എന്നാല്‍ വിപ്ലവകാരികള്‍ക്കു ഈ വിധമുള്ള ഒരു വെറും ധാരണ പോരാ. ഇന്നു നിലവിലുള്ളതെല്ലാം തുടരുകയേ ഗതിയുള്ളൂവെന്നു കരുതുന്നവര്‍ക്കും, തുടരേണമെന്ന് ശഠിക്കുന്നവര്‍ക്കുമെല്ലാം വെറും വ്യാഖ്യാനങ്ങളും, ആത്മീയവാദ ന്യായീകരണങ്ങളും മതിയായേക്കും. എന്നാല്‍ പ്രപഞ്ചമാകെ മാറ്റിമറിക്കണമെന്ന് ചിന്തിക്കുന്നവര്‍ക്ക് അങ്ങനെ പറ്റില്ല. ആ മാറ്റങ്ങള്‍ക്കവരെ സഹായിക്കുന്നൊരു തത്ത്വശാസ്ത്രം തന്നെയവര്‍ക്ക് വേണം. മാറ്റം അനിവാര്യമാണെന്നു പഠിപ്പിക്കുന്ന, മാറ്റത്തിനു് അനുകൂലവും പ്രതികൂലവുമായ ശക്തികളേതൊക്കെയെന്ന് പഠിപ്പിക്കുന്ന, മാറ്റം തനിയെ ഉണ്ടാവുകയില്ലായെന്ന് പഠിപ്പിക്കുന്ന, ശാസ്ത്രീയമായൊരു പ്രപഞ്ചധാരണ അവര്‍ക്ക് വേണം. ചലനത്തെപ്പറ്റിയും ചലനശക്തികളെപ്പറ്റിയും ചലനനിയമങ്ങളെപ്പറ്റിയും ഉള്ള വസ്തുനിഷ്ഠമായ ഒരു പഠനം അവര്‍ക്ക് വേണം. മാര്‍ക്സും എംഗല്‍സും കൂടി പ്രദാനം ചെയ്ത ഈ നൂതന തത്ത്വശാസ്ത്രത്തെയാണ് വൈരുദ്ധ്യാത്മക ഭൗതികവാദം എന്നു വിളിക്കുന്നത്.
ഭൗതിക വാദത്തിന്റെയും വൈരുദ്ധ്യവാദത്തിന്റെയും ഐക്യവും അഭേദ്യതയുമാണ് മാര്‍ക്സിസ്റ്റ് തത്ത്വചിന്തയുടെ അടിസ്ഥാനം. അതുകൊണ്ടാണതിനെ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന് വിളിക്കുന്നത്. ഇവ രണ്ടും പരസ്പരബന്ധമില്ലാത്ത സ്വതന്ത്രസിദ്ധാന്തങ്ങള്‍ അല്ല. പ്രാചീനഗ്രീസിലും പ്രാചീന ഭാരതത്തിലും ഭൗതികവാദവും, വൈരുദ്ധ്യവാദവും ഒരുമിച്ച് സ്വീകരിച്ച തത്ത്വചിന്തകന്മാരുണ്ടായിരുന്നുവെന്ന കഥ സ്മരണീയമാണ്. യഥാര്‍ത്ഥത്തില്‍ പഠനസൗകര്യത്തിനു വേണ്ടിമാത്രമാണ്, ഇവ രണ്ടും വേര്‍തിരിച്ച് പ്രതിപാദിക്കപ്പെടുന്നത്. ഈ പുതിയ പ്രപഞ്ചവീക്ഷണം എന്തെന്തു മാറ്റങ്ങളാണ് ലോകത്തില്‍ വരുത്തിയത്? പ്രയോഗവും സിദ്ധാന്തവും തമ്മില്‍ വൈരുദ്ധ്യമില്ലാത്ത ഒരു പ്രപഞ്ചവീക്ഷണം, എന്ന നിലയ്ക്ക് എതിരാളികള്‍ പോലും മാര്‍ക്സിയന്‍ തത്ത്വശാസ്ത്രത്തെ പ്രകീര്‍ത്തിക്കാറുണ്ട്.
