Tuesday, December 15, 2009

മൂല്യവും മിച്ചമൂല്യവും അല്പം ധനശാസ്ത്രവും

[മൂലരൂപത്തില്‍ നിന്നും, അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും സ്ഥല-കാലങ്ങള്‍ക്കനുസൃതമായി തിരുത്തിയിട്ടുണ്ട്]

ഭൗതികമൂല്യങ്ങള്‍ ഉല്പാദിപ്പിക്കാതെ സമൂഹത്തിന് നിലനില്‍ക്കാനോ, വളരാനോ സാദ്ധ്യമല്ലെന്ന് നാം നേരത്തെ മനസ്സിലാക്കിയതാണ്. ഈ ഭൗതികോല്പാദനം ഒരു വ്യവസ്ഥയുമില്ലാതെ നടക്കുകയാണോ? ഒരിക്കലുമല്ല. ഉല്പാദനത്തിനും വിനിയോഗത്തിനും അതിന്റേതായ ചില നിയമങ്ങളുണ്ട്. ധനശാസ്ത്രം ഈ വിധമുള്ള നിയമങ്ങളെക്കുറിച്ചാണ് പറയുന്നത്. സാമ്പത്തികമായ അടിത്തറയിന്മേലാണ് സമൂഹത്തിന്റെ ഉപരിഘടനയാകെ നിലകൊള്ളുന്നത്. സമ്പദ്ഘടന മാറുന്നതോടുകൂടി സമൂഹഘടനയുടെ ഉള്ളടക്കവും സ്വഭാവവും മാറുന്നു. അതുകൊണ്ടാണ് സമ്പദ്‌ഘടന ശാശ്വതമല്ലെന്ന് പറയുന്നത്. അടിമത്തമായാലും നാടുവാഴിത്തമായാലും മുതലാളിത്തമായാലും അവയെല്ലാം തന്നെ ചരിത്രപരമായി ആവിര്‍ഭവിക്കുന്നവയും മാറിമാറിക്കൊണ്ടിരിക്കുന്നവയുമാണ്.

എന്നാല്‍ ബൂര്‍ഷ്വാ ധനശാസ്ത്രജ്ഞന്മാര്‍ ഇതു സമ്മതിക്കില്ല. മുതലാളിത്തസമ്പദ്ഘടനയുടെ അന്തസ്സത്തയെങ്കിലും ശാശ്വതമാണെന്നാണ് അവരുടെ വാദം. മുതലാളിത്ത സമ്പ്രദായം തകര്‍ന്ന് പോകുമെന്നുള്ള ഭയത്തില്‍ നിന്നാണവര്‍ ഇതെല്ലാം പറയുന്നത്. ധനശാസ്ത്രം വര്‍ഗ്ഗസമരവുമായി ബന്ധമില്ലാത്ത ഒന്നാണെന്നും, നിക്ഷ്പക്ഷമായ ഒരു ശാസ്ത്രശാഖയാണെന്നും പ്രചരിപ്പിക്കുവാനുള്ള സാമര്‍ത്ഥ്യവും കൂട്ടത്തില്‍ കാണാം. ഈ കാപട്യങ്ങളെയെല്ലാം മാര്‍ക്സിസം തുറന്ന് കാണിക്കുകയാണ്. മാര്‍ക്സിയന്‍ ധനശാസ്ത്രം തൊഴിലാളി വര്‍ഗ്ഗം നടത്തുന്ന വര്‍ഗ്ഗസമരത്തിനുള്ള ഒന്നാന്തരം പ്രത്യയശാസ്ത്രപരമായ ആയുധമാണ്. ഇതില്‍ നിക്ഷ്പക്ഷതയുടെ പ്രശ്നമേയില്ല. പ്രശ്നങ്ങളിലേക്കിറങ്ങുമ്പോള്‍ നമ്മുക്കത് വ്യക്തമാകും.

മുതലാളിത്ത സമ്പ്രദായത്തില്‍ ദൈവത്തേക്കാള്‍ അധികം ഭയഭക്തിബഹുമാനത്തോടെ പൂജിക്കുന്ന ഒന്നാണ് ലാഭം. ലാഭം എന്ന് വെച്ചാലെന്താണ്? ചരക്കുകള്‍ ചുരുങ്ങിയ വിലയ്ക്ക് വാങ്ങി കൂടുതല്‍ വിലയ്ക്ക് വില്‍ക്കുമ്പോള്‍ കിട്ടുന്ന അധിക സംഖ്യയാണ് ലാഭമെന്ന് ചിലര്‍ ഉടന്‍ ഉത്തരം പറയും. പെട്ടെന്ന് നോക്കിയാല്‍ ഇത് ശരിയാണെന്ന് തോന്നും. എന്നാല്‍ ആഴത്തിലിറങ്ങി പരിശോധിച്ചാല്‍ മനസ്സിലാകും ഇത് തെറ്റാണെന്ന്. മുതലാളിമാര്‍ ചരക്കുകള്‍ വില്‍ക്കുക മാത്രമല്ല ചെയ്യുന്നത്, അവര്‍ വാങ്ങുകയും ചെയ്യുന്നുണ്ട്. ഒരു തുണി മുതലാളിയെ ഉദാഹരണമായെടുക്കാം. തുണി വില്‍ക്കുന്ന മുതലാളി, പരുത്തിയും, യന്ത്രങ്ങളുമൊക്കെ വാങ്ങിയിട്ടാണ് തുണിയാക്കി വില്‍ക്കുന്നത്. തുണി കൂടുതല്‍ വിലയ്ക്ക് വില്‍ക്കുവാന്‍ ശ്രമിച്ചാല്‍ പരുത്തിയും യന്ത്രങ്ങളും കൂടുതല്‍ വിലയ്ക്ക് വില്‍ക്കുവാന്‍ അവയുടെ ഉടമകളും ശ്രമിക്കില്ലേ? ഒരു മുതലാളി മറ്റൊരു മുതലാളിയെ വഞ്ചിച്ചുവെന്നും വരാം. എന്നാല്‍ എല്ലാ മുതലാളിമാരും പരസ്പരം ചതിക്കുവാന്‍ തുടങ്ങിയാലോ? ഒരാളുടെ ലാഭം മറ്റൊരാളുടെ നഷ്ടമായിരിക്കും. സമൂഹത്തെ മൊത്തത്തിലെടുക്കുകയാണെങ്കില്‍ ഇത്തരം വ്യാപാരങ്ങള്‍ മുഖേന മൂല്യം വര്‍ദ്ധിക്കുന്നില്ല. അപ്പോള്‍ കൈമാറ്റം കൊണ്ടാണ് മൂല്യം വര്‍ദ്ധിക്കുന്നത് എന്ന വാദം ശരിയല്ല. യഥാര്‍ത്ഥത്തില്‍ ഉല്പാദന പ്രക്രിയയിലാണ് മൂല്യ വര്‍ദ്ധനയുണ്ടാകുന്നത്. ചരക്കിന്റെ നിര്‍മ്മാണത്തിന് വിനിയോഗിക്കപ്പെടുന്ന ഏതോ ഒരു മുഖ്യവസ്തുവിന്റെ പൂര്‍ണ്ണമായ മൂല്യം ആ വസ്തുവിന്റെ ഉടമസ്ഥന് മുതലാളി കൊടുക്കുന്നില്ല. അതില്‍ നിന്നാണ് ലാഭം ഉണ്ടാകുന്നത്. അതെന്താണ്, അതെങ്ങനെ നടക്കുന്നു എന്ന് നമ്മുക്ക് പരിശോധിക്കാം. മുതലാളിത്ത ചൂഷണത്തിന്റെ രഹസ്യം അപ്പോഴാണ് വ്യക്തമാവുക.

