നൈസാമിന്റെ ഭരണത്തിന്‍ കീഴിലായിരുന്ന ഹൈദരാബാദ് എന്ന നാട്ടുരാജ്യത്തില്‍ കര്‍ഷകര്‍ക്കെതിരായ ജന്മികളുടെ അതിക്രമങ്ങള്‍ക്ക് അതിരില്ലായിരുന്നു. "വെട്ടി" തുടങ്ങിയ പലതരം അക്രമപ്പിരിവുകള്‍ ഗ്രാമീണജനതയുടെമേല്‍ ബലാല്‍ക്കാരമായി ചുമത്തുക പതിവായിരുന്നു. ലാത്തി, വാള്‍ തുടങ്ങിയ ആയുധങ്ങള്‍ ധരിച്ച ജന്മിമാരുടെ ഗുണ്ടകള്‍ കൃഷിക്കാരെ തല്ലിച്ചതച്ചും എതിര്‍പ്പുകാട്ടിയവരെ കൊലചെയ്തും അവരുടെ ആജ്ഞകളും ആഗ്രഹങ്ങളും നിറവേറ്റി. നൈസാമിന്റെ ഭരണകൂടവും പോലീസും എപ്പോഴും ജന്മിമാരുടെ ഭാഗം ചേര്‍ന്നു. കമ്മ്യൂണിസ്റ്റുകാരും കമ്മ്യൂണിസ്റ്റുകാരല്ലാത്തവരും ഒന്നിച്ചു പ്രവര്‍ത്തിച്ച ഒരു ബഹുജനസംഘടനയായിരുന്നു ആന്ധ്രമഹാസഭ. അത് ജനങ്ങളുടെ ചെറുത്തുനില്പ് വളര്‍ത്തുവാന്‍ സഹായിച്ചു. ജനങ്ങളെയും നേതാക്കളെയും ജന്മികളുടെ ഗുണ്ടകളില്‍ നിന്ന് സംരക്ഷിക്കുവാന്‍ വേണ്ടി, അതിനകം കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലായിക്കഴിഞ്ഞിരുന്ന ആന്ധ്രാമഹാസഭ സ്ക്വാഡുകള്‍ രൂപീകരിക്കുവാനും അവയെ ലാത്തി ധരിപ്പിക്കുവാനും തുടങ്ങി. ജന്മിമരുടെ അതിക്രമങ്ങള്‍ക്കും അക്രമപ്പിരിവുകള്‍ക്കുമെതിരായ സമരം താമസിയാതെ ഭൂമിക്കുവേണ്ടിയുള്ള സമരമായി വളര്‍ന്നു.നിലവിലുള്ള നിയമത്തിനും ജന്മിമാര്‍ക്കും പൂര്‍ണ്ണപിന്തുണ നല്‍കി വന്ന നൈസാമിന്റെ ഭരണത്തിനുമെതിരെ പൊരുതുകയെന്നായിരുന്നു അതിന്റെ അര്‍ത്ഥം. അങ്ങനെയാണ് തെലുങ്കാനയിലെ സായുധസമരത്തിന്റെ സ്വഭാവം പൂര്‍ണ്ണമായും വികാസം പ്രാപിച്ചത്. അത് നൈസാമിന്റെ സായുധസേനയ്ക്കെതിരായ ഒരു സമ്പൂര്‍ണ്ണ ഗറില്ലായുദ്ധമായി വളര്‍ന്നു. ആ സമരത്തിന്റെ ഉയര്‍ന്ന നേതാക്കളിലൊരാളായിരുന്ന സി. രാജേശ്വരറാവു (അദ്ദേഹം പിന്നീട് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി) അതിനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്, "തെലുങ്കാനാ സായുധസമരത്തിന് രണ്ടു വശങ്ങളുണ്ട് - ഒന്ന് ദേശീയവിമോചനത്തിന്റെ വശവും, മറ്റേത് കാര്‍ഷികവശവും. ഈ രണ്ടു വശങ്ങളുടെയും പ്രാധാന്യം മനസ്സിലാക്കിയാലേ ആ സമരത്തെക്കുറിച്ച് ശരിയായൊരു ധാരണ ലഭിക്കൂ. ആദ്യത്തേത് സമരത്തിന് പരപ്പും മറ്റേത് ആഴവും നല്‍കുന്നു. അതുകൊണ്ട് ഒന്നിനെ മറ്റേതില്‍ നിന്ന് വേര്‍തിരിക്കുവാനാകില്ല"
ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിനുശേഷം ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്ന ഹൈദരാബാദിനെ രാജ്യത്തിന്റെ ഒത്ത നടുക്ക് സ്വതന്ത്രരാഷ്ട്രമായി നിലനിര്‍ത്തുവാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ നേതൃത്വം നല്‍കിയ തെലുങ്കാന സമരം, നൈസാമിന്റെ ഈ ഗൂഢാലോചനയ്ക്കെതിരായ സമരമായിരുന്നു, നൈസാമിന്റെ റസാക്കര്‍മാര്‍ക്കും സായുധസേനയ്ക്കും അവര്‍ക്കൊപ്പം നിന്ന ജന്മിമാര്‍ക്കും മറ്റുമെതിരായ സമരമായിരുന്നു. അനേകം പേരുടെ ജീവന്‍ ആഹൂതി ചെയ്യപ്പെട്ട ആ സമരം, ഹൈദരാബാദ് ഇന്ത്യയില്‍ ചേരുന്നതിന് വഴിതെളിച്ചു.
