Wednesday, November 11, 2009

ഉപതിരഞ്ഞെടുപ്പ് ഫലം - ചില ചിന്തകള്‍

ചിന്തകളുടെ ചായ്വ് ഇടത്തേക്കായിരുന്നു പണ്ട് മുതലേ. ഓരോ ഇലക്ഷന് ശേഷവും ഇടതുപക്ഷത്തിന്റെ ജയപരാജയങ്ങളും വികാരപരമായിത്തന്നെയാണ് ഉള്‍ക്കൊണ്ടിരുന്നത്. കഴിഞ്ഞ ലോകസഭാ ഇലക്ഷന് ഇടതുപക്ഷത്തിനേറ്റ അടി, പണ്ട് യു.ഡി.എഫിന് വടക്കാഞ്ചേരി മണ്ഡലത്തില്‍ മുരളിയെ നിര്‍ത്തി തോറ്റപ്പോള്‍ കിട്ടിയതിനേക്കാള്‍ രൂക്ഷതയേറിയതാണെന്നാണ് എനിക്ക് തോന്നിയത്. എന്നാല്‍ ഇത്തവണത്തെ ഉപതെരെഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം രോമാഞ്ചമണിയുന്നവരെ കാണുമ്പോള്‍ ഒരു തരം നിസ്സഹായതയാണ് തോന്നുന്നത്.

ജനാധിപത്യ സമ്പ്രദായത്തില്‍ നടക്കുന്ന തെരെഞ്ഞെടുപ്പില്‍ ഒരു കക്ഷിക്ക് പ്രയോജനമുണ്ടാക്കുന്നത് അവര്‍ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയുടെ ജയമാണ് എന്ന കാര്യത്തില്‍ സംശയമില്ല. ചില നിബന്ധനകള്‍ക്ക് വിധേയമായി ഭരിക്കുന്ന കക്ഷിക്കെതിരായുള്ള വിധിയായിട്ടും അതിനെ നമ്മുക്ക് കണക്കാക്കാം. എന്നാല്‍ ആ നിബന്ധനകള്‍ക്കപ്പുറത്ത് ഒരു വിജയത്തെ ഭരണ കക്ഷിയുടെ പരാജയമായി വിലയിരുത്തപ്പെടുന്നത് അല്പത്തരമാണ്. ഈ നാറിയ പണിയാണ്, നമ്മുടെ പ്രിയ മാദ്ധ്യമങ്ങളും വലതുകക്ഷി നേതാക്കളും യാതൊരുളുപ്പിമില്ലാതെ കാണിച്ചുകൊണ്ടിരിക്കുന്നത്.


യു.ഡി.എഫിന്റെ മൂന്ന് സിറ്റിങ്ങ് സീറ്റുകളില്‍, അവരുടെ ഉരുക്കു കോട്ടയായ കണ്ണൂര്‍ നിയമസഭാ മണ്ഡലമുള്‍പടെ (കണ്ണൂരെന്ന് കേള്‍ക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയല്ലേ എന്ന് സംശയം സ്വാഭാവികം. എന്നാല്‍ ഇടതിതര കക്ഷികള്‍ക്ക് "പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാത്ത"കണ്ണൂരിലെ ഈ നിയമസഭാ മണ്ഡലത്തില്‍ ഒരൊറ്റത്തവണ മാത്രമേ ഇടതുപക്ഷത്തിന് ജയിക്കുവാന്‍ സാധിച്ചിട്ടുള്ളൂ.) ഉള്ളവയില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ സാദ്ധ്യത കൂടുതല്‍ യു.ഡി.എഫിനാണ് എന്നത് ഏത് കൊച്ചു കുട്ടിക്കും അറിവുള്ള കാര്യമാണ്.

"വിഎസ് സര്‍ക്കാര്‍ രാജിവെച്ച് ജനവിധി തേടണം" - കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല.
"തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രാജിവയ്ക്കണം"; കെ എം മാണി.

കഴിഞ്ഞ യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്തൊരു ഉപതെരെഞ്ഞെടുപ്പ് നടന്നിരുന്നു. യു.ഡി.എഫിന്റെ സിറ്റിങ്ങ് സീറ്റായിരുന്ന വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ അന്നത്തെ വൈദ്യുത മന്ത്രി ആയിരുന്ന കെ. മുരളീധരന്‍ മത്സരിച്ച് തോല്‍ക്കുകയാണുണ്ടായത്. എന്നിട്ട് അന്നത്തെ സര്‍ക്കാര്‍ രാജി വെച്ചോ?

ഉപതെരെഞ്ഞെടുപ്പ് ഫലങ്ങളുടെ കണക്കുകളിലേക്ക് നോക്കുമ്പോഴാണ് അതിനേക്കാള്‍ രസകരമായ സംഗതികള്‍ കാണുവാന്‍ കഴിയുന്നത്.


ശക്തമായ ഇടതനുകൂല തരംഗം നിലനിന്നിരുന്ന 2006-ലെ തെരെഞ്ഞെടുപ്പില്‍, കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ 51.10% വോട്ട് നേടിയാണ് കെ.സുധാകരന്‍ ജയിച്ചത്. 2001-ലെ തെരെഞ്ഞെടുപ്പില്‍ സുധാകരന്‍ നേടിയത് 56.81% വോട്ടാണ്. 2009-ലെ ഉപതെരെഞ്ഞെടുപ്പില്‍ ഉണ്ടാകാവുന്ന സര്‍ക്കാര്‍വിരുദ്ധ വോട്ടുകള്‍ (?) പിടിക്കുവാന്‍ അബ്ദുള്ളക്കുട്ടി പരാജയപ്പെട്ടില്ലേ എന്ന സ്വാഭാവികമായ സന്ദേഹം മാദ്ധ്യമങ്ങളൊന്നും അവലോകനം ചെയ്തു കണ്ടില്ല.

ഉപതെരെഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലേയും ആകെ പോള്‍ ചെയ്ത വോട്ടുകളും, ഇരു മുന്നണിക്ക് ലഭിച്ച വോട്ടുകളും ഒക്കെ വെച്ച് ഒരു പഠനം നടത്തുകയാണെങ്കില്‍ ലഭിക്കുന്നത് മാദ്ധ്യമങ്ങള്‍ തന്നിട്ടുള്ളതില്‍ നിന്നും വളരെ വ്യത്യസ്തമായൊരു ചിത്രമായിരിക്കും.

2009-ല്‍ മൂന്ന് മണ്ഡലങ്ങളില്‍ നിന്നുമാകെ പോള്‍ ചെയ്ത വോട്ടില്‍, യു.ഡി.എഫ്-ന്റെ പങ്കെന്ന് പറയുന്നത്, 50.32% വോട്ടാണ്. 2006-ലെ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഈ മണ്ഡലങ്ങളിലുണ്ടായിരുന്ന സ്വാധീനം 53.01% വോട്ടാണെന്ന കാര്യം കൂടി പറയുമ്പോഴേ ചിത്രം പൂര്‍ണ്ണമാകുന്നുള്ളൂ. അതായത്, 2006-ലെ ഇടതനുകൂലതരംഗത്തിന്റെ സമയത്തുള്ള അത്ര വോട്ട് പോലും യു.ഡി.എഫിന് ഇത്തവണ പിടിക്കുവാന്‍ സാധിച്ചിട്ടില്ല.


അതേ സമയം, എല്‍.ഡി.എഫിനാകട്ടെ "കടുത്ത സര്‍ക്കാര്‍വിരുദ്ധതരംഗത്തിനിടയിലും" 2006-ലെ വോട്ട് ശതമാനം നിലനിര്‍ത്തുവാന്‍ സാധിച്ചു. 2006-ല്‍ 41.35% ഉണ്ടായിരുന്നത് 2009-ല്‍ 41.38% ആയി. 0.03% വോട്ടിന്റെ ആ ചെറിയ വര്‍ദ്ധനവ് കണക്കാക്കതെയിരിക്കുകയാണെങ്കില്‍ പോലും, എല്‍.ഡി.എഫ്-ന് കാര്യമായ പരിക്ക് ഈ തെരെഞ്ഞെടുപ്പില്‍ സംഭവിച്ചിട്ടില്ല.

മൂന്ന് മണ്ഡലങ്ങളിലേയും ആകെ വോട്ടിന്റെ വര്‍ദ്ധനവ് 5.52 ശതമാനമാണ് (2006-ലെ 269054-ല്‍ നിന്നും 2009-ല്‍ 283916 ആയി). യു.ഡി.എഫിന്റെ വോട്ട് 2006-ലെ 142614-ല്‍ നിന്നും 142880 ആയി വര്‍ദ്ധിച്ചു (0.19% വര്‍ദ്ധനവ്). അതേ സമയം എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്നവരുടെ വര്‍ദ്ധനവെന്ന് പറയുന്നത്, 5.58 ശതമാനമാണ് (2006-ലെ 111268-ല്‍ നിന്നും 117472). ചുരുക്കത്തില്‍ മണ്ഡലങ്ങളിലെ ആകെ വോട്ടര്‍മാരുടെ വര്‍ദ്ധനവിനേക്കാള്‍ എല്‍.ഡി.എഫ് വോട്ടുകള്‍ വര്‍ദ്ധിച്ചു (ആകെ വര്‍ദ്ധനവില്‍ നിന്നും യു.ഡി.എഫിന് പോയത് കണക്കാക്കാതെയാണിത്). എല്‍.ഡി.എഫിന് അനുകൂലമായി കള്ളവോട്ടുകള്‍ പുതിയതായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട് എന്ന വാദം പോലും ഈ കണക്കുകള്‍ക്ക് മുന്നില്‍ നിലനില്‍ക്കുന്നില്ല. കള്ളവോട്ടുകള്‍ പോള്‍ ചെയ്തിട്ടില്ല എന്ന യു.ഡി.എഫ് നേതാക്കളുടെ സെര്‍ട്ടിഫിക്കറ്റ് കൂടെ വയ്ക്കുമ്പോള്‍, എല്‍.ഡി.എഫിന്റെ വര്‍ദ്ധിച്ച ജനപിന്തുണയ്ക്ക് നേരെ കണ്ണടയ്ക്കുവാന്‍ ബുദ്ധിയും വിവേകവുമുള്ളവര്‍ക്ക് സാധിക്കില്ല.

ഈ കണക്കുകളൊന്നും കാണാതെ എല്‍.ഡി.എഫിനെതിരായ ജനവിധിയാണിത്, ഗവണ്‍മെന്റ് രാജി വയ്ക്കണം എന്നൊക്കെ പറയുന്നത് രാഷ്ട്രീയമായ പക്വതയില്ലായ്മയാണ്. ഇടതുപക്ഷത്തെ അന്ധമായി എതിര്‍ക്കുക എന്നൊരു നയം മാത്രമുള്ള വലതു കക്ഷികളില്‍ നിന്നും ഇതിനേക്കാള്‍ ബാലിശമായ പ്രസ്താവനകളും, പ്രവര്‍ത്തനങ്ങളും ഉണ്ടാകാതെയിരിക്കുന്നതില്‍ മാത്രമേ അദ്ഭുതമുള്ളൂ.

