തത്ത്വശാസ്ത്രം പഠിക്കുന്നത് മനഃസ്സമാധാനത്തിന് വേണ്ടിയല്ല, പ്രകൃതിയെയും സമൂഹത്തെയും മാറ്റുവാനത് ഉപകരിക്കുമെന്നത് കൊണ്ടാണ്. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും ചില ചോദ്യങ്ങളുയര്‍ന്ന് വരുന്നുണ്ട്. സമൂഹം വളരുന്നത് എങ്ങനെയാണ്? സമൂഹവളര്‍ച്ചയ്ക്ക് ആധാരമായ വല്ല നിയമങ്ങളുമുണ്ടോ? സമൂഹം വളരുന്നു എന്നത് തന്നെ നേരാണോ? ഇതെല്ലാമാണ് ആ ചോദ്യങ്ങള്‍. മാര്‍ക്സിയന്‍ തത്ത്വശാസ്ത്രം ഇതിനൊക്കെ തൃപ്തികരമായ സമാധാനം നല്‍കുന്നുണ്ട്. മാര്‍ക്സിയന്‍ തത്ത്വശാസ്ത്രം പ്രയോഗിച്ച് മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യാം. അത്തരം വിശകലനത്തിലൂടെ നമ്മുക്കു ലഭിക്കുന്ന ശാസ്ത്രീയ നിഗമനങ്ങളുടെ സമാഹാരമാണ് ചരിത്രപരമായ ഭൗതികവാദം. അത് മാര്‍ക്സിയന്‍ തത്ത്വശാസ്ത്രത്തിന്റെ ഒരവിഭാജ്യഘടകമാണ്. മാര്‍ക്സും എംഗല്‍സും മുതലാളിത്ത വ്യവസ്ഥയെക്കുറിച്ചു പഠനം നടത്തിയതുതന്നെ ചരിത്രപരമായ ഭൗതികവാദരീതിയനുസരിച്ചാണ്. അക്കാലത്ത് മുതലാളിത്തം ശൈശവാവസ്ഥയിലായിരുന്നു. എങ്കിലും, അതിന്റെ വികാസവും അധഃപതനവും എങ്ങനെയുണ്ടാകുമെന്ന് ദീര്‍ഘദര്‍ശനം ചെയ്യുവാന്‍ 1848-ല്‍ തന്നെ അവര്‍ക്ക് കഴിഞ്ഞു. മുതലാളിത്തത്തിന്റെ തകര്‍ച്ചയും തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിജയവും അനിവാര്യമാണെന്നു തെളിയിക്കുന്ന ഒരു ഗ്രന്ഥം തന്നെ അവരന്നു പ്രസിദ്ധീകരിക്കുകയുണ്ടായി. അതാണ്, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന പേരില്‍ ഇന്നും ലോകത്തിലെ വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്കുന്ന വിശ്രുത ഗ്രന്ഥം.
ചരിത്രപരമായ ഭൗതികവാദം വളര്‍ന്നുവന്നതോടുകൂടിയാണ് ചരിത്രം യഥാര്‍ത്ഥത്തില്‍ ഒരു ശാസ്ത്രമായത്. വെറും യാദൃശ്ചിക സംഭവങ്ങളുടെ കൂമ്പാരമോ, രാജാക്കന്മാരുടെയും, രാജ്ഞിമാരുടെയും പ്രേമലീലകളോ, തമ്പുരാക്കന്മാരുടെ അരിയിട്ടുവാഴ്ചകളോ അല്ല ചരിത്രമെന്നു വന്നത് അതിനുശേഷമാണ്. നിരവധി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പക്ഷിമൃഗാദികളെപ്പോലെ മനുഷ്യന് പ്രകൃതിയുടെ അടിമയായിരുന്നു. നീണ്ടകാലം അവന് അങ്ങനെ കഴിഞ്ഞുകൂടിയെങ്കിലും മെല്ലെമെല്ലെ അവന് പ്രകൃതിയെ കീഴടക്കുവാന്‍ തുടങ്ങി. അതൊരു ദീര്‍ഘമായ ചരിത്രമാണ്. അതിനിടയില്‍ അവന് പുതിയ പല പ്രശ്നങ്ങളേയും നേരിടേണ്ടി വന്നു.