ഈ പ്രപഞ്ചം ശ്രദ്ധിച്ചു പഠിച്ചാല്‍ എണ്ണമറ്റ രൂപങ്ങളും ഗുണങ്ങളുമുള്ള വസ്തുക്കളുടെയും പ്രതിഭാസങ്ങളുടെയും അനന്തമായ ഒരു സമാഹാരമാണെന്ന് കാണാം. അപാരമായ ഈ നാനാത്വത്തിനിടയില്‍ ഇവയെയെല്ലാം കോര്‍ത്തിണക്കുന്ന ഏകമായ വല്ലതുമുണ്ടോ? നാനാവസ്തുക്കളിലും പ്രശോഭിക്കുന്ന സമാന്യഗുണം വല്ലതുമുണ്ടോ? മനുഷ്യ സമുദായത്തിന്റെ പ്രാചീനദശയില്‍ത്തന്നെ ഉന്നയിക്കപ്പെട്ട ചോദ്യമാണിത്. ഈ ചോദ്യത്തിനുത്തരം കാണുന്നതിന്റെ അടിസ്ഥാനത്തില്‍ തത്ത്വശാസ്ത്രകാരന്മാര്‍ രണ്ടു ചേരികളായിത്തിരിഞ്ഞു. ഒരു വിഭാഗത്തെ ഭൗതികവാദികള്‍ എന്നും, മറുഭാഗത്തെ ആത്മീയവാദികള്‍ എന്നും വിളിക്കുന്നു. ഭൗതികവാദികളില്‍ പല ഉപവിഭാഗങ്ങളെയും കാണാമെന്നതു പോലെ തന്നെ ആത്മീയവാദികളിലും കാണാം.
പ്രാഥമികത്വം ഭൗതികപദാര്‍ത്ഥത്തിനാണെന്നു കരുതുന്ന ദര്‍ശനശാഖയെയാണ് ഭൗതികവാദമെന്ന് പറയുന്നത്. പ്രത്യുത പ്രാഥമികത്വം മനസ്സിനോ, ചിന്തയ്ക്കോ, ആത്മാവിനോ, ആശയത്തിനോ ആണെന്നു കരുതുന്ന ശാഖയെ ആത്മീയവാദമെന്നാണ് പറയുന്നത്. ലോകാരംഭം മുതല്‍ തന്നെ ഇവ രണ്ടും തമ്മിലുള്ള തര്‍ക്കം കാണാം. എന്നാല്‍ ശാസ്ത്രം വികസിച്ചതോടുകൂടി പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചു കൂടുതലറിയുവാന്‍ മനുഷ്യനു സാധിച്ചിരിക്കുന്നു. വളരെയേറെ പരിണാമങ്ങള്‍ക്കുശേഷമാണ് ഇന്നു കാണുന്ന പ്രപഞ്ചം തന്നെയുണ്ടായത്. മനുഷ്യനും, സമൂഹവും, തത്ത്വശാസ്ത്രവും, മത ചിന്തയുമെല്ലാം ഉണ്ടാകുന്നതിനു മുമ്പുതന്നെ ഈ പ്രപഞ്ചം നിലനിന്നിരുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്. ആ നിലയ്ക്ക് ഈ പ്രപഞ്ചം, അഥവാ ഭൗതികപദാര്‍ത്ഥം മനസ്സിന്റെ സൃഷ്ടിയോ, ആത്മാവിന്റെ പ്രകാശനമോ ആണെന്ന് വാദിക്കുന്നത് സത്യമാകില്ല. പ്രപഞ്ചമുണ്ടായിട്ട് എത്രയോ കോടി കൊല്ലങ്ങള്‍ കഴിഞ്ഞിട്ടാണ് മനുഷ്യനുണ്ടായത്. ബോധമോ, ചിന്തയോ, യുക്തിവിചാരമോ ഉണ്ടാവുന്നതിന് മുമ്പു തന്നെ ലോകമുണ്ടായി എന്നര്‍ത്ഥം. അതുകൊണ്ടാണ് മാര്‍ക്സിസം ഭൗതികവാദത്തില്‍ ഉറച്ചു നില്‍ക്കുന്നത്.