28 comments:

 1. കഴിഞ്ഞ യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്തൊരു ഉപതെരെഞ്ഞെടുപ്പ് നടന്നിരുന്നു. യു.ഡി.എഫിന്റെ സിറ്റിങ്ങ് സീറ്റായിരുന്ന വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ അന്നത്തെ വൈദ്യുത മന്ത്രി ആയിരുന്ന കെ. മുരളീധരന്‍ മത്സരിച്ച് തോല്‍ക്കുകയാണുണ്ടായത്. എന്നിട്ട് അന്നത്തെ സര്‍ക്കാര്‍ രാജി വെച്ചോ?

  ഉപതെരെഞ്ഞെടുപ്പ് ഫലങ്ങളുടെ കണക്കുകളിലേക്ക് നോക്കുമ്പോഴാണ് അതിനേക്കാള്‍ രസകരമായ സംഗതികള്‍ കാണുവാന്‍ കഴിയുന്നത്.

  ReplyDelete
 2. ഇത് തന്നെയാണു CPM സെക്രട്ടറിയേറ്റ് ഇന്നലെ ഇറക്കിയ പത്രവാര്‍ത്തയും പറയുന്നെ.വോട്ട് മറ്റെ 2006 ലെവലില്‍ തന്നെയാണെന്ന്.

  ഇവിടെ തിരെഞ്ഞെടുപ്പ് നടന്ന എല്ലായിടത്തും പോയി വൊട്ട് തെണ്ടിയ മുഖ്യനും , ലാവ്ലിന്‍ സഖാവും പറഞ്ഞതാണു തിരെഞ്ഞെടുപ്പ് ഫലം ഇവിടുത്തെ ഗവ: പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിലയിരുത്തലാവുമെന്ന്. അതങ്ങനെത്തന്നെ പ്രതിപക്ഷം അംഗീകരിക്കുകയും ആ വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്തതാണു.അല്ലാതെ ഈ മൂന്ന് മണ്ടലങ്ങളിലും തോറ്റതു കൊണ്ടല്ല രാജിവെക്കാന്‍ ആവശ്യപ്പെടുന്നതു. എന്നിട്ട് ഇപ്പൊ തൊറ്റപ്പൊള്‍, ജനം മുഖത്ത് നോക്കി ആഞ്ഞടിച്ചപ്പോള്‍ പണ്ടത്തെ കണക്കെല്ലാം പറഞ്ഞ് വീണ്ടും കൊഞ്ഞനം കുത്തുന്നൊ?

  ഉപതെരെഞ്ഞെടുപ്പില്‍ ഈ ഏറണാകുളത്തു പണ്ടു സഖാക്കള്‍ വന്‍ വിജയം നേടിയിട്ടുണ്ടെന്നതെല്ലാം മറന്നൊ?

  ReplyDelete
 3. @പാഞ്ഞിരംപാടം

  ഇവിടെ വന്ന് കമന്റെഴുതിയതിന് നന്ദി. വീണ്ടും വരിക. :)

  ReplyDelete
 4. ട്വിറ്ററില്‍ പ്രതീഷ്‌ (ഞാന്‍ എന്ന ബ്ലോഗിന്റെ കുത്തക മുതലാളി) പ്രകാശുമായി ഒരു ആരോഗ്യപരമായ സംവാദം നടന്നു, ഈ പോസ്റ്റിനെക്കുറിച്ച്. അവിടെ ഞാന്‍ ഉന്നയിച്ച ചില കാര്യങ്ങള്‍ ചുരുക്കി പറഞ്ഞു കൊള്ളട്ടെ.


  ആദ്യമായി, ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കണക്കുകള്‍ എല്ലാം തികച്ചും ശരിയാണ് എന്നു പൂര്‍ണ മനസ്സോടെ അംഗീകരിക്കുന്നു. പക്ഷേ നമ്മള്‍ കണ്ണടച്ച് കളയാന്‍ പാടില്ലാത്ത ഒരു വസ്തുത ഉണ്ട്: വെറും സ്റ്റാറ്റിസ്റ്റിക്സ് കൊണ്ടു വിശദീകരിക്കാവുന്നതല്ല ജനഹിതം. ഇവിടെ subjective ആയ ചില factors കൂടി കണക്കിലെടുക്കേണ്ടതാണ്.


  1. കണ്ണൂര്‍ നിയോജക മണ്ഡലം എന്നും എല്‍ ഡി എഫിന്, പ്രത്യേകിച്ചും സി പി എമ്മിന് ഒരു ബാലി കേറാ മല ആയിരുന്നു. എന്നാല്‍ ഇത്തവണ, അബ്ദുല്ലക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം ഒന്ന് കൊണ്ടു മാത്രം, വിശേഷമായ ഒരു സാഹചര്യം അവിടെ ഉടലെടുക്കേണ്ടതായിരുന്നു. നരേന്ദ്ര മോഡിയെ പിന്തുണച്ചു എന്ന ഒരൊറ്റ കാരണം മതിയായിരുന്നു, ആ കാരണം കൊണ്ടു അയാളെ പുറത്താക്കിയവര്‍ക്കു മുസ്ലീം പിന്തുണ ലഭിക്കാന്‍. (എന്നാല്‍, വോട്ടര്‍ പട്ടിക വിവാദത്തില്‍ സി പി എം പ്രതിരോധത്തിലായതോടെ, കാര്യങ്ങള്‍ യു ഡി എഫിന് എളുപ്പമായി തീര്‍ന്നു.)  2. "കള്ളവോട്ടുകള്‍ പോള്‍ ചെയ്തിട്ടില്ല എന്ന യു.ഡി.എഫ് നേതാക്കളുടെ സെര്‍ട്ടിഫിക്കറ്റ് കൂടെ വയ്ക്കുമ്പോള്‍..." ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കണ്ണൂര്‍ സ്വദേശിയും അരിവാള്‍ ചുറ്റികയിലല്ലാതെ മറ്റൊരു ചിഹ്നത്തില്‍ ഇത് വരെ കുത്താത്തവനുമായ ഞാന്‍ ഇത് അംഗീകരിക്കില്ല. ഇത്തരം എത്രയോ തെരഞ്ഞെടുപ്പുകള്‍ കണ്ടിരിക്കുന്നു. മറ്റു ജില്ലകളിലെ സ്ഥിതി എനിക്കറിയില്ല; പക്ഷേ എന്റെ ഏറ്റവും അടുത്ത ബന്ധുക്കള്‍ പോലും പാര്‍ട്ടിയോടുള്ള സ്നേഹത്താല്‍ ഇങ്ങനെ ചെയ്തിട്ടുള്ളത് ഏറെ വ്യസനം ഉളവാക്കിയ കാര്യം ആണ്. ദയവു ചെയ്തു പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാനുള്ള വെറും രാഷ്ട്രീയ ഗിമ്മിക്കായി ഈ പ്രസ്താവനയെ കാണരുത്. വോട്ടര്‍ പട്ടിക വിവാദം 100 ശതമാനവും എഴുതി തള്ളാന്‍ പറ്റുന്ന ഒന്നല്ല. അതല്ല യഥാര്‍ത്ഥ പ്രശ്നം- അങ്ങനെയല്ല എന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇത്തവണ പാര്‍ടിക്ക് കഴിഞ്ഞില്ല.


  3. മറ്റു രണ്ടു മണ്ഡലങ്ങളിലും ഉമ്മന്‍ ചാണ്ടിയുടെ വലം കൈയും പ്രധാന സഹായിയും ആയിരുന്ന മനോരമ പത്രത്തിനു കാര്യമായി ഒരു സ്വാധീനം ചെലുത്താന്‍ പറ്റുന്ന ഒരു പ്രദേശമല്ല ഉത്തര മലബാര്‍. കണ്ണൂര്‍ നഗര പരിധി കഴിഞ്ഞാല്‍ മനോരമയ്ക്ക് കാര്യമായി സബ്സ്ക്രിപ്‌ക്ഷന്‍ ഉള്ളത് ഇരിട്ടി, ഇരിക്കൂര്‍ മുതലായ കുടിയേറ്റ കര്‍ഷകരുള്ള മലയോര മേഖലകളിലാണ്. പിന്നെ കാസര്‍ഗോഡ്‌ ജില്ലയിലെ ചെറു പട്ടണങ്ങളിലും. അത് കൊണ്ടു തന്നെ മനോരമയുടെ കൈ മെയ് മറന്നുള്ള അഭ്യാസങ്ങള്‍ വോട്ടര്‍മാരിലെ വലിയൊരു പക്ഷത്തെയും സ്വാധീനിച്ചിട്ടില്ല എന്നു വ്യക്തം.


  4. ഇത്തവണ നടന്നത് പോലെ വീറും വാശിയും ഉള്ള ഒരു തെരഞ്ഞെടുപ്പ് സമീപ കാലത്തൊന്നും കണ്ണൂരില്‍ നടന്നിട്ടില്ല. വോട്ടര്‍ പട്ടികയില്‍ ചേരാന്‍ ഇത്രയും ആളുകള്‍ ഒരേ സമയത്ത് താത്പര്യം കാണിക്കുന്നത് അപൂര്‍വ്വം. ശരിക്കും സി പി എമ്മിന് വലിയ പരിക്കുകള്‍ പറ്റിയിട്ടില്ല എങ്കില്‍, അതിനു ഈ നഗര പരിധിക്ക് പുറത്തുള്ള വോട്ടര്‍മാരോട് നന്ദി പറയണം. പ്രത്യേകിച്ച്, ചിറക്കല്‍ പോലുള്ള ഉറച്ച പാര്‍ട്ടി കോട്ടകള്‍ കാലു വാരിയപ്പോള്‍.


  ഇങ്ങനെ എതിര്‍ വാദങ്ങള്‍ ഏതാണ്ടെല്ലാം തന്നെ വഴി മുട്ടുകയാണ്. അപ്പോള്‍ പിന്നെ യഥാര്‍ത്ഥ കാരണങ്ങള്‍? എന്റെ ബുദ്ധിയില്‍ തോന്നുന്നത് ഞാന്‍ അടുത്ത കമന്റില്‍ പറയാം.