മുതലാളിത്ത സമ്പ്രദായത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നത് കമ്പോളത്തിന് വേണ്ട ചരക്കുകളാണ്. ചരക്കുകളുടെ അനുസ്യൂതമായ, അനന്തമായ, കൈമാറ്റങ്ങളാണിവിടെ നടക്കുന്നത്. ഇങ്ങനെ നടക്കുന്ന കൈമാറ്റങ്ങള്‍ക്കാധാരമായ വില എങ്ങനെയാണ് നിര്‍ണ്ണയിക്കുന്നത്? പരസ്പരം കൈമാറുന്ന ചരക്കുകളില്‍ തുല്യനിലയിലുള്ള ഒരു പൊതുഗുണമുണ്ടെങ്കില്‍ മാത്രമേ കൈമാറ്റം നടക്കുകയുള്ളൂ. മനുഷ്യാദ്ധ്വാനത്തിന്റെ ഉല്‍പ്പന്നങ്ങളാണ് എല്ലാ ചരക്കുകളും എന്നതാണ് ഈ പൊതുഗുണം. ഒരു മീറ്റര്‍ തുണിക്ക് സമമാണ് ഒരു കിലോഗ്രാം അരിയെന്ന് പറയുമ്പോള്‍ ഒരു മീറ്റര്‍ തുണിയിലും ഒരു കിലോഗ്രാം അരിയിലും അടങ്ങിയ അദ്ധ്വാനം സമമാണെന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ അദ്ധ്വാനമാണ് ചരക്കിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നത്.

അദ്ധ്വാനം എന്ന് പറഞ്ഞത്കൊണ്ട് മുഴുവനുമായില്ല. കുഴിമടിയനായ തൊഴിലാളിയെ കാണാം. അതിവിദഗ്ദ്ധനായ തൊഴിലാളിയെയും കാണാം. അപ്പോള്‍ സാമൂഹികമായി എത്ര അദ്ധ്വാനം ആവശ്യമുണ്ടോ, അല്ലെങ്കില്‍ ഒരു ശരാശരി തൊഴിലാളി അതുണ്ടാക്കുന്നതിന് എത്ര സമയം ചെലവഴിക്കേണമോ അതാണ് ചരക്കിന്റെ മൂല്യത്തിനുമടിസ്ഥാനം.

മുതലാളിത്ത സമ്പ്രദായത്തില്‍ അങ്ങാടിയില്‍ ഒരു പുതിയ ചരക്ക് വില്പനയ്ക്ക് വരുന്നുണ്ട്. ആ ചരക്കിന്റെ പേര് അദ്ധ്വാനശക്തിയെന്നാണ്. തൊഴിലാളികളാണത് വില്‍ക്കുന്നത്. മുതലാളിമാരാണ് അത് വാങ്ങുന്നത്. ഈ ചരക്കിന് കൃത്യവില കൊടുക്കുന്നുണ്ടെന്നാണ് മുതലാളിമാര്‍ അവകാശപ്പെടുന്നത്. ആ വിലയെയാണ് നാം കൂലി എന്ന് വിളിക്കുന്നത്. തൊഴിലാളി മുതലാളിക്ക് അദ്ധ്വാനം നല്‍കുന്നു, പകരമായി മുതലാളി കൂലി നല്‍കുന്നു. നീതിപൂര്‍വ്വികമായി നടക്കുന്ന കച്ചവടമല്ലേ ഇത്? ഇതാണ് ബൂര്‍ഷ്വാ ധനശാസ്ത്രത്തിന്റെ ചോദ്യം.

തനിക്ക് കിട്ടുന്ന കൂലിക്ക് പകരമായി തൊഴിലാളി മുതലാളിക്ക് വില്‍ക്കുന്നത്, വാസ്തവത്തില്‍ അദ്ധ്വാനമാണോ? നിക്ഷ്പക്ഷമായൊന്ന് ആലോചിച്ചു നോക്കൂ. ഒരിക്കലുമല്ല, തന്റെ അദ്ധ്വാനം ചരക്കില്‍ നിക്ഷേപിക്കുകയാണ് തൊഴിലാളി ചെയ്തത്. യഥാര്‍ത്ഥത്തില്‍ തൊഴിലാളി കൂലിക്ക് വിറ്റത് അദ്ധ്വാനിക്കുവാനുള്ള കഴിവാണ്, ശക്തിയാണ്. ഉല്പാദനോപകരണങ്ങള്‍ മുതലാളിമാരുടെ കൈകളിലായതുകൊണ്ടും തങ്ങള്‍ക്ക് മറ്റ് യാതൊരു മാര്‍ഗ്ഗവുമില്ലാത്തത് കൊണ്ടുമാണ് തൊഴിലാളികള്‍ ഇങ്ങനെ അദ്ധ്വാനശക്തി വില്‍ക്കുന്നത്.