ഭൗതികവാദത്തെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുക എന്നത് ആത്മീയവാദികളുടെ പണ്ടേയുള്ള തൊഴിലാണ്. സദാചാര മൂല്യങ്ങള്‍ക്കോ, ഉല്‍കൃഷ്ടമായ ആശയങ്ങള്‍ക്കോ സ്ഥാനമില്ലാത്ത ഒന്നാണ് ഭൗതികവാദമെന്നവര്‍ ആവര്‍ത്തിച്ചു പറയാറുണ്ട്. മാര്‍ക്സിയന്‍ പ്രപഞ്ചധാരണ പുരോഗമന ആശയങ്ങളെയോ, ഉല്‍കൃഷ്ട ആദര്‍ശങ്ങളെയോ എതിര്‍ക്കുന്നില്ലെന്ന് മാത്രമല്ല, അവയെ ഏറ്റവുമധികം വിലമതിക്കുകയും അവയ്ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നു. ഉല്‍കൃഷ്ടമായ ചിന്തകള്‍ മനുഷ്യരാശിയുടെ പുരോഗതിക്ക് ഗണ്യമായ സംഭാവന നല്‍കുന്നുണ്ടെന്ന് തെളിയിക്കുന്ന ശാസ്ത്രമാണ് മാര്‍ക്സിസം. മനുഷ്യരാശിയുടെ ഉത്തമസന്തതികള്‍ ഭാവിയെക്കുറിച്ച് വിഭാവനം ചെയ്ത മഹത്തായ ചിന്തകളെ യാഥാര്‍ത്ഥ്യമാക്കി മാറ്റുവാനുള്ള ശാസ്ത്രമാണ് മാര്‍ക്സിസം. അതിനാല്‍ ധാര്‍മ്മിക മൂല്യങ്ങള്‍ക്കോ, ഉല്‍കൃഷ്ടമായ ആദര്‍ശങ്ങള്‍ക്കോ മാര്‍ക്സിസത്തില്‍ സ്ഥാനമില്ലെന്നുള്ള വാദം സ്ഥാപിത താല്പര്യക്കാരും മാര്‍ക്സിസ്റ്റ് വിരുദ്ധരും പടച്ചുവിടുന്ന പച്ചനുണകളാണ്. കാപട്യത്തിനും, ചൂഷണത്തിനും, യുദ്ധത്തിനും, ഫാഷിസത്തിനും, സാമ്രാജ്യത്തിനും, തൊഴിലില്ലായ്മയ്ക്കും, ദുരിതങ്ങള്‍ക്കുമെതിരായ സമരമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇതുവരെയുള്ള സമരമെന്ന് ഏവര്‍ക്കുമറിയാം. മനുഷ്യസമുദായത്തെ ഉന്നതമായൊരു പദവിയിലേക്ക്, കമ്മ്യൂണിസത്തിലേക്ക് നയിക്കുന്നതിനുവേണ്ടിയാണ് ആ പ്രസ്ഥാനം അടരാടുന്നത്. അടിസ്ഥാനപരമായി ശുഭാപ്തി വിശ്വാസവും ജീവചൈതന്യവും തുളുമ്പുന്ന ഒരു ലോകവീക്ഷണഗതിയാണ് വൈരുദ്ധ്യാത്മക ഭൗതികവാദം അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന് സംഭാവന ചെയ്തത്. ഭയലേശമില്ലാതെ ഭാവിയിലേക്കു നോക്കുവാന്‍ തൊഴിലാളിവര്‍ഗ്ഗത്തിനു അതു പ്രദാനം ചെയ്യുന്നു.
പ്രപഞ്ചത്തില്‍ കാണുന്ന എല്ലാ വസ്തുക്കള്‍ക്കും പ്രതിഭാസങ്ങള്‍ക്കുമുള്ള പൊതുഗുണം അവ ഭൗതികപദാര്‍ത്ഥമാണെന്നുള്ളതാണ്. പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥമായ ഏകത്വം അതിന്റെ ഭൗതികത്വത്തിലാണ് സ്ഥിതി ചെയ്യുന്നതെന്ന് എംഗല്‍സ് സമര്‍ത്ഥിക്കുന്നു. പദാര്‍ത്ഥത്തിന് പല രൂപവും കാണാം. പരമാണുവായിരിക്കാം, തരംഗമായിരിക്കാം, അടിസ്ഥാന കണികകളായിരിക്കാം. എങ്കിലും ഇവയെല്ലാം പദാര്‍ത്ഥമാണെന്നതാണ് നേര്. പദാര്‍ത്ഥത്തിന്റെ മുഖ്യ സ്വഭാവം തന്നെ മനുഷ്യമനസ്സിനും ബോധത്തിനും വെളിയിലായി, സ്വതന്ത്രമായി അതു നിലനില്‍ക്കുന്നുവെന്നതാണ്. അതുകൊണ്ടു തന്നെയാണ് പദാര്‍ത്ഥം വസ്തുനിഷ്ഠമാണെന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ഭൗതിക പദാര്‍ത്ഥമെന്നതു നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവപ്പെടുന്ന വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യമാണെന്ന് ലെനിന്‍ പറഞ്ഞതു ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതാണ്.