  ReplyDelete
 5. യഥാര്‍ത്ഥ കാരണങ്ങള്‍ വിശകലനം ചെയ്യുന്നതിന് മുന്‍പ് അനുബന്ധമായി, ഒരു ന്യായവാദത്തിനു കൂടി ഇവിടെ മറുപടി പറഞ്ഞു കൊള്ളട്ടെ. മെയ്‌ മാസത്തില്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ നേടിയ 23000 വോട്ടിന്റെ ഭൂരിപക്ഷം എവിടെ എന്ന ചോദ്യം:-  എന്റെ സഖാവേ, ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ ഒരു വോട്ടര്‍ ദേശീയ രാഷ്ട്രീയാവസ്ഥ കൂടെ കണക്കിലെടുക്കുന്നുണ്ട് എന്നത് എഴുതി തള്ളാമോ? ഒരു സ്റ്റേബിള്‍ ഗവണ്മെന്റ് അധികാരത്തില്‍ വരണമെന്ന വികാരം രാജ്യം മുഴുവന്‍ അലയടിച്ചിരുന്നു. (അല്ലാതെ വെറുതെ ഇവിടത്തെ കോണ്‍ഗ്രസ്‌ ചക്ക ചെയ്തു മാങ്ങാ ചെയ്തു എന്നൊന്നും കണ്ടിട്ടല്ല.) അപ്പോള്‍ കണ്ണൂരിലെ വോട്ടറെയും സ്വാധീനിച്ചു കാണുമല്ലോ ഈ ഘടകം. തങ്ങളുടെ വോട്ട് പാഴാകാതെ ജയിക്കാന്‍ പോകുന്ന സ്ഥാനാര്‍ഥിക്ക് പോകട്ടെ എന്നായിരിക്കും നിഷ്പക്ഷരായ വോട്ടര്‍മാര്‍ പൊതുവേ താത്പര്യപ്പെടുക.ഒരാള്‍ ജയിക്കാന്‍ പോകുന്നു എന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിക്കഴിഞ്ഞാല്‍, പിന്നെ ഭൂരിപക്ഷം കൂടുന്നത് സ്വാഭാവികം മാത്രം. കണ്ണൂരിലെ ജനങ്ങള്‍ക്ക്‌ താരതമ്യേന അപരിചിതനായ കെ. കെ. രാഗേഷിന്റെ വിജയസാധ്യതകള്‍ അന്ന് നാട്ടിലെ പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ക്ക് പോലും ശോഭനമായി തോന്നിയിട്ടില്ല. പ്രത്യേകിച്ച്, കോണ്‍ഗ്രസ്‌, അവരുടെ ഏറ്റവും കരുത്തനായ സ്ഥാനാര്‍ഥിയെ ഗോദയില്‍ ഇറക്കിയപ്പോള്‍. ഭരണ വിരുദ്ധ വികാരം (കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍, പാര്‍ട്ടി നേതാക്കന്മാര്‍ക്കെതിരായ വികാരം) ജനങ്ങള്‍ക്കിടയില്‍ ശക്തമായിരുന്നു താനും.


  എന്നാല്‍ ഈ സാഹചര്യങ്ങളില്‍, അവസാനം പറഞ്ഞത് മാത്രമേ, ഇത്തവണ സി പി എമ്മിനെതിരായുണ്ടായിരുന്നുള്ളൂ. (അതാവട്ടെ, എന്നത്തേക്കാളും ശക്തമായിരുന്നു താനും.) എം. വി. ജയരാജന്‍, വെറുമൊരു 'ചെക്കന്‍' അല്ല; പാര്‍ട്ടിയില്‍ ഏറെ കാലത്തെ പ്രവൃത്തി പരിചയം ഉള്ള നേതാവാണ്‌; പ്രസംഗങ്ങളില്‍, എതിരാളിക്കെതിരെ ആഞ്ഞടിക്കാനുള്ള കഴിവും ഉണ്ട്. പഴയ കണ്ണൂര്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നല്ല അവഗാഹവുമുണ്ട്. ഇത്തവണ ഇരു പക്ഷങ്ങളിലെയും സ്ഥാനാര്‍ഥികളെ കണക്കിലെടുത്ത് ഒരു ശക്തമായ പോരാട്ടം പ്രതീക്ഷിച്ചവര്‍ ഏറെയാണ്‌. പാര്‍ട്ടി അനുഭാവികളെ ബൂത്തുകളില്‍ എത്തിക്കുന്നതില്‍ മുന്‍പെന്നത്തെക്കാളും ശുഷ്കാന്തി കാണുകയും ചെയ്തു. മറുവശത്ത്‌, കെ. സുധാകരനോ, രാമകൃഷ്ണനോ അല്ല മത്സരിച്ചത്. ഇന്നലെ വരെ തങ്ങള്‍ നഖശിഖാന്തം എതിര്‍ത്ത ഒരു വ്യക്തിയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ മുറുമുറുപ്പുകള്‍. അപ്പോള്‍ സ്വാഭാവികമായും, ലീഡ് നില കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളെക്കാളും കുറയുകയല്ലേവേണ്ടിയിരുന്നത്?

  ReplyDelete
 6. കണ്ണൂരില്‍ ഇരുപക്ഷവും പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ വലിയ അന്തരം ലീഡ് നിലയില്‍ വന്നതിനു എനിക്ക് തോന്നിയ ചില കാരണങ്ങള്‍: (പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നു എന്നു തോന്നിയാല്‍ ക്ഷമിക്കുക. സ്വതന്ത്ര ചിന്താഗതിയുള്ളവര്‍ക്ക്, തലച്ചോര്‍ ആര്‍ക്കും പണയപ്പെടുത്തിയിട്ടില്ലാത്തവര്‍ക്ക്, ഇന്നത്തെ നേതാക്കള്‍ പറയുന്നതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങാന്‍ പ്രയാസമുണ്ടാകും. സ്വന്തം സ്വത്തും സമ്പാദ്യവും മുഴുവന്‍ പാര്‍ട്ടിക്കു ദാനം ചെയ്ത നേതാക്കന്മാരുടെ കാലം അല്ല ഇത്.)


  1. ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും വ്യക്തമായി പ്രവര്‍ത്തിച്ച ഘടകം, ലോകസഭാ തെരഞ്ഞെടുപ്പിന്റെ റിസള്‍ട്ട്‌ ആണ്. വലിയ ഒരു ഇടവേള ഇല്ലാത്ത ഈ രണ്ടു തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍, പ്രത്യാശാജനകമായ ഒരു മാറ്റം അല്ലെങ്കില്‍ ഒരു വന്‍ പദ്ധതി സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടെയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പകരം (സി പി എം) മന്ത്രിമാരെല്ലാം സംഘം ചേര്‍ന്ന് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുക മാത്രം. അപ്പോള്‍, പ്രതീക്ഷകള്‍ക്കപ്പുറം വോട്ട് ചോര്‍ച്ച ഉണ്ടാകുമാറു ഒരു വികാരം സര്‍ക്കാരിനെതിരെ ഉണ്ടായിട്ടുണ്ട്.വെറുമൊരു ഭരണമാറ്റം കൊണ്ടു തടുക്കാവുന്നതിലപ്പുറത്തേക്ക് കാര്യങ്ങള്‍ വളര്‍ന്നിരിക്കുന്നു. അല്ലെങ്കില്‍, ഈ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടു, കഴിഞ്ഞ 6 മാസങ്ങള്‍ക്കുള്ളില്‍, ഒരു നയവ്യതിയാനം പ്രതീക്ഷിക്കാമായിരുന്നു.ഒന്നും തന്നെ കണ്ടില്ല എന്നത് കാര്യങ്ങള്‍ എങ്ങോട്ട് പോകുന്നു എന്നു വ്യക്തമാക്കുന്നു.


  2. തദ്ദേശീയ ഭരണം- ഈയടുത്ത കാലത്ത്, കോണ്‍ഗ്രസ്‌ ഭരിക്കുന്ന കണ്ണൂര്‍ നഗരസഭയില്‍ വികസനത്തോട്‌ അവര്‍ കാണിച്ച ആഭിമുഖ്യം ആര്‍ക്കും ബോധ്യപ്പെടുന്ന ഒന്നാണ്. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ നഗരത്തിന്റെ മുഖഛായ തന്നെ മാറിയിട്ടുണ്ട്. കഴിഞ്ഞ കൊല്ലം ഉദ്ഘാടനം ചെയ്ത കണ്ണൂരിലെ പുതിയ ബസ്‌സ്റ്റാന്റ് കേരളത്തിലെ ഏറ്റവും വലിയ പ്രൈവറ്റ് ബസ്‌സ്റ്റാന്റ് ആണ്. അന്താരാഷ്ട്ര നിലവാരത്തോടു കിട പിടിക്കാവുന്ന രീതിയിലുള്ള നിര്‍മാണവും. വളരെ നല്ല രീതിയില്‍ മെയിന്റൈന്‍ ചെയ്യുന്ന ഒരു ബസ്‌സ്റ്റാന്റ് already ഉള്ളപ്പോഴാണിതെന്നു ഓര്‍ക്കണം. തൊട്ടടുത്ത്‌ കിടക്കുന്ന തലശ്ശേരി (Tellicherry - എന്റെ പേര് ശ്രദ്ധിക്കൂ..) നഗരത്തിന്റെ ശോചനീയാവസ്ഥ കൂടി ഇവിടെ കണക്കിലെടുക്കണം. കേരളത്തിലെ ആദ്യത്തെ മുനിസിപാലിറ്റി ആണ് തലശ്ശേരി എന്നത് ഇന്നാര്‍ക്കും ഓര്‍മ കാണില്ല. തുടങ്ങിയേടത്തു തന്നെ കിടക്കാനാണ് ഈ നഗരത്തിന്റെ ദുര്‍വിധി. നഗരത്തിലേക്ക് വരാനുള്ള പ്രധാന പാത നിര്‍മിച്ചത്, 1937 - ല്‍ ആണ്. അതിനു ശേഷം ഇത് വരെ അറ്റകുറ്റപണികള്‍ ഒന്നും തന്നെ ഈ റോഡില്‍ നടന്നിട്ടില്ല. നേരത്തെ പറഞ്ഞ ഉദാഹരണവുമായി തട്ടിച്ചു നോക്കുമ്പോള്‍, ഏറെ കാലത്തെ ആവശ്യങ്ങള്‍ക്ക് ശേഷം ആണ് ഇവിടെ അപൂര്‍ണമായ രീതിയില്‍, ബസ്‌ സ്റ്റാന്റ് നവീകരണം എങ്കിലും നടന്നത്. ഇന്നും, റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ മര്യാദക്ക് ഒരു റോഡ്‌ ഇവിടെ ഇല്ല.പഴയ പാര്‍ട്ടി വികാരം ജനങ്ങളില്‍ നഷ്ടമായിക്കൊണ്ടിരിക്കുമ്പോള്‍, പ്രത്യേകിച്ച്, അത് നില നിര്‍ത്തണമെന്ന താത്പര്യം നേതാക്കള്‍ക്ക് നഷ്ടപ്പെടുമ്പോള്‍, ഇതൊക്കെ ശ്രദ്ധിക്കപ്പെടും. ഈയുള്ളവന്‍ കോണ്‍ഗ്രസ്സിന്റെ നയങ്ങളോട് ഒട്ടും തന്നെ യോജിപ്പില്ലാത്ത ആളാണ്‌. എങ്കിലും യാഥാര്‍ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്നതില്‍ കാര്യമില്ലല്ലോ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍, കേരളം മുഴുവന്‍ ഇടതു തരംഗം ആഞ്ഞടിച്ചപ്പോള്‍, 96 -ലെ ഉപതെരഞ്ഞെടുപ്പില്‍ നായനാരെ 24000 വോട്ടിന്റെ റെക്കോര്‍ഡ്‌ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച തലശ്ശേരി മണ്ഡലത്തില്‍, കോടിയേരിയെ പോലുള്ള സമുന്നതനായ ഒരു നേതാവിന് കിട്ടിയ ഭൂരിപക്ഷം ഒന്ന് ചേര്‍ത്ത് വായിക്കുക, ഇതിനോടൊപ്പം.