1946-ല്‍ ആരംഭിച്ച്, അത് ഔപചാരികമായി പിന്‍വലിക്കപ്പെട്ട, 1951 വരെ നീണ്ടുനിന്ന ആ സമരം കമ്മ്യൂണിസ്റ്റുകാര്‍ നയിച്ച ഏറ്റവും ധീരോദാത്തമായ സമരങ്ങളിലൊന്നായിരുന്നു. ആ സംസ്ഥാനത്ത് സര്‍വ്വത്ര നടമാടിയിരുന്ന ഫ്യൂഡല്‍ മര്‍ദ്ദനത്തിനെതിരായ ഒരു പോരാട്ടമായിരുന്നു അത്. ആയിരത്തോളം വരുന്ന ജാഗിര്‍ദാര്‍മാരും ദേശ്‌മുഖുകളും ചേര്‍ന്ന് കൃഷിയോഗ്യമായ ഭൂമിയുടെ മൂന്നിലൊരു ഭാഗം കയ്യടക്കി വെച്ചിരുന്നു. ഭൂമിയുടെ 80 ശതമാനവും, ഭൂവുടമകളുടെ 10 ശതമാനത്തിന്റെ കൈകളിലായിരുന്നപ്പോള്‍ അന്ന് 23.77 ലക്ഷം കുടുംബങ്ങളുടെ കൈവശം യാതൊരു ഭൂമിയുമില്ലായിരുന്നു. ഹിന്ദുക്കളായ ഫ്യൂഡല്‍ ജന്മികള്‍ അക്രമികളും വര്‍ഗ്ഗീയവാദികളുമായ റസാര്‍ക്കര്‍മാരുമായി കൈകോര്‍ത്തുപിടിച്ചത് ആ സമരത്തിന്റെ വര്‍ഗസ്വഭാവം കാണിക്കുന്നു.
തെലുങ്കാന സമരത്തിനിടയില്‍ കമ്മ്യൂണിസ്റ്റുകാരും അനുഭാവികളുമായ നാലായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെങ്കിലും അവര്‍ക്ക് നൈസാമിന്റെ സ്വേച്ഛാധിപത്യപരമായ മര്‍ദ്ദനഭരണത്തില്‍ നിന്ന് 2500 ഗ്രാമങ്ങളെ മോചിപ്പിക്കുവാനും, പത്തുലക്ഷത്തോളം ഏക്കര്‍ ഭൂമി വിതരണം ചെയ്യുവാനും, "വെട്ടി" (നിര്‍ബ്ബന്ധിത വേല) ഇല്ലാതാക്കുവാനും കഴിഞ്ഞു.