സമൂഹത്തില്‍ വര്‍ഗ്ഗങ്ങള്‍ ഉണ്ടായതാണ് മുഖ്യമായ ഒരു സംഭവവികാസം. വര്‍ഗ്ഗങ്ങള്‍ ഉണ്ടായതോടുകൂടി വര്‍ഗ്ഗസമരങ്ങളുമുണ്ടായി.
സുപ്രസിദ്ധമായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവിലെ ഒന്നാം അദ്ധ്യായത്തിലെ ഒന്നാമത്തെ വരി തുടങ്ങുന്നത് ഇപ്രകാരമാണ്, "നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമുദായങ്ങളുടെയും ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണ്. സ്വതന്ത്രനും അടിമയും, കുലീനനും ഹീനനും, ജന്മിയും കുടിയാനും, ഗില്‍ഡ്മാസ്റ്ററും വേലക്കാരനും - ചുരുക്കിപ്പറഞ്ഞാല്‍ മര്‍ദ്ദകനും മര്‍ദ്ദിതനും - തീരാവൈരികളായിനിന്ന് ഒളിഞ്ഞും, ചിലപ്പോള്‍ തെളിഞ്ഞും ഇടതടവില്ലാതെ പോരാട്ടം നടത്തിയിട്ടുണ്ട്." മനുഷ്യസമൂഹത്തിന്റെ ചരിത്രത്തില്‍ അതിപ്രാചീനഘട്ടം ഒഴിച്ചുനിര്‍ത്തിയാല്‍ പിന്നീടുള്ള എല്ലാ ഘട്ടങ്ങളിലും നടന്നതു വര്‍ഗ്ഗസമരമാണെന്നാണ് ശാസ്ത്രീയ സോഷ്യലിസത്തിന്റെ ആചാര്യന്മാര് പറഞ്ഞത്.
അടിമവ്യവസ്ഥ ഉണ്ടായതോടുകൂടിയാണ് നില മാറുന്നത്. സമൂഹത്തില്‍ ആദ്യമായും രണ്ടു വര്‍ഗ്ഗങ്ങള്‍ വന്നു. സാമ്പത്തികാടിസ്ഥാനത്തിലുള്ള വര്‍ഗ്ഗങ്ങളാണവ. ഒരു വിഭാഗത്തെ അടിമകള്‍ എന്നു വിളിക്കുന്നു. മറുവിഭാഗത്തെ ഉടമകള്‍ എന്നു വിളിക്കുന്നു. അടിമകള്‍ അടക്കമുള്ള എല്ലാ സ്വത്തിന്റെയും മൂല്യത്തിന്റെയും അധിപന്മാര് ഉടമകളായിരുന്നു. അന്നുമുതല്ക്കാണ് സമൂഹത്തില്‍ വര്‍ഗ്ഗസമരം തുടങ്ങിയത്. വര്‍ഗ്ഗസമരം മൂര്‍ച്ഛിച്ചു വന്നു. ഒടുവില്‍ അടിമ-ഉടമ വ്യവസ്ഥ തന്നെ തകരുകയും, നാടുവാഴിത്തം എന്ന പുതിയൊരു സാമൂഹികക്രമം ഉടലെടുക്കുകയും ചെയ്യുന്നു. അതിലും രണ്ട് വര്‍ഗ്ഗങ്ങളുണ്ടായി - ജന്മിയും, കുടിയാനും. സമരം പിന്നീട് പ്രധാനമായും ആ വര്‍ഗ്ഗങ്ങള്‍ തമ്മിലായി. അതിന്റെ പരമകാഷ്ഠയിലാണ് മുതലാളിത്തസമൂഹം ഉണ്ടായത്. അതില്‍ വര്‍ഗ്ഗവ്യത്യാസം പ്രകടമായി കാണപ്പെട്ടു. ഒരു ഭാഗത്തു തൊഴിലാളികളും മറുഭാഗത്ത് ബൂര്‍ഷ്വാ വര്‍ഗ്ഗവും. വര്‍ഗ്ഗസമരം കൊടുമ്പിരികൊണ്ടിരിക്കുന്ന ഒരു യുഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളും സോഷ്യലിസത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. അവിടെയെങ്ങും വര്‍ഗ്ഗസമരം കാണുവാനില്ല. കാരണം ശത്രുത്വമുള്ള വര്‍ഗ്ഗങ്ങളില്ലാത്തത് കൊണ്ടുതന്നെ. അപ്പോള്‍ സമൂഹത്തിന്റെ ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണെന്ന് പറഞ്ഞത് വളരെയേറെ ശരിയാണ്.