  ReplyDelete
 7. 3. ഒരു സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പിനെ സ്വന്തം ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്ന വേദിയാക്കി മാറ്റിയാല്‍ എന്ത് സംഭവിക്കുമെന്ന് 2006 - ല്‍ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി നമ്മളെ പഠിപ്പിച്ചതാണ്. എല്‍ ഡി എഫിന്റെ ഉരുക്ക് കോട്ടയായ എടക്കാടല്ലല്ലോ, കണ്ണൂര്‍. പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും ഇത്തരം ഭാഷ ഉപയോഗിക്കാം. പക്ഷേ താന്‍ മണ്ഡലത്തിന് വേണ്ടി എന്ത് ചെയ്യും എന്നു ജനങ്ങളോട് പറയുന്ന വേളയിലെങ്കിലും അല്‍പ സ്വല്പം വിനയമൊക്കെ ആയിക്കൂടെ സഖാവേ? അല്ലെങ്കിലും, മണ്ഡല വികസനം ഈ തെരഞ്ഞെടുപ്പില്‍ ഒരു വിഷയമാക്കാന്‍ എം. വി. യോ പാര്‍ട്ടിയോ ഒട്ടും തന്നെ താത്പര്യം കാണിച്ചില്ല. കെ കരുണാകരന്റെ പോലെ വൈഡ്‌ സ്ക്രീന്‍ പ്ലാസ്റ്റിക്‌ ചിരി വേണമെന്നല്ല പറഞ്ഞത്; ഇത്തിരി പത്തി താഴ്ത്തണം ജനങ്ങളുടെ മുന്‍പില്‍.


  4. പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍. ഈ തെരഞ്ഞെടുപ്പില്‍, ഞങ്ങള്‍ പാഠം പഠിക്കില്ല എന്നു പാര്‍ട്ടി തെളിയിച്ചു. പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ക്ക് വളരെയധികം സങ്കടം ഉണ്ടാക്കിയതാണ് ഇവിടത്തെ വിഭാഗീയത. പിണറായി- വി. എസ്. ദ്വന്ദങ്ങളെ താത്കാലികമായി അടക്കിയപ്പോള്‍ അത് ഐസാക്‌- സുധാകരന്‍- കോടിയേരി-ജയരാജന്മാര്‍-ശ്രീമതി എന്നിങ്ങനെ വ്യാപിച്ചു. ജാതി നോക്കി സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുകയും വോട്ട് ചെയ്യുകയും പോലുള്ള വൃത്തികെട്ട ഏര്‍പ്പാടൊന്നും മലബാറില്‍ ഇത് വരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. അത് കൊണ്ടു തന്നെ അത്തരം ഘടകങ്ങളൊന്നും ഒട്ടും തന്നെ സ്വാധീനം ചെലുത്തില്ല എന്ന സ്ഥിതിക്ക്, ചിറക്കലിലെ വോട്ട് ചോര്‍ച്ച എങ്ങനെ വിലയിരുത്തും?


  ഏറ്റവും പ്രധാനമായ ഈ വക കാര്യങ്ങളില്‍ പലതും, ഇവിടെ എതിര്‍ത്തും അനുകൂലിച്ചും പറഞ്ഞ ആരും തന്നെ സൂചിപ്പിക്കുകയുണ്ടായില്ല. പാര്‍ട്ടിയെ കരി വാരി തേക്കാനല്ല ഇത്തരം ഒരു അനാലിസിസ്‌ നടത്തിയത്. പാര്‍ട്ടി അണികളിലോ നേതാക്കന്മാരിലോ ആര്‍ക്കെങ്കിലും ഒന്ന് സ്വയം ഇരുത്തി ചിന്തിയ്ക്കാന്‍ സഹായകമാകാന്‍വേണ്ടിയാണ്.

  ReplyDelete
 8. Party um party parayunnathu athupole vizungunna chilavarum vote percentage koodi ennu paranju kanakku nirathumbol sathyathil chiri aanu varunnathu.

  Kannor il vote koodan karanam adbullakutty e pala congrssukarkkum athra pidichitilla, ethenkil orginal congress karana ninnathenkil 12,ooo oru 30,000 thil poyene. LDF inte nodulla snehamalla, marichu UDF stharathiyodulla virodham aanu vote koodan karanam.

  Alapuzhayil Nair sthanarthi venamennu paranju vashi pidichu oru koottarum undallo. avarude avshyam angeekarichirunekil avidedeyum van booribhaksham kittiyene.

  Priya suhirthu pratheesh, ethu manasilakkanam. Chuma vote koodi koodi ennu paranjal pora, athinulla karanam kandethanam. 5 masam kondu evide thammiladi koodiyathallathe vote kooduthal kittan oru pullum chethitilla ennu manasilakkam.

  twitter.com/vineethjose

  ReplyDelete
 9. ഓഫ്: കുറെ നേരമായി പ്രതീഷ്, പ്രതീഷ് എന്ന് കേള്‍ക്കുന്നു. അത് ആരെന്നും കൂടി പറഞ്ഞു തരൂ.

  ഓണ്‍: മറുപടി തരുവാന്‍ സമയം തല്‍ക്കാലമനുവദിക്കുന്നില്ല. രാത്രിയോടെ മറുപടി ഇടാം. ഇവിടെ വന്നതിലും അഭിപ്രായം പറഞ്ഞതിലും നന്ദി. :)

  ReplyDelete
 10. കണ്ണൂര്‍ നിയോജക മണ്ഡലം എന്നും എല്‍ ഡി എഫിന്, പ്രത്യേകിച്ചും .................... കാര്യങ്ങള്‍ യു ഡി എഫിന് എളുപ്പമായി തീര്‍ന്നു.)

  നരേന്ദ്രമോദിയെ പിന്തുണച്ചത് കൊണ്ട് അബ്ദുള്ളക്കുട്ടിയുടെ വോട്ടുകള്‍ കുറഞ്ഞാലും, അക്കാരണം കൊണ്ട് സി.പി.എമ്മിന്റെ വോട്ടുകള്‍ കൂടണം എന്ന് നിര്‍ബ്ബന്ധമുണ്ടോ? മോഡിയെ പിന്തുണച്ചതൊക്കെ അവിടെ ഒരു തെരെഞ്ഞെടുപ്പു വിഷയമാകുവാന്‍ വണ്ണം വളര്‍ന്നിരുന്നില്ല എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. തുറന്ന് പറഞ്ഞാല്‍ അത്രയ്ക്കും മൈക്രോലെവലില്‍ ഒരു അവലോകനം നടത്തുവാന്‍ എനിക്ക് ലഭ്യമായ സ്രോതസ്സുകള്‍ മുഖേന സാദ്ധ്യമല്ല.

  "കള്ളവോട്ടുകള്‍ പോള്‍ ചെയ്തിട്ടില്ല എന്ന യു.ഡി.എഫ് നേതാക്കളുടെ ............. ബോധ്യപ്പെടുത്താന്‍ ഇത്തവണ പാര്‍ടിക്ക് കഴിഞ്ഞില്ല.

  കള്ളവോട്ടുകള്‍ രണ്ടുപക്ഷത്തുമുണ്ടായിട്ടുണ്ടാകാം. ഇല്ലായെന്നല്ല, എന്നാല്‍ തന്നെയും ഇടതുപക്ഷം മാത്രമേ കള്ളവോട്ട് ചെയ്യൂ എന്ന വാദം എത്ര കണ്ട് ശരിയാണെന്ന് കണ്ണൂരുകാരനായ നിങ്ങള്‍ തന്നെ പറയൂ. ഇരുപക്ഷത്തും നടത്തിയിട്ടുണ്ടാകാവുന്ന കള്ളവോട്ടുകള്‍ എത്രയെന്ന് അറിയുവാന്‍ നിര്‍വ്വാഹമില്ലാത്ത സ്ഥിതിക്ക് കള്ളവോട്ടുകള്‍ ചെയ്തിട്ടില്ല എന്ന സങ്കല്പത്തിലേ ഏതൊരു സ്റ്റാറ്റിസ്റ്റിക്കല്‍ പഠനവും നടത്തുവാന്‍ കഴിയൂ.


  മറ്റു രണ്ടു മണ്ഡലങ്ങളിലും ഉമ്മന്‍ ചാണ്ടിയുടെ വലം കൈയും ............. വോട്ടര്‍മാരിലെ വലിയൊരു പക്ഷത്തെയും സ്വാധീനിച്ചിട്ടില്ല എന്നു വ്യക്തം.

  പാര്‍ട്ടി പത്രമൊഴിച്ച് വേറെ ഏത് മാദ്ധ്യമമാണ് ഇടതുപക്ഷത്തിന് അനുകൂലമായെഴുതുന്നതും സംസാരിക്കുന്നതും. (അനുകൂലമായെഴുതണ്ട, പ്രതികൂലമായി എഴുതാതെ ഇരിക്കുകയും വേണ്ട - കുറഞ്ഞ പക്ഷം സത്യം മാത്രം എഴുതിക്കൂടേ?)

  ReplyDelete
 11. ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും വ്യക്തമായി പ്രവര്‍ത്തിച്ച ഘടകം, ..........ഈ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടു, കഴിഞ്ഞ 6 മാസങ്ങള്‍ക്കുള്ളില്‍, ഒരു നയവ്യതിയാനം പ്രതീക്ഷിക്കാമായിരുന്നു.ഒന്നും തന്നെ കണ്ടില്ല എന്നത് കാര്യങ്ങള്‍ എങ്ങോട്ട് പോകുന്നു എന്നു വ്യക്തമാക്കുന്നു.