മറ്റെല്ലാ ചരക്കുകള്‍ക്കുമെന്ന പോലെ അദ്ധ്വാന ശക്തിക്കും രണ്ടു മൂല്യങ്ങളുണ്ട്. ഉപയോഗമൂല്യവും കൈമാറ്റമൂല്യവും. മുതലാളി അദ്ധ്വാനശക്തി വാങ്ങുന്നത് ഉപയോഗിക്കുവാന്‍ വേണ്ടിയാണ്. അദ്ധ്വാനശക്തിയുടെ ഉപയോഗം അദ്ധ്വാനമാണെന്നാണ് മാര്‍ക്സ് പറഞ്ഞത്. അദ്ധ്വ്വാനശക്തിയുടെ ഉപയോഗമൂല്യം മുതലാളിക്ക് വെറുതെ ലഭിക്കില്ല. അത് ലഭിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരികെ നല്‍കണം. എങ്ങനെയാണ് അദ്ധ്വാനശക്തിയുടെ മൂല്യം നിര്‍ണ്ണയിക്കുക? ഒരു മനുഷ്യന് അദ്ധ്വാനിക്കുവാന്‍ കഴിയണമെങ്കില്‍ അവന് ഭക്ഷണം വേണം, തുണി വേണം, പാര്‍പ്പിടം വേണം, കുടുംബാംഗങ്ങളെ പുലര്‍ത്തണം. ഇതിനെല്ലാമാവശ്യമായ നിത്യോപയോഗസാമഗ്രികളുടെ മൂല്യത്തിന് സമമാണ് അദ്ധ്വാനശക്തിയുടെ മൂല്യം.

ഈ മൂല്യം എല്ലാ രാജ്യങ്ങളിലും എല്ലാ കാലത്തും ഒരു പോലെയല്ല. ഉല്പാദനത്തിന്റെ വികാസം, സാങ്കേതിക പുരോഗതി, ജനങ്ങളുടെ ജീവിതനിലവാരം, ഉല്പാദനക്ഷമത തുടങ്ങിയ പല ഘടകങ്ങളേയും ആശ്രയിച്ച് അത് മാറുന്നു. കൂടുതല്‍ നല്ല ജീവിത സൗകര്യങ്ങള്‍ക്കു വേണ്ടി തൊഴിലാളി വര്‍ഗ്ഗം ബൂര്‍ഷ്വാസിക്കെതിരായി നടത്തുന്ന വര്‍ഗ്ഗസമരവും അദ്ധ്വാനശക്തിയുടെ മൂല്യത്തില്‍ മാറ്റം വരുത്തുന്നു. ഈ വര്‍ഗ്ഗസമരമാണ് ഇതിലെ ഏറ്റവും പ്രധാന ഘടകം എന്ന് വേണമെങ്കില്‍ പറയാം.

തൊഴിലാളി തന്റെ അദ്ധ്വാനശക്തി വില്‍ക്കുന്നുവെന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? അത് ഞാന്‍ ചുരുക്കി വിവരിക്കാം. മുതലാളി തൊഴിലാളിയുടെ അദ്ധ്വാനശക്തി വിലയ്ക്ക് വാങ്ങുന്നു. ഒരു മാസം അല്ലെങ്കില്‍ ഒരു ദിവസം, അതുമല്ലെങ്കില്‍ ഒരു മണിക്കൂര്‍ അദ്ധ്വാനിക്കാമെന്ന് തൊഴിലാളി സമ്മതിക്കുന്നു. അങ്ങനെ പണിയെടുക്കുന്നതിന് ഇത്ര രൂപ കൂലി തരാമെന്ന് മുതലാളിയും സമ്മതിക്കുന്നു. അങ്ങനെയാണ് ഫാക്ടറികളില്‍ പണി നടക്കുന്നത്. നിശ്ചയിച്ചത്രയും സമയം തൊഴിലാളി ജോലി ചെയ്യുന്നു. മുന്‍നിശ്ചയിച്ച പ്രകാരമുള്ള കൂലി മുതലാളി കൊടുക്കുകയും ചെയ്യുന്നു. അപ്പോള്‍ ലാഭം എങ്ങനെയുണ്ടാകുമെന്ന ആ പഴയ ചോദ്യം വീണ്ടുമുയരുന്നു.

