12. വ്യാവസായിക വിപ്ലവത്തിന്റെ മറ്റ് അനന്തരഫലങ്ങള്‍ എന്തെല്ലാമായിരുന്നു?
ആവിയന്ത്രത്തിന്റെയും മറ്റ് യന്ത്രങ്ങളുടെയും രൂപത്തില്‍ വന്‍കിടവ്യവസായം, ചെറിയൊരു കാലയളവിലേക്കും ചുരുങ്ങിയ ചെലവിലും വ്യാവസായികോല്പാദനം അളവറ്റ തോതില്‍ വര്‍ദ്ധിപ്പിക്കുവാന്‍ കഴിയത്തക്ക ഉപാധികള്‍ സൃഷ്ടിച്ചു. ഉല്പാദനം എളുപ്പമായതുകൊണ്ട് വന്‍കിടവ്യവസായത്തിന്റെ ആവശ്യഫലമായ സ്വതന്ത്രമത്സരം താമസിയാതെ അങ്ങേയറ്റം മൂര്‍ച്ഛിച്ചു. വളരെയേറെ മുതലാളിമാര്‍ വ്യവസായത്തിലേക്കിറങ്ങി. ഉപയോഗിക്കാവുന്നതില്‍ കൂടുതല്‍ സാധനങ്ങള്‍ വളരെ വേഗം തന്നെ ഉല്പാദിപ്പിക്കപ്പെട്ടു. അതിന്റെ ഫലമായി, നിര്‍മ്മിത സാമഗ്രികള്‍ വിറ്റഴിക്കുവാന്‍ കഴിയാതെയായി. വാണിജ്യപ്രതിസന്ധി എന്നു പറയുന്ന സ്ഥിതി സംജാതമായി. ഫാക്ടറികള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നു. ഫാക്ടറി ഉടമകള്‍ പാപ്പരായി. തൊഴിലാളികള്‍ക്ക് പിഴപ്പു മുട്ടി. കൊടിയ ദുരിതം സര്‍വ്വത്ര നടമാടി. കുറേക്കഴിഞ്ഞ് മിച്ചോല്‍പ്പനങ്ങള്‍ വിറ്റഴിക്കപ്പെട്ടു. ഫാക്ടറികള്‍ വീണ്ടും പ്രവര്‍ത്തനനിരതമായി. കൂലി വര്‍ദ്ധിച്ചു. ക്രമേണ വ്യാപാരം പൂര്‍വ്വാധികം ഊര്‍ജ്ജിതമായി നടക്കുവാന്‍ തുടങ്ങി. എന്നാല്‍ അധികം താമസിയാതെ ചരക്കുകള്‍ വീണ്ടും ക്രമത്തിലേറെ ഉല്പാദിപ്പിക്കപ്പെട്ടു. മറ്റൊരു പ്രതിസന്ധി ആരംഭിച്ചു. അത് മുമ്പത്തേതിന്റെ ഗതി തന്നെ പിന്തുടര്‍ന്നു. ഇങ്ങനെ ഈ നൂറ്റാണ്ടിന്റെ ആരംഭം തൊട്ട് വ്യവസായത്തിന്റെ സ്ഥിതി സമൃദ്ധിയുടെയും പ്രതിസന്ധിയുടെയും കാലഘട്ടങ്ങള്‍ക്കിടയില്‍ ആടിക്കളിച്ചുക്കൊണ്ടിരിക്കുകയാണ്. ഒട്ടുമുക്കാലും കൃത്യമായി അഞ്ചു മുതല്‍ ഏഴു വരെ കൊല്ലങ്ങളിടവിട്ട് ഇത്തരം പ്രതിസന്ധി ആവര്‍ത്തിച്ചുവരികയാണ്. ഓരോ തവണയും അത് തൊഴിലാളികള്‍ക്ക് കൂടുതല്‍ ദുസ്സഹമായ ദുരിതം വരുത്തിവയ്ക്കുന്നു, പൊതുവിപ്ലവവിക്ഷോഭവും നിലവിലുള്ള വ്യവസ്ഥിതിക്കൊട്ടാകെ ഏറ്റവും വലിയ അപകടവും ഉളവാക്കുന്നു.
13. മുറയ്ക്ക് ആവര്‍ത്തിക്കുന്ന ഈ വാണിജ്യപ്രതിസന്ധികളില്‍ നിന്ന് എത്തിച്ചേരാവുന്ന നിഗമനങ്ങള്‍ എന്തെല്ലാമാണ്?