  പ്രിയ ശാശ്വത്. ഈ ചെറിയ ഇടവേളയ്ക്കിടയില്‍ ഒത്തിരി കാര്യങ്ങള്‍ സംഭവിച്ചുകഴിഞ്ഞു. ലോകസഭാ തെരെഞ്ഞെടുപ്പിനേക്കാള്‍ ഒത്തൊരുമയോടെയാണ് ഇടതുമുന്നണി ഉപതെരെഞ്ഞെടുപ്പുകളെ നേരിട്ടത് എന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല. സര്‍ക്കാരിനെതിരെ അല്ലെങ്കില്‍ ഇടതുമുന്നണിക്കെതിരെ ഒരു വികാരമുണ്ടായിട്ടില്ല എന്ന് തന്നെയാണ് ഈ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ കൃത്യതയ്ക്കായി, ലോകസഭാ തെരെഞ്ഞെടുപ്പുകളില്‍ ഈ മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് ലഭിച്ച വോട്ടും, ഇപ്പോള്‍ ലഭിച്ച വോട്ടും തമ്മില്‍ താരതമ്യപ്പെടുത്തേണ്ടി വരും. ഉടനെ തന്നെ അത് ചെയ്യുന്നതായിരിക്കും. അപ്പോള്‍ ചിത്രം ഒന്ന് കൂടി വ്യക്തമാകും.


  2. തദ്ദേശീയ ഭരണം- ഈയടുത്ത കാലത്ത്, കോണ്‍ഗ്രസ്‌ ഭരിക്കുന്ന ......... ഒന്ന് ചേര്‍ത്ത് വായിക്കുക, ഇതിനോടൊപ്പം.
  എന്റെ അറിവിനപ്പുറത്തെ കാര്യമായത് കൊണ്ട് അഭിപ്രായം പറയുന്നില്ല.


  ഒരു സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പിനെ സ്വന്തം ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്ന വേദിയാക്കി മാറ്റിയാല്‍ എന്ത് സംഭവിക്കുമെന്ന് 2006 - ല്‍ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി നമ്മളെ പഠിപ്പിച്ചതാണ്. .................. കെ കരുണാകരന്റെ പോലെ വൈഡ്‌ സ്ക്രീന്‍ പ്ലാസ്റ്റിക്‌ ചിരി വേണമെന്നല്ല പറഞ്ഞത്; ഇത്തിരി പത്തി താഴ്ത്തണം ജനങ്ങളുടെ മുന്‍പില്‍.

  ഇവിടെയും ഞാന്‍ തെരെഞ്ഞെടുപ്പ് പ്രചരണം നേരില്‍ കാണുവാന്‍ സാധിക്കാത്തത് കൊണ്ട് അഭിപ്രായം പറയുന്നില്ല. എന്തായാലും മാദ്ധ്യമങ്ങള്‍ക്ക് കീഴടങ്ങിക്കൊണ്ട് മുന്നോട്ട് പോകണം എന്നാണ് വാദമെങ്കില്‍ ഞാനതിനോട് വിയോജിക്കുന്നു.

  പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍. ഈ തെരഞ്ഞെടുപ്പില്‍, ഞങ്ങള്‍ പാഠം പഠിക്കില്ല .......... ചിറക്കലിലെ വോട്ട് ചോര്‍ച്ച എങ്ങനെ വിലയിരുത്തും?

  മുമ്പ് സൂചിപ്പിച്ച പോലെ, എന്നത്തേക്കാളും ഒത്തൊരുമയോടെ പാര്‍ട്ടി നേരിട്ട തെരെഞ്ഞെടുപ്പാണിത്. ഇത്തരം തെളിവുകളില്ലാ സങ്കല്പങ്ങള്‍ക്ക് ഉത്തരം പറഞ്ഞാല്‍ എന്റെ സമയം വെറുതെ പോകും എന്നതിനാല്‍ ഒഴിവാക്കുന്നു.

  ReplyDelete
 12. @Photoshop4mallus

  ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. വീണ്ടും വരിക. :)

  ReplyDelete
 13. പ്രിയ വിനീത് ജോസ്, 30000 വോട്ട് എന്നൊക്കെ കണ്ണൂരിനെ പറ്റി പറയുന്നത് രാവിലെ ട്വിട്ടെറില്‍ കണ്ടു. അതേ വിദ്ധിത്തം ഇവിടെയും ആവര്‍ത്തിക്കുന്നത് കണ്ടപ്പോള്‍ വാദത്തിനു വേണ്ടി ചുമ്മാ വാദിക്കുകയാണെന്ന് മനസ്സിലായി. എതിര്‍ പക്ഷതിനെ അരിശം കൊള്ളിക്കാനുള്ള ചീപ്പ്‌ ട്രിക്ക്‌ ആണെന്നും മനസ്സിലായി. അന്ധമായ കമ്മ്യൂണിസ്റ്റ്‌ അനുഭാവം കാഴ്ച വെക്കുന്നവരുടെ അതേ ലെവലില്‍ മാത്രമേ താങ്കളും പെടുകയുള്ളൂ... പിന്നെ, രാമകൃഷ്ണന്‍ നിന്നിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ വോട്ട് ഉലത്തുമെന്ന നിരീക്ഷണം കണ്ണൂരിനെ പറ്റി ഒന്നും തന്നെ അറിയാത്തത്കൊണ്ടാണ്. അത് കൊണ്ടു പ്രിയ ബീഫ് ഫ്രൈ, ഇയാളുടെ വാചാടോപത്തില്‍ വീഴാതെ ചര്‍ച്ച മുന്നോട്ടു കൊണ്ടു പോകുക.  ഓ ടോ :പ്രതീഷ്‌ ആരാണെന്നറിയില്ല എന്നു പറയുമ്പോള്‍ ഓറിയന്റ് പി എസ് പി ഓ ഫാനിന്റെ പരസ്യം ഓര്‍മ വരുന്നു... :-)  http://njaan.in/ ഇതാണ് അദ്ദേഹത്തിന്റെ ബൂലോഗ വിലാസം.

  ReplyDelete
 14. പ്രിയ ബീഫ് ഫ്രൈ,


  ആദ്യമായി, വസ്തുതകളെ വസ്തുതകള്‍ കൊണ്ടു നേരിടാനുള്ള ആത്മാര്‍ഥതയെ ശ്ലാഘിക്കുന്നു. ചില ഭൂലോക ഫ്രോഡുകളെ പോലെ, പാര്‍ട്ടി വിരുദ്ധന്‍ എന്നു മുദ്ര കുത്തി തെറി അഭിഷേകം നടത്തിയില്ലല്ലോ...


  1. "മോഡിയെ പിന്തുണച്ചതൊക്കെ അവിടെ ഒരു തെരെഞ്ഞെടുപ്പു വിഷയമാകുവാന്‍ വണ്ണം വളര്‍ന്നിരുന്നില്ല..."

  തികച്ചും ശരിയാണ്. അങ്ങനെ ആവാതിരുന്നത് ഇടതു പക്ഷത്തിനു പറ്റിയ പിഴവുകളിലൊന്നു.

  2. "കള്ളവോട്ടുകള്‍ ചെയ്തിട്ടില്ല എന്ന സങ്കല്പത്തിലേ ഏതൊരു സ്റ്റാറ്റിസ്റ്റിക്കല്‍ പഠനവും നടത്തുവാന്‍ കഴിയൂ."

  ആദ്യമേ ഞാന്‍ വ്യക്തമാക്കി; സ്റ്റാറ്റിസ്റ്റിക്സ് കൊണ്ടു ഓട്ട അടക്കുക എന്നതിനപ്പുറത്തേക്ക് വിശകലനം ചെയ്യാനുള്ള ഒരു ശ്രമം ആണെന്ന്. ഏതു അവസ്ഥയിലായാലും, ആര് ചെയ്താലും, കള്ള വോട്ട് എന്നത് അഭിലഷണീയമല്ല. വ്യാജ വോട്ടര്‍ പട്ടികയും. ഇതിലൊക്കെ എനിക്കുള്ള മനോവിഷമം വാക്കുകളില്‍ നിഴലിച്ചു, അത്രയേ ഉള്ളൂ.
  3. "പാര്‍ട്ടി പത്രമൊഴിച്ച് വേറെ ഏത് മാദ്ധ്യമമാണ് ഇടതുപക്ഷത്തിന് അനുകൂലമായെഴുതുന്നതും സംസാരിക്കുന്നതും..."

  താങ്കളുടെ പ്രസ്താവന തീര്‍ത്തും അംഗീകരിക്കുന്നു. എന്നാല്‍, മനോരമയെ എടുത്തു പറഞ്ഞതിന് കാരണങ്ങള്‍ ഉണ്ട്:

  ദേശാഭിമാനി, സിറാജ്, മാധ്യമം, ചന്ദ്രിക, തേജസ്സ്‌, ദീപിക, വീക്ഷണം, ജന്മഭൂമി മുതലായ പത്രങ്ങള്‍ വായിക്കുന്നവര്‍ അവയുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമായി അറിഞ്ഞു കൊണ്ടാണ് അത് ചെയ്യുന്നത്. വരിക്കാരുടെ എണ്ണത്തില്‍ മുന്നിട്ടു നില്‍ക്കുന്ന മറ്റു പത്രങ്ങള്‍ എടുത്താല്‍ മനോരമ, മാതൃഭൂമി, കേരള കൌമുദി, മംഗളം എന്നിവയില്‍ കൌമുദി ഒരിക്കലും തീവ്ര വലതു പക്ഷത്തേക്ക് ചായാത്ത പത്രമാണ്‌. മംഗളം എന്നത് ക്രിസ്ത്യന്‍ ബെല്‍റ്റിനു പുറത്തു ഒരു ശക്തി ആകുന്നില്ല. പിന്നെ പറഞ്ഞു വരുമ്പോള്‍ രാഷ്ട്ര ദീപിക, ഫ്ലാഷ് എന്നിവയും ഇടതും വലതുമെന്നില്ലാതെ ജനസാമാന്യങ്ങള്‍ വായിക്കുന്നവയാണ്. വാര്‍ത്തകള്‍ പെട്ടെന്നറിയാനും പിന്നെ നര്‍മം, ഗ്ലാമര്‍ ചിത്രങ്ങള്‍ എന്നിവക്കുമാണ് ഇവ വായിക്കപ്പെടുന്നത്. എഡിറ്റോറിയല്‍ പേജ് ഒന്നും ഇല്ലാത്ത (? കണ്ടതായി ഓര്‍ക്കുന്നില്ല. ഉണ്ടെങ്കില്‍ തിരുത്താനപേക്ഷ.) ഇവയുടെ ജനമനസ്സുകളെ സ്വാധീനിക്കാനുള്ള ശക്തി കണക്കിലെടുക്കേണ്ടതുണ്ടോ?