എന്താണ് ഈ വര്‍ഗ്ഗങ്ങളെന്ന് പറഞ്ഞാല്‍? അതിനു് അല്പമൊരു വിശദീകരണം വേണം. വര്‍ഗ്ഗങ്ങളെപ്പറ്റി ലെനിന് ഇപ്രകാരമാണ് പറഞ്ഞത്. "ചരിത്രപരമായി നിര്‍ണ്ണയിക്കപ്പെട്ട ഒരു സാമൂഹ്യോല്പാദന വ്യവസ്ഥയില്‍, അവര്‍ വഹിക്കുന്ന സ്ഥാനം കൊണ്ടും, ഉല്പാദനോപകരണങ്ങളുമായി അവര്‍ക്കുള്ള ബന്ധം കൊണ്ടും, അദ്ധ്വാനത്തിന്റെ സാമൂഹ്യഘടനയില്‍ അവര്‍ക്കുള്ള പങ്കുകൊണ്ടും, ഇതിന്റെയെല്ലാം ഫലമായി അവരുല്പാദിപ്പിക്കുന്ന സാമൂഹ്യബന്ധത്തില്‍ നിന്നു കിട്ടുന്ന ഓഹരിയുടെ അളവ് കൊണ്ടും, രീതി കൊണ്ടും, പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്ന ആളുകളുടെ വലിയ ഗ്രൂപ്പുകളാണ് വര്‍ഗ്ഗങ്ങള്‍". അതായത് മുതലാളിത്തത്തില്‍ തൊഴിലാളികള്‍ ഒരു വര്‍ഗ്ഗം, ബൂര്‍ഷ്വാസി മറ്റൊരു വര്‍ഗ്ഗം. ഉല്പാദനത്തില് രണ്ടു വര്‍ഗ്ഗങ്ങള്‍ക്കും രണ്ട് സ്ഥാനമാണുള്ളത്. സമ്പത്തിന്റെ ഓഹരിയുടെ അളവിലും അങ്ങേയറ്റത്തെ അന്തരമാണുള്ളത്. ഓരോ സമൂഹത്തിലും ഈ വര്‍ഗ്ഗങ്ങള്‍ക്ക് വ്യത്യാസം കാണാമെങ്കിലും അടിമസമ്പ്രദായം മുതല്‍ ഇന്നേവരെ പരിശോധിച്ചാല്‍ പൊതുവില്‍ മര്‍ദ്ദിതരും മര്‍ദ്ദകരുമെന്ന നിലയ്ക്കാണ് വര്‍ഗ്ഗങ്ങളുണ്ടായത്. പേരിന് വ്യത്യാസം കാണാമെങ്കിലും ചൂഷണം അവിരാമമായി തുടര്‍ന്നുവന്നുവെന്നതാണ് സത്യം.
സമൂഹം എന്തിനാണ് വര്‍ഗ്ഗങ്ങളായി പിളര്‍ന്നത് എന്നുകൂടി ഈ ഘട്ടത്തിലാലോചിക്കണം. കുറെ പേര് ദുഷ്ടന്മാരായി ജനിച്ചതുകൊണ്ടാണോ? അങ്ങനെയൊന്നുമല്ല അത് സംഭവിച്ചത്. പ്രാചീനസമുദായത്തില്‍ ഉല്പാദനശക്തികള് വികസിക്കുകയും പ്രവര്‍ത്തി വിഭജനം ആവിര്‍ഭവിക്കുകയും അന്നന്നത്തേക്ക് വേണ്ടതിലുമധികം ഉല്പാദിപ്പിക്കുവാനും മിച്ചം ഉണ്ടാക്കാനും തുടങ്ങുകയും ചെയ്തതോടു കൂടിയാണ് ആദ്യമായി വര്‍ഗ്ഗവിഭജനം ഉണ്ടാകുന്നത്. പ്രകൃതിയുമായുള്ള പോരാട്ടത്തില്‍ ആദ്യമായി മാറ്റം വരുന്നത് ഉല്പാദനോപകരണങ്ങള്‍ക്കാണ്. മരം, കല്ല്, എല്ല് എന്നിവകൊണ്ടുള്ള പണിയായുധങ്ങള്‍ക്ക് പകരം ഓടു്, ഇരുമ്പു് എന്നിവ കൊണ്ടുള്ള പുതിയ പണിയായുധങ്ങള്‍ ഉണ്ടായത് അത്ഭുതകരമായ മാറ്റമാണ്. ഉല്പാദനത്തില് വമ്പിച്ച മാറ്റമാണ് ഇതുണ്ടാക്കിത്തീര്‍ത്തത്. കൂടുതല്‍ മിച്ചം ഉണ്ടാക്കുവാന്‍ തുടങ്ങുന്നത് ഈ സന്ദര്‍ഭത്തിലാണ്. വര്‍ഗ്ഗവിഭജനം തുടങ്ങുന്നതും സ്വകാര്യസ്വത്തുണ്ടാകുന്നതും ഈ ഘട്ടത്തില്‍ തന്നെയാണ്. ആദ്യകാലത്ത് ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ തടവുകാരെ പിടിക്കുക പതിവില്ല. പക്ഷെ, ഒരാളുടെ അദ്ധ്വാനം കൊണ്ട് അയാള്‍ക്ക് അത്യാവശ്യം വേണ്ടതിലുമധികം ഉല്പാദിപ്പിക്കുവാന് കഴിഞ്ഞപ്പോള്‍ യുദ്ധങ്ങളില്‍ തടവുകാരെ പിടിക്കുവാനും അവരെ കൊല്ലുന്നതിനും പകരം അടിമകളായി ജോലി ചെയ്യിപ്പിക്കാന്‍ തുടങ്ങി. മനുഷ്യചരിത്രത്തില്‍ ആദ്യമായി അടിമകളുണ്ടാകുന്നത് അങ്ങനെയാണ്. ക്രമേണ ക്രമേണ ജന്മിയും കുടിയാനും ബൂര്‍ഷ്വാസിയും തൊഴിലാളിയും എല്ലാമുണ്ടായി. വര്‍ഗ്ഗവിഭജനം ഉണ്ടായതിന്റെ വളരെ സാമാന്യമായ ഒരു വിശദീകരണമാണിത്.
വര്‍ഗ്ഗങ്ങളെ ഇങ്ങനെ പരിശോധിക്കുമ്പോള്‍ കാണാം അവ തമ്മിലുള്ള താല്പര്യവൈരുദ്ധ്യങ്ങള്‍. അടിമവ്യവസ്ഥയിലും, നാടുവാഴിത്തത്തിലും, മുതലാളിത്തത്തിലും എല്ലാം, വര്‍ഗ്ഗങ്ങള്‍ വിപരീത താല്പര്യങ്ങളുള്ളവയായിരുന്നു. അതുകൊണ്ടുതന്നെയാണ് വര്‍ഗ്ഗസമരങ്ങളും നടന്നത്. വിരുദ്ധതാല്പര്യമുള്ള വര്‍ഗ്ഗങ്ങള്‍ ഉള്ളിടത്തോളം കാലം വര്‍ഗ്ഗസമരം അനിവാര്യമാണ്. ഈ വര്‍ഗ്ഗസമരങ്ങള്‍ മൂര്‍ച്ഛിച്ച ഒരു പ്രത്യേകഘട്ടത്തില്‍ തൊഴിലാളിവര്‍ഗ്ഗം ഭരണാധികാരത്തില്‍ വരുന്നു. അവര്‍ വര്‍ഗ്ഗവ്യത്യാസങ്ങളെ ഉന്മൂലനം ചെയ്ത് വര്‍ഗ്ഗരഹിതമായ ഒരു സമൂഹം സൃഷ്ടിക്കുന്നു. അത്തരം സമൂഹത്തെയാണ് കമ്മ്യൂണിസ്റ്റ് സമൂഹമെന്ന് പറയുന്നത്. ചിലര്‍ പ്രചരിക്കപ്പെടുന്നത് പോലെ കമ്മ്യൂണിസ്റ്റുകാര്‍ കൃത്രിമമായി സൃഷ്ടിക്കുന്ന ഒന്നല്ല വര്‍ഗ്ഗസമരം. വര്‍ഗ്ഗസമരത്തിന്റെ ഉറവിടം ചൂഷകന്മാരും ചൂഷണം ചെയ്യപ്പെടുന്നവരും തമ്മില്‍ നിലനില്‍ക്കുന്ന അനുരഞ്ജിപ്പിക്കാവാനാവാത്ത സാമൂഹ്യവൈരുദ്ധ്യങ്ങളാണ്. വര്‍ഗ്ഗസമരങ്ങളെ താല്‍ക്കാലികമായി ഒതുക്കിനിര്‍ത്തുവാനോ, അടിച്ചമര്‍ത്താനോ കഴിഞ്ഞേക്കാം. എന്നാല്‍ അവ വീണ്ടും പുതിയ രൂപത്തില്‍ പൊട്ടിപ്പുറപ്പെടും. വര്‍ഗ്ഗവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ വര്‍ഗ്ഗസമരങ്ങള്‍ അനിവാര്യമാണ്. അവയില്‍ നിന്ന് മോചനം ലഭിക്കണമെങ്കില്‍ വര്‍ഗ്ഗങ്ങള്‍ തന്നെ ഇല്ലാതാകണം.