നമ്മുക്ക് കുറച്ചുകൂടി വിസ്തരിച്ചു പരിശോധിക്കാം. ഒരു തൊഴിലാളി, എട്ടു മണിക്കൂര്‍ പണിയെടുക്കുന്ന ഒരു തുണിമില്‍ നമ്മുക്ക് ഉദാഹരണമായെടുക്കാം. ഒരു തൊഴിലാളി നെയ്യുന്നത് 24 മീറ്റര്‍ തുണിയാണ്, ഒരു മീറ്റര്‍ തുണിക്ക് വില 4 രൂപയാണെങ്കില്‍, തൊഴിലാളി നെയ്യുന്ന മൊത്തം തുണിയുടെ വില 96 രൂപയാണ്. ഇതില്‍ നൂലിന്റെ വിലയും, മറ്റ് അസംസ്കൃത സാധനങ്ങളുടെ വിലയും യന്ത്രത്തിന്റെയും മറ്റും തേയ്മാനച്ചിലവുകളും ഒക്കെ ചേര്‍ത്ത് 56 രൂപ വരുമെന്ന് കണക്കാക്കുക. തൊഴിലാളിയുടെ കൂലി 8 രൂപയെന്നും സങ്കല്‍പ്പിക്കുക. അപ്പോള്‍ ആകെ ഉല്പാദനത്തിനുള്ള ചിലവ് 64 രൂപയും, ലാഭം 32 രൂപയുമാണ്. ഈ ലാഭം നൂലില്‍ നിന്നോ, യന്ത്രത്തില്‍ നിന്നോ, മറ്റേതെങ്കിലും അസംസ്കൃതവസ്തുവില്‍ നിന്നോ, കമ്പോളത്തില്‍ നിന്നോ ഒന്നുമുണ്ടായതല്ല. തൊഴിലാളിയുടെ അദ്ധ്വാനശക്തിയുടെ പ്രയോഗത്തില്‍ നിന്നുമുണ്ടായതാണ്. അപ്പോള്‍ ഒരു തൊഴിലാളി തന്റെ അദ്ധ്വാനത്തിലൂടെ പുതിയതായി സൃഷ്ടിക്കുന്ന മൂല്യത്തിന്റെ അളവും, അയാള്‍ക്ക് യഥാര്‍ത്ഥത്തില്‍ കിട്ടുന്ന അദ്ധ്വാനശക്തിയുടെ മൂല്യത്തിന്റെ അളവും (കൂലി), തമ്മില്‍ വ്യത്യാസമുണ്ടെന്നത് പകല്‍ പോലെ വ്യക്തമാണ്. അദ്ധ്വാനശക്തിയുടെ മൂല്യമേ തൊഴിലാളിക്ക് മുതലാളി കൊടുക്കുന്നുള്ളൂ. അദ്ധ്വാനമെല്ലാം മുതലാളി അപഹരിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് മിച്ചമൂല്യമുണ്ടാകുന്നത്. ഈ യാഥാര്‍ത്ഥ്യം തുറന്ന് കാണിച്ചത് കാള്‍ മാര്‍ക്സാണ്. കൂലി കൊടുത്ത് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കയും മിച്ചമൂല്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് മുതലാളിത്ത സമ്പ്രദായത്തിന്റെ മൗലികമായ സാമ്പത്തിക നയം.