  എന്നാല്‍ മാതൃഭൂമി, മനോരമ എന്നീ പത്രങ്ങള്‍ കേരളം ഒട്ടാകെ ജാതി-മത പരിഗണനകള്‍ക്കപ്പുറത്തേക്ക് സ്വീകാര്യമായ മാധ്യമ ഭീമന്മാരാണ്. ഇവരുടെ നിലപാടുകള്‍ മലയാളി സമൂഹത്തിന്റെ സാമൂഹ്യ രാഷ്ട്രീയ നിലപാടുകളെ ഏറെ സ്വാധീനിക്കും. ഉദാഹരണത്തിന്‌, "എക്സ്പ്രസ്സ്‌ ഹൈവേ" എന്ന മാരണത്തിനെതിരെ മാതൃഭൂമി ആഞ്ഞടിച്ചത്, പ്ലാച്ചിമടയിലെ സമരത്തിന്‌ അവരുടെ പിന്തുണ (ദേശാഭിമാനിയെക്കാളും കൂടുതല്‍), കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടത് (ഈ സംഭവത്തില്‍ ഇന്ത്യാവിഷന് ഏറ്റവും കൂടുതല്‍ പിന്തുണ കൊടുത്തത് മാതൃഭൂമി ആയിരുന്നു.), മൂന്നാര്‍ കയ്യേറ്റം റിപ്പോര്‍ട്ട്‌ ചെയ്തത് (ഈ വിഷയത്തിലാണ് വീരേന്ദ്ര കുമാര്‍ സി പി എമ്മിന് അനഭിമതനാകുന്നത്- ദേശാഭിമാനിയിലെ ലേഖന പരമ്പര ഓര്‍ക്കുക.) എന്നിങ്ങനെ. ഇത് തന്നെയാണ് മനോരമയുടെ കാര്യവും. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍, (ഏതാണ്ടെല്ലാ പത്രങ്ങളും കുഞ്ഞാലിക്കുട്ടിയുടെ രാജി ആവശ്യപ്പെടാത്തതിനു അദ്ദേഹത്തെ ക്രൂശിച്ചപ്പോള്‍ പോലും) എല്ലാ വിധ പിന്തുണയുമായി അവര്‍ രംഗത്തുണ്ടായിരുന്നു. ഉമ്മച്ചന്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു എന്ന തോന്നല്‍ ജനങ്ങളില്‍ ഉളവാക്കാന്‍ മനോരമയ്ക്ക് കഴിഞ്ഞു. പിന്നീട്, മതമില്ലാത്ത ജീവന്‍, സ്വാശ്രയ കോളേജ്, വിഭാഗീയത, റോഡുകളെ സംബന്ധിച്ച ഹൈക്കോടതി പരാമര്‍ശം തുടങ്ങി ഇപ്പോള്‍ പോള്‍ വധക്കേസ് വരെ എല്‍ ഡി എഫ്‌ സര്‍ക്കാരിനെ ജന മനസ്സുകളില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ അച്ചായന്റെ പത്രം വഹിച്ച പങ്കു ചില്ലറയല്ല. വീരന്‍ എല്‍ ഡി എഫ്‌ വിട്ടെങ്കിലും, മാതൃഭൂമി അത്ര അധികം ചായ്‌വ് കാണിച്ചിട്ടില്ല; ഇരു പക്ഷങ്ങളോടും. ഈ കാരണങ്ങള്‍ കൊണ്ടാണ് മനോരമ ഒരു പ്രധാന ഘടകമാണെന്ന്പറഞ്ഞത്.


  (ഓ. ടോ.: ഒരു 2-3 ആഴ്ച മുന്‍പ് വരെ, ഞാന്‍ കോട്ടയത്തുണ്ടായിരുന്നപ്പോള്‍, എന്റെ മേജര്‍ ക്ലയന്റ് ആയിരുന്നു മനോരമ. ഒരു പാട് തവണ മനോരമ, മംഗളം ഓഫീസുകളില്‍ കയറിയിറങ്ങിയിട്ടുമുണ്ട്. ചക്കക്കുരു അല്ലല്ലോ തരുന്നത്; കാശ് അച്ചായന്റെ ആയാലെന്താ പുളിക്കുവോ? നിലപാടുകള്‍ വേറെ, ബിസിനസ്‌ വേറെ....:D )

  ReplyDelete
 15. "കൂടുതല്‍ കൃത്യതയ്ക്കായി, ലോകസഭാ തെരെഞ്ഞെടുപ്പുകളില്‍ ഈ മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് ലഭിച്ച വോട്ടും, ഇപ്പോള്‍ ലഭിച്ച വോട്ടും തമ്മില്‍ താരതമ്യപ്പെടുത്തേണ്ടി വരും..."  നേരത്തെ തന്നെ സൂചിപ്പിച്ചു, ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടറുടെ മാനദണ്ഡം വേറെ ആയിരിക്കും. ഇത്തരം താരതമ്യങ്ങള്‍ വെറും ഇരുട്ട് കൊണ്ടു ഓട്ട അടക്കുന്നത് പോലെ ആണ്. പിന്നെ, ഈ തെരഞ്ഞെടുപ്പിലെ ഒത്തൊരുമ ചൂണ്ടിക്കാണിച്ചതില്‍ ഞാന്‍ തികച്ചും യോജിക്കുന്നു. പക്ഷേ, പോള്‍ വധക്കേസ്‌ സമയത്ത് സ: കോടിയേരിയെ ഒറ്റപ്പെടുത്താന്‍ രണ്ടാം നിരയില്‍ ശ്രമം ഉണ്ടായി - സെക്രട്ടറിയുടെ അറിവോടെ. (വാര്‍ത്ത‍: സിന്‍ഡിക്കേറ്റ്‌ മാധ്യമങ്ങള്‍ :D) അത് വിടൂ, തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ മുഖ്യമന്ത്രി ഒറ്റ ഒരാളാണ് പരാജയ കാരണം എന്ന രീതിയിലുള്ള ഐസക് സഖാവിന്റെ കുറ്റപ്പെടുത്തലുകള്‍ ആരും മറന്നിട്ടില്ല. ഐസക്കിന്റെ പിന്നില്‍ അര്‍ജുനന്‍ കളിക്കാന്‍ ഒന്നിലധികം പേരുണ്ടായിരുന്നു. ഇത് ഒളിഞ്ഞും തെളിഞ്ഞും ദേശാഭിമാനിയില്‍ പോലും വന്നതാണ്. വീട്ടില്‍ ഇപ്പോഴും ദേശാഭിമാനി വരുത്താറുള്ളതിനാല്‍ കുറെയൊക്കെ ഞാനും വായിച്ചതാണ്. സ: വി എസ്സിനെ പി ബി യില്‍ നിന്നും പുറത്താക്കിയത് ജനമനസ്സുകളില്‍ നിന്നും മാഞ്ഞു പോകാനുള്ള സമയം ആയിട്ടില്ല.


  "മാദ്ധ്യമങ്ങള്‍ക്ക് കീഴടങ്ങിക്കൊണ്ട് മുന്നോട്ട് പോകണം എന്നാണ് വാദമെങ്കില്‍ ഞാനതിനോട് വിയോജിക്കുന്നു."

  അങ്ങനെ അല്ല എന്നു ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്.


  പിന്നെ തെളിവില്ലാ സങ്കല്പങ്ങളുടെ തെളിവുകള്‍ മുകളില്‍ നിരത്തിയിട്ടുണ്ട്.


  അപ്പോള്‍ വേറെ എന്തെങ്കിലും കാരണം ചൂണ്ടിക്കാണിക്കാന്‍ ഉണ്ടോ? നേരത്തെ പറഞ്ഞത് പോലെ, 12000 വോട്ടിന്റെ ഭൂരിപക്ഷമൊന്നും അബ്ദുള്ളക്കുട്ടി പോലും മനസ്സില്‍ കണ്ടിട്ടുണ്ടാകില്ല. എനിക്ക് തോന്നുന്നത്, എടക്കാട് തിരിച്ചെടുത്തു, അടുത്ത തെരഞ്ഞെടുപ്പില്‍ കടന്നപ്പള്ളിയെ സ്ഥാനാര്‍ഥി ആക്കുന്നതായിരിക്കും നല്ലത് എന്നാണു. ശരിക്കും ഈ തെരഞ്ഞെടുപ്പില്‍ കടന്നപ്പള്ളിയെ പോലെ നിസ്വാര്‍ഥനായ ഒരു നേതാവായിരുന്നു സ്ഥാനാര്‍ഥി എങ്കില്‍ ഈ വിനീത് ജോസ് പറഞ്ഞത് പോലെ 30000 വിട്, ഒരു 1000 വോട്ടിന്റെ ഭൂരിപക്ഷം എങ്കിലും കോണ്‍ഗ്രസ്സിന് കിട്ടുമോ എന്നത് സംശയമാണ്. പ്രതിരോധത്തിലേക്ക് വലിയാതെ കൂടുതല്‍ ശക്തിയോടെ ആഞ്ഞടിക്കാനും, ഒരു പക്ഷേ വിജയം തന്നെ പിടിച്ചെടുക്കാനും ഇടതു മുന്നണിക്ക്‌ കഴിഞ്ഞേനെ. അരിവാള്‍ ചുറ്റികയോടുള്ള വിരോധം പഴയ കോണ്‍ഗ്രസ്സുകാരനായ കടന്നപ്പള്ളിയോടു കാണില്ല. അബ്ദുല്ലക്കുട്ടിയോടു വിരോധമുള്ള ഡി സി സി നേതൃത്വം തന്നെ അടിയൊഴുക്കുകള്‍ക്ക് ചുക്കാന്‍ പിടിക്കുകയെന്ന പ്രതിഭാസവും നമുക്ക് കാണാന്‍കഴിഞ്ഞേനെ.

  ReplyDelete
 16. budhi rakshasanmar oru kanakeduthu athu valochodichu characha cheyunnathu kandittu chiri varunnu..enthayalum kollam

  Oru karyam..Ee modi modi eenu parayunnalo.

  ayal parajathu - Gujarathil VHP um mattu hindu sankadanakalum ahwanam cheyunna bhandu polum nadakunilla, keralathil communitst party bandum, karidinavum nadathi athinte vlarcha muradipichu ennanu.

  Athu Modi ye eduthu thalyil vaikkunathai votter markku thoniyitilla. oru prayogika satyma mathram pranju.


  Pinne, voting share kudiyathu, UDFinte sthanathi nirnayathile prasnngal mathramnu vote LDF nu koodam karanam, allenkil 4000 vote okke..pullu pole kittiyene. kannurilethu eppol varthakalim undu, alapuzhayil NSS um mattum edajathu election mumbu vartakalim undarunnu.


  Kazinja congress pilarna electionil madyamagal UDF ne valichu keeriyello? annu ethengilum UDF karan madyamathinu ethirayittu prasangicho?

  pinne avide engane thottalum pathravum, TVyum, CIAum, America yum, Israeal ul....nanamille hee?

  COmmunist anubhavikale koode nanam keduthunna kure jamyamedupuukal...cheee.

  ReplyDelete
 17. Dear Vineeth Jose aka Photoshop4mallus;

  At last u started talking sense. Thanks... :-)
  വെറുതെ വാദത്തിനു വേണ്ടി വാദിക്കുന്ന പരിപാടി നിര്‍ത്തിയല്ലോ.. അത്രേം നന്ന്. പിന്നെ, ഈ 4000 വോട്ട് എന്നു പറഞ്ഞത് എവിടത്തെ കാര്യമാണ്?