ആ സമരത്തിന്റെ നേതാക്കളിലൊരാളായിരുന്ന് രവി നാരായണ റെഡ്ഡി തന്റെ അനുഭവങ്ങളെക്കുറിച്ച് അനുസ്മരണമെഴുതിയിട്ടുണ്ട്. അന്നു നടന്ന ഒളിപ്പോരിന്റെ സ്വഭാവം വര്‍ണ്ണിച്ച ശേഷം, അദ്ദേഹമെഴുതി,"നികുതികളും, നിര്‍ബ്ബന്ധിത വേലയും നിര്‍ത്തലാക്കിക്കൊണ്ടും ജന്മിമാരുടെ ഭൂമി വിതരണം ചെയ്തുകൊണ്ടും തുടങ്ങിയ നമ്മുടെ പ്രസ്ഥാനം ജനങ്ങള്‍ ആയിരക്കണക്കിന് ഏക്കര്‍ വരുന്ന തരിശുഭൂമിയും പുറമ്പോക്കുഭൂമിയും വിതരണം ചെയ്യുന്ന നടപടിയുമായി മുന്നോട്ട് പോയി. അവര്‍ ആ ഭൂമിയില്‍ കൃഷിയിറക്കി. ജന്മിമാര്‍ കള്ളപ്രമാണങ്ങളുമായി കൈവശം വച്ചിരുന്ന ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്തു. ജന്മിമാര്‍ക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയ്ക്ക് പരിധി നിര്‍ണ്ണയിക്കുകയും, മിച്ചമുള്ളത് ജനങ്ങള്‍ക്ക്, വിശേഷിച്ച് കര്‍ഷകത്തൊഴിലാളികള്‍ക്കും ഭൂരഹിതരായ ദരിദ്രര്‍ക്കും, വീതിച്ചു നല്കുകയും ചെയ്തു. ശത്രുവിന്റെ കൂടെ നിന്ന ജന്മിമാരുടെ എല്ലാ ഭൂമിയും പണിയായുധങ്ങളും കന്നുകാലികളും പിടിച്ചെടുത്ത് വിതരണം ചെയ്യപ്പെട്ടു. ഹുണ്ടികക്കാരും ജന്മിമാരും കൈവശം വെച്ചിരുന്ന കടപ്രമാണങ്ങള്‍ നശിപ്പിക്കുകയും ആ കടങ്ങളെല്ലാം അസാധുവാക്കുകയും ചെയ്തു. ഭക്ഷ്യധാന്യങ്ങളുടെ നൂറുകണക്കിന് ക്വിന്റലുകള്‍ ജനവഞ്ചകരുടെ ഗുദാമുകളില്‍ നിന്നു പിടിച്ചെടുത്ത് ജനങ്ങള്‍ക്ക് നല്‍കി. കര്‍ഷകത്തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിച്ചു. ചെത്തുതൊഴിലാളികള്‍ക്ക് കള്ള് ചെത്തുവാനുള്ള മരങ്ങള്‍ വെറുതെ കൊടുത്തു,...."
ഈ സമരത്തിന്റെ അനിവാര്യമായ ഉപോല്പന്നമായിരുന്നു ഭൂസമരവും ജാഗിര്‍ദാര്‍മാരുടെയും ജന്മിമാരുടെയും വക ഭൂമിയുടെ വിതരണവും. പിന്നീട് വന്ന വിനോബ ഭാവെയുടെ ഭൂദാനപ്രസ്ഥാനം തെലുങ്കാന സമരത്തിന്റെ അനന്തരഫലമായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സമരത്തെ നേരിടുകയെന്ന ലക്ഷ്യം കൂടി അതിനുണ്ടായിരുന്നു. വന്‍കിടജന്മിമാര്‍ക്ക് "മാനസാന്തരം വരുത്തിയും" ബലപ്രയോഗം കൂടാതെയും വര്‍ഗ്ഗസമരം ഒഴിവാക്കിയും കൂടുതല്‍ നീതിപൂര്‍വ്വമായ ഭൂവിതരണം നടപ്പില്‍ വരുത്തുന്ന പ്രസ്ഥാനമാണതെന്നായിരുന്നു അവകാശവാദം. അതിന്റെ ഫലമെന്തായിരുന്നുവെന്നും, അതെത്രമാത്രം വിജയിച്ചുവെന്നതിനും ചരിത്രം സാക്ഷിയാണ്.
നൈസാമിനെ താങ്ങിനിര്‍ത്തിയിരുന്ന സാമ്രാജ്യത്വത്തിനും, ജാഗിര്‍ദാര്‍മാരും ജന്മികളും പ്രതിനിധാനം ചെയ്തിരുന്ന ഫ്യൂഡലിസത്തിനുമെതിരായ ഒരു വിമോചനസമരമായിരുന്നു യഥാര്‍ത്ഥത്തില്‍ തെലുങ്കാനയിലെ പോരാട്ടം. ദേശീയോദ്ഗ്രഥനത്തിനുവേണ്ടിയും തെലുങ്കും മറാത്തിയും കന്നഡയും സംസാരിക്കുന്നവരുടെ ഭാഷാ സംസ്കാരങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുമുള്ള, പൗരസ്വാതന്ത്ര്യങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള ഒരു സമരമായിരുന്നു അത്.