ഈ മിച്ചമൂല്യം വ്യവസായികള്‍ക്ക് മാത്രമല്ല കിട്ടുന്നത്. വ്യവസായികള്‍ ഉണ്ടാക്കുന്ന ചരക്കുകള്‍ വില്‍ക്കുവാന്‍ വ്യാപാരികള്‍ വേണം. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും കച്ചവടം ചെയ്യുവാനും മറ്റും പണം കൊടുക്കുവാന്‍ ബാങ്ക് വ്യാപാരികള്‍ വേണം. അപ്പോള്‍ ഫാക്ടറി ഉടമകളായ വ്യവസായികള്‍ക്ക് കിട്ടുന്ന മിച്ചമൂല്യം ഇവരെല്ലാം യഥാര്‍ത്ഥത്തില്‍ പങ്കിട്ടെടുക്കുകയാണ് ചെയ്യുന്നത്. സന്തോഷത്തോടെയല്ലെങ്കിലും, ഇവരെല്ലാം പരസ്പരം സഹായിക്കുവാന്‍ ബാദ്ധ്യസ്ഥരാണ്. അതേ സമയം, പരസ്പരമാത്സര്യത്തിലേര്‍പ്പെടുന്നവരുമാണിവര്‍. മാര്‍ക്സിന്റെ മൂലധനത്തില്‍ ഒരു നോവലിലെന്ന പോലെ ഈ ഗതിക്രമം വിവരിച്ചിട്ടുണ്ട്.

മുതലാളി ഉല്പ്പാദനോപകരണങ്ങള്‍ വാങ്ങുകയും ഫാക്ടറികള്‍ നിര്‍മ്മിക്കുകയും തൊഴിലാളികള്‍ക്ക് കൂലി കൊടുക്കുകയും ചെയ്യുന്നതോടു കൂടിയാണ് ഉല്പാദനം ആരംഭിക്കുന്നത്. ഇതിനെല്ലാം വേണ്ട പണത്തിനാണ് മൂലധനമെന്ന് പറയുന്നത്. പിന്നീട് മുതലാളി ആ ഉല്പന്നങ്ങള്‍ വില്‍ക്കുന്നു. അങ്ങിനെ താന്‍ ചിലവാക്കിയതിലും കൂടുതല്‍ പണം അയാള്‍ക്ക് തിരിച്ച് കിട്ടുന്നു. കൂലി കൊടുത്ത തൊഴിലാളികളെ ചൂഷണം ചെയ്ത് മിച്ചമൂല്യം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന മൂല്യമാണ് മൂലധനം. ഒന്നാമതായി ഈ മൂലധനം എങ്ങനെയുണ്ടായി? ഒട്ടും മാന്യമായ രീതിയിലല്ല, തട്ടിപ്പറിച്ചും കൊള്ളയടിച്ചും ഏറ്റവും ഹീനമായ മാര്‍ഗ്ഗങ്ങളുപയോഗിച്ചുമാണ് ആദ്യം മൂലധനം സമാഹരിക്കപ്പെട്ടത്. പ്രാഥമിക മൂലധനസംഭരണം പോലെ ഇത്രയും ക്രൂരമായ ഒരു സംഭവം ചരിത്രത്തില്‍ ഇല്ല. കോളനികളെ കൊള്ളയടിക്കുക, അടിമകളെ വിറ്റ് ലാഭമുണ്ടാക്കുക, കര്‍ഷകരെ ഭൂമിയില്‍ നിന്നും ആട്ടിയോടിച്ച് ഒന്നുമില്ലാത്തവരാക്കുക, തുടങ്ങിയ നീചമായ ശ്രമങ്ങളാണ് തുടക്കത്തില്‍ നടന്നത് അല്ലാതെ അരിഷ്ടിച്ച് ജീവിച്ച സമ്പാദ്യം കൊണ്ടൊന്നുമല്ല ഭൂമുഖത്ത് മുതലാളിമാര്‍ ആദ്യമുണ്ടായത്.

