്റെ ഭീഷണിയുയര്‍ത്തി. ഒരു ഭാഗത്ത് മൂലധനകേന്ദ്രീകരണത്തില്‍ നിന്നും മറുഭാഗത്ത് വിപ്ലവകാരിയായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആവിര്‍ഭാവത്തില്‍ നിന്നും ഉളവായതായിരുന്നു ആ ഭീഷണി. "സത്യ" സോഷ്യലിസം ഒരൊറ്റ വെടിക്ക് ഈ രണ്ടു പക്ഷികളെയും കൊല്ലുമെന്ന് തോന്നി. അത് ഒരു പകര്‍ച്ചവ്യാധി പോലെ പടര്‍ന്ന് പിടിച്ചു.

വാഗ്‌ധോരണിയുടെ പുഷ്പങ്ങള്‍ തുന്നിപ്പിടിപ്പിച്ചതും നിര്‍ജ്ജീവവികാരങ്ങളുടെ മഞ്ഞുതുള്ളികളില്‍ മുക്കിയെടുത്തതുമായ ഊഹാപോഹ ചിലന്തിവലയുടെ പട്ടുടയാട - വെറും എല്ലും തോലുമായിത്തീര്‍ന്നിട്ടുള്ള തങ്ങളുടെ ദയനീയ ‘സനാതനസത്യങ്ങളെ ’ കെട്ടിപ്പൊതിയുവാന്‍ ജര്‍മ്മന്‍ സോഷ്യലിസ്റ്റുകാര്‍ ഉപയോഗിച്ച ആദ്ധ്യാത്മിക പട്ടുടയാട - അത്തരക്കാരായ പൊതുജനങ്ങള്‍ക്കിടയില്‍ അവരുടെ ചരക്കിന്റെ ചെലവു വര്‍ദ്ധിപ്പിക്കുവാന്‍ അത്ഭുതകരമാം വിധം സഹായിച്ചു.

അതോടൊപ്പം, പെറ്റിബൂര്‍ഷ്വാ ഫിലിസ്റ്റൈന്‍ വര്‍ഗ്ഗത്തിന്റെ വാചമടിക്കുന്ന പ്രതിനിധിയായി പ്രവര്‍ത്തിക്കുകയാണ് സ്വന്തം ധര്‍മ്മമെന്ന് ജര്‍മ്മന്‍ സോഷ്യലിസം അധികമധികം അംഗീകരിക്കുകയും ചെയ്തു. ജര്‍മ്മന്‍ രാഷ്‌ട്രമാണ് മാതൃകാരാഷ്‌ട്രമെന്നും, അല്പനായ ജര്‍മ്മന്‍ ഫിലിസ്റ്റൈനാണ് മാതൃകാമനുഷ്യനെന്നും അത് പ്രഖ്യാപിച്ചു. ഈ മാതൃകാമനുഷ്യന്റെ അധമമായ എല്ലാ അല്പത്തത്തിനും, അതിന്റെ യഥാര്‍ത്ഥ സ്വഭാവത്തിന് വിപരീതമായി, നിഗൂഢവും കൂടുതല്‍ ഉയര്‍ന്നതുമായ ഒരു സോഷ്യലിസ്റ്റ് വ്യാഖ്യാനം അത് നല്‍കി. കമ്മ്യൂണിസത്തിന്റെ "മൃഗീയമാംവിധം നശീകരണാത്മകമായ" പ്രവണതകളെ നേരിട്ടെതിര്‍ക്കുകയും എല്ലാ വര്‍ഗ്ഗസമരങ്ങളോടും അതിനുള്ള അതി കഠിനവും നിക്ഷ്പക്ഷവുമായ അവജ്ഞ പ്രഖ്യാപിക്കുകയും ചെയ്യുകയെന്ന അങ്ങേയറ്റത്തെ നിലവരെ അത് പോയി. സോഷ്യലിസ്റ്റ് സാഹിത്യമെന്നും കമ്മ്യൂണിസ്റ്റ് സാഹിത്യമെന്നും പേര് പറഞ്ഞിന്ന് (1847) ജര്‍മ്മനിയില്‍ പ്രചരിച്ച് വരുന്ന പ്രസിദ്ധീകരണങ്ങളില്‍ അല്പം ചിലതൊഴിച്ച് ബാക്കിയുള്ളതെല്ലാം തന്നെ നാറിപുളിച്ചും ചുണകെട്ടതുമായ ഈ സാഹിത്യശാഖയില്‍ പെട്ടതാണ്.*

*1848-ലെ വിപ്ലവക്കൊടുങ്കാറ്റ് ഈ വൃത്തികെട്ട പ്രവണതയെ മുഴുവന്‍ അടിച്ചു മാറ്റുകയും അതിന്റെ ഉപജ്ഞാതാക്കള്‍ക്ക് വീണ്ടും സോഷ്യലിസത്തില്‍ കൂടുതല്‍ കൈകടത്തുവാനുള്ള ആഗ്രഹം ഇല്ലാതാക്കുകയും ചെയ്‌തു. ഈ പ്രവണതയുടെ പ്രമുഖപ്രതിനിധിയും വിശിഷ്‌ടമാതൃകകയും മി. കാള്‍ ഗ്രുന്‍ ആണ് (1890-ലെ ജര്‍മ്മന്‍ പതിപ്പിനുള്ള എംഗല്‍സിന്റെ കുറിപ്പ്)

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്

Thursday, February 18, 2010

പെറ്റിബൂര്‍ഷ്വാ സോഷ്യലിസം || Petty Bourgeois Socialism

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മൂന്നാം അദ്ധ്യായത്തിലെ ഒരു ഭാഗമാണിത് . യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എഴുതിയിട്ടുണ്ട്.]

1. പിന്തിരിപ്പന്‍ സോഷ്യലിസം

1.a ഫ്യൂഡല്‍ സോഷ്യലിസം

1.b പെറ്റിബൂര്‍ഷ്വാ സോഷ്യലിസം

ഫ്യൂഡല്‍ പ്രഭുവര്‍ഗ്ഗം മാത്രമല്ല ബൂര്‍ഷ്വാസി നിമിത്തം നാശമടഞ്ഞത്, ആ വര്‍ഗ്ഗത്തിന്റെ ജീവിതോപാധികള്‍ മാത്രമല്ല ആധുനികബൂര്‍ഷ്വാ സമൂഹത്തിന്റെ അന്തരീക്ഷത്തില്‍ വാടി നശിച്ചത്. മദ്ധ്യകാലത്തെ സ്വതന്ത്രനഗരവാസികളും ചെറുകിട കൃഷിയുടമസ്ഥരുമാണ് ആധുനിക ബൂര്‍ഷ്വാസിയുടെ പൂര്‍വ്വികര്‍. വ്യാവസായികമായും വ്യാപാരപരമായും കുറച്ചുമാത്രം വളര്‍ന്നിട്ടുള്ള രാജ്യങ്ങളില്‍, ഉയര്‍ന്നു വരുന്ന ബൂര്‍ഷ്വാസിയോടൊപ്പം ഈ രണ്ടു വര്‍ഗ്ഗങ്ങളും ഇന്നും ജീവിച്ചുപോരുന്നുണ്ട്.

ആധുനിക നാഗരികത പൂര്‍ണ്ണമായി വളര്‍ന്നുകഴിഞ്ഞിട്ടുള്ള രാജ്യങ്ങളില്‍, പുതിയൊരു പെറ്റിബൂര്‍ഷ്വാവര്‍ഗ്ഗം രൂപം കൊണ്ടിട്ടുണ്ട്. തൊഴിലാളി വര്‍ഗ്ഗത്തിനും ബൂര്‍ഷ്വാസിക്കുമിടയ്ക്ക് ആടിക്കളിക്കുകയും ബൂര്‍ഷ്വാവര്‍ഗ്ഗസമൂഹത്തിന്റെ ഒരു അനുബന്ധമെന്നോണം സദാ സ്വയം പുതുക്കുകയും ചെയ്യുന്ന ഒരു വര്‍ഗ്ഗമാണിത്. എന്നാല്‍ മത്സരത്തിന്റെ പ്രവര്‍ത്തനം കൊണ്ട് ഈ വര്‍ഗ്ഗത്തില്‍പ്പെട്ട വ്യക്തികള്‍ നിരന്തരം തൊഴിലാളിവര്‍ഗ്ഗത്തിന്റെ അണികളിലേക്ക് പിടിച്ചുതള്ളപ്പെടുന്നുണ്ട്. മാത്രമല്ല, ആധുനികവ്യവസായം വളര്‍ച്ച പ്രാപിക്കുന്നതോടുകൂടി ഇന്നത്തെ സമൂഹത്തിലെ ഒരു സ്വതന്ത്രവിഭാഗമെന്ന നിലയ്ക്ക് തങ്ങള്‍ തീരെ നശിച്ചു പോവുകയും, വ്യവസായത്തിലും കൃഷിയിലും വ്യാപാരത്തിലും മറ്റും ആവശ്യമായ മേസ്ത്രിമാരും കാര്യസ്ഥന്മാരും വില്പനക്കാരും തങ്ങളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്യുന്ന ആ സന്ദര്‍ഭം അടുത്തുവരുന്നത് അവര്‍ കാണുകപോലും ചെയ്യുന്നുണ്ട്.

ജനസംഖ്യയുടെ പകുതിയിലും എത്രയോ കൂടുതല്‍ കൃഷിക്കാരായ ഫ്രാന്‍സിനെപ്പോലുള്ള രാജ്യങ്ങളില്‍, ബൂര്‍ഷ്വാസിക്കെതിരായി തൊഴിലാളിവര്‍ഗ്ഗത്തിന്റെ പക്ഷത്തുചേര്‍ന്ന എഴുത്തുകാര്‍ ബൂര്‍ഷ്വാ ഭരണത്തിനെതിരായ അവരുടെ വിമര്‍ശനത്തില്‍ കൃഷിക്കാരുടെയും ഇടത്തരക്കാരുടെയും മാനദണ്ഡം ഉപയോഗിച്ചു എന്നതും ഈ ഇടത്തരവര്‍ഗ്ഗങ്ങളുടെ നിലപാടില്‍ നിന്ന് കൊണ്ട് തൊഴിലാളിവര്‍ഗ്ഗത്തിനുവേണ്ടി വാളെടുത്തു എന്നതും സ്വാഭാവികമായിരുന്നു. ഇങ്ങനെയാണ് പെറ്റിബൂര്‍ഷ്വാ സോഷ്യലിസം ആവിര്‍ഭവിച്ചത്. ഫ്രാന്‍സിലെന്നല്ല, ഇംഗ്ലണ്ടിലും സിസ്മൊണ്ടി ആയിരുന്നു ഈ ചിന്താഗതിയുടെ നേതാവ്.