വിശേഷിച്ച് ഇന്ത്യാഗവണ്‍മെന്റ് ആരംഭിച്ച "പോലീസ് നടപടിക്ക്" ശേഷം രാജ്യത്ത് ഉടലെടുത്ത പരിതസ്ഥിതിയില്‍ തുടര്‍ന്നുകൊണ്ടുപോകാനാവാത്തതുകൊണ്ടാണ് അത് പിന്‍വലിക്കേണ്ടി വന്നത്. എങ്കിലും അപ്പോള്‍ നടന്നുകൊണ്ടിരുന്ന സമരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുവാനാവശ്യമായ പല പാഠങ്ങളും അതില്‍ നിന്ന് പഠിക്കുവാന്‍ കഴിഞ്ഞു. അത് അവശേഷിപ്പിച്ച ധീരോദാത്തതയും വിപ്ലവകരമായ ത്യാഗത്തിന്റെ അനശ്വരവീര്യവും, സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സാമൂഹ്യപുരോഗതിയുടേതുമായ ഒരു നവസമൂഹം കെട്ടിപ്പടുക്കുവാന്‍ തുനിഞ്ഞിറങ്ങിയ എല്ലാവര്‍ക്കും മാതൃകയായി.
അവലംമ്പം: "ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ എണ്‍പത് വര്‍ഷങ്ങള്‍" - എ.ബി. ബര്‍ധന്‍
Pure red meat
Friday, December 11, 2009
ഒരു പഴയ തെലുങ്കാന സമരം || An Old Telengana struggle
Labels:
കമ്മ്യൂണിസം,
തെലുങ്കാന,
രാഷ്ട്രീയം,
വിപ്ലവം,
സമരം
Location:
Andhra Pradesh, India
Subscribe to:
Post Comments (Atom)
Rate this post
About Me
- ബീഫ് ഫ്രൈ||b33f fry
- Omnipresent. ഞങ്ങളെ എല്ലാവര്‍ക്കുമറിയാം. ഞങ്ങളാരെന്നും, ഞങ്ങളുടെ രാഷ്ട്രീയമെന്തെന്നും എല്ലാം. അത് തന്നെയാണ് ഞങ്ങളുടെ ശാപവും. ഞങ്ങളുടെ അഭിപ്രായങ്ങളെ ആ ഒരു ജാലകത്തില്‍ കൂടി മാത്രം കാണുവാനും വിമര്‍ശിക്കുവാനും തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഒളിച്ചോടി. ഇപ്പോള്‍ ഇവിടെ പൊങ്ങുന്നു.
Blog Archive
-
▼
2009
(14)
-
▼
December
(7)
- കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 5 || The Princip...
- കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 4 || The Princip...
- മൂല്യവും മിച്ചമൂല്യവും അല്പം ധനശാസ്ത്രവും
- ഒരു പഴയ തെലുങ്കാന സമരം || An Old Telengana struggle
- കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 3 || The Princip...
- കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 2 || The Princip...
- കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ || The Principles ...
-
▼
December
(7)
Category
- podcast (3)
- കമ്മ്യൂണിസം (18)
- കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (11)
- ഗണിതം (1)
- ചോദ്യം (2)
- തെരെഞ്ഞെടുപ്പ് (1)
- തെലുങ്കാന (1)
- ഭൗതികവാദം (1)
- മാദ്ധ്യമങ്ങള്‍ (1)
- മാര്‍ക്സിസം (15)
- മിച്ചമൂല്യം (1)
- യുക്തി (1)
- രാഷ്ട്രീയം (18)
- വിപ്ലവം (7)
- വൈരുദ്ധ്യാത്മകവാദം (1)
- സമരം (1)
Followers
ബീഫ് ഫ്രൈ || b33f fry by ബീഫ് ഫ്രൈ is licensed under a Creative Commons Attribution 2.5 India License. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ താള്‍ നോക്കുക.
ഒരു പഴയ തെലുങ്കാന സമരം || An Old Telengana struggle
ReplyDeleteതെലുങ്കാന സമരത്തിലെ ധീര നായകനായിരുന്നു പി.സുന്ദരയ്യ.അദ്ദേഹം പിന്നീട് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി ആയിരുന്നു.സുന്ദരയ്യയുടെ ആത്മകഥ “വിപ്ളവപ്പാത” ആന്ധ്രായില്‍ ഒരു മാസം കൊണ്ട് ഒരു ലക്ഷം കോപ്പികള്‍ ആണു വിറ്റു പോയത്.അതിപ്പോള്‍ മലയാളത്തിലും ലഭ്യമാണു.തെലുങ്കാന സമരത്തിന്റെ അനുഭവചിത്രങ്ങള്‍ ഹൃദയസ്പര്‍ശിയായി അതില്‍ വിവരിച്ചിട്ടുണ്ട്.”തെലുങ്കാന സമര ചരിത്രം” മാത്രമായി മറ്റൊരു പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്.