പദാര്‍ത്ഥത്തിന്റെ മറ്റ് ചില സ്വഭാവങ്ങള്‍ കൂടി ചൂണ്ടിക്കാണിക്കട്ടെ.
1) ഇന്ദ്രിയങ്ങള്‍ വഴി പദാര്‍ത്ഥത്തെ അറിയുവാന്‍ നമ്മുക്ക് സാധിക്കുന്നു.
2) കാലത്തിലും സ്ഥലത്തിലും ആദ്യന്തവിഹീനമായിട്ടാണ് പദാര്‍ത്ഥം സ്ഥിതി ചെയ്യുന്നത്.
3) പദാര്‍ത്ഥത്തിന്റെ പ്രത്യേക രൂപങ്ങളായ വസ്തുക്കളും പ്രതിഭാസങ്ങളും നശ്വരങ്ങളാണെങ്കിലും പദാര്‍ത്ഥം മൊത്തത്തില്‍ അനശ്വരമാണ്.
4) പദാര്‍ത്ഥത്തിന്റെ നിലനില്പിന്റെ രൂപം തന്നെ ചലനമാണ്. ചലനമില്ലാത്ത പദാര്‍ത്ഥമോ, പദാര്‍ത്ഥമില്ലാതെ ചലനമോ ഇല്ലെന്നതാണ് വാസ്തവം.
ഈ നാലു സ്വഭാവങ്ങളെക്കുറിച്ചും കൂടുതല്‍ വിശദീകരണം വേണമെന്ന് തോന്നുന്നില്ല. ശാസ്ത്രം അഭിവൃദ്ധി പ്രാപിക്കുന്തോറും ഈ സ്വഭാവങ്ങള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരികയാണ്. പ്രപഞ്ചത്തിന്റെ അതിരുകള്‍ കാലം ചെല്ലുന്തോറും വിപുലപ്പെട്ടുവരികയാണ്. അതാണ് പ്രപഞ്ചം ആദ്യന്തവിഹീനമാണെന്ന് പറയുവാന്‍ കാരണം. അതു പോലെ പദാര്‍ത്ഥത്തെ പിളര്‍ന്ന് പിളര്‍ന്ന് പരിശോധിക്കുമ്പോഴും അറ്റം കാണുന്നില്ല. തരംഗങ്ങളായും വീചികളായും പിന്നെയുമതവശേഷിക്കുന്നു. അതുകൊണ്ടാണ് പദാര്‍ത്ഥം അനശ്വരമെന്ന് പറഞ്ഞത്. നിശ്ചലമായ ഒരു വസ്തുവിനെയോ, പ്രതിഭാസത്തെയോ, കണ്ടെത്തുവാന്‍ കഴിയാത്തത് കൊണ്ടാണ് ചലനം പദാര്‍ത്ഥത്തിന്റെ സ്വഭാവമാണെന്നു പറയുവാന്‍ കാരണം.
ഈ സന്ദര്‍ഭത്തില്‍ അതിപ്രധാനമായ മറ്റൊരു ചോദ്യം ഉത്ഭവിക്കുന്നുണ്ട്. ഈ പദാര്‍ത്ഥവും ബോധവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? തീര്‍ച്ചയായുമുണ്ട്. ബോധമെന്നത് കൊണ്ട് ഇവിടെയുദ്ദേശിക്കുന്നതു മനുഷ്യന്റെ മാനസികപ്രവര്‍ത്തനങ്ങളോ അല്ലെങ്കില്‍ ചിന്തയോ ആണ്. മനുഷ്യനില്ലാതെ ചിന്തയില്ലെന്നു ഇവിടെ നേരത്തെ പറഞ്ഞു. ചിന്തകള്‍ തന്നെ എക്കാലത്തും ഒരു പോലെയല്ല. പ്രാചീനശിലായുഗത്തിലെ കാടന്മാരും, ആധുനിക സോഷ്യലിസ്റ്റ് യുഗത്തിലെ മനുഷ്യരും ഒരേ പോലെയാണോ ചിന്തിക്കുന്നത്? ഒരിക്കലുമല്ല. ചിന്ത, സമൂഹത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം തന്നെ വളര്‍ന്നു വരുന്നുവെന്നതാണ് സത്യം. തലച്ചോറു കൊണ്ടാണ് മനുഷ്യന്‍ ചിന്തിക്കുന്നതെന്ന് ഇന്നെല്ലാവര്‍ക്കുമറിയാം. തലച്ചോറും