Download the mp3 of this post from here (10.3 MB)
കടപ്പാട്: "സാമൂഹികവികാസത്തിന്റെ നിയമങ്ങള്‍", എന്താണ് മാര്‍ക്സിസം - എന്‍.ഇ. ബാലറാം.
Pure red meat
Tuesday, November 24, 2009
സാമൂഹികവികാസത്തിന്റെ നിയമങ്ങള്‍ || Laws of Social Expansion
Labels:
podcast,
കമ്മ്യൂണിസം,
മാര്‍ക്സിസം,
രാഷ്ട്രീയം,
വിപ്ലവം
Location:
Hesse, Germany
Subscribe to:
Post Comments (Atom)
Rate this post
About Me

- ബീഫ് ഫ്രൈ||b33f fry
- Omnipresent. ഞങ്ങളെ എല്ലാവര്‍ക്കുമറിയാം. ഞങ്ങളാരെന്നും, ഞങ്ങളുടെ രാഷ്ട്രീയമെന്തെന്നും എല്ലാം. അത് തന്നെയാണ് ഞങ്ങളുടെ ശാപവും. ഞങ്ങളുടെ അഭിപ്രായങ്ങളെ ആ ഒരു ജാലകത്തില്‍ കൂടി മാത്രം കാണുവാനും വിമര്‍ശിക്കുവാനും തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഒളിച്ചോടി. ഇപ്പോള്‍ ഇവിടെ പൊങ്ങുന്നു.
Category
- podcast (3)
- കമ്മ്യൂണിസം (18)
- കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (11)
- ഗണിതം (1)
- ചോദ്യം (2)
- തെരെഞ്ഞെടുപ്പ് (1)
- തെലുങ്കാന (1)
- ഭൗതികവാദം (1)
- മാദ്ധ്യമങ്ങള്‍ (1)
- മാര്‍ക്സിസം (15)
- മിച്ചമൂല്യം (1)
- യുക്തി (1)
- രാഷ്ട്രീയം (18)
- വിപ്ലവം (7)
- വൈരുദ്ധ്യാത്മകവാദം (1)
- സമരം (1)
ചരിത്രപരമായ ഭൗതികവാദം വളര്‍ന്നുവന്നതോടുകൂടിയാണ് ചരിത്രം യഥാര്‍ത്ഥത്തില്‍ ഒരു ശാസ്ത്രമായത്. വെറും യാദൃശ്ചിക സംഭവങ്ങളുടെ കൂമ്പാരമോ, രാജാക്കന്മാരുടെയും, രാജ്ഞിമാരുടെയും പ്രേമലീലകളോ, തമ്പുരാക്കന്മാരുടെ അരിയിട്ടുവാഴ്ചകളോ അല്ല ചരിത്രമെന്നു വന്നത് അതിനുശേഷമാണ്. നിരവധി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പക്ഷിമൃഗാദികളെപ്പോലെ മനുഷ്യന് പ്രകൃതിയുടെ അടിമയായിരുന്നു. നീണ്ടകാലം അവന് അങ്ങനെ കഴിഞ്ഞുകൂടിയെങ്കിലും മെല്ലെമെല്ലെ അവന് പ്രകൃതിയെ കീഴടക്കുവാന്‍ തുടങ്ങി. അതൊരു ദീര്‍ഘമായ ചരിത്രമാണ്. അതിനിടയില്‍ അവന് പുതിയ പല പ്രശ്നങ്ങളേയും നേരിടേണ്ടി വന്നു.
ReplyDeleteബീഫെ,
ReplyDeleteവായിക്കുന്നുണ്ട്.
തീര്‍ച്ചയായും “മിച്ചം” എന്ന പദവും ആ മിച്ചം “സ്വകാര്യ” സ്വത്തായി മാറുന്നതുമാണ് പ്രസക്തമായ സംഗതികള്‍.