ഈ സോഷ്യലിസ്റ്റ് ചിന്താഗതിക്കാര്‍ ആധുനികോല്പാദനബന്ധങ്ങളിലടങ്ങിയിട്ടുള്ള വൈരുദ്ധ്യങ്ങളെ അതിതീക്ഷണതയോടെ വിശകലനം ചെയ്തു. ധനശാസ്ത്രജ്ഞന്മാരുടെ കാപട്യം നിറഞ്ഞ ന്യായീകരണങ്ങളെ അവര്‍ തുറന്ന് കാട്ടി. യന്ത്രവല്‍ക്കരണത്തിന്റെയും തൊഴില്‍വിഭജനത്തിന്റെയും കുറച്ചുപേരുടെ കയ്യില്‍ ഭൂമിയും മൂലധനവും കേന്ദ്രീകരിച്ചിട്ടുള്ളതിന്റെയും അമിതോല്പാദനത്തിന്റെയും പ്രതിസന്ധികളുടെയും വിനാശകരമായ ഫലങ്ങള്‍ അവര്‍ അനിഷേധ്യമായി തെളിയിച്ചു. ഇടത്തരക്കാരുടെയും കര്‍ഷകരുടെയും ഉല്പാദനത്തിന്റെ അരാജകാവസ്ഥയിലേക്കും സമ്പത്തിന്റെ വിതരണത്തിലെ പ്രസ്പഷ്ടമായ അസമത്വങ്ങളിലേക്കും രാഷ്ട്രങ്ങള്‍ തമ്മില്‍ നടത്തുന്ന സര്‍വ്വസംഹാരകങ്ങളായ വ്യവസായിക യുദ്ധങ്ങളിലേക്കും പഴയ ധാര്‍മ്മിക കെട്ടുപാടുകളുടെയും പഴയ കുടുംബബന്ധങ്ങളുടെയും പഴയ ദേശീയജനവിഭാഗങ്ങളുടെയും ശിഥിലീകരണത്തിലേക്കും അവര്‍ വിരല്‍ ചൂണ്ടി.

പക്ഷെ, സോഷ്യലിസത്തിന്റെ ഈ രൂപത്തിന്റെ ക്രിയാത്മകമായ ലക്ഷ്യം, ഒന്നുകില്‍ പഴ്യ ഉല്പാദന-വിനിമയോപാധികളേയും അതോടൊന്നിച്ച് പഴയ സ്വത്തുടമബന്ധങ്ങളേയും, പഴയ സമൂഹത്തെയും പുനഃസ്ഥാപിക്കുക, അല്ലെങ്കില്‍ ഇന്നത്തെ ഉല്പാദന-വിനിമയോപാധികളെ പഴയ സ്വത്തുടമ-ബന്ധങ്ങളുടെ - ഈ ഉപാധികള്‍ തകര്‍ത്തു കഴിഞ്ഞതും തകര്‍ക്കാതിരിക്കുവാന്‍ തരമില്ലാത്തതുമായ സ്വത്തുടമബന്ധങ്ങളേതോ അവയുടെ - ചട്ടക്കൂടിനുള്ളില്‍ ഞെക്കിഞെരുങ്ങി നിര്‍ത്തുക, എന്നതാണ്. രണ്ടായാലും അത് പിന്തിരിപ്പനും ഉട്ടോപ്യനുമാണ്.

അതിന്റെ അവസാനവാക്കുകളിവയാണ്. വ്യവസാത്തില്‍ പണ്ടത്തെ ഗില്‍ഡുകള്‍, കൃഷിയില്‍ പിതൃതന്ത്രാത്മകബന്ധങ്ങള്‍, അവസാനം കടുത്ത ചരിത്രവസ്തുതകള്‍ ആത്മവന്ധനയുടെ ഈ മത്തുപിടിച്ച ഫലങ്ങളെയെല്ലാം അടിച്ചിറക്കിയപ്പോള്‍ ഈ സോഷ്യലിസം നൈരാശ്യത്തിന്റെ ദയനീയമായ ഒരു അപസ്മാരവികൃതിയില്‍ ചെന്ന് കലാശിച്ചു.

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്

Wednesday, January 13, 2010

സോഷ്യലിസ്റ്റ് സാഹിത്യവും കമ്മ്യൂണിസ്റ്റ് സാഹിത്യവും || Socialist and Communist Literature

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മൂന്നാം അദ്ധ്യായത്തിലെ ഒരു ഭാഗമാണിത് . യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എഴുതിയിട്ടുണ്ട്.]

1. പിന്തിരിപ്പന്‍ സോഷ്യലിസം

1.a ഫ്യൂഡല്‍ സോഷ്യലിസം

ചരിത്രപരമായ തങ്ങളുടെ സവിശേഷ സ്ഥാനം കാരണം, ആധുനിക ബൂര്‍ഷ്വാ സമൂഹത്തിനെതിരായ ലഘുലേഖകള്‍ എഴുതുക എന്നത് ഫ്രാന്‍സിലേയും ഇംഗ്ലണ്ടിലേയും പ്രഭുക്കന്മാരുടെ ജോലിയായിത്തീര്‍ന്നു. 1830 ജൂലൈ മാസത്തില്‍ നടന്ന ഫ്രഞ്ചുവിപ്ലവത്തിലും, ഇംഗ്ലണ്ടിലെ ഭരണപരിഷ്കാര പ്രക്ഷോഭത്തിലും ഈ പ്രഭുക്കന്മാര്‍ വെറുക്കപ്പെട്ട പുത്തന്‍പണക്കാരുടെ മുന്നില്‍ വീണ്ടും മുട്ടുകുത്തി. അതോടുകൂടി ഗൗരവത്തോടുകൂടിയ ഒരു രാഷ്ട്രീയസമരം ഇനി തീരെ സാദ്ധ്യമല്ലെന്ന് വന്നു. ഈ സാഹിത്യപ്പോരാട്ടം മാത്രമേ ഇനി സാദ്ധ്യമായിരുന്നുള്ളൂ. എന്നാല്‍ സാഹിത്യരംഗത്ത് പോലും 'റെസ്റ്റോറേഷന്‍ കാലഘട്ടത്തിലെ' പഴയ മുറവിളി സാദ്ധ്യമല്ലാതായിരുന്നു.

അനുകമ്പയുണര്‍ത്തുവാന്‍ വേണ്ടി സ്വന്തം താല്പര്യങ്ങളെ അവഗണിക്കുന്നതായും ചൂഷിതരായ തൊഴിലാളിവര്‍ഗ്ഗത്തിന്റെ മാത്രം താല്പര്യം മുന്‍നിര്‍ത്തി ബൂര്‍ഷ്വാസിക്കെതിരയ കുറ്റപത്രം തയ്യാറാക്കുന്നതായും ഭാവിക്കുവാന്‍ പ്രഭുവര്‍ഗ്ഗം നിര്‍ബ്ബന്ധിതമായി. അങ്ങനെ തങ്ങളുടെ പുതിയ യജമാനനെപ്പറ്റി പരിഹാസപ്പാട്ട് പാടിക്കൊണ്ടും ആസന്നമായ വിപത്തിനെക്കുറിച്ച് അയാളുടെ ചെവിയില്‍ ദുരുദ്ദേശപൂര്‍ണ്ണമായ പ്രവചനങ്ങള്‍ മന്ത്രിച്ചുകൊണ്ടും പ്രഭുവര്‍ഗ്ഗം പക വീട്ടുവാന്‍ തുടങ്ങി.

ഇങ്ങനെയാണ് ഫ്യൂഡല്‍ സോഷ്യലിസം ആവിര്‍ഭവിച്ചത്. അത് പകുതി വിലാപമാണ്, പകുതി പരിഹാസമാണ്, പകുതി ഭൂതകാലത്തിന്റെ പ്രതിദ്ധ്വനിയാണ്, പകുതി ഭാവിയെപ്പറ്റിയുള്ള ഭീഷണിയും, ചിലപ്പോഴൊകെ അത് അതിന്റെ രൂക്ഷവും സരസവും മൂര്‍ച്ചയേറിയതുമായ വിമര്‍ശനം വഴി ബൂര്‍ഷ്വാസിയുടെ ഹൃദയത്തിന്റെ മര്‍മ്മത്തില്‍ത്തന്നെ ആഞ്ഞടിക്കുന്നുണ്ടെങ്കിലും, ആധുനിക ചരിത്രത്തിന്റെ ഗതി മനസ്സിലാക്കുവാനുള്ള തികഞ്ഞ കഴിവുകേട് നിമിത്തം അത് ഫലത്തില്‍ എന്നും പരിഹാസ്യമായിരുന്നു.

ജനങ്ങളെ സ്വന്തം ഭാഗത്ത് അണിനിരത്തുവാന്‍ വേണ്ടി പ്രഭുവര്‍ഗ്ഗം പിച്ചപ്പാളയാണ് പതാകയ്ക്ക് പകരം മുമ്പില്‍ പിടിച്ചത്. പക്ഷെ, ജനങ്ങള്‍ അവരുടെ കൂടെ ചേര്‍ന്നപ്പോഴെല്ലാം നാടുവാഴിപ്രഭുത്വത്തിന്റെ പഴയ കുലചിഹ്നങ്ങള്‍ അവരുടെ പിന്നാമ്പുറത്ത് കാണുകയാല്‍, തീരെ അനാദരവോടെ ഉറക്കെച്ചിരിച്ചു കൊണ്ടവരെ ഉപേക്ഷിക്കുകയാണുണ്ടായത്.

ഫ്രഞ്ച് 'ലെജിറ്റിമിസ്റ്റുകാരില്‍' ഒരു വിഭാഗവും, 'യങ്ങ് ഇംഗ്ലണ്ട്' കക്ഷിക്കാരും ഈ കാഴ്ച പ്രദര്‍ശിപ്പിച്ചു.