ReplyDeleteഈ സമരങ്ങളുടെ ഒക്കെ ഭാഗമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്‍ഡ്യയില്‍ ആദ്യമായി ആന്ധ്രായില്‍ അധികാരത്തില്‍ വരും എന്നാണു എല്ലാവരും കരുതിയിരുന്നത്.അതുകൊണ്ട് തന്നെ അതിനെതിരെ ഒരു മുന്നണി രൂപികരിക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചു.പിളര്‍പ്പ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആന്ധ്രായില്‍ ക്ഷീണിപ്പിച്ചു.നക്സലിസം ആദ്യ കാലത്ത് ഏറ്റവും ശക്തമായത് അവിടെയാണ്.ഇന്നും ആന്ധ്രയുടെ മണ്ണില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ശക്തമായ വേരോട്ടം ഉണ്ട്.
സമയോജിതമായ കുറിപ്പിന് നന്ദി.
ReplyDeleteസമയോചിതമായ പോസ്റ്റ്.തെലിങ്കാന സമരത്തിന്റെ പുതിയ ചരിത്രം അറിയാന്‍ ആഗ്രഹമുണ്ട്.സുനില്‍ കൃഷ്ണന്‍ തന്ന വിവരത്തിനും നന്ദി..
ReplyDeleteവളരെ നല്ല പോസ്റ്റ്. നന്ദി
ReplyDeleteചില തിരക്കുകള്‍ കാരണം ഞങ്ങള്‍ക്കാര്‍ക്കും സമയത്തിന് മറുപടി പറയുവാന്‍ സാധിച്ചില്ല. ഈ താമസത്തിന് ക്ഷമ ചോദിക്കുന്നു.
ReplyDelete@സുനില്‍ കൃഷ്ണന്‍ - പി. സുന്ദരയ്യയുടെ "Telangana People's Armed Struggle" എന്ന പുസ്തത്തിന്റെ ഡിജിറ്റല്‍ പതിപ്പ് ഈയിടെ ഒരു സുഹൃത്ത് അയച്ചു തന്നു. ഇതുവരെ വായിച്ചു തുടങ്ങിയില്ല. ഡോ. തോമസ് ഐസക് എഴുതിയ "വിമോചനസമരത്തിന്റെ കാണാപ്പുറങ്ങള്‍" എന്ന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം, കേരളത്തേക്കാള്‍ ആന്ധ്രയിലാണ് തെരെഞ്ഞെടുപ്പിലൂടെയുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇന്ത്യയിലാദ്യം വരുമെന്ന് കരുതിയിരുന്നത് എന്നായിരുന്നു. ആന്ധ്രയിലെ ഇടതുവേരോട്ടത്തെക്കുറിച്ച് സംശയമേതുമില്ല. ഒരു പക്ഷെ, തെലുങ്കാനയില്‍ വരുന്നത് ഒരു ഇടതുപക്ഷ സര്‍ക്കാരായേക്കാം.
@ അനില്‍@ബ്ലോഗ്, മണിഷാരത്ത്, അപ്പു: പോസ്റ്റ് വായിച്ചതിനും അഭിപ്രായമെഴുതിയതിനും നന്ദി.
മൂല്യവും മിച്ചമൂല്യവും അല്പം ധനശാസ്ത്രവും എന്നൊരു പോസ്റ്റ് ഇന്നിട്ടിട്ടുണ്ട്. വായിക്കുമല്ലോ?
സുനിലിന്‍റെ പോട്ടിശ്രീരമുലുവിനെ കുറിച്ചുള്ള പോസ്റ്റ് വായിച്ചപ്പോഴാണു ആന്ധ്രാ രൂപീകരണത്തേക്കുറിച്ച് ഒരു സന്ദേഹം തോന്നിയത്,എന്തായാലും ഇവിടെ വന്നപ്പോള്‍ കൂടുതല്‍ വ്യക്തമായി. നന്ദി ... സുനിലിനും ഇതിന്‍റെ കര്‍ത്താക്കള്‍ക്കും .
ReplyDelete