എല്ലാ സാഹചര്യങ്ങളിലും പണമോ ഫാക്ടറികളോ അസംസ്കൃത പദാര്‍ത്ഥങ്ങളോ യന്ത്രോപകരണങ്ങളോ സ്വയമേവ മൂലധനമായിത്തീരുന്നില്ല. ഉല്പാദനോപകരണങ്ങളുടെ സ്വകാര്യ ഉടമകളായ ഒരു വര്‍ഗ്ഗവും, ജീവിക്കുവാന്‍ വേണ്ടി സ്വന്തം അദ്ധ്വാനശക്തി ഒരു ചരക്കെന്ന നിലയ്ക്ക്ക് വില്‍ക്കേണ്ടി വരുന്ന മറ്റൊരു വര്‍ഗ്ഗവും നിലനില്‍ക്കുന്ന സമുദായത്തില്‍ മാത്രമേ പണം മൂലധനമായിത്തീരുന്നുള്ളൂ. അതായത് മുതലാളിമാരും തൊഴിലാളികളും തമ്മിലുള്ള ചൂഷണത്തെ അടിസ്ഥാനമാക്കിയ, സാമൂഹ്യ ബന്ധത്തിന്റെ ഒരു രൂപമാണ് മൂലധനം. ഉല്പാദനോപകരണങ്ങള്‍ പൊതുസ്വത്തായിക്കഴിഞ്ഞാല്‍, മൂലധനം ഇല്ല്ലാതെയാകും. അദ്ധ്വാനശക്തി ഒരു ചരക്കല്ലാതായിത്തീരും.

അപ്പോള്‍ സോഷ്യലിസത്തിന്‍ കീഴില്‍ ചരക്കുകളില്ലാതാവുന്നുണ്ടോ? ഇല്ല. മുഖ്യനിയമം പ്രവര്‍ത്തിക്കുന്നില്ലേ? ഉണ്ട്. മിച്ചമൂല്യം ഉല്പാദിപ്പിക്കപ്പെടുന്നില്ലേ? ഉവ്വ്. പക്ഷെ, അവയൊന്നും ചൂഷണത്തിന്റെ ഉപകരണങ്ങളല്ല. നേരെ മറിച്ച് അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും അവരുടെ ഭരണകൂടത്തിന്റെയും കൈയ്യില്‍ അവരുടെ ജീവിത നിലവാരം ഉത്തരോത്തരം ഉയര്‍ത്തുവാനുള്ള ഉപാധികളാണ്. അതായത്, ഭൂതം വര്‍ത്തമാനത്തെ സേവിക്കുന്നു. മൃതമായ അദ്ധ്വാനം ജീവിക്കുന്ന യജമാനനല്ലാതായിത്തീരുന്നു, ഭൃത്യനാവുന്നു.

കടപ്പാട്: "മൂല്യവും മിച്ചമൂല്യവും അല്പം ധനശാസ്ത്രവും", എന്താണ് മാര്‍ക്സിസം? - എന്‍. ഇ. ബാലറാം

1 comment:

  1. മൂല്യവും മിച്ചമൂല്യവും അല്പം ധനശാസ്ത്രവും - (Fundamentals of Marxism series)

    ReplyDelete

Rate this post

About Me

My photo
Omnipresent. ഞങ്ങളെ എല്ലാവര്‍ക്കുമറിയാം. ഞങ്ങളാരെന്നും, ഞങ്ങളുടെ രാഷ്ട്രീയമെന്തെന്നും എല്ലാം. അത് തന്നെയാണ് ഞങ്ങളുടെ ശാപവും. ഞങ്ങളുടെ അഭിപ്രായങ്ങളെ ആ ഒരു ജാലകത്തില്‍ കൂടി മാത്രം കാണുവാനും വിമര്‍ശിക്കുവാനും തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഒളിച്ചോടി. ഇപ്പോള്‍ ഇവിടെ പൊങ്ങുന്നു.

Followers

Counted!

free web counter
Creative Commons License ബീഫ് ഫ്രൈ || b33f fry by ബീഫ് ഫ്രൈ is licensed under a Creative Commons Attribution 2.5 India License. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ താള്‍ നോക്കുക.