തങ്ങളുടെ ചൂഷണരീതി ബൂര്‍ഷ്വാസിയുടേതില്‍ നിന്ന് വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍, തികച്ചും വ്യത്യസ്തവും, ഇന്ന് കാലഹരണം വന്നിട്ടുള്ളതുമായ സാഹചര്യങ്ങളിലും പരിതഃസ്ഥിതികളിലുമാണ് തങ്ങള്‍ ചൂഷണം നടത്തിയിരുന്നതെന്ന് ഫ്യൂഡലുകള്‍ വിസ്മരിക്കുന്നു. തങ്ങളുടെ ഭരണത്തിന്‍കീഴില്‍ ആധുനിക തൊഴിലാളിവര്‍ഗ്ഗം ഒരിക്കലുമുണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍ സാമൂഹ്യക്രമത്തിന്റെ അവശ്യസന്തതയാണ് ആധുനിക ബൂര്‍ഷ്വാസിയെന്ന് അവര്‍ വിസ്മരിക്കുന്നു.

ഇത്രയും കഴിഞ്ഞാല്‍പ്പിന്നെ, അവരുടെ വിമര്‍ശനത്തിന്റെ പിന്തിരിപ്പന്‍ സ്വഭാവത്തെ അവര്‍ വളരെക്കുറച്ച് മാത്രമെ മറച്ച് വയ്ക്കുന്നുള്ളൂ. പഴയ സാമൂഹ്യക്രമത്തെ വേരോടെ പിഴുതെറിയുവാന്‍ വിധിക്കപ്പെട്ട ഒരു വര്‍ഗ്ഗം ബൂര്‍ഷ്വാ ഭരണത്തിന്‍കീഴില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്നുള്ളതാണ് ബൂര്‍ഷ്വാസിയുടെ പേരിലുള്ള അവരുടെ മുഖ്യമായ ആരോപണം.

ഒരു തൊഴിലാളി വര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നുവെന്നതിലധികം വിപ്ലവകാരിയായ ഒരു തൊഴിലാളിവര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നുവെന്നതിനാണ് അവര്‍ ബൂര്‍ഷ്വാസിയെ പഴിക്കുന്നത്.

അതുകൊണ്ട്, പ്രായോഗികരാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അവര്‍ തൊഴിലാളി വര്‍ഗ്ഗത്തിനെതിരായ എല്ലാ മര്‍ദ്ദന നടപടികളോടും കൂട്ട് നില്‍ക്കുന്നു. അവര്‍ വീമ്പിളക്കുന്നത് എന്ത് തന്നെയായാലും, നിത്യ ജീവിതത്തില്‍ അവര്‍ വ്യവസായ വൃക്ഷത്തില്‍ നിന്ന് ഉതിര്‍ന്ന് വീഴുന്ന സ്വര്‍ണ്ണഫലങ്ങള്‍ പെറുക്കിയെടുക്കുവാനും കമ്പിളിയുടെയും പഞ്ചസാരയുടെയും വാറ്റ് ചാരായത്തിന്റെയും വ്യാപരത്തിനായി സത്യവും സ്നേഹവും മാനവും വില്‍ക്കുവാന്‍ മടിക്കുന്നില്ല.

പുരോഹിതന്‍ എന്നും ജന്മിയുടെ കൈ കോര്‍ത്തുപിടിച്ചു നടന്നിട്ടുള്ളപോലെ തന്നെ, പൗരോഹിത്യ സോഷ്യലിസം എന്നും ഫ്യൂഡല്‍ സോഷ്യലിസത്തിന്റെ കൂടെയാണ്.
സോഷ്യലിസ്റ്റ് സാഹിത്യവും കമ്മ്യൂണിസ്റ്റ് സാഹിത്യവും
കൃസ്ത്യന്‍ സന്യാസത്തിന് ഒരു സോഷ്യലിസ്റ്റ് നിറം കൊടുക്കുന്നതിലും എളുപ്പമായി മറ്റൊന്നില്ല. കൃസ്തുമതം സ്വകാര്യസ്വത്തിനേയും വിവാഹത്തിനെയും ഭരണകൂടത്തേയും അധിക്ഷേപിച്ചിട്ടില്ലേ? ഇവയ്ക്ക് പകരം ദാനധര്‍മ്മാദികളും ദരിദ്രജീവിതവും ബ്രഹ്മചര്യവും ഇന്ദ്രിയനിഗ്രഹവും ആശ്രമവൃത്തിയും തിരുസഭാമാതാവും വേണമെന്ന് അത് പ്രസംഗിച്ചിട്ടില്ലേ? പ്രഭുവിന്റെ ഹൃദയവേദനകളെ ശുദ്ധീകരിക്കുവാന്‍ പുരോഹിതന്‍ തളിക്കുന്ന തീര്‍ത്ഥജലം മാത്രമാണ് കൃസ്ത്യന്‍ സോഷ്യലിസം.
അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്

Thursday, December 31, 2009

കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 5 || The Principles of Communism - 5

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ അനുബന്ധത്തില്‍ ഫ്രെഡറിക് എംഗല്‍സ് ചോദ്യോത്തരങ്ങളായി കൊടുത്തിരിക്കുന്നവയിലെ ഒരു ചോദ്യമാണിത്. മുമ്പത്തെ ചോദ്യങ്ങള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന ലേബലില്‍ നിന്നും വായിക്കാം. ഇവിടെ പതിഞ്ചാമത്തെ ചോദ്യം വായിക്കാം. നീളക്കൂടുതലും ലേഖകരുടെ സമയക്കുറവും മൂലം ബാക്കിയുള്ള ചോദ്യങ്ങള്‍ അടുത്ത ഭാഗങ്ങളില്‍ കൊടുക്കുന്നതായിരിക്കും. യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എഴുതിയിട്ടുണ്ട്.]

15. സ്വകാര്യസ്വത്തുടമസ്ഥതയുടെ നിര്‍മ്മാര്‍ജ്ജനം മുമ്പ് അസാദ്ധ്യമായിരുന്നുവെന്നാണോ ഇതിനര്‍ത്ഥം?
അതെ, അസാദ്ധ്യമായിരുന്നു. സാമൂഹ്യക്രമത്തിലൂടെയുണ്ടാകുന്ന ഓരോ മാറ്റവും സ്വത്തുടമാബന്ധങ്ങളിലുണ്ടാകുന്ന ഓരോ വിപ്ലവവും പഴയ സ്വത്തുടമബന്ധങ്ങളുമായി പൊരുത്തപ്പെടാതായിക്കഴിഞ്ഞ പുതിയ ഉല്പാദന ശക്തികള്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ അവശ്യഫലമാണ്. സ്വകാര്യസ്വത്തുടമസ്ഥത തന്നെ ഉത്ഭവിച്ചത് ഇങ്ങനെയാണ്. സ്വകാര്യസ്വത്തുടമസ്ഥത എക്കാലത്തും നിലവിലുണ്ടായിരുന്നില്ല. മദ്ധ്യയുഗങ്ങളുടെ അവസാനഘട്ടത്തില്‍ നിര്‍മ്മാണത്തൊഴിലിന്റെ രൂപത്തില്‍ പുതിയൊരു ഉല്പാദനരീതി രംഗപ്രവേശം ചെയ്തു. അന്ന് നിലവിലുണ്ടായിരുന്ന ഫ്യൂഡല്‍-ഗില്‍ഡ് സ്വത്തുടമസ്ഥതയുമായി പൊരുത്തപ്പെടാത്തതായിരുന്നുവത്. പഴയ സ്വത്തുടമബന്ധങ്ങള്‍ക്കപ്പുറത്തേക്ക് വളര്‍ന്നു കഴിഞ്ഞിരുന്ന നിര്‍മ്മാണത്തൊഴിലിന്റെ രൂപത്തില്‍ പുതിയൊരു ഉല്പാദനരീതി രംഗപ്രവേശം ചെയ്തു. അന്ന് നിലവിലുണ്ടായിരുന്ന ഫ്യൂഡല്‍-ഗില്‍ഡ് സ്വത്തുടമബന്ധങ്ങള്‍ക്കപ്പുറത്തേക്ക് വളര്‍ന്നുകഴിഞ്ഞിരുന്ന നിര്‍മ്മാണത്തൊഴില്‍ പുതിയ രൂപത്തിലുള്ള സ്വത്തുടമസ്ഥത സൃഷ്ടിച്ചു. അതാണ് സ്വകാര്യസ്വത്തുടമസ്ഥത അടിസ്ഥാനപ്പെടുത്തിയ നിര്‍മ്മാണത്തൊഴിലിന്റെ കാലഘട്ടത്തിലും വന്‍കിട വ്യവസായത്തിന്റെ വികാസത്തിന്റെ ആദ്യഘട്ടത്തിലും സ്വകാര്യ സ്വത്തുടമസ്ഥതയല്ലാതെ മറ്റൊരു രൂപാത്തിലുള്ള സ്വത്തുടമസ്ഥത സാദ്ധ്യമല്ലായിരുന്നു. എല്ലാവര്‍ക്കും നല്‍കുവാന്‍ തികയുന്നതിനു പുറമെ സാമൂഹ്യമൂലധനം വര്‍ദ്ധിപ്പിക്കുവാനും ഉല്പാദനശക്തികളെ കൂടുതല്‍ വികസിപ്പിക്കുവാനും വേണ്ടി ഉല്പന്നങ്ങളുടെ കുറെ മിച്ചം വയ്ക്കുവാന്‍ കൂടി ആവശ്യമായത്ര അളവില്‍ ഉല്പാദനം നടത്തുവാന്‍ കഴിയാത്ത കാലത്തോളം സമൂഹത്തിലെ ഉല്പാദനശക്തികളെ അടക്കി ഭരിക്കുന്ന ഒരു മേധാവി വര്‍ഗ്ഗവും ദരിദ്രമായ ഒരു മര്‍ദ്ദിതവര്‍ഗ്ഗവും എപ്പോഴുമുണ്ടായേ തീരൂ. ഈ വര്‍ഗ്ഗങ്ങള്‍ എത്തരത്തിലുള്ളതാണെന്ന് ഉല്പാദനത്തിന്റെ വികാസഘട്ടത്തെ ആശ്രയിച്ചിരിക്കും. കൃഷിയെ ആശ്രയിച്ചു നിലനിന്ന മദ്ധ്യയുഗങ്ങളില്‍ നാം കാണുന്നത് ഭൂപ്രഭുവിനെയും അടിയാളനേയുമാണ്. മദ്ധ്യയുഗങ്ങളുടെ അവസാനകാലത്ത് നഗരങ്ങളില്‍ ഗില്‍ഡ്‌മേസ്തിരിയും അയാളുടെ കീഴില്‍ പണിയെടുക്കുന്ന അപ്രന്റീസുകളേയും ദിവസവേലക്കാരനേയും കാണാം. പതിനേഴാം നൂറ്റാണ്ടിലുണ്ടായിരുന്നത് നിര്‍മ്മാണത്തൊഴിലുടമകളും നിര്‍മ്മാണത്തൊഴിലാളികളുമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലുള്ളത് വന്‍കിട ഫാക്ടറിയുടമയും തൊഴിലാളിയുമാണ്. എല്ലാവര്‍ക്കും മതിയായത്ര അളവില്‍ ഇല്പാദനം നടത്തുവാനും സ്വകാര്യ ഉടമസ്ഥത ഉല്പാദനശക്തികള്‍ക്കൊരു വിലങ്ങൗം പ്രതിബന്ധവുമായിത്തീരുവാനുമാവശ്യമായത്ര വിപുലമായി ഉല്പാദനശക്തികള്‍ ഇനിയും വളര്‍ന്നിട്ടില്ലെന്നത് വ്യക്തമാണ്. എന്നിരുന്നാലും ഒന്നാമത്, വന്‍കിടവ്യവസായത്തിന്റെ വികസനം ഇതേവരെ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന തോതില്‍ മൂലധനത്തേയും ഉല്പാദനശക്തികളേയും ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നു. ആ ഉല്പാദനശക്തികളെ ചെറിയൊരു കാലയളവില്‍ അവസാനമില്ലാതെ വര്‍ദ്ധിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. രണ്ടാമത്, ഈ ഉല്പാദനശക്തികള്‍ കുറച്ച് ബൂര്‍ഷ്വാകളുടെ കൈകളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതേസമയം, ജനങ്ങളുടെ വമ്പിച്ച വിഭാഗങ്ങള്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അണികളിലേക്ക് കൂടുതല്‍ കൂടുതല്‍ വീണുകൊണ്ടിരിക്കുന്നു. ബൂര്‍ഷ്വാകളുടെ സമ്പത്ത് പെരുകുന്ന തോതില്‍ തന്നെ അവരുടെ സ്ഥിതി കൂടുതല്‍ കൂടുതല്‍ ദുരിതപൂര്‍ണ്ണവും ദുസ്സഹവുമായി വരികയാണ്. മൂന്നാമത്, ഊറ്റമേറിയതും എളുപ്പം പെരുകുന്നതുമായ ഈ ഉല്പാദനശക്തികള്‍ സ്വകാര്യസ്വത്തുടമസ്ഥതയ്ക്കും ബൂര്‍ഷ്വാകള്‍ക്കുമപ്പുറത്തേക്ക് വളരെയേറെ വളര്‍ന്ന് കഴിഞ്ഞിരിക്കുന്നതിനാല്‍ അവ സാമൂഹ്യക്രമത്തില്‍ പ്രബലമായ കോളിളക്കങ്ങള്‍ക്ക് നിരന്തരം ഇടയാക്കുന്നുണ്ട്. ഇപ്പോള്‍ നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ മാത്രമാണ്, സ്വകാര്യസ്വത്തുടമസ്ഥതയുടെ നിര്‍മ്മാജനം സാദ്ധ്യവും അനുപേക്ഷണീയവുമായി വന്നിരിക്കുന്നത്.
അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്



Sunday, December 20, 2009

കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 4 || The Principles of Communism - 4

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ അനുബന്ധത്തില്‍ ഫ്രെഡറിക് എംഗല്‍സ് ചോദ്യോത്തരങ്ങളായി കൊടുത്തിരിക്കുന്നവയിലെ ഒരു ചോദ്യമാണിത്. മുമ്പത്തെ ചോദ്യങ്ങള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന ലേബലില്‍ നിന്നും വായിക്കാം. ഇവിടെ പതിനാലാമത്തെ ചോദ്യം വായിക്കാം. നീളക്കൂടുതലും ലേഖകരുടെ സമയക്കുറവും മൂലം ബാക്കിയുള്ള ചോദ്യങ്ങള്‍ അടുത്ത ഭാഗങ്ങളില്‍ കൊടുക്കുന്നതായിരിക്കും. യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എന്നതൊഴിച്ചാല്‍ ബാക്കി വ്യത്യാസങ്ങളൊന്നും തന്നെ ഇല്ല]

14. ഈ പുതിയ സാമൂഹ്യചക്രം എത്തരത്തിലുള്ളതായിരിക്കണം?
ഒന്നാമത്, പുതിയ സാമൂഹ്യക്രമം സാമാന്യമായി വ്യവസായത്തിന്റെയും ഉല്പാദനത്തിന്റെ എല്ലാ ശാഖകളുടെയും നടത്തിപ്പ് പരസ്പര മത്സരത്തിലേര്‍പ്പെട്ടുകൊണ്ട് വെവ്വേറെ നില്‍ക്കുന്ന വ്യക്തികളുടെ കൈകളില്‍ നിന്ന് മാറ്റുന്നതാണ്. പകരമത്, ആ ഉല്പാദനശാഖകളെയെല്ലാം മുഴുവന്‍ സമൂഹത്തിന്റെയും പേരില്‍ - അതായത് സമൂഹത്തിന്റെ താല്പര്യാര്‍ത്ഥവും ഒരു സാമൂഹ്യപദ്ധതിയനുസരിച്ചും സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തത്തോടു കൂടിയും നടത്തും. അങ്ങിനെയത് മല്‍സരങ്ങള്‍ അവസാനിപ്പിച്ച്, പകരം ആ സ്ഥാനങ്ങളില്‍ സഹകരണാടിസ്ഥാനത്തിലുള്ള സമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്തുന്നതായിരിക്കും. വ്യക്തികള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് വ്യവസായം നടത്തുന്നത് അനിവാര്യമായും സ്വകാര്യ സ്വത്തുടമസ്ഥതയിലേക്ക് വഴിതെളിക്കുന്നത് കൊണ്ടും, മത്സരമെന്നത് സ്വകാര്യസ്വത്തുടമകളായ വ്യക്തികള്‍ വ്യവസായം കടത്തിക്കൊണ്ടുപോകുന്ന വിധമല്ലാതെ മറ്റൊന്നുമല്ലാത്തതുകൊണ്ടും, സ്വകാര്യസ്വത്തുടമസ്ഥതയെ വ്യവസായത്തിന്റെ വ്യക്തിപരമായ നടത്തിപ്പില്‍ നിന്നും വേര്‍തിരിക്കുവാനാകില്ല. അതുകൊണ്ട് സ്വകാര്യസ്വത്തുടമസ്ഥതയും അവസാനിപ്പിക്കേണ്ടി വരും. തല്‍സ്ഥാനത്ത് എല്ലാ ഉല്പാദനോപകരണങ്ങളും പൊതുവായി ഉപയോഗിക്കപ്പെടും. എല്ലാ ഉല്പന്നങ്ങളും പൊതുധാരണയുടെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യപ്പെടും. അതായത്, പൊതുവുടമസ്ഥത എന്ന് പറയുന്ന സമ്പ്രദായം ഏര്‍പ്പെടുത്തുന്നതായിരിക്കും. സ്വകാര്യസ്വത്തുടമസ്ഥതയുടെ നിര്‍മ്മാജനം, വ്യവസായത്തിന്റെ വികാസത്തില്‍ നിന്ന് അനിവാര്യമായും ഉല്‍ഭൂതമാകുന്ന സാമൂഹിക വ്യവസ്ഥയുടെയാകെ പരിവര്‍ത്തനത്തിന്റെ ഏറ്റവും സംക്ഷിപ്തവും സമഗ്രവുമായ പ്രകാശനമാണ്. അതുകൊണ്ട്, സ്വകാര്യസ്വത്തുടമസ്ഥതയുടെ നിര്‍മ്മാജ്ജനം മുഖ്യാവശ്യമായി കമ്മ്യൂണിസ്റ്റുകാര്‍ മുന്നോട്ട് വയ്ക്കുന്നത് തികച്ചും ശരിയാണ്.

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്



Tuesday, December 15, 2009

മൂല്യവും മിച്ചമൂല്യവും അല്പം ധനശാസ്ത്രവും

[മൂലരൂപത്തില്‍ നിന്നും, അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും സ്ഥല-കാലങ്ങള്‍ക്കനുസൃതമായി തിരുത്തിയിട്ടുണ്ട്]

ഭൗതികമൂല്യങ്ങള്‍ ഉല്പാദിപ്പിക്കാതെ സമൂഹത്തിന് നിലനില്‍ക്കാനോ, വളരാനോ സാദ്ധ്യമല്ലെന്ന് നാം നേരത്തെ മനസ്സിലാക്കിയതാണ്. ഈ ഭൗതികോല്പാദനം ഒരു വ്യവസ്ഥയുമില്ലാതെ നടക്കുകയാണോ? ഒരിക്കലുമല്ല. ഉല്പാദനത്തിനും വിനിയോഗത്തിനും അതിന്റേതായ ചില നിയമങ്ങളുണ്ട്. ധനശാസ്ത്രം ഈ വിധമുള്ള നിയമങ്ങളെക്കുറിച്ചാണ് പറയുന്നത്. സാമ്പത്തികമായ അടിത്തറയിന്മേലാണ് സമൂഹത്തിന്റെ ഉപരിഘടനയാകെ നിലകൊള്ളുന്നത്. സമ്പദ്ഘടന മാറുന്നതോടുകൂടി സമൂഹഘടനയുടെ ഉള്ളടക്കവും സ്വഭാവവും മാറുന്നു. അതുകൊണ്ടാണ് സമ്പദ്‌ഘടന ശാശ്വതമല്ലെന്ന് പറയുന്നത്. അടിമത്തമായാലും നാടുവാഴിത്തമായാലും മുതലാളിത്തമായാലും അവയെല്ലാം തന്നെ ചരിത്രപരമായി ആവിര്‍ഭവിക്കുന്നവയും മാറിമാറിക്കൊണ്ടിരിക്കുന്നവയുമാണ്.

എന്നാല്‍ ബൂര്‍ഷ്വാ ധനശാസ്ത്രജ്ഞന്മാര്‍ ഇതു സമ്മതിക്കില്ല. മുതലാളിത്തസമ്പദ്ഘടനയുടെ അന്തസ്സത്തയെങ്കിലും ശാശ്വതമാണെന്നാണ് അവരുടെ വാദം. മുതലാളിത്ത സമ്പ്രദായം തകര്‍ന്ന് പോകുമെന്നുള്ള ഭയത്തില്‍ നിന്നാണവര്‍ ഇതെല്ലാം പറയുന്നത്. ധനശാസ്ത്രം വര്‍ഗ്ഗസമരവുമായി ബന്ധമില്ലാത്ത ഒന്നാണെന്നും, നിക്ഷ്പക്ഷമായ ഒരു ശാസ്ത്രശാഖയാണെന്നും പ്രചരിപ്പിക്കുവാനുള്ള സാമര്‍ത്ഥ്യവും കൂട്ടത്തില്‍ കാണാം. ഈ കാപട്യങ്ങളെയെല്ലാം മാര്‍ക്സിസം തുറന്ന് കാണിക്കുകയാണ്. മാര്‍ക്സിയന്‍ ധനശാസ്ത്രം തൊഴിലാളി വര്‍ഗ്ഗം നടത്തുന്ന വര്‍ഗ്ഗസമരത്തിനുള്ള ഒന്നാന്തരം പ്രത്യയശാസ്ത്രപരമായ ആയുധമാണ്. ഇതില്‍ നിക്ഷ്പക്ഷതയുടെ പ്രശ്നമേയില്ല. പ്രശ്നങ്ങളിലേക്കിറങ്ങുമ്പോള്‍ നമ്മുക്കത് വ്യക്തമാകും.

മുതലാളിത്ത സമ്പ്രദായത്തില്‍ ദൈവത്തേക്കാള്‍ അധികം ഭയഭക്തിബഹുമാനത്തോടെ പൂജിക്കുന്ന ഒന്നാണ് ലാഭം. ലാഭം എന്ന് വെച്ചാലെന്താണ്? ചരക്കുകള്‍ ചുരുങ്ങിയ വിലയ്ക്ക് വാങ്ങി കൂടുതല്‍ വിലയ്ക്ക് വില്‍ക്കുമ്പോള്‍ കിട്ടുന്ന അധിക സംഖ്യയാണ് ലാഭമെന്ന് ചിലര്‍ ഉടന്‍ ഉത്തരം പറയും. പെട്ടെന്ന് നോക്കിയാല്‍ ഇത് ശരിയാണെന്ന് തോന്നും. എന്നാല്‍ ആഴത്തിലിറങ്ങി പരിശോധിച്ചാല്‍ മനസ്സിലാകും ഇത് തെറ്റാണെന്ന്. മുതലാളിമാര്‍ ചരക്കുകള്‍ വില്‍ക്കുക മാത്രമല്ല ചെയ്യുന്നത്, അവര്‍ വാങ്ങുകയും ചെയ്യുന്നുണ്ട്. ഒരു തുണി മുതലാളിയെ ഉദാഹരണമായെടുക്കാം. തുണി വില്‍ക്കുന്ന മുതലാളി, പരുത്തിയും, യന്ത്രങ്ങളുമൊക്കെ വാങ്ങിയിട്ടാണ് തുണിയാക്കി വില്‍ക്കുന്നത്. തുണി കൂടുതല്‍ വിലയ്ക്ക് വില്‍ക്കുവാന്‍ ശ്രമിച്ചാല്‍ പരുത്തിയും യന്ത്രങ്ങളും കൂടുതല്‍ വിലയ്ക്ക് വില്‍ക്കുവാന്‍ അവയുടെ ഉടമകളും ശ്രമിക്കില്ലേ? ഒരു മുതലാളി മറ്റൊരു മുതലാളിയെ വഞ്ചിച്ചുവെന്നും വരാം. എന്നാല്‍ എല്ലാ മുതലാളിമാരും പരസ്പരം ചതിക്കുവാന്‍ തുടങ്ങിയാലോ? ഒരാളുടെ ലാഭം മറ്റൊരാളുടെ നഷ്ടമായിരിക്കും. സമൂഹത്തെ മൊത്തത്തിലെടുക്കുകയാണെങ്കില്‍ ഇത്തരം വ്യാപാരങ്ങള്‍ മുഖേന മൂല്യം വര്‍ദ്ധിക്കുന്നില്ല. അപ്പോള്‍ കൈമാറ്റം കൊണ്ടാണ് മൂല്യം വര്‍ദ്ധിക്കുന്നത് എന്ന വാദം ശരിയല്ല. യഥാര്‍ത്ഥത്തില്‍ ഉല്പാദന പ്രക്രിയയിലാണ് മൂല്യ വര്‍ദ്ധനയുണ്ടാകുന്നത്. ചരക്കിന്റെ നിര്‍മ്മാണത്തിന് വിനിയോഗിക്കപ്പെടുന്ന ഏതോ ഒരു മുഖ്യവസ്തുവിന്റെ പൂര്‍ണ്ണമായ മൂല്യം ആ വസ്തുവിന്റെ ഉടമസ്ഥന് മുതലാളി കൊടുക്കുന്നില്ല. അതില്‍ നിന്നാണ് ലാഭം ഉണ്ടാകുന്നത്. അതെന്താണ്, അതെങ്ങനെ നടക്കുന്നു എന്ന് നമ്മുക്ക് പരിശോധിക്കാം. മുതലാളിത്ത ചൂഷണത്തിന്റെ രഹസ്യം അപ്പോഴാണ് വ്യക്തമാവുക.

മുതലാളിത്ത സമ്പ്രദായത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നത് കമ്പോളത്തിന് വേണ്ട ചരക്കുകളാണ്. ചരക്കുകളുടെ അനുസ്യൂതമായ, അനന്തമായ, കൈമാറ്റങ്ങളാണിവിടെ നടക്കുന്നത്. ഇങ്ങനെ നടക്കുന്ന കൈമാറ്റങ്ങള്‍ക്കാധാരമായ വില എങ്ങനെയാണ് നിര്‍ണ്ണയിക്കുന്നത്? പരസ്പരം കൈമാറുന്ന ചരക്കുകളില്‍ തുല്യനിലയിലുള്ള ഒരു പൊതുഗുണമുണ്ടെങ്കില്‍ മാത്രമേ കൈമാറ്റം നടക്കുകയുള്ളൂ. മനുഷ്യാദ്ധ്വാനത്തിന്റെ ഉല്‍പ്പന്നങ്ങളാണ് എല്ലാ ചരക്കുകളും എന്നതാണ് ഈ പൊതുഗുണം. ഒരു മീറ്റര്‍ തുണിക്ക് സമമാണ് ഒരു കിലോഗ്രാം അരിയെന്ന് പറയുമ്പോള്‍ ഒരു മീറ്റര്‍ തുണിയിലും ഒരു കിലോഗ്രാം അരിയിലും അടങ്ങിയ അദ്ധ്വാനം സമമാണെന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ അദ്ധ്വാനമാണ് ചരക്കിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നത്.

അദ്ധ്വാനം എന്ന് പറഞ്ഞത്കൊണ്ട് മുഴുവനുമായില്ല. കുഴിമടിയനായ തൊഴിലാളിയെ കാണാം. അതിവിദഗ്ദ്ധനായ തൊഴിലാളിയെയും കാണാം. അപ്പോള്‍ സാമൂഹികമായി എത്ര അദ്ധ്വാനം ആവശ്യമുണ്ടോ, അല്ലെങ്കില്‍ ഒരു ശരാശരി തൊഴിലാളി അതുണ്ടാക്കുന്നതിന് എത്ര സമയം ചെലവഴിക്കേണമോ അതാണ് ചരക്കിന്റെ മൂല്യത്തിനുമടിസ്ഥാനം.

മുതലാളിത്ത സമ്പ്രദായത്തില്‍ അങ്ങാടിയില്‍ ഒരു പുതിയ ചരക്ക് വില്പനയ്ക്ക് വരുന്നുണ്ട്. ആ ചരക്കിന്റെ പേര് അദ്ധ്വാനശക്തിയെന്നാണ്. തൊഴിലാളികളാണത് വില്‍ക്കുന്നത്. മുതലാളിമാരാണ് അത് വാങ്ങുന്നത്. ഈ ചരക്കിന് കൃത്യവില കൊടുക്കുന്നുണ്ടെന്നാണ് മുതലാളിമാര്‍ അവകാശപ്പെടുന്നത്. ആ വിലയെയാണ് നാം കൂലി എന്ന് വിളിക്കുന്നത്. തൊഴിലാളി മുതലാളിക്ക് അദ്ധ്വാനം നല്‍കുന്നു, പകരമായി മുതലാളി കൂലി നല്‍കുന്നു. നീതിപൂര്‍വ്വികമായി നടക്കുന്ന കച്ചവടമല്ലേ ഇത്? ഇതാണ് ബൂര്‍ഷ്വാ ധനശാസ്ത്രത്തിന്റെ ചോദ്യം.

തനിക്ക് കിട്ടുന്ന കൂലിക്ക് പകരമായി തൊഴിലാളി മുതലാളിക്ക് വില്‍ക്കുന്നത്, വാസ്തവത്തില്‍ അദ്ധ്വാനമാണോ? നിക്ഷ്പക്ഷമായൊന്ന് ആലോചിച്ചു നോക്കൂ. ഒരിക്കലുമല്ല, തന്റെ അദ്ധ്വാനം ചരക്കില്‍ നിക്ഷേപിക്കുകയാണ് തൊഴിലാളി ചെയ്തത്. യഥാര്‍ത്ഥത്തില്‍ തൊഴിലാളി കൂലിക്ക് വിറ്റത് അദ്ധ്വാനിക്കുവാനുള്ള കഴിവാണ്, ശക്തിയാണ്. ഉല്പാദനോപകരണങ്ങള്‍ മുതലാളിമാരുടെ കൈകളിലായതുകൊണ്ടും തങ്ങള്‍ക്ക് മറ്റ് യാതൊരു മാര്‍ഗ്ഗവുമില്ലാത്തത് കൊണ്ടുമാണ് തൊഴിലാളികള്‍ ഇങ്ങനെ അദ്ധ്വാനശക്തി വില്‍ക്കുന്നത്.

മറ്റെല്ലാ ചരക്കുകള്‍ക്കുമെന്ന പോലെ അദ്ധ്വാന ശക്തിക്കും രണ്ടു മൂല്യങ്ങളുണ്ട്. ഉപയോഗമൂല്യവും കൈമാറ്റമൂല്യവും. മുതലാളി അദ്ധ്വാനശക്തി വാങ്ങുന്നത് ഉപയോഗിക്കുവാന്‍ വേണ്ടിയാണ്. അദ്ധ്വാനശക്തിയുടെ ഉപയോഗം അദ്ധ്വാനമാണെന്നാണ് മാര്‍ക്സ് പറഞ്ഞത്. അദ്ധ്വ്വാനശക്തിയുടെ ഉപയോഗമൂല്യം മുതലാളിക്ക് വെറുതെ ലഭിക്കില്ല. അത് ലഭിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരികെ നല്‍കണം. എങ്ങനെയാണ് അദ്ധ്വാനശക്തിയുടെ മൂല്യം നിര്‍ണ്ണയിക്കുക? ഒരു മനുഷ്യന് അദ്ധ്വാനിക്കുവാന്‍ കഴിയണമെങ്കില്‍ അവന് ഭക്ഷണം വേണം, തുണി വേണം, പാര്‍പ്പിടം വേണം, കുടുംബാംഗങ്ങളെ പുലര്‍ത്തണം. ഇതിനെല്ലാമാവശ്യമായ നിത്യോപയോഗസാമഗ്രികളുടെ മൂല്യത്തിന് സമമാണ് അദ്ധ്വാനശക്തിയുടെ മൂല്യം.

ഈ മൂല്യം എല്ലാ രാജ്യങ്ങളിലും എല്ലാ കാലത്തും ഒരു പോലെയല്ല. ഉല്പാദനത്തിന്റെ വികാസം, സാങ്കേതിക പുരോഗതി, ജനങ്ങളുടെ ജീവിതനിലവാരം, ഉല്പാദനക്ഷമത തുടങ്ങിയ പല ഘടകങ്ങളേയും ആശ്രയിച്ച് അത് മാറുന്നു. കൂടുതല്‍ നല്ല ജീവിത സൗകര്യങ്ങള്‍ക്കു വേണ്ടി തൊഴിലാളി വര്‍ഗ്ഗം ബൂര്‍ഷ്വാസിക്കെതിരായി നടത്തുന്ന വര്‍ഗ്ഗസമരവും അദ്ധ്വാനശക്തിയുടെ മൂല്യത്തില്‍ മാറ്റം വരുത്തുന്നു. ഈ വര്‍ഗ്ഗസമരമാണ് ഇതിലെ ഏറ്റവും പ്രധാന ഘടകം എന്ന് വേണമെങ്കില്‍ പറയാം.

തൊഴിലാളി തന്റെ അദ്ധ്വാനശക്തി വില്‍ക്കുന്നുവെന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? അത് ഞാന്‍ ചുരുക്കി വിവരിക്കാം. മുതലാളി തൊഴിലാളിയുടെ അദ്ധ്വാനശക്തി വിലയ്ക്ക് വാങ്ങുന്നു. ഒരു മാസം അല്ലെങ്കില്‍ ഒരു ദിവസം, അതുമല്ലെങ്കില്‍ ഒരു മണിക്കൂര്‍ അദ്ധ്വാനിക്കാമെന്ന് തൊഴിലാളി സമ്മതിക്കുന്നു. അങ്ങനെ പണിയെടുക്കുന്നതിന് ഇത്ര രൂപ കൂലി തരാമെന്ന് മുതലാളിയും സമ്മതിക്കുന്നു. അങ്ങനെയാണ് ഫാക്ടറികളില്‍ പണി നടക്കുന്നത്. നിശ്ചയിച്ചത്രയും സമയം തൊഴിലാളി ജോലി ചെയ്യുന്നു. മുന്‍നിശ്ചയിച്ച പ്രകാരമുള്ള കൂലി മുതലാളി കൊടുക്കുകയും ചെയ്യുന്നു. അപ്പോള്‍ ലാഭം എങ്ങനെയുണ്ടാകുമെന്ന ആ പഴയ ചോദ്യം വീണ്ടുമുയരുന്നു.

നമ്മുക്ക് കുറച്ചുകൂടി വിസ്തരിച്ചു പരിശോധിക്കാം. ഒരു തൊഴിലാളി, എട്ടു മണിക്കൂര്‍ പണിയെടുക്കുന്ന ഒരു തുണിമില്‍ നമ്മുക്ക് ഉദാഹരണമായെടുക്കാം. ഒരു തൊഴിലാളി നെയ്യുന്നത് 24 മീറ്റര്‍ തുണിയാണ്, ഒരു മീറ്റര്‍ തുണിക്ക് വില 4 രൂപയാണെങ്കില്‍, തൊഴിലാളി നെയ്യുന്ന മൊത്തം തുണിയുടെ വില 96 രൂപയാണ്. ഇതില്‍ നൂലിന്റെ വിലയും, മറ്റ് അസംസ്കൃത സാധനങ്ങളുടെ വിലയും യന്ത്രത്തിന്റെയും മറ്റും തേയ്മാനച്ചിലവുകളും ഒക്കെ ചേര്‍ത്ത് 56 രൂപ വരുമെന്ന് കണക്കാക്കുക. തൊഴിലാളിയുടെ കൂലി 8 രൂപയെന്നും സങ്കല്‍പ്പിക്കുക. അപ്പോള്‍ ആകെ ഉല്പാദനത്തിനുള്ള ചിലവ് 64 രൂപയും, ലാഭം 32 രൂപയുമാണ്. ഈ ലാഭം നൂലില്‍ നിന്നോ, യന്ത്രത്തില്‍ നിന്നോ, മറ്റേതെങ്കിലും അസംസ്കൃതവസ്തുവില്‍ നിന്നോ, കമ്പോളത്തില്‍ നിന്നോ ഒന്നുമുണ്ടായതല്ല. തൊഴിലാളിയുടെ അദ്ധ്വാനശക്തിയുടെ പ്രയോഗത്തില്‍ നിന്നുമുണ്ടായതാണ്. അപ്പോള്‍ ഒരു തൊഴിലാളി തന്റെ അദ്ധ്വാനത്തിലൂടെ പുതിയതായി സൃഷ്ടിക്കുന്ന മൂല്യത്തിന്റെ അളവും, അയാള്‍ക്ക് യഥാര്‍ത്ഥത്തില്‍ കിട്ടുന്ന അദ്ധ്വാനശക്തിയുടെ മൂല്യത്തിന്റെ അളവും (കൂലി), തമ്മില്‍ വ്യത്യാസമുണ്ടെന്നത് പകല്‍ പോലെ വ്യക്തമാണ്. അദ്ധ്വാനശക്തിയുടെ മൂല്യമേ തൊഴിലാളിക്ക് മുതലാളി കൊടുക്കുന്നുള്ളൂ. അദ്ധ്വാനമെല്ലാം മുതലാളി അപഹരിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് മിച്ചമൂല്യമുണ്ടാകുന്നത്. ഈ യാഥാര്‍ത്ഥ്യം തുറന്ന് കാണിച്ചത് കാള്‍ മാര്‍ക്സാണ്. കൂലി കൊടുത്ത് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കയും മിച്ചമൂല്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് മുതലാളിത്ത സമ്പ്രദായത്തിന്റെ മൗലികമായ സാമ്പത്തിക നയം.

ഈ മിച്ചമൂല്യം വ്യവസായികള്‍ക്ക് മാത്രമല്ല കിട്ടുന്നത്. വ്യവസായികള്‍ ഉണ്ടാക്കുന്ന ചരക്കുകള്‍ വില്‍ക്കുവാന്‍ വ്യാപാരികള്‍ വേണം. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും കച്ചവടം ചെയ്യുവാനും മറ്റും പണം കൊടുക്കുവാന്‍ ബാങ്ക് വ്യാപാരികള്‍ വേണം. അപ്പോള്‍ ഫാക്ടറി ഉടമകളായ വ്യവസായികള്‍ക്ക് കിട്ടുന്ന മിച്ചമൂല്യം ഇവരെല്ലാം യഥാര്‍ത്ഥത്തില്‍ പങ്കിട്ടെടുക്കുകയാണ് ചെയ്യുന്നത്. സന്തോഷത്തോടെയല്ലെങ്കിലും, ഇവരെല്ലാം പരസ്പരം സഹായിക്കുവാന്‍ ബാദ്ധ്യസ്ഥരാണ്. അതേ സമയം, പരസ്പരമാത്സര്യത്തിലേര്‍പ്പെടുന്നവരുമാണിവര്‍. മാര്‍ക്സിന്റെ മൂലധനത്തില്‍ ഒരു നോവലിലെന്ന പോലെ ഈ ഗതിക്രമം വിവരിച്ചിട്ടുണ്ട്.

മുതലാളി ഉല്പ്പാദനോപകരണങ്ങള്‍ വാങ്ങുകയും ഫാക്ടറികള്‍ നിര്‍മ്മിക്കുകയും തൊഴിലാളികള്‍ക്ക് കൂലി കൊടുക്കുകയും ചെയ്യുന്നതോടു കൂടിയാണ് ഉല്പാദനം ആരംഭിക്കുന്നത്. ഇതിനെല്ലാം വേണ്ട പണത്തിനാണ് മൂലധനമെന്ന് പറയുന്നത്. പിന്നീട് മുതലാളി ആ ഉല്പന്നങ്ങള്‍ വില്‍ക്കുന്നു. അങ്ങിനെ താന്‍ ചിലവാക്കിയതിലും കൂടുതല്‍ പണം അയാള്‍ക്ക് തിരിച്ച് കിട്ടുന്നു. കൂലി കൊടുത്ത തൊഴിലാളികളെ ചൂഷണം ചെയ്ത് മിച്ചമൂല്യം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന മൂല്യമാണ് മൂലധനം. ഒന്നാമതായി ഈ മൂലധനം എങ്ങനെയുണ്ടായി? ഒട്ടും മാന്യമായ രീതിയിലല്ല, തട്ടിപ്പറിച്ചും കൊള്ളയടിച്ചും ഏറ്റവും ഹീനമായ മാര്‍ഗ്ഗങ്ങളുപയോഗിച്ചുമാണ് ആദ്യം മൂലധനം സമാഹരിക്കപ്പെട്ടത്. പ്രാഥമിക മൂലധനസംഭരണം പോലെ ഇത്രയും ക്രൂരമായ ഒരു സംഭവം ചരിത്രത്തില്‍ ഇല്ല. കോളനികളെ കൊള്ളയടിക്കുക, അടിമകളെ വിറ്റ് ലാഭമുണ്ടാക്കുക, കര്‍ഷകരെ ഭൂമിയില്‍ നിന്നും ആട്ടിയോടിച്ച് ഒന്നുമില്ലാത്തവരാക്കുക, തുടങ്ങിയ നീചമായ ശ്രമങ്ങളാണ് തുടക്കത്തില്‍ നടന്നത് അല്ലാതെ അരിഷ്ടിച്ച് ജീവിച്ച സമ്പാദ്യം കൊണ്ടൊന്നുമല്ല ഭൂമുഖത്ത് മുതലാളിമാര്‍ ആദ്യമുണ്ടായത്.

എല്ലാ സാഹചര്യങ്ങളിലും പണമോ ഫാക്ടറികളോ അസംസ്കൃത പദാര്‍ത്ഥങ്ങളോ യന്ത്രോപകരണങ്ങളോ സ്വയമേവ മൂലധനമായിത്തീരുന്നില്ല. ഉല്പാദനോപകരണങ്ങളുടെ സ്വകാര്യ ഉടമകളായ ഒരു വര്‍ഗ്ഗവും, ജീവിക്കുവാന്‍ വേണ്ടി സ്വന്തം അദ്ധ്വാനശക്തി ഒരു ചരക്കെന്ന നിലയ്ക്ക്ക് വില്‍ക്കേണ്ടി വരുന്ന മറ്റൊരു വര്‍ഗ്ഗവും നിലനില്‍ക്കുന്ന സമുദായത്തില്‍ മാത്രമേ പണം മൂലധനമായിത്തീരുന്നുള്ളൂ. അതായത് മുതലാളിമാരും തൊഴിലാളികളും തമ്മിലുള്ള ചൂഷണത്തെ അടിസ്ഥാനമാക്കിയ, സാമൂഹ്യ ബന്ധത്തിന്റെ ഒരു രൂപമാണ് മൂലധനം. ഉല്പാദനോപകരണങ്ങള്‍ പൊതുസ്വത്തായിക്കഴിഞ്ഞാല്‍, മൂലധനം ഇല്ല്ലാതെയാകും. അദ്ധ്വാനശക്തി ഒരു ചരക്കല്ലാതായിത്തീരും.

അപ്പോള്‍ സോഷ്യലിസത്തിന്‍ കീഴില്‍ ചരക്കുകളില്ലാതാവുന്നുണ്ടോ? ഇല്ല. മുഖ്യനിയമം പ്രവര്‍ത്തിക്കുന്നില്ലേ? ഉണ്ട്. മിച്ചമൂല്യം ഉല്പാദിപ്പിക്കപ്പെടുന്നില്ലേ? ഉവ്വ്. പക്ഷെ, അവയൊന്നും ചൂഷണത്തിന്റെ ഉപകരണങ്ങളല്ല. നേരെ മറിച്ച് അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും അവരുടെ ഭരണകൂടത്തിന്റെയും കൈയ്യില്‍ അവരുടെ ജീവിത നിലവാരം ഉത്തരോത്തരം ഉയര്‍ത്തുവാനുള്ള ഉപാധികളാണ്. അതായത്, ഭൂതം വര്‍ത്തമാനത്തെ സേവിക്കുന്നു. മൃതമായ അദ്ധ്വാനം ജീവിക്കുന്ന യജമാനനല്ലാതായിത്തീരുന്നു, ഭൃത്യനാവുന്നു.

കടപ്പാട്: "മൂല്യവും മിച്ചമൂല്യവും അല്പം ധനശാസ്ത്രവും", എന്താണ് മാര്‍ക്സിസം? - എന്‍. ഇ. ബാലറാം

Friday, December 11, 2009

ഒരു പഴയ തെലുങ്കാന സമരം || An Old Telengana struggle

നൈസാമിന്റെ ഭരണത്തിന്‍ കീഴിലായിരുന്ന ഹൈദരാബാദ് എന്ന നാട്ടുരാജ്യത്തില്‍ കര്‍ഷകര്‍ക്കെതിരായ ജന്മികളുടെ അതിക്രമങ്ങള്‍ക്ക് അതിരില്ലായിരുന്നു. "വെട്ടി" തുടങ്ങിയ പലതരം അക്രമപ്പിരിവുകള്‍ ഗ്രാമീണജനതയുടെമേല്‍ ബലാല്‍ക്കാരമായി ചുമത്തുക പതിവായിരുന്നു. ലാത്തി, വാള്‍ തുടങ്ങിയ ആയുധങ്ങള്‍ ധരിച്ച ജന്മിമാരുടെ ഗുണ്ടകള്‍ കൃഷിക്കാരെ തല്ലിച്ചതച്ചും എതിര്‍പ്പുകാട്ടിയവരെ കൊലചെയ്തും അവരുടെ ആജ്ഞകളും ആഗ്രഹങ്ങളും നിറവേറ്റി. നൈസാമിന്റെ ഭരണകൂടവും പോലീസും എപ്പോഴും ജന്മിമാരുടെ ഭാഗം ചേര്‍ന്നു. കമ്മ്യൂണിസ്റ്റുകാരും കമ്മ്യൂണിസ്റ്റുകാരല്ലാത്തവരും ഒന്നിച്ചു പ്രവര്‍ത്തിച്ച ഒരു ബഹുജനസംഘടനയായിരുന്നു ആന്ധ്രമഹാസഭ. അത് ജനങ്ങളുടെ ചെറുത്തുനില്പ് വളര്‍ത്തുവാന്‍ സഹായിച്ചു. ജനങ്ങളെയും നേതാക്കളെയും ജന്മികളുടെ ഗുണ്ടകളില്‍ നിന്ന് സംരക്ഷിക്കുവാന്‍ വേണ്ടി, അതിനകം കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലായിക്കഴിഞ്ഞിരുന്ന ആന്ധ്രാമഹാസഭ സ്ക്വാഡുകള്‍ രൂപീകരിക്കുവാനും അവയെ ലാത്തി ധരിപ്പിക്കുവാനും തുടങ്ങി. ജന്മിമരുടെ അതിക്രമങ്ങള്‍ക്കും അക്രമപ്പിരിവുകള്‍ക്കുമെതിരായ സമരം താമസിയാതെ ഭൂമിക്കുവേണ്ടിയുള്ള സമരമായി വളര്‍ന്നു.നിലവിലുള്ള നിയമത്തിനും ജന്മിമാര്‍ക്കും പൂര്‍ണ്ണപിന്തുണ നല്‍കി വന്ന നൈസാമിന്റെ ഭരണത്തിനുമെതിരെ പൊരുതുകയെന്നായിരുന്നു അതിന്റെ അര്‍ത്ഥം. അങ്ങനെയാണ് തെലുങ്കാനയിലെ സായുധസമരത്തിന്റെ സ്വഭാവം പൂര്‍ണ്ണമായും വികാസം പ്രാപിച്ചത്. അത് നൈസാമിന്റെ സായുധസേനയ്ക്കെതിരായ ഒരു സമ്പൂര്‍ണ്ണ ഗറില്ലായുദ്ധമായി വളര്‍ന്നു. ആ സമരത്തിന്റെ ഉയര്‍ന്ന നേതാക്കളിലൊരാളായിരുന്ന സി. രാജേശ്വരറാവു (അദ്ദേഹം പിന്നീട് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി) അതിനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്, "തെലുങ്കാനാ സായുധസമരത്തിന് രണ്ടു വശങ്ങളുണ്ട് - ഒന്ന് ദേശീയവിമോചനത്തിന്റെ വശവും, മറ്റേത് കാര്‍ഷികവശവും. ഈ രണ്ടു വശങ്ങളുടെയും പ്രാധാന്യം മനസ്സിലാക്കിയാലേ ആ സമരത്തെക്കുറിച്ച് ശരിയായൊരു ധാരണ ലഭിക്കൂ. ആദ്യത്തേത് സമരത്തിന് പരപ്പും മറ്റേത് ആഴവും നല്‍കുന്നു. അതുകൊണ്ട് ഒന്നിനെ മറ്റേതില്‍ നിന്ന് വേര്‍തിരിക്കുവാനാകില്ല"

ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിനുശേഷം ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്ന ഹൈദരാബാദിനെ രാജ്യത്തിന്റെ ഒത്ത നടുക്ക് സ്വതന്ത്രരാഷ്ട്രമായി നിലനിര്‍ത്തുവാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ നേതൃത്വം നല്‍കിയ തെലുങ്കാന സമരം, നൈസാമിന്റെ ഈ ഗൂഢാലോചനയ്ക്കെതിരായ സമരമായിരുന്നു, നൈസാമിന്റെ റസാക്കര്‍മാര്‍ക്കും സായുധസേനയ്ക്കും അവര്‍ക്കൊപ്പം നിന്ന ജന്മിമാര്‍ക്കും മറ്റുമെതിരായ സമരമായിരുന്നു. അനേകം പേരുടെ ജീവന്‍ ആഹൂതി ചെയ്യപ്പെട്ട ആ സമരം, ഹൈദരാബാദ് ഇന്ത്യയില്‍ ചേരുന്നതിന് വഴിതെളിച്ചു.