  ReplyDelete
 18. ശാശ്വത് തല്‍ക്കാലം ഇത് വായിക്കുക. ( ഇവിടെ നിന്നും എടുത്തത് )

  "ലോക്സഭാ തെരഞ്ഞെടുപ്പില്‍നിന്ന് അഞ്ചുമാസംകൊണ്ട് എല്‍ഡിഎഫ് എത്രമാത്രം മുന്നോട്ടുവന്നു എന്നും യുഡിഎഫ് ഏതെല്ലാം തരത്തില്‍ പിന്നോട്ടുപോയി എന്നുമാണ് വിലയിരുത്തപ്പെടേണ്ട പ്രധാന സംഗതി. കണ്ണൂരില്‍ ലോക്സഭയിലേക്ക് മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേടിയത് 34419 വോട്ടായിരുന്നുവെങ്കില്‍ ഇത്തവണ അത് 41847 ആയിരിക്കുന്നു. ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം 23,207 ആയിരുന്നുവെങ്കില്‍ ഇപ്പോളത് 12,043 ആയി കുറഞ്ഞിരിക്കുന്നു. എറണാകുളത്ത്, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 5,000 വോട്ട് എല്‍ഡിഎഫ് വര്‍ധിപ്പിച്ചു. ആലപ്പുഴയില്‍ ആ വര്‍ധന ഏഴായിരമാണ്. 2006ല്‍ 32,788 വോട്ടു ലഭിച്ചുവെങ്കില്‍ ഇപ്പോള്‍ 38,029 ആയി. ഈ കണക്കുകള്‍ കാണിക്കുന്നത്, എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ ശക്തിപ്പെട്ടിട്ടേയുള്ളു എന്നാണ്. യുഡിഎഫ് മൂന്നു മണ്ഡലത്തിലും വിജയിച്ചു എന്നതിനേക്കാള്‍ നിലനിര്‍ത്തി എന്നോ പിടിച്ചുനിന്നു എന്നോ മാത്രമേ പറയാനാകൂ."

  കേരളകൗമുദിയുടെയും മാതൃഭൂമിയുടെയും ഇന്നത്തെ രാഷ്ട്രീയം മൃദു-ഹിന്ദുത്വമാണെന്ന് ഞാന്‍ നിസ്സംശയം പറയും. മാതൃഭൂമി എന്ത് ചെയ്തു, കേരളകൗമുദി എങ്ങനെ റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നതൊക്കെ വിഷയം വ്യതിചലിക്കുവാന്‍ മാത്രമേ പ്രയോജനകരമാകൂ. അത് പോലെ തന്നെ, സ്റ്റാറ്റിസ്റ്റിക്സ് കൊണ്ട് ഓട്ട അടയ്ക്കുക എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് കൂടുതലൊന്നും പറയാനുമില്ല. കണക്കുകള്‍ക്ക് ബദലായി കുറെ സങ്കല്പവാദങ്ങള്‍ സൃഷ്ടിക്കുകയാണെങ്കില്‍ അതിനൊക്കെ മറുപടി പറയുവാനുള്ള ജ്ഞാനമൊന്നും എനിക്കില്ല. അബ്ദുള്ളക്കുട്ടിയുടെ മോഡിപൂജയെ ചൂണ്ടിക്കാണിച്ചുള്ള ഒരു നെഗറ്റീവ് പ്രചരണത്തേക്കാളൊക്കെ നല്ലത് എല്‍.ഡി.എഫ് ഗവണ്‍മെന്റ് എന്ത് ചെയ്തു എന്നുള്ള പോസിറ്റീവ് പ്രചരണമല്ലേ എന്നാണ് അതിനൊരു തെരെഞ്ഞെടുപ്പ് വിഷയമാകുവാന്‍ തക്ക വലിപ്പമുണ്ടോ എന്ന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചത്.

  "പക്ഷേ, പോള്‍ വധക്കേസ്‌ സമയത്ത് സ: കോടിയേരിയെ ഒറ്റപ്പെടുത്താന്‍ രണ്ടാം നിരയില്‍ ശ്രമം ഉണ്ടായി - സെക്രട്ടറിയുടെ അറിവോടെ" എന്ന് പറഞ്ഞതിനോട് പൂര്‍ണ്ണമായും വിയോജിക്കുന്നു. പൊളിറ്റ്ബ്യൂറോവ്ന്റെ തെറ്റ് തിരുത്തല്‍ നടപടികള്‍ക്ക് ശേഷം സി.പി.എമ്മിലെ നില ഏറേ മെച്ചപ്പെട്ടിട്ടുണ്ട്. ഇല്ലായെന്ന് താങ്കള്‍ സിന്റിക്കേറ്റ് പത്രങ്ങള്‍ ചൂണ്ടിക്കാണിച്ച് സംസാരിച്ചാലും, സത്യം സത്യമല്ല്ലാതാകുന്നില്ല. വി,എസ്സിനെ പാര്‍ട്ടി അച്ചടക്കം പാലിക്കാത്തതിന് മുഖം നോക്കാതെ നടപടിയെടുത്ത് ധീര നടപടിയെ അനുമോദിക്കുകയാണ് വേണ്ടത്. അതിന് ശേഷം ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടി പരിപാടികളിലുമൊക്കെ മുമ്പത്തേക്കാളേറെ ഐക്യവും ഒത്തൊരുമയും വന്ന് ചേര്‍ന്നത് പാര്‍ട്ടിയെ പുറത്ത് നിന്ന് നോക്കിക്കാണുന്ന ഒരാള്‍ പിടികിട്ടണമെന്നില്ല.

  @vineethjose

  ഇടയ്ക്കിടയ്ക്ക് കൃമിശല്യം മൂക്കുമ്പോള്‍ ഇവിടെ വന്ന് കമന്റിട്ടു പോവുക. വീണ്ടും കാണാം.

  ReplyDelete
 19. കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകളെ മാത്രമായി താരതമ്യം ചെയ്താല്‍ മാത്രമല്ല, 2006ലെ നിയമസഭാ തെരെഞ്ഞെടുപ്പിനെ എടുത്താലും വോട്ട് കൂടിയിട്ടെ ഉള്ളൂ ഇടതിന്. ഒമ്പതിനായിരം വ്യാജവോട്ട് പുതുതായി ചേര്‍ത്തു എന്ന അശ്ലില ആരോപണത്തില്‍ ശ്വാശ്വതിനെപ്പോലെ ഇടത് അനുഭാവിയായ ഒരാള്‍ പെട്ടുപോയതില്‍ ഖേദമുണ്ട്. അപ്പോ ശ്വാശ്വതിനെപ്പോലുള്ളവരാണ് ചിറക്കലില്‍ പാര്‍ട്ടിക്ക് തിരിച്ചടി നല്‍കിയത്.

  ഒമ്പതിനായിരം പുതുതായി ചേര്‍ത്ത വോട്ടുകളില്‍ ഒരു ഏറ്റവും കൂടിയാല്‍ മൂവായിരം വോട്ടുകള്‍ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഇരു മുന്നണികളിലെയും പ്രവര്‍ത്തകരുടെ നിയമപരമായ എന്നാല്‍ കൃത്രിമമായ കൂട്ടിച്ചേര്‍ക്കലുകളാണ്. ഇതില്‍ സി പി എം വോട്ടുകളെക്കാള്‍ കൂടുതല്‍ ലീഗു വോട്ടുകളാണ്. മാധ്യമങ്ങള്‍ തങ്ങളോടൊപ്പമാണെന്ന് അറിഞ്ഞുകൊണ്ട് എന്നു പറഞ്ഞാല്‍പ്പോര, മാധ്യമങ്ങളും ചേര്‍ന്നുള്ള ഗൂഡാലോചനയുടെ ഭാഗമാണ് വോട്ടര്‍പട്ടിക വിവാദവും അത് പൂര്‍ണ്ണമായും ഇടതുമുന്നണിക്ക് എതിരാക്കി മാറ്റിയതും.

  കണ്ണൂരില്‍ തികച്ചും രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി ജയരാജനെപ്പോലെ ഒരു ഹാര്‍ഡ്കോര്‍ സഖാവിനെ ഇറക്കി ഒരു പരീക്ഷണം നടത്തി സി പി എം എന്നാണ് തോനുന്നത്. 42000 വോട്ട് പ്രതീക്ഷാനിര്‍ഭരമാണ്. മുസ്ലീം വോട്ടുകളൊ സ്ത്രീ വോട്ടുകളോ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരാളല്ല ജയരാജന്‍. അടുത്ത തിരഞ്ഞെടുപ്പോടെ ഈ മണ്ഡലത്തിന്റെ ഭൂമിശാസ്ത്രം മാറും എന്നതുകൊണ്ട് ഇനിയൊരു തെരെഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി ഇരു മുന്നണികളുടെയും വളര്‍ച്ച തളര്‍ച്ചകള്‍ അളക്കാനാവില്ല.

  കണ്ണൂരിലെ വികസന പ്രശ്നങ്ങള്‍ എഴുതിയതിലു ശ്വാശ്വതിനു തെറ്റിദ്ധാരണകള്‍ ഉണ്ടെന്നാണ് തോനുന്നത്. പുതിയ ബസ്സ്റ്റാന്റ് നഗരസഭയുടെ എന്നതിനേക്കാള്‍ ജില്ലാ ഭരണകൂടത്തിന്റെ പരിശ്രമമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. അതിന്റെ കോണ്ട്രാക്റ്ററായ കെ കെ ബില്‍ഡേഴ്സ് സി പി എം നേതൃത്വവുമായി അടുത്ത കൂട്ടുകെട്ടിലാണെന്നും ഈ പ്രവര്‍ത്തനങ്ങളുടെ പിന്നില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുവെന്നും സി പി എംനെതിരെ ഒരു പ്രചരണവും നടക്കുന്നുണ്ട്.

  ReplyDelete
 20. പ്രിയ ബീഫ് ഫ്രൈ;


  മറ്റു പല തിരക്കുകള്‍ക്കിടയില്‍ ഇവിടെ വന്നു നോക്കുവാന്‍ കഴിഞ്ഞില്ല.ലേറ്റാ വന്താലും ലേറ്റസ്റ്റാ വരണം എന്നാണല്ലോ അണ്ണന്‍ പറഞ്ഞത്. :)  മനോജേട്ടന്റെ പോസ്റ്റ്‌ അന്നേ വായിച്ചിരുന്നു. ലോകസഭാ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ താരതമ്യം ചെയ്തത് ശരിക്കും strike ചെയ്തു. അതിനുള്ള മറുപടി ഞാന്‍ അന്ന് രേഖപ്പെടുത്തിയതും ഇവിടെ തന്നെ ആയിരുന്നു എന്നാണ് എന്റെ ഓര്‍മ.  "അബ്ദുള്ളക്കുട്ടിയുടെ മോഡിപൂജയെ ചൂണ്ടിക്കാണിച്ചുള്ള ഒരു നെഗറ്റീവ് പ്രചരണത്തേക്കാളൊക്കെ നല്ലത് എല്‍.ഡി.എഫ് ഗവണ്‍മെന്റ് എന്ത് ചെയ്തു എന്നുള്ള പോസിറ്റീവ് പ്രചരണമല്ലേ എന്നാണ് അതിനൊരു തെരെഞ്ഞെടുപ്പ് വിഷയമാകുവാന്‍ തക്ക വലിപ്പമുണ്ടോ എന്ന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചത്."