ബോധവുമായി ഏറ്റവുമധികം ബന്ധവുമുണ്ട്. തലച്ചോറിന് വല്ല തകരാറും സംഭവിക്കുമ്പോള്‍ ബോധക്ഷയമുണ്ടാകുന്നത് സാധാരണമാണ്. ചിത്തഭ്രമവും, ബോധക്ഷയവുമൊക്കെ ചികിത്സിച്ചു മാറ്റുവാന്‍ കഴിയുന്നത് മനസ്സിന് ഭൗതികമായ ബന്ധമുള്ളതുകൊണ്ടാണ്. അപ്പോള്‍ ബോധമെന്നത് മനുഷ്യശരീരവുമായി യാതൊരു ബന്ധമില്ലാത്ത ഒരു പ്രതിഭാസമല്ല. പരിണാമദശയില്‍ ഏറ്റവും സംഘടിതമായ ഭൗതികപദാര്‍ത്ഥമായി രൂപാന്തരപ്പെട്ട തലച്ചോറിന്റെ ഗുണവിശേഷമാണ്, ധര്‍മ്മമാണ്, ചിന്ത എന്നതാണ് യാഥാര്‍ത്ഥ്യം. പഞ്ചേന്ദ്രിയങ്ങളിലൂടെ ചുറ്റുപാടുമുള്ള വസ്തുക്കള്‍ നമ്മുടെ തലച്ചോറില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് നമ്മുക്ക് ചിന്തയുണ്ടാകുന്നത്, ബോധമുണ്ടാകുന്നത്. എന്നാല്‍ ആത്മീയവാദികള്‍ ഈ വാദഗതിയോട് യോജിക്കുകയില്ല. അവര്‍ നേരെ മറിച്ചാണ് വാദിക്കുന്നത്. പ്രപഞ്ചം തന്നെ ഉണ്ടായത് ചിന്തയില്‍ നിന്നാണ് - പരമാത്മാവില്‍ നിന്നാണ് - എന്നാണവര്‍ പറയുന്നത്. ചരിത്രവും ശാസ്ത്രവും നല്‍കുന്ന തെളിവുകള്‍ ഒന്നുമംഗീകരിക്കുവാന്‍ തയ്യാറാകാതെ കേവലം വിശ്വാസത്തെ മാത്രം ആധാരമാക്കി ചിന്തിക്കുന്നതു കൊണ്ടാണ് ഇവര്‍ക്ക് ഇങ്ങനെ പറ്റുന്നത്.
|
The mp3 of this article can be downloaded from here.
കടപ്പാട്: "പുതിയൊരു പ്രപഞ്ച വീക്ഷണം", എന്താണ് മാര്‍ക്സിസം? - എന്‍.ഇ. ബാലറാം
പുതിയൊരു പ്രപഞ്ച വീക്ഷണം || A New Perspective of the Universe , എന്താണ് മാര്‍ക്സിസം?
ReplyDeleteതുടരട്ടെ.
ReplyDeleteഅഭിവാദ്യങ്ങളോടെ
ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദിയുണ്ട് ശ്രീ. രാജീവു് ചേലനാടു്
ReplyDeleteബീഫ് ഫ്രൈ,
ReplyDeleteനല്ല ഉദ്യമം.
ബാക്കി ഭാഗങ്ങള്‍ക്കായി കാക്കുന്നു.
ഓഫ്ഫ്:
നല്ല പേര്, പൊറോട്ടയും പോത്തിറച്ചിയും കഴിച്ചില്ലെല്‍ ഭക്ഷണം പൂര്‍ണ്ണമാവാറില്ല, എനിക്ക്.
:)
അനില്‍ @ ബ്ലൊഗ്
ReplyDeleteനന്ദി ഇവിടെ വന്നതിനും, അഭിപ്രായം അറിയിച്ചതിനും. പോത്തിറച്ചി ഒരു പൊളിറ്റിക്കലി കറക്ട് വാക്കല്ലേ? ഉപയോഗിക്കുകയാണെങ്കില്‍ ഗോമാംസം എന്ന് തന്നെ ഉപയോഗിക്കണം ;)
വായിച്ചു കൊണ്ടിരിക്കുന്നു....
ReplyDeleteനല്ല ശ്രമം.
ഒരു ഓഫ്ഫൂടെ:
ReplyDeleteആ ഗോമാംസം നല്ല പരിചയം.
:)