1946-ല്‍ ആരംഭിച്ച്, അത് ഔപചാരികമായി പിന്‍വലിക്കപ്പെട്ട, 1951 വരെ നീണ്ടുനിന്ന ആ സമരം കമ്മ്യൂണിസ്റ്റുകാര്‍ നയിച്ച ഏറ്റവും ധീരോദാത്തമായ സമരങ്ങളിലൊന്നായിരുന്നു. ആ സംസ്ഥാനത്ത് സര്‍വ്വത്ര നടമാടിയിരുന്ന ഫ്യൂഡല്‍ മര്‍ദ്ദനത്തിനെതിരായ ഒരു പോരാട്ടമായിരുന്നു അത്. ആയിരത്തോളം വരുന്ന ജാഗിര്‍ദാര്‍മാരും ദേശ്‌മുഖുകളും ചേര്‍ന്ന് കൃഷിയോഗ്യമായ ഭൂമിയുടെ മൂന്നിലൊരു ഭാഗം കയ്യടക്കി വെച്ചിരുന്നു. ഭൂമിയുടെ 80 ശതമാനവും, ഭൂവുടമകളുടെ 10 ശതമാനത്തിന്റെ കൈകളിലായിരുന്നപ്പോള്‍ അന്ന് 23.77 ലക്ഷം കുടുംബങ്ങളുടെ കൈവശം യാതൊരു ഭൂമിയുമില്ലായിരുന്നു. ഹിന്ദുക്കളായ ഫ്യൂഡല്‍ ജന്മികള്‍ അക്രമികളും വര്‍ഗ്ഗീയവാദികളുമായ റസാര്‍ക്കര്‍മാരുമായി കൈകോര്‍ത്തുപിടിച്ചത് ആ സമരത്തിന്റെ വര്‍ഗസ്വഭാവം കാണിക്കുന്നു.

തെലുങ്കാന സമരത്തിനിടയില്‍ കമ്മ്യൂണിസ്റ്റുകാരും അനുഭാവികളുമായ നാലായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെങ്കിലും അവര്‍ക്ക് നൈസാമിന്റെ സ്വേച്ഛാധിപത്യപരമായ മര്‍ദ്ദനഭരണത്തില്‍ നിന്ന് 2500 ഗ്രാമങ്ങളെ മോചിപ്പിക്കുവാനും, പത്തുലക്ഷത്തോളം ഏക്കര്‍ ഭൂമി വിതരണം ചെയ്യുവാനും, "വെട്ടി" (നിര്‍ബ്ബന്ധിത വേല) ഇല്ലാതാക്കുവാനും കഴിഞ്ഞു.

ആ സമരത്തിന്റെ നേതാക്കളിലൊരാളായിരുന്ന് രവി നാരായണ റെഡ്ഡി തന്റെ അനുഭവങ്ങളെക്കുറിച്ച് അനുസ്മരണമെഴുതിയിട്ടുണ്ട്. അന്നു നടന്ന ഒളിപ്പോരിന്റെ സ്വഭാവം വര്‍ണ്ണിച്ച ശേഷം, അദ്ദേഹമെഴുതി,"നികുതികളും, നിര്‍ബ്ബന്ധിത വേലയും നിര്‍ത്തലാക്കിക്കൊണ്ടും ജന്മിമാരുടെ ഭൂമി വിതരണം ചെയ്തുകൊണ്ടും തുടങ്ങിയ നമ്മുടെ പ്രസ്ഥാനം ജനങ്ങള്‍ ആയിരക്കണക്കിന് ഏക്കര്‍ വരുന്ന തരിശുഭൂമിയും പുറമ്പോക്കുഭൂമിയും വിതരണം ചെയ്യുന്ന നടപടിയുമായി മുന്നോട്ട് പോയി. അവര്‍ ആ ഭൂമിയില്‍ കൃഷിയിറക്കി. ജന്മിമാര്‍ കള്ളപ്രമാണങ്ങളുമായി കൈവശം വച്ചിരുന്ന ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്തു. ജന്മിമാര്‍ക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയ്ക്ക് പരിധി നിര്‍ണ്ണയിക്കുകയും, മിച്ചമുള്ളത് ജനങ്ങള്‍ക്ക്, വിശേഷിച്ച് കര്‍ഷകത്തൊഴിലാളികള്‍ക്കും ഭൂരഹിതരായ ദരിദ്രര്‍ക്കും, വീതിച്ചു നല്കുകയും ചെയ്തു. ശത്രുവിന്റെ കൂടെ നിന്ന ജന്മിമാരുടെ എല്ലാ ഭൂമിയും പണിയായുധങ്ങളും കന്നുകാലികളും പിടിച്ചെടുത്ത് വിതരണം ചെയ്യപ്പെട്ടു. ഹുണ്ടികക്കാരും ജന്മിമാരും കൈവശം വെച്ചിരുന്ന കടപ്രമാണങ്ങള്‍ നശിപ്പിക്കുകയും ആ കടങ്ങളെല്ലാം അസാധുവാക്കുകയും ചെയ്തു. ഭക്ഷ്യധാന്യങ്ങളുടെ നൂറുകണക്കിന് ക്വിന്റലുകള്‍ ജനവഞ്ചകരുടെ ഗുദാമുകളില്‍ നിന്നു പിടിച്ചെടുത്ത് ജനങ്ങള്‍ക്ക് നല്‍കി. കര്‍ഷകത്തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിച്ചു. ചെത്തുതൊഴിലാളികള്‍ക്ക് കള്ള് ചെത്തുവാനുള്ള മരങ്ങള്‍ വെറുതെ കൊടുത്തു,...."

ഈ സമരത്തിന്റെ അനിവാര്യമായ ഉപോല്പന്നമായിരുന്നു ഭൂസമരവും ജാഗിര്‍ദാര്‍മാരുടെയും ജന്മിമാരുടെയും വക ഭൂമിയുടെ വിതരണവും. പിന്നീട് വന്ന വിനോബ ഭാവെയുടെ ഭൂദാനപ്രസ്ഥാനം തെലുങ്കാന സമരത്തിന്റെ അനന്തരഫലമായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സമരത്തെ നേരിടുകയെന്ന ലക്ഷ്യം കൂടി അതിനുണ്ടായിരുന്നു. വന്‍കിടജന്മിമാര്‍ക്ക് "മാനസാന്തരം വരുത്തിയും" ബലപ്രയോഗം കൂടാതെയും വര്‍ഗ്ഗസമരം ഒഴിവാക്കിയും കൂടുതല്‍ നീതിപൂര്‍വ്വമായ ഭൂവിതരണം നടപ്പില്‍ വരുത്തുന്ന പ്രസ്ഥാനമാണതെന്നായിരുന്നു അവകാശവാദം. അതിന്റെ ഫലമെന്തായിരുന്നുവെന്നും, അതെത്രമാത്രം വിജയിച്ചുവെന്നതിനും ചരിത്രം സാക്ഷിയാണ്.

നൈസാമിനെ താങ്ങിനിര്‍ത്തിയിരുന്ന സാമ്രാജ്യത്വത്തിനും, ജാഗിര്‍ദാര്‍മാരും ജന്മികളും പ്രതിനിധാനം ചെയ്തിരുന്ന ഫ്യൂഡലിസത്തിനുമെതിരായ ഒരു വിമോചനസമരമായിരുന്നു യഥാര്‍ത്ഥത്തില്‍ തെലുങ്കാനയിലെ പോരാട്ടം. ദേശീയോദ്ഗ്രഥനത്തിനുവേണ്ടിയും തെലുങ്കും മറാത്തിയും കന്നഡയും സംസാരിക്കുന്നവരുടെ ഭാഷാ സംസ്കാരങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുമുള്ള, പൗരസ്വാതന്ത്ര്യങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള ഒരു സമരമായിരുന്നു അത്.

വിശേഷിച്ച് ഇന്ത്യാഗവണ്‍മെന്റ് ആരംഭിച്ച "പോലീസ് നടപടിക്ക്" ശേഷം രാജ്യത്ത് ഉടലെടുത്ത പരിതസ്ഥിതിയില്‍ തുടര്‍ന്നുകൊണ്ടുപോകാനാവാത്തതുകൊണ്ടാണ് അത് പിന്‍വലിക്കേണ്ടി വന്നത്. എങ്കിലും അപ്പോള്‍ നടന്നുകൊണ്ടിരുന്ന സമരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുവാനാവശ്യമായ പല പാഠങ്ങളും അതില്‍ നിന്ന് പഠിക്കുവാന്‍ കഴിഞ്ഞു. അത് അവശേഷിപ്പിച്ച ധീരോദാത്തതയും വിപ്ലവകരമായ ത്യാഗത്തിന്റെ അനശ്വരവീര്യവും, സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സാമൂഹ്യപുരോഗതിയുടേതുമായ ഒരു നവസമൂഹം കെട്ടിപ്പടുക്കുവാന്‍ തുനിഞ്ഞിറങ്ങിയ എല്ലാവര്‍ക്കും മാതൃകയായി.

അവലംമ്പം: "ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ എണ്‍പത് വര്‍ഷങ്ങള്‍" - എ.ബി. ബര്‍ധന്‍

Rate this post

About Me

My photo
Omnipresent. ഞങ്ങളെ എല്ലാവര്‍ക്കുമറിയാം. ഞങ്ങളാരെന്നും, ഞങ്ങളുടെ രാഷ്ട്രീയമെന്തെന്നും എല്ലാം. അത് തന്നെയാണ് ഞങ്ങളുടെ ശാപവും. ഞങ്ങളുടെ അഭിപ്രായങ്ങളെ ആ ഒരു ജാലകത്തില്‍ കൂടി മാത്രം കാണുവാനും വിമര്‍ശിക്കുവാനും തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഒളിച്ചോടി. ഇപ്പോള്‍ ഇവിടെ പൊങ്ങുന്നു.

Followers

Counted!

free web counter
Creative Commons License ബീഫ് ഫ്രൈ || b33f fry by ബീഫ് ഫ്രൈ is licensed under a Creative Commons Attribution 2.5 India License. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ താള്‍ നോക്കുക.