  തീര്‍ച്ചയായും അതാണ്‌, അത് മാത്രമാണ് ഒരു ജനാധിപത്യ സംവിധാനത്തില്‍ വേണ്ടത്. അത് മാത്രമാണ് കണ്ണൂരില്‍ നടക്കാഞ്ഞതും.

  ReplyDelete
 21. " വി,എസ്സിനെ പാര്‍ട്ടി അച്ചടക്കം പാലിക്കാത്തതിന് മുഖം നോക്കാതെ നടപടിയെടുത്ത് ധീര നടപടിയെ അനുമോദിക്കുകയാണ് വേണ്ടത്."


  തീര്‍ച്ചയായും അനുമോദിക്കുന്നു. എന്തൊക്കെ പറഞ്ഞാലും സിപിഎമ്മിനോടുള്ള ആദരവ് ഒട്ടും കുറയാതെ സൂക്ഷിച്ചത് ആ നടപടിയാണ്. പല കാര്യങ്ങളിലും സഖാവ് വിഎസ് കേരളത്തിലെ ജനങ്ങള്‍ക്ക്‌ പ്രതീക്ഷ നല്‍കി എങ്കിലും പാര്‍ട്ടിയില്‍ ആപത്കരമായ പ്രവണതകള്‍ കൊണ്ടു വരുന്നതിനു അറിഞ്ഞോ അറിയാതെയോ കൂട്ടു നിന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുന്നത് തന്നെ ആണ് മാധ്യമങ്ങള്‍ക്ക് അത്താഴം നല്‍കുന്നതിനേക്കാള്‍ നല്ലത്. കോണ്‍ഗ്രസ്‌ പോലെ അല്ല അണികള്‍ സിപിഎമ്മിനെ കാണുന്നത്.


  "അതിന് ശേഷം ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടി പരിപാടികളിലുമൊക്കെ മുമ്പത്തേക്കാളേറെ ഐക്യവും ഒത്തൊരുമയും വന്ന് ചേര്‍ന്നത് പാര്‍ട്ടിയെ പുറത്ത് നിന്ന് നോക്കിക്കാണുന്ന ഒരാള്‍ പിടികിട്ടണമെന്നില്ല."  അങ്ങനെ വന്നതല്ലേ യഥാര്‍ത്ഥത്തില്‍ പ്രശ്നം? പാര്‍ട്ടിക്ക് പുറത്തുള്ളവരല്ലേ വോട്ടര്‍മാരില്‍ ഏറെയും? അപ്പോള്‍ കമ്മ്യൂണികേഷനില്‍ എന്തോ തകരാര്‍ ഉണ്ട്. ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് ഒരു വോയ്സ് നഷ്ടപ്പെട്ടു എന്നൊന്നും ഞാന്‍ പറയില്ല. പക്ഷേ, രോഷ പ്രകടനങ്ങള്‍ കഴിഞ്ഞു സമയം കിട്ടുമ്പോള്‍ മനസ്സിരുത്തി ആലോചിക്കുക.

  ReplyDelete
 22. പ്രിയ ജിവി;


  "ഒമ്പതിനായിരം വ്യാജവോട്ട് പുതുതായി ചേര്‍ത്തു എന്ന അശ്ലില ആരോപണത്തില്‍ ശ്വാശ്വതിനെപ്പോലെ ഇടത് അനുഭാവിയായ ഒരാള്‍ പെട്ടുപോയതില്‍ ഖേദമുണ്ട്. അപ്പോ ശ്വാശ്വതിനെപ്പോലുള്ളവരാണ് ചിറക്കലില്‍ പാര്‍ട്ടിക്ക് തിരിച്ചടി നല്‍കിയത്."


  അങ്ങനെ ഞാന്‍ എവിടെയാണ് പറഞ്ഞിട്ടുള്ളത്? അത്തരം അശ്ലീല ആരോപണങ്ങളെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടു ഞാന്‍ ഒന്നും എഴുതിയിട്ടില്ല.  "മുസ്ലീം വോട്ടുകളൊ സ്ത്രീ വോട്ടുകളോ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരാളല്ല ജയരാജന്‍."  പറഞ്ഞത് ഒന്ന് വ്യക്തമാക്കാമോ? ഏറ്റവും ചുരുങ്ങിയത് സ്ത്രീ വോട്ടുകള്‍ ആകര്‍ഷിക്കുന്നതിന്റെ ഒരു മാനദണ്ഡം എങ്കിലും? അപ്പോള്‍ ഇഎംഎസ്, നായനാര്‍, എകെജി, പിണറായി, വിഎസ് ഒന്നും ഹാര്‍ഡ് കോര്‍ കമ്മ്യൂണിസ്റ്റ്‌ അല്ലേ?

  ReplyDelete
 23. "പുതിയ ബസ്സ്റ്റാന്റ് നഗരസഭയുടെ എന്നതിനേക്കാള്‍ ജില്ലാ ഭരണകൂടത്തിന്റെ പരിശ്രമമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. അതിന്റെ കോണ്ട്രാക്റ്ററായ കെ കെ ബില്‍ഡേഴ്സ് സി പി എം നേതൃത്വവുമായി അടുത്ത കൂട്ടുകെട്ടിലാണെന്നും ഈ പ്രവര്‍ത്തനങ്ങളുടെ പിന്നില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുവെന്നും സി പി എംനെതിരെ ഒരു പ്രചരണവും നടക്കുന്നുണ്ട്."


  ബസ്‌ സ്റ്റാന്റ് ആയിരുന്നില്ല ഞാന്‍ ഉയര്‍ത്തിക്കൊണ്ടു വന്ന പ്രശ്നം. അതേ ജില്ലയിലെ, കണ്ണൂരിന് തൊട്ടടുത്തു കിടക്കുന്ന, ഒരു കാലത്ത് മലബാറിന്റെ ഭരണ കേന്ദ്രം ആയിരുന്ന, ഇന്നും ജില്ലാ കോടതി പ്രവര്‍ത്തിക്കുന്ന (മറ്റേതു ജില്ലയിലാണ് തലസ്ഥാനത്തിനു പുറത്തു ജില്ലാ കോടതി ഉള്ളത്?) തലശ്ശേരി പോലെയുള്ള ഒരു പട്ടണത്തെ കണ്ണൂരിനോട് താരതമ്യം ചെയ്തു. സ്ഥിരമായി വോട്ട് വീഴുന്ന ഒരു പെട്ടിയെ പെയിന്റ് അടിക്കേണ്ട ആവശ്യം ഇല്ലല്ലോ അല്ലേ? എന്താ ജില്ലാ ഭരണകൂടത്തിന്റെ അടിയില്‍ വരില്ലേ തലശ്ശേരിയും കൂത്തുപറമ്പും പയ്യന്നൂരും തളിപ്പറമ്പും ഇരിട്ടിയും മട്ടന്നൂരും ഇരിക്കൂറും ശ്രീകണ്ടാപുരവും പാനൂരും നിടുംപോയിലും?


  പിന്നെ പറഞ്ഞ സ്ഥിതിക്ക് മറുപടി തരാതെ ഒഴിഞ്ഞു മാറുന്നില്ല. കെകെ മോഹന്‍ദാസ്‌ അവര്‍കള്‍ ആരുടെ കൂട്ടുകെട്ടിലാണെന്ന് വിശകലനം ചെയ്യുന്നത് കോര്‍പ്പറേറ്റ് കാലങ്ങളില്‍ വെറും ഒരു പാഴ്വേല മാത്രം. അവിടെ ചീഞ്ഞു നാറുന്നു എന്നു പറഞ്ഞതും സത്യം. പക്ഷേ ഈ പറഞ്ഞ രീതിയിലല്ല. ബസ്‌ സ്റ്റാന്റിലെ BOT അടിസ്ഥാനത്തിലുള്ള പിരിവിനെ എതിര്‍ത്തു കൊണ്ടു ബസ്‌ ഉടമകള്‍ പ്രതിഷേധിച്ചപ്പോള്‍ മധ്യസ്ഥരായി വന്നവരുടെ രാഷ്ട്രീയം നോക്കിയുള്ള ഒരു ചീപ്പ്‌ അടവ് ആയിരുന്നു അത്. ഈ വാദം ഒന്നും buy ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല അവിടെ.


  പിന്നെ എന്റെ പേര് എഴുതുമ്പോള്‍ try Shashwath. ഒന്നും ഇല്ലേലും മനോഹരമായ ഒരു പേരല്ലേ മാഷേ അത്?

  ReplyDelete
 24. Off topic: ഞാന്‍ ആണ് ഞാന്‍. നേരത്തെ പറഞ്ഞ പ്രതീഷ് :)

  ReplyDelete
 25. @ഞാന്‍: ഞങ്ങള്‍ക്കാര്‍ക്കും നിങ്ങളെ അറിയാത്തപോലെയാണല്ലോ സുഹൃത്തേ... ;)

  ReplyDelete
 26. ശാശ്വത് പറഞ്ഞതിനോട് പ്രതികരിക്കാം, ഉടനെ. താല്പര്യം ഇല്ലാതായിപ്പോവിലല്ലോ, കുറെനേരം കമ്പ്യൂട്ടറിനുമുന്നിലിരിക്കാനും വലീയ കമന്റുകള്‍ മെനെക്കെട്ട് ടൈപ്പ് ചെയ്യാനും ഇച്ചിരി ബുദ്ധിമുട്ടുണ്ട്. കണ്ണിനു ചെറീയ ഇന്‍ഫെക്ഷന്‍, അതാ.

  ReplyDelete

Rate this post

About Me

My photo
Omnipresent. ഞങ്ങളെ എല്ലാവര്‍ക്കുമറിയാം. ഞങ്ങളാരെന്നും, ഞങ്ങളുടെ രാഷ്ട്രീയമെന്തെന്നും എല്ലാം. അത് തന്നെയാണ് ഞങ്ങളുടെ ശാപവും. ഞങ്ങളുടെ അഭിപ്രായങ്ങളെ ആ ഒരു ജാലകത്തില്‍ കൂടി മാത്രം കാണുവാനും വിമര്‍ശിക്കുവാനും തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഒളിച്ചോടി. ഇപ്പോള്‍ ഇവിടെ പൊങ്ങുന്നു.

Followers

Counted!

free web counter
Creative Commons License ബീഫ് ഫ്രൈ || b33f fry by ബീഫ് ഫ്രൈ is licensed under a Creative Commons Attribution 2.5 India License. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ താള്‍ നോക്കുക.