ഒന്നാമത്, വന്‍കിടവ്യവസായം തന്നെയാണ് അതിന്റെ വികാസത്തിലെ പ്രാരംഭഘട്ടങ്ങളില്‍ സ്വതന്ത്രമത്സരം സൃഷ്ടിച്ചതെങ്കിലും ഇപ്പോഴത് സ്വതന്ത്രമത്സരത്തിനപ്പുറത്തേക്ക് വളര്‍ന്നിരിക്കുന്നു. മത്സരവും പൊതുവില്‍ വ്യക്തികള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് വ്യാവസായികോല്പാദനം നടത്തുന്നതും വന്‍കിടവ്യവസായത്തിനൊരു വിലങ്ങായിത്തീര്‍ന്നിരിക്കുന്നു. ആ വിലങ്ങ് അതു പൊട്ടിക്കണം, പൊട്ടിക്കുകയും ചെയ്യും. വന്‍കിടവ്യവസായം ഇന്നത്തെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന കാലത്തോളം ഏഴു വര്‍ഷം കൂടുമ്പോള്‍ ആവര്‍ത്തിക്കുന്ന പൊതുപ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കൊണ്ടു മാത്രമേ അതിനു നിലനില്‍ക്കുവാന്‍ കഴിയൂ. ആ കുഴപ്പം ഓരോ തവണയും നാഗരികതയെ ഒന്നടങ്കം ഭീഷണിപ്പെടുത്തുന്നു. അത് തൊഴിലാളികളെ ദുരിതത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിയുന്നുവെന്ന് മാത്രമല്ല, വളരെയേറെ ബൂര്‍ഷ്വാകളെക്കൂടി നശിപ്പിക്കുന്നു. അതുകൊണ്ട് ഒന്നുകില്‍ വന്‍കിടവ്യവസായത്തെ ഉപേക്ഷിക്കണം. അതു സാദ്ധ്യമല്ലെങ്കില്‍ പരസ്പരം മത്സരിക്കുന്ന ഒറ്റയ്ക്കൊറ്റയ്ക്കുള്ള ഫാക്ടറി ഉടമകള്‍ക്കു പകരം സമൂഹമൊട്ടാകെ ഒരു നിശ്ചിതപദ്ധതിയനുസരിച്ചും എല്ലാവരുടെയും ആവശ്യങ്ങളനുസരിച്ചും വ്യാവസായികോല്പാദനം നടത്തിക്കൊണ്ടുപോകുന്ന തികച്ചും പുതിയൊരു സാമൂഹ്യസംവിധാനം അത് ആവശ്യമാക്കിത്തീര്‍ക്കുന്നു.
രണ്ടാമത്, സമൂഹത്തിലെ ഓരോ അംഗത്തിനും തികഞ്ഞ സ്വാതന്ത്ര്യത്തോടെ തന്റെ എല്ലാ ശക്തികളും കഴിവുകളും വികസിപ്പിക്കുവാനും പ്രയോഗിക്കുവാനും കഴിയുമാറ് ജീവിതത്തിനാവശ്യമായ എല്ലാ സാമഗ്രികളും അത്രയധികം ഉല്പാദിപ്പിക്കപ്പെടുന്ന ഒരു സാമൂഹ്യക്രമത്തെ നിലവില്‍ കൊണ്ടുവരാന്‍ വന്‍കിടവ്യവസായത്തിനും അതു സാദ്ധ്യമാക്കിത്തീര്‍ത്തിട്ടുള്ള അപരിമിതമായ ഉല്പാദന വികസനത്തിനും കഴിയുന്നതാണ്. അങ്ങിനെ ഇന്നത്തെ സമൂഹത്തില്‍ എല്ലാ ദുരിതങ്ങളും എല്ലാ വാണിജ്യപ്രതിസന്ധികളും ഉളവാക്കുന്നത് വന്‍കിടവ്യവസായത്തിന്റെ ഏതു ഗുണമാണോ അതേ ഗുണം തന്നെയാണ് വ്യത്യസ്തമായൊരു സാമൂഹ്യസംവിധാനത്തിന്‍ കീഴില്‍ ഈ ദുരിതങ്ങളും വിനാശകരമായ ചാഞ്ചാട്ടങ്ങളും നശിപ്പിക്കുന്നത്. അങ്ങിനെ, രണ്ടു കാര്യങ്ങള്‍ വ്യക്തമായും തെളിയിക്കപ്പെട്ടിരിക്കുന്നു.
- മേലാല്‍ ഈ ദോഷങ്ങളെല്ലാം നിലവിലുള്ള സ്ഥിതിഗതികളുമായി പൊരുത്തപ്പെടാതായിക്കഴിഞ്ഞ സാമൂഹ്യക്രമത്തിന്റെ മേല്‍ പൂര്‍ണ്ണമായും ആരോപിക്കാവുന്നതാണ്.
- പുതിയൊരു സാമൂഹ്യക്രമം സ്ഥാപിക്കുന്നതിലൂടെ ഈ ദോഷങ്ങള്‍ പൂര്‍ണ്ണമായും നിര്‍മ്മാജനം ചെയ്യാനാവശ്യമായ ഉപാധികള്‍ ഇന്നു തന്നെ നിലവിലുണ്ട്.
അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്
കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 3 || The Principles of Communism - 3
ReplyDelete12. വ്യാവസായിക വിപ്ലവത്തിന്റെ മറ്റ് അനന്തരഫലങ്ങള്‍ എന്തെല്ലാമായിരുന്നു?
13. മുറയ്ക്ക് ആവര്‍ത്തിക്കുന്ന ഈ വാണിജ്യപ്രതിസന്ധികളില്‍ നിന്ന് എത്തിച്ചേരാവുന്ന നിഗമനങ്ങള്‍ എന്തെല്ലാമാണ്?
ഇടതുതത്ത്വചിന്തകള്‍ വായിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, ഒരിക്കല്‍ക്കൂടി വായിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്കും ഇത് തീര്‍ച്ചയായും സഹായമാകും. നിങ്ങള്‍ക്കെല്ലാവര്‍ക്കുമെന്റെ വിപ്ലവാഭിവാദ്യങ്ങള്‍.
ReplyDelete:)
ReplyDeleteനല്ല ശ്രമം. അഭിവാദ്യങ്ങള്‍!
ReplyDelete@ cALviN::കാല്‍വിന്‍ & അനിയന്‍കുട്ടി | aniyankutti
ReplyDeleteനന